01 October Sunday

രാഹുലിനെ തള്ളി ഇഡിക്കുപിന്നാലെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കോൺഗ്രസ്‌ രാജ്യവ്യാപകമായി സമരത്തിലാണ്‌. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി, അമ്മയും ഇപ്പോഴത്തെ അധ്യക്ഷയുമായ സോണിയ ഗാന്ധി എംപി എന്നിവർക്കെതിരെ, സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ആരംഭിച്ച അന്വേഷണമാണ്‌ പ്രക്ഷോഭത്തിന്‌ ആധാരം. തിങ്കളാഴ്‌ച രാഹുൽ ഗാന്ധിയെ ഇഡി മണിക്കൂറുകളോളമാണ്‌ ചോദ്യം ചെയ്‌തത്‌. രാഷ്‌ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന്‌ എതിരെയാണ്‌ സമരം. ഇഡി ഓഫീസുകളിലേക്കാണ്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്‌. ഡൽഹിയിൽ മുഴുവൻ എംപിമാരും ഉന്നത നേതാക്കളും പങ്കെടുത്ത കോൺഗ്രസ്‌ സമരം പൊലീസുമായി ഏറ്റുമുട്ടലിലാണ്‌ കലാശിച്ചത്‌. നിരവധി നേതാക്കൾ കസ്‌റ്റഡിയിലായി.

കേരളത്തിൽ കോൺഗ്രസ്‌ സമരം രണ്ട്‌ കേന്ദ്രത്തിൽ വഴിപാടായി മാറിയത്‌ എന്തുകൊണ്ടെന്ന്‌ നേതൃത്വം വിശദീകരിച്ചിട്ടില്ല. എന്നാൽ, ഇഡി വരട്ടെയെന്ന്‌ ആർത്തുവിളിച്ചുകൊണ്ട്‌ കേരളമെങ്ങും തെരുവുകളിൽ യുഡിഎഫ്‌ വിളയാട്ടമാണ്‌. ബിജെപിയും അക്രമത്തിന്‌ മുൻപന്തിയിലുണ്ട്‌. പൊലീസിനെ കടന്നാക്രമിക്കുക, മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുക തുടങ്ങിയ അതിക്രമങ്ങളാണ്‌ കുറച്ചു ദിവസമായി നടക്കുന്നത്‌. ഒടുവിൽ വിമാനത്തിലും മുഖ്യമന്ത്രിക്കു നേരെ ആക്രമണശ്രമമുണ്ടായി. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫും ബിജെപിയും തുടരുന്ന പേക്കൂത്തുകൾ മനുഷ്യരുടെ സാമാന്യബോധത്തിന്‌ നിരക്കുന്നതല്ല. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക്‌ ബാഗേജിൽ സ്വർണക്കടത്തു നടന്നതായി കണ്ടെത്തിയത് രണ്ടു വർഷം മുമ്പാണ്‌. കോൺസുലേറ്റിലെ മുൻ  ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷും കൂട്ടാളികളുമായിരുന്നു പ്രധാന കണ്ണികൾ. ഇവർക്ക്‌ സഹായം നൽകിയെന്നാരോപിക്കപ്പെട്ട മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ എം ശിവശങ്കറും കേസിൽ റിമാൻഡിലായി. ശിവശങ്കറിനെ ചാരി മുഖ്യമന്ത്രിക്കും ഓഫീസിനും നേരെ കടുത്ത ആരോപണങ്ങളാണ്‌ യുഡിഎഫും ബിജെപിയും ഉയർത്തിയത്‌. ഒരു വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യമായതിനാൽ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള അവസരമായി അന്വേഷണത്തെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌.

എൻഐഎ, കസ്‌റ്റംസ്‌, ഇഡി തുടങ്ങിയ ഏജൻസികൾ രാഷ്‌ട്രീയ യജമാനൻമാർക്കുവേണ്ടി നടത്തിയ നെറികെട്ട നീക്കങ്ങൾ കേരളത്തിന്റെ അടിസ്ഥാന താൽപ്പര്യങ്ങൾക്കുതന്നെ ഭീഷണിയായി. പാവങ്ങൾക്ക്‌ വീട്‌ നൽകാനുള്ള ലൈഫ്‌ പദ്ധതിയെപ്പോലും സ്‌തംഭിപ്പിച്ചു. സ്വപ്‌നയും കൂട്ടുപ്രതികളും അന്വേഷണ ഏജൻസികൾക്കും ഐപിസി 164 പ്രകാരം മജിസ്‌ട്രേട്ടിന്‌ മുന്നിലും നൽകിയ മൊഴിയനുസരിച്ച്‌ മുഖ്യമന്ത്രിയെ കുടുക്കാൻ പതിനെട്ടടവും പയറ്റി. സ്വർണം അയച്ചവരും കൊണ്ടുപോയവരും കൂട്ടുനിന്നവരും ഇരുട്ടിൽത്തന്നെ തുടർന്നു. ആ വഴിക്ക്‌ ഒരന്വേഷണവും നടന്നില്ല. രാഷ്‌ട്രീയ അട്ടിമറിക്കുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ട്‌ പിൻവാങ്ങിയവരെ വീണ്ടും കൊണ്ടുവരാനുള്ള ഗൂഢപദ്ധതിയാണ്‌ ഇപ്പോൾ അരങ്ങേറുന്നത്‌. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപകരണമാക്കി നടത്തിയ എല്ലാ അന്യായ പ്രവർത്തനങ്ങൾക്കും യുഡിഎഫിന്റെ അളവറ്റ പിന്തുണ ഉണ്ടായിരുന്നു. ഈ കള്ളപ്രചാരണങ്ങളെ നേരിട്ടാണ്‌, ഏഴ്‌ സീറ്റ്‌ അധികം നേടി പിണറായി തുടർഭരണ ചരിത്രം കുറിച്ചത്‌. മുനയൊടിഞ്ഞ ആരോപണങ്ങളുമായി വീണ്ടുമെത്തിയ സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി ആർഎസ്‌എസിന്റെ കളിപ്പാവയാണ്‌. തിങ്കളാഴ്‌ച രണ്ട്‌ കേന്ദ്രമന്ത്രിമാർ വാർത്താസമ്മേളനം നടത്തിയാണ്‌ ഈ കുറ്റാരോപിതയെ പിന്തുണച്ചത്‌. ഈ ഗൂഢാലോചനയുടെ പ്രയോക്താക്കളാകട്ടെ കോൺഗ്രസും.

രാഷ്‌ട്രീയ പ്രതിയോഗികളെ നേരിടൽ മുഖ്യദൗത്യമായി ഏൽപ്പിച്ചിട്ടുള്ള ഇ ഡിയാണ്‌ സ്വർണക്കടത്തുകേസിലും മോദി ഭരണത്തിന്റെ തുറുപ്പുചീട്ട്‌. വർഷങ്ങൾ പലതുപിന്നിട്ട നാഷണൽ ഹെറാൾഡ്‌ കേസിൽ സോണിയയെയും രാഹുലിനെയും അകത്തിടാൻ കേന്ദ്രം ഇപ്പോൾ തയ്യാറെടുക്കുന്നതിനു പിന്നിൽ രാഷ്‌ട്രീയമാണെന്ന കോൺഗ്രസ്‌ വാദം തള്ളിക്കളയാവുന്നതല്ല. സമീപകാലത്ത് ഇഡി എടുത്ത എല്ലാ കേസും പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെയായത്‌ യാദൃച്ഛികമല്ല. കേരളത്തിലും ഇതുതന്നെ കേന്ദ്രം പരീക്ഷിക്കുമ്പോൾ ബിജെപിയുമായി കൈകോർത്ത്‌ നീങ്ങുകയാണ്‌ കോൺഗ്രസ്‌. അതുകൊണ്ടാണ്‌, അഖിലേന്ത്യാ പ്രക്ഷോഭത്തെ തള്ളിക്കൊണ്ട്‌ കേരളത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസ്‌ അക്രമസമരം തുടരുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top