24 September Sunday

ജനങ്ങളെ വഴിയാധാരമാക്കരുത്‌ കേന്ദ്രം കനിയണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022


സംരക്ഷിത വനത്തോടുചേർന്ന്‌ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാണെന്ന സുപ്രീംകോടതി വിധി വലിയ ആശങ്കയാണ്‌ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചത്‌. പതിനായിരക്കണക്കിനാളുകളുടെ ജീവിതത്തിനുമേലാണ്‌ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നത്‌. ഈ ആശങ്ക പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതുണ്ട്‌. വനവും ജനങ്ങളുടെ താൽപ്പര്യവും ഒരുപോലെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്നുണ്ട്‌. വിധിയിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള നിയമനടപടിക്ക്‌ സംസ്ഥാന സർക്കാർ തുടക്കംകുറിച്ചെന്നതും പ്രതീക്ഷ നൽകുന്നതാണ്‌. എന്നാൽ, രാജ്യത്താകെ ബാധകമായ വിധിയെന്ന നിലയിൽ കേന്ദ്രസർക്കാരാണ്‌ സുപ്രീംകോടതിയിൽ ജനങ്ങൾക്ക്‌ അനുകൂലമായി റിപ്പോർട്ട്‌ നൽകേണ്ടത്‌. സംസ്ഥാനത്തിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ച്‌ ജനജീവിതത്തിന്‌ ഭംഗംവരാതെ വനവും വന്യജീവികളെയും സംരക്ഷിക്കുന്ന പുതിയ ഉത്തരവ്‌ സമ്പാദിക്കണം.

സുപ്രീംകോടതി വിധിയിൽത്തന്നെ പറയുന്നത്‌ ‘പൊതുതാൽപ്പര്യത്തിനു വേണ്ടതാണെങ്കിൽ ദൂരപരിധിയിൽ ഇളവ്‌ വരുത്താൻ കഴിയും’ എന്നാണ്‌. ഇതിന്റെ അടിസ്ഥാനത്തിൽ വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും നടപ്പാക്കിയാൽ സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യക്തമാക്കി കേന്ദ്രസർക്കാർ പുതിയ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കേണ്ടതാണ്‌. 2011ൽ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വന്യജീവി സംരക്ഷണ നിയന്ത്രണ ഉത്തരവിൽ പറയുന്ന കാര്യങ്ങളാണ്‌ സംരക്ഷിത വനമേഖലയിലെ ബഫർസോണിൽ നടപ്പാക്കേണ്ടതെന്നാണ്‌ കോടതി വിധിയിൽ പറയുന്നത്‌. വനംമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ തുടക്കംമുതൽ വലിയ പ്രതിഷേധമാണ്‌ രാജ്യത്ത്‌ ഉയർന്നുവന്നത്‌. ഈ ഉത്തരവ്‌ തിരുത്തി പുതിയ നിയമത്തിനാവശ്യമായ നിർദേശങ്ങൾ കേരളം വളരെ മുമ്പേ കേന്ദ്രത്തിന്‌ സമർപ്പിച്ചതാണ്‌. സംസ്ഥാനത്തിന്റെ നിർദേശം അംഗീകരിച്ച്‌ പുതിയ ഉത്തരവ്‌ ഇറക്കാനിരിക്കെയാണ്‌  സുപ്രീംകോടതിയുടെ  വിധി.

കോടതി ഉത്തരവ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്‌ ജനസാന്ദ്രത കൂടിയ കേരളത്തെയാണ്‌. പതിറ്റാണ്ടുകളായി വനമേഖലയോടുചേർന്ന്‌ ജീവിതം കെട്ടിപ്പടുത്ത ജനങ്ങൾ തങ്ങളുടെ എല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടിവരുമോയെന്ന ആധിയിലാണ്‌. 24 സംരക്ഷിതമേഖലയാണ്‌ കേരളത്തിലുള്ളത്‌. വിധി നടപ്പാക്കേണ്ടി വന്നാൽ ഇടുക്കി ജില്ലയുടെ സമ്പൂർണ തകർച്ചയ്‌ക്ക്‌ കാരണമാകും. 4358 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ജില്ലയിൽ 3770 ചതുരശ്ര കിലോമീറ്ററും വനമാണ്‌. സംസ്ഥാനത്തെ അഞ്ച്‌ ദേശീയോദ്യാനത്തിൽ നാലും ഈ ജില്ലയിലാണ്‌. കൂടാതെ, നാല്‌ വന്യജീവി സങ്കേതവും ഉണ്ട്‌. നിയമം നടപ്പായാൽ ജില്ലയുടെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം മേഖലയുടെ സമ്പൂർണ തകർച്ചയായിരിക്കും ഫലം.  തേക്കടിപോലുള്ള ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ ഇല്ലാതാകും. പല ടൗണിന്റെയും നിലനിൽപ്പുപോലും അസാധ്യമാകും. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും വികസനപ്രവർത്തനങ്ങൾ സാധ്യമാകില്ലെന്ന ആശങ്കയുമുണ്ട്‌.

രാജസ്ഥാനിലെ ജാമിയഘട്ട്‌ വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ്‌ ഇപ്പോൾ സുപ്രീംകോടതി വിധിയുണ്ടായത്‌. ഇതിനെ സംസ്ഥാന സർക്കാരിന്റെ വീഴ്‌ചയാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നുണ്ട്‌. കേരളം കക്ഷിയല്ലാത്ത കേസിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കുത്സിത നീക്കങ്ങളല്ല ഇപ്പോൾ ആവശ്യം. പതിനായിരക്കണക്കിന്‌  മനുഷ്യർ പതിറ്റാണ്ടുകളായി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം കൈവിട്ടു പോകുമെന്ന ആശങ്കയകറ്റി സുരക്ഷിതമായി ജീവിക്കാനാവശ്യമായ സാഹചര്യം ഒരുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ്‌ വേണ്ടത്‌. കേരളത്തിൽനിന്നുള്ള പാർലമെന്റ്‌ അംഗങ്ങൾക്ക്‌ ഇതിൽ നിർണായക പങ്കുണ്ട്‌. കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ച്‌ നിൽക്കേണ്ടതുണ്ട്‌.  സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക്‌ എതിരുനിൽക്കുന്നതുപോലെ ഈ വിഷയത്തെ പ്രതിപക്ഷം കാണരുത്‌.  പശ്ചിമഘട്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ ജനവാസമേഖലയെ ഒഴിവാക്കാൻ കേരളം നടത്തിയ പോരാട്ടം നമ്മുടെ മുന്നിലുണ്ട്‌. ഇക്കാര്യത്തിലും കേരളത്തിന്റെ കാഴ്‌ചപ്പാട്‌ ശക്തമായി അവതരിപ്പിക്കാൻ കഴിയും.  ഒറ്റക്കെട്ടായി നിന്നാൽ കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top