വിലക്കയറ്റംകൊണ്ട് രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഉപഭോക്‌തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് സെപ്‌തംബറിൽ 5.49 ശതമാനമായി. ഭക്ഷ്യധാന്യ വിലക്കയറ്റമാണ് രൂക്ഷം. പെട്രോളിന്റെയും ഡീസലിന്റെയും ഉയർന്ന വില പൊതുവായ വിലക്കയറ്റത്തിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഡീസൽ വിലവർധന ഉപ്പുമുതൽ കർപ്പൂരംവരെ സകലതിന്റെയും വിലക്കയറ്റത്തിനിടയാക്കും. സാധനങ്ങൾക്ക് ഡിമാൻഡില്ലാത്തത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട്‌തന്നെ ഇക്കാര്യം സമ്മതിക്കുകയാണ്. ക്രൂഡ് ഓയിൽ വിലവർധനയാണ് മുമ്പ് പെട്രോൾ– -ഡീസൽ വില കൂട്ടാൻ കാരണമായി കേന്ദ്ര സർക്കാർ വാദിച്ചിരുന്നത്. എന്നാൽ, രണ്ടു വർഷമായി ക്രൂഡ് ഓയിൽ വിലയിൽ രാജ്യാന്തര വിപണിയിൽ വലിയ വർധന ഉണ്ടായിട്ടില്ല. രണ്ടരവർഷമായി തുടരുന്ന റഷ്യ–- ഉക്രയ്ൻ സംഘർഷവും പശ്‌ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യവും വില വർധിക്കാൻ ഇടയാകുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച രീതിയിൽ വില വർധിച്ചില്ല. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം ബാരലിന് 72 ഡോളറിൽ താഴെയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ രാജ്യാന്തര വിപണിയിലെ ശരാശരി വില ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. എന്നാൽ നിലവിലെ പെട്രോൾ, ഡീസൽ വില ഇതിന് ആനുപാതികമല്ല. രാജ്യാന്തരവിപണിയിൽ വില കുറഞ്ഞിട്ടും ആഭ്യന്തരവിപണിയിൽ പെട്രോൾ– -ഡീസൽ വില കുറയ്‌ക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് ആവശ്യപ്പെടുന്നില്ല. വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറാതെ റിലയൻസ് ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളും വൻതോതിൽ ലാഭമുണ്ടാക്കുന്നു.
റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിനിടയിലും വൻകിട കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു മോദി സർക്കാർ. യുദ്ധത്തെ തുടർന്ന് നാറ്റോ സഖ്യരാജ്യങ്ങൾ റഷ്യയിൽനിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ചിരുന്നു. എണ്ണ വിൽപ്പനയിൽ പ്രതിസന്ധിയിലായ റഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വിൽക്കാൻ തയ്യാറായി. അന്താരാഷ്ട്ര വിപണി വിലയേക്കാൾ 20 മുതൽ 30 ശതമാനംവരെ വിലക്കുറവിലാണ് ക്രൂഡ് ഓയിൽ റഷ്യ നൽകിയത്. വിലക്കുറവ് മുതലെടുത്ത് ഗുജറാത്ത് കേന്ദ്രീകരിച്ച് ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുള്ള റിലയൻസും പൊതുമേഖലാ എണ്ണക്കമ്പനികളും വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങി. രണ്ടു വർഷത്തെ മൊത്തം ഇറക്കുമതിയുടെ 40 ശതമാനംവരെ റഷ്യയിൽനിന്നായിരുന്നു. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന ക്രൂഡ് ഓയിൽ സംസ്‌കരിച്ച് യൂറോപ്പിലെ പല രാജ്യങ്ങൾക്കും ഉയർന്ന വിലയ്‌ക്ക് പെട്രോളും ഡീസലും വിറ്റ് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾ വൻ ലാഭമുണ്ടാക്കി. കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ ലഭിച്ചിട്ടും ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറായില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് നിലവിലെ വിലയിൽനിന്ന് എട്ട് രൂപവരെ കുറയ്‌ക്കാനാകുമായിരുന്നു. കൂടിയ വിലയ്‌ക്ക് യൂറോപ്പിലേക്ക് നിയന്ത്രണങ്ങളില്ലാതെ കയറ്റി അയച്ചതിലൂടെ രണ്ടുവർഷത്തിനിടയിൽ ഒരു ലക്ഷം കോടിയിലേറെ രൂപ എണ്ണക്കമ്പനികൾ കൊള്ളയടിച്ചു. ഇതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് റിലയൻസ്, നയാര എന്നീ കുത്തക കമ്പനികളാണ്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലക്കുറവിനനുസരിച്ച് ആഭ്യന്തരവിപണിയിൽ വില കുറയ്‌ക്കാത്തതിലൂടെയും പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം എണ്ണക്കമ്പനികൾക്കുണ്ടായി. വാണിജ്യ-മന്ത്രാലയത്തിന്റെ കണക്കനുസരിച്ചുതന്നെ 2018-– 19 വർഷത്തെ അപേക്ഷിച്ച് 2023-– -24ൽ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി 250 ശതമാനം വർധിച്ചു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് എണ്ണക്കമ്പനികൾ ലാഭം വർധിപ്പിക്കുന്നത് വാഹന വ്യവസായത്തിനും കാർഷിക മേഖലയ്‌ക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. ഉയർന്ന ഇന്ധനവില കാരണം വാഹനങ്ങൾ വാങ്ങാൻ ജനങ്ങൾ വിമുഖത കാട്ടുന്നതായി ഈ സാമ്പത്തിക വർഷത്തിലെ ആറു മാസത്തെ വാഹന വിപണിയിലെ മാന്ദ്യം വ്യക്തമാക്കുന്നു. വാഹന വിപണിയിലെ തിരിച്ചടി സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കും. കോർപറേറ്റുകൾക്കും സമ്പന്നർക്കും യഥേഷ്ടം നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകുന്ന മോദി സർക്കാർ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണ്. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ ചൂഷണം ചെയ്‌ത് കോർപറേറ്റ് കൊള്ളയ്‌ക്ക് അവസരം ഉണ്ടാക്കുന്ന ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..