09 February Thursday

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: സർക്കാർ, എയ്ഡഡ‌് വിദ്യാലയങ്ങൾക്ക‌് തുല്യ പരിഗണന: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

തൃശൂർ
അക്കാദമിക മികവിന് സർക്കാർ, എയ്ഡഡ‌് വിദ്യാലയങ്ങളെ തുല്യമായി കാണുന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും പഠിക്കുന്ന വിദ്യാർഥികൾക്കും ഏറ്റവും മികവുറ്റ അക്കാദമിക്  നിലവാരമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട്  മുഖംതിരിച്ചു നിൽക്കുന്ന പ്രവണത സമൂഹത്തോടുള്ള വലിയ നീതികേടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കാട് മണ്ഡലത്തിലെ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ  പൊതുവിദ്യാലയങ്ങൾക്കു നിരവധി മാറ്റങ്ങളുണ്ടായി. കഴിഞ്ഞ രണ്ടുവർഷം 3,41,000 കുട്ടികൾ ഒന്നാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലേക്ക് മറ്റു വിദ്യാലയങ്ങൾ ഉപേക്ഷിച്ചെത്തി. ഈ വർഷം ഇതുവരെ ഒന്നര ലക്ഷത്തോളം കുട്ടികളെത്തി. ഇതാണ് പ്രധാന മാറ്റം. ഈ വർഷം ഒന്നു മുതൽ പന്തണ്ടാം ക്ലാസുവരെ ഒരേ ദിവസമാണ് ക്ലാസ‌് ആരംഭിക്കുന്നത‌്. അടുത്ത വർഷംമുതൽ പിജി തലംവരെ ഒരേ ദിവസം അധ്യയനം തുടങ്ങാൻ സംവിധാനമൊരുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചപ്പോൾ അതിനെതിരായ കുപ്രചാരണങ്ങളും ഉണ്ടായിരുന്നു.

പശ്ചാത്തല, അക്കാദമിക നിലവാരം ഉയരാത്ത എയ്ഡഡ് വിദ്യാലയങ്ങളെയെല്ലാം സർക്കാർ പിടിച്ചെടുക്കുമെന്നായിരുന്നു അതിലൊന്ന്. ചില മേഖലയിൽ എയ്ഡഡ് വിദ്യാലയങ്ങളാണ് കൂടുതൽ. ചില സ്കൂളുകളെങ്കിലും ഉദ്ദേശിച്ച നിലവാരത്തിലേക്കുയരാതെ നിൽക്കുകയാണ്. കഴിയുന്നത്ര ഇങ്ങനെ പോകട്ടെ എന്നു ചിന്തിക്കുന്ന ചുരുക്കം മാനേജ‌്മെന്റുകളുമുണ്ട്. സ്വകാര്യ മാനേജ‌്മെന്റുകളെ എന്തിന് നാം സഹായിക്കണമെന്ന ചിന്ത ചില നാട്ടുകാർക്കുമുണ്ട്. എന്നാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എയഡഡ് വിദ്യാലയങ്ങൾ പിടിച്ചെടുക്കുകയല്ല, പിന്നോക്കാവസ്ഥയിലുള്ള സ്കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പശ്ചാത്തല, അക്കാദമിക് സൗകര്യം മെച്ചപ്പെടുത്താൻ എല്ലാ എയഡഡ‌് വിദ്യാലയങ്ങൾക്കും ഒരു കോടി രൂപയാണ് സർക്കാർ നൽകുന്നത്.

വിദ്യാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ സഹായം മാത്രം ആശ്രയിക്കരുത‌്. നാട്ടിലെ വിഭവശേഷി കൂടി പ്രയോജനപ്പെടുത്തണം. അതിനായി തദ്ദേശ സ്ഥാപനങ്ങൾ, പിടിഎ, പൂർവ വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ അടങ്ങുന്ന ജനകീയ കമ്മിറ്റികൾ നിലവിൽ വരണം. കുട്ടികൾ പഠനത്തോടൊപ്പം സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങൾകൂടി ഉൾക്കൊള്ളണം.

പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനപ്പുറം ജീവിതത്തിലേക്ക് ആവശ്യമായ ഒട്ടേറെ കാര്യങ്ങൾകൂടി ക്ലാസ്മുറികളിൽനിന്ന് നേടണം. തന്റെ ചുറ്റുപാട്, നാട്, രാജ്യം, ലോകം തുടങ്ങിയവയെക്കുറിച്ചും കുട്ടികൾ അറിയണം. എങ്ങിനെ ഭാവിയിൽ പ്രതികരിക്കണം എന്ന് കുട്ടി അറിയാതെത്തന്നെ ബോധവൽക്കരിക്കപ്പെടണം. ഇക്കാര്യത്തിൽ അധ്യാപകർക്ക് വലിയ പങ്ക‌് വഹിക്കാനുണ്ട‌്– മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top