03 October Tuesday

ഒറ്റച്ചോദ്യം: എന്തിനായിരുന്നു ആ ദുരന്തം സൃഷ്‌ടിച്ചത്

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

ഒരു രാജ്യത്തിന്റെ ഭരണാധികാരി സ്വന്തം ജനതയെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എണ്ണമറ്റ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് എറിഞ്ഞുകൊടുത്ത ആ ദിനങ്ങൾ വീണ്ടും ഓർമ വരികയാണ്. 2016 നവംബർ എട്ടിന്റെ രാത്രി, ഇന്ത്യയുടെ കറൻസി സംവിധാനത്തിലെ നെടുംതൂണുകളായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം മനുഷ്യനിർമിത മഹാദുരന്തങ്ങളുടെ തുടക്കമായിരുന്നു. ലോകം അത്യപൂർവമായി പോലും കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത  ദുരിതങ്ങളിലേക്കാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളെ പ്രധാനമന്ത്രി എടുത്തെറിഞ്ഞത്. രാജ്യവും സമ്പദ്‌വ്യവസ്ഥയും ഇന്നും അതിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറിയിട്ടില്ല. പോക്കറ്റിൽ കിടന്ന നോട്ട് ഒരു നിമിഷംകൊണ്ട് അസാധുവാക്കിയ വിചിത്ര നടപടി. അന്നന്ന് പണിയെടുത്ത് കൈയിൽ സൂക്ഷിച്ച കാശുകൊണ്ട് അരിവാങ്ങാൻ പോലും കഴിയാത്ത സ്ഥിതി. നോട്ട് മാറ്റിയെടുക്കാൻ ബാങ്കുകൾക്ക് മുന്നിൽ വരിനിന്ന് മരിച്ചുവീണവരെത്ര.

ഇപ്പോൾ, കഴിഞ്ഞ വെള്ളിയാഴ്ച രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പ്രചാരത്തിൽനിന്ന് (സർക്കുലേഷൻ) പിൻവലിച്ചപ്പോൾ അന്നത്തെ ആ നടപടിയുടെ പൊള്ളത്തരവും പരാജയവും ഒരിക്കൽക്കൂടി വ്യക്തമാകുന്നുണ്ട്. അന്ന് കേന്ദ്ര ഭരണം സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴായിരുന്നു രണ്ടായിരത്തിന്റെ നോട്ട് അടിച്ചിറക്കിയത്. കള്ളപ്പണത്തിനെതിരായ യുദ്ധപ്രഖ്യാപനമെന്നു പറഞ്ഞാണ് 2016ൽ നോട്ടുനിരോധനം നടപ്പാക്കിയതെങ്കിൽ, ഒരു നയാ പൈസയുടെയും കള്ളപ്പണം പിടിച്ചില്ലെന്ന് മാത്രമല്ല, കള്ളനോട്ടുകൾ രണ്ടായിരത്തിലേക്ക് മാറിയെന്ന പരോക്ഷമായ സൂചനയും റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിലുണ്ട്.  കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് നോട്ട് പിൻവലിച്ചതെന്നും കാണണം. തെരഞ്ഞെടുപ്പിൽ ബിജെപി ഒരുപാട് കള്ളപ്പണം ഒഴുക്കിയിരുന്നു. അതെല്ലാം വെളുപ്പിച്ചെടുക്കലും ഇപ്പോഴത്തെ നടപടിക്ക് പിന്നിലെ ലക്ഷ്യമായി കണക്കാക്കാം. ഇനി മറ്റ് ചില സംസ്ഥാനങ്ങളിൽ നടക്കാൻപോകുന്ന തെരഞ്ഞടുപ്പിന് രണ്ടുമാസം മുമ്പേ നോട്ട് മാറ്റിയെടുക്കാനുള്ള സമയം അവസാനിക്കുമെന്നതും  സർക്കാരിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്.

കള്ളപ്പണം, അഴിമതി, ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രയാണം എന്നൊക്കെ പറഞ്ഞായിരുന്നു 2016ലെ നോട്ടുനിരോധനം. ഇപ്പറഞ്ഞ ലക്ഷ്യങ്ങളിൽ ഒന്നുപോലും യാഥാർഥ്യമായില്ല.

ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുന്നതെന്നും  മറ്റു നോട്ടുകൾ മതിയായ അളവിൽ പ്രചാരത്തിലുണ്ടെന്നും റിസർവ് ബാങ്ക് പറയുന്നു. രണ്ടായിരത്തിന്റെ നോട്ട് പ്രചാരത്തിൽ കുറവാണെന്നും ആർബിഐ പറയുന്നുണ്ട്. പ്രചാരത്തിൽ രണ്ടായിരത്തിന്റെ എണ്ണം കുറഞ്ഞത് 2018ൽത്തന്നെ ഇതിന്റെ അച്ചടി നിർത്തിയതുകൊണ്ടാണ്.  ക്ലീൻ നോട്ടിന്റെ ഭാഗമാണെങ്കിൽ വെടിപ്പുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഇറക്കിയാൽ പോരേ എന്ന ചോദ്യവുമുണ്ട്.  ഇതിനൊന്നും ആർബിഐക്ക്  വ്യക്തമായ മറുപടിയില്ല. എന്തായാലും ഒരുകാര്യം ഉറപ്പ്. അടിച്ചിറക്കി ഏഴുവർഷം തികയുംമുമ്പ് നോട്ട് പിൻവലിക്കുന്നത് നമ്മുടെ കറൻസി സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കും.

പണ നയത്തിലെ ചെറിയൊരു നടപടിയായി റിസർവ് ബാങ്ക് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തിന്റെ നോട്ടുപിൻവലിക്കലും സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രൂക്ഷമായ തൊഴിലില്ലായ്മയുംമുതൽ മുടക്കുകളിലെ കുറവും തുടരുന്ന സാഹചര്യം ഇനിയും വഷളാകും. സമ്പദ്‌വ്യവസ്ഥയുടെ അനൗപചാരിക മേഖലയിൽ, അഥവാ അസംഘടിത മേഖലയിലെ സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളിൽ (എംഎസ്എംഇ)  ദൈനംദിന പ്രവർത്തന മൂലധനമായും വേതനമായും പണം കറൻസിയായിത്തന്നെയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.  ഇവിടെ സൂക്ഷിക്കുന്ന പണത്തിൽ 2000ന്റെ നോട്ടുകൾ നല്ല ശതമാനം കണ്ടേക്കാം. ഒരുസമയം 10 നോട്ടുകളേ (20,000 രൂപ) മാറ്റിയെടുക്കാൻ കഴിയൂവെന്നത് വലിയ പ്രയാസമാണുണ്ടാക്കുക. മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ഉളള സമയം സെപ്തംബർ 30 വരെമാത്രം. അതു കഴിഞ്ഞാൽ ഈ നോട്ടിന്റെ സ്ഥിതിയെന്തെന്ന് വ്യക്തമല്ല.  സമയപരിധിക്കുള്ളിൽ നോട്ട് മാറ്റിയെടുക്കാൻ ഇത്തവണയും ജനങ്ങൾ വരിനിന്ന് കഷ്ടപ്പെടും.  2016ൽ പ്രചാരത്തിലുണ്ടായിരുന്ന  കറൻസിയുടെ 84 ശതമാനത്തിലേറെയാണ് നിരോധിച്ചതെങ്കിൽ ഇപ്പോൾ പിൻവലിച്ചത് 11 ശതമാനത്തോളം മാത്രമാണെന്ന വ്യത്യാസം മാത്രം. പക്ഷേ, പ്രത്യാഘാതങ്ങൾ ഉറപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top