27 March Monday

നിക്കരാഗ്വയിൽ ഇടതുപക്ഷത്തുടർച്ച

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ഇടതുപക്ഷ സാന്തനീസ്റ്റ കക്ഷി വിജയം ആവർത്തിച്ചു. നവംബർ ഏഴിനു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡാനിയൽ ഒർട്ടേഗ അഞ്ചാം തവണയും (തുടർച്ചയായി നാലാം തവണ) വിജയിച്ചു. നാലു ദശാബ്ദം നീണ്ട അനസ്‌താഷ്യോ സൊമോസയുടെ എകാധിപത്യ ഭരണത്തിൽനിന്നും നിക്കരാഗ്വയെ വിമോചിപ്പിച്ച സാന്തനീസ്റ്റ ഫ്രണ്ട്‌ ഫോർ നാഷണൽ ലിബറേഷൻ (എഫ്‌എസ്‌എൽഎൻ) എന്ന പ്രസ്ഥാനത്തിന്റെ നേതാവാണ്‌ ഒർട്ടേഗ. 65 ശതമാനംപേർ വോട്ട്‌ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 74.99 ശതമാനം വോട്ട്‌ നേടിയാണ്‌ ഒർട്ടേഗ വിജയം ഉറപ്പിച്ചത്‌. മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ലിബറേഷൻ പാർടി സ്ഥാനാർഥി വാൾട്ടർ എസ്‌പിനോസയ്‌ക്ക്‌ 14. 4 ശതമാനം വോട്ട്‌ ലഭിച്ചു. മറ്റു നാലു കക്ഷികൂടി മത്സര രംഗത്തുണ്ടായിരുന്നെങ്കിലും തുച്ഛമായ വോട്ട്‌ മാത്രമേ അവർക്ക്‌ ലഭിച്ചുള്ളൂ.

ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന്‌ നിക്കരാഗ്വയിലെ തുടർവിജയം ആക്കം പകരുമെന്നതിൽ സംശയമില്ല. കമ്യൂണിസ്റ്റ്‌–-ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന ക്യൂബയ്‌ക്കും വെനസ്വേലയ്‌ക്കും ബൊളീവിയക്കും പെറുവിനും കരുത്തുപകരുന്നതാണ്‌ ഒർട്ടേഗയുടെ വിജയം. ചിലിയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷശക്തികൾ വിജയിക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്‌. മെക്‌സിക്കോയിലും പുരോഗമനസ്വഭാവമുള്ള കക്ഷിയാണ്‌ അധികാരത്തിലുള്ളത്‌. ചിലിയിൽക്കൂടി വിജയിച്ചാൽ അത്‌ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയചിത്രം മാറ്റിമറിക്കും.

ഇടതുപക്ഷത്തിന്റെ ഈ ലാറ്റിനമേരിക്കൻ മുന്നേറ്റത്തെ തടയേണ്ടത്‌ അമേരിക്കയുടെ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഒർട്ടേഗയുടെ വിജയത്തിന്റെ ശോഭ കെടുത്താനുള്ള പ്രചാരണമാണ്‌ അമേരിക്കയും ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്നത്‌. ഹോണ്ടുറാസിലെ വലതുപക്ഷ പ്രസിഡന്റ്‌ ഒർലാണ്ടോ ഹെർണാണ്ടസാണ്‌ ഒർട്ടേഗയെ അട്ടിമറിക്കുന്നതിന്‌ അമേരിക്കയ്‌ക്ക്‌ കൂട്ട്‌. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും തെരഞ്ഞെടുപ്പിൽ കൃത്രിമംകാട്ടിയുമാണ്‌ ഒർട്ടേഗ വിജയിച്ചതെന്നാണ്‌ പ്രചാരണം. വസ്‌തുതയുമായി ഒരു ബന്ധവും ഈ ആരോപണങ്ങൾക്ക്‌ ഇല്ല. 2018ലെ അട്ടിമറിശ്രമത്തിൽ പങ്കെടുത്ത ക്രിസ്‌ത്യാന ചമോറോയെ അറസ്റ്റുചെയ്‌തതാണ്‌ പ്രധാന വിഷയമായി ഇവർ ഉയർത്തിക്കാട്ടുന്നത്‌. ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിന്‌ നേതൃത്വം നൽകിയ അമേരിക്കയിലെ നാഷണൽ എൻഡോവ്‌മെന്റ്‌ ഓഫ്‌ ഡെമോക്രസിയിൽനിന്ന്‌ ലക്ഷക്കണക്കിനു ഡോളർ വാങ്ങി അട്ടിമറിയെ സഹായിക്കുകയും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തതിനാണ്‌ ഇവർ അറസ്റ്റിലായത്‌. അവർ സ്ഥാനാർഥി ആകേണ്ടവരായിരുന്നുവെന്നാണ്‌ അമേരിക്കൻ ഭാഷ്യം.
അമേരിക്കയ്‌ക്ക്‌ വഴങ്ങിനൽക്കാത്ത എല്ലാ സർക്കാരുകളെയും അട്ടിമറിക്കുകയെന്നതും അമേരിക്കയുടെ പതിവ്‌ രീതിയാണ്‌. മധ്യ അമേരിക്കയിൽ ജനപ്രിയ നടപടികൾകൊണ്ട്‌ പേരുകേട്ട സർക്കാരാണ്‌ നിക്കരാഗ്വയിലേത്‌. 92 അംഗ പാർലമെന്റിൽ പകുതി സീറ്റ്‌ സ്‌ത്രീകൾക്കായി സംവരണം ചെയ്‌തിരിക്കുന്നു.16 വയസ്സ്‌ പൂർത്തിയായവർക്ക്‌ വോട്ടവകാശമുണ്ട്‌. അർബുദത്തിന്‌ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും സൗജന്യചികിത്സ നൽകുന്ന രാജ്യമാണ്‌ ഇത്‌. കോളേജ്‌ വിദ്യാഭ്യാസംവരെ സൗജന്യമാണ്‌. അതായത്‌ അമേരിക്കയ്‌ക്ക്‌ യഥേഷ്ടം നിക്കരാഗ്വയെ ചൂഷണം ചെയ്യാൻ കഴിയുന്നില്ല. ഈ പശ്ചാത്തലത്തിലാണ്‌ ഒർട്ടേഗ സർക്കാരിനെ നിലയ്‌ക്കുനിർത്തുമെന്ന്‌ ജോ ബൈഡൻ പ്രസ്‌താവിച്ചത്‌. നിക്കരാഗ്വയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കുന്ന റെനാസർ ബില്ലിൽ നവംബർ 10ന്‌ ബൈഡൻ ഒപ്പിടുകയും ചെയ്‌തു. ഒർട്ടേഗ സർക്കാരിനെ അട്ടിമറിക്കാനുള്ള പരസ്യമായ ആഹ്വാനമാണ്‌ ഇത്‌.

എന്നാൽ, അമേരിക്കയുടെ തീട്ടൂരത്തിന്‌ അനുസരിച്ച്‌ നീങ്ങാൻ ലോകസമൂഹം തയ്യാറായിട്ടില്ല. റോഗർ ഹാരിസ്‌ എന്ന മനുഷ്യാവകാശ പ്രവർത്തകൻ തെരഞ്ഞെടുപ്പുദിവസം നിക്കരാഗ്വയിൽ യാത്രചെയ്‌ത് റിപ്പോർട്ട്‌ ചെയ്‌തത്‌ തെരഞ്ഞെടുപ്പ്‌ സമാധാനപരവും സ്വതന്ത്രവുമായിരുന്നുവെന്നാണ്‌. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾ എല്ലാംതന്നെ ഒർട്ടേഗയുടെ തെരഞ്ഞെടുപ്പുവിജയത്തെ അംഗീകരിക്കുകയുണ്ടായി. റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ഒർട്ടേഗയ്‌ക്ക്‌ പിന്തുണയുമായി രംഗത്തെത്തി. ‘നിക്കരാഗ്വയിലെ തെരഞ്ഞെടുപ്പുപ്രക്രിയയുടെ ശരിയുംതെറ്റും അന്തിമമായി തീരുമാനിക്കേണ്ടത്‌ അവിടത്തെ ജനങ്ങളാണ്‌’ എന്ന്‌ ഒർട്ടേഗയ്‌ക്ക്‌ പിന്തുണ നൽകിക്കൊണ്ട്‌ റഷ്യൻ വിദേശ മന്ത്രി പറഞ്ഞതുതന്നെയാണ്‌ അട്ടിമറിക്ക്‌ കളമൊരുക്കുന്ന അമേരിക്കയ്‌ക്കുള്ള മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top