14 October Monday

തിരിച്ചടിയിലും പഠിക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട്‌ രാഷ്‌ട്രീയ എതിരാളികളെ ഇരുമ്പഴിക്കുള്ളിലാക്കുന്ന അധികാരപ്രമത്തത അതിന്റെ ഏറ്റവും രാക്ഷസീയ രൂപം കൈവരിക്കുന്ന നാളുകളിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. മുമ്പെങ്ങുമില്ലാത്തവിധം ആസൂത്രിതമായാണ്‌ ബിജെപി നേതൃത്വം ഈ അമിതാധികാരത്തിന്റെ ഉരുക്കുമുഷ്‌ടി പ്രയോഗിക്കുന്നത്‌.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾ വേട്ടയാടിപ്പിടിച്ചവരിൽ രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല, ബിജെപിയെ വിമർശിക്കുന്ന പ്രശസ്‌ത വ്യക്തികൾപോലുമുണ്ട്‌. പിഎംഎൽഎ അടക്കമുള്ള കേസുകളിൽപ്പെട്ട രാഷ്‌ട്രീയ നേതാക്കൾക്ക്‌ വിചാരണക്കോടതികളിൽനിന്ന്‌ ജാമ്യം കിട്ടാതിരിക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കും ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ. സാക്ഷികളുടെ ബാഹുല്യവും പതിനായിരക്കണക്കിന്‌ പേജുകളുള്ള ബൃഹത്തായ രേഖകളുടെ സമാഹാരവുമൊക്കെ ഹാജരാക്കുന്നത്‌ സമീപകാലത്തൊന്നും വിചാരണ പൂർത്തിയാകരുതെന്ന ലക്ഷ്യംവച്ചാണ്‌. മനീഷ്‌ സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും ഹേമന്ത്‌ സോറനുമൊക്കെ അതിന്റെ ഇരകളായി നമുക്കു മുന്നിലുണ്ട്‌. ഒരിക്കലും മോചനമില്ലാത്തവിധം അനിശ്ചിതമായ കാരാഗൃഹവാസത്തിന്‌ ഈ നേതാക്കളെ എറിഞ്ഞുകൊടുക്കാനാണ്‌ ബിജെപി നേതൃത്വം  അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചത്‌.

എന്നാൽ, തെലങ്കാനയിലെ ഭാരത്‌ രാഷ്‌ട്ര സമിതിയുടെ നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയ്ക്ക്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീംകോടതി പറഞ്ഞ കാര്യങ്ങൾ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും ആദരവോടെ കാണുന്നവരെ ആവേശഭരിതരാക്കുന്നുണ്ട്‌.  സിബിഐയും ഇഡിയും അടക്കമുള്ള ഏജൻസികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ്‌ ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ കവിതയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌. തിഹാറിൽ അഞ്ചുമാസത്തെ വിചാരണത്തടവ്‌ കഴിഞ്ഞ്‌ അവർ ചൊവ്വാഴ്‌ച രാത്രി പുറത്തിറങ്ങി.

സുപ്രീംകോടതി പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്‌:  സിബിഐക്കും ഇഡിക്കും തോന്നിയപോലെ ആരെയും പ്രതിയാക്കാൻ കഴിയില്ല.  പ്രതികളാക്കേണ്ടവരെ മാപ്പുസാക്ഷിയാക്കിയതിന്റെ അടിസ്ഥാനമെന്താണ്‌. വിചാരണ എപ്പോഴും ന്യായമായിരിക്കണം. കേസിൽ പ്രതിയാണെന്ന്‌ സ്വയം സമ്മതിച്ചയാളെ മാപ്പുസാക്ഷിയാക്കിയ നിങ്ങൾ നാളെ തോന്നിയ ആൾക്കാരെ പ്രതികളാക്കും, വിട്ടയക്കും. അങ്ങനെ ആൾക്കാരെ തെരഞ്ഞെടുത്ത്‌ പ്രതികളാക്കുന്നതിൽ എന്ത്‌ ന്യായമാണുള്ളത്‌. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 45(1) വകുപ്പു പ്രകാരം ജാമ്യം അനുവദിക്കുന്നതിൽ സ്‌ത്രീകൾക്ക്‌ പ്രത്യേക പരിഗണനയുണ്ട്‌. വിചാരണത്തടവ്‌ ശിക്ഷയാകാൻ പാടില്ല.

നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമല്ലാതെ ഒരു വ്യക്തിയുടെയും ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താൻ പാടില്ലെന്ന ഭരണഘടനാപരമായ നിർദേശം നഗ്‌നമായി ലംഘിച്ചുകൊണ്ടാണ്‌ കവിത അടക്കമുള്ളവർക്ക്‌ ജാമ്യം നിഷേധിക്കപ്പെട്ടത്‌. ‘ജയിലല്ല, ജാമ്യമാണ് ചട്ടം’ എന്ന്‌ 1977-ൽ തന്നെ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ ഭരണഘടനാ തത്വങ്ങൾ ആവർത്തിച്ചുറപ്പിച്ചുകൊണ്ട്‌ വ്യക്തമാക്കിയിരുന്നു, നീതിപൂർവവും വേഗത്തിലുള്ളതുമായ വിചാരണയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ അന്തർലീനമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്‌. കെ കവിത പ്രതിയായ കേസിൽ പ്രതിയാക്കേണ്ട വ്യവസായി മഗുന്ത ശ്രീനിവാസലു റെഡ്‌ഡിയെ മാപ്പുസാക്ഷിയാക്കിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ അന്വേഷണ ഏജൻസികളെ കോടതി രൂക്ഷമായി വിമർശിച്ചത്‌. റെഡ്‌ഡിയുടെ മൊഴിയിൽ അയാൾക്ക്‌ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന്‌ കോടതി പറഞ്ഞു.

കവിതയെ പ്രതിയാക്കിയതിന്‌ അടിസ്ഥാനം ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലാണെങ്കിൽ റെഡ്‌ഡിയെ  മാപ്പുസാക്ഷിയാക്കിയതിനു പിന്നിലും സ്വജനപക്ഷപാതത്തിന്റെ ജീർണരാഷ്‌ട്രീയമുണ്ടെന്ന്‌ കാണാം. 2019ൽ ആന്ധ്രപ്രദേശിലെ ഓങ്കോളിൽനിന്ന്‌ ബിജെപി സ്ഥാനാർഥിയായി ലോക്‌സഭയിലെത്തിയ ആളാണ്‌ റെഡ്‌ഡി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റെഡ്‌ഡി ഓങ്കോളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സമാനമായ സംഭവം ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പ്രതിയായ ഡൽഹി മദ്യനയക്കേസിലുമുണ്ടായി. അരബിന്ദോ ഫാർമസ്യൂട്ടിക്കൽസ്‌ ഉടമ ശരത്‌ റെഡ്‌ഡി ആദ്യം കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട്‌  മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പുറത്തുവന്നപ്പോൾ ശരത്‌ റെഡ്‌ഡി ബിജെപിക്ക്‌ ബോണ്ട്‌ വഴി 25 കോടി രൂപ നൽകിയതായി കണ്ടെത്തി.

തങ്ങളെ എതിർക്കുന്നവരെ പ്രതിയാക്കാനും ഒപ്പമുള്ള, സമാനകുറ്റകൃത്യം ചെയ്‌തവരെ മാപ്പുസാക്ഷിയാക്കാനും കുറ്റവിമുക്തരാക്കാനുമുള്ള ബിജെപിയുടെ തന്ത്രങ്ങൾകൂടിയാണ്‌ സുപ്രീംകോടതിയിൽ തുറന്നുകാണിക്കപ്പെട്ടത്‌. ഈ തിരിച്ചടിയിൽനിന്നൊന്നും ബിജെപി പാഠം പഠിക്കുമെന്ന്‌ കരുതാനാകില്ല. എതിരാളികളെ കെണിവച്ചു പിടിച്ച്‌ തടവിലാക്കുന്ന പദ്ധതി അവർ തുടർന്നുകൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top