21 September Thursday

ഡിവൈഎഫ്ഐ ഇടപെടല്‍ മാതൃകാപരം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2017


വ്യത്യസ്തമായ ചില കാഴ്ചകളാണ് എറണാകുളത്തേത്. അവിടെ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുകയാണ്. 'പുതിയ ഇന്ത്യയെ സ്വപ്നംകാണുക, തൊഴിലിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുക' എന്നതാണ് പത്താം അഖിലേന്ത്യാസമ്മേളനത്തിന്റെ മുദ്രാവാക്യം. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും തത്വങ്ങളും അഭൂതപൂര്‍വമായ ആക്രമണം നേരിടുമ്പോള്‍  യുവത്വത്തിന്റെ മനസ്സില്‍ കടന്നുവരേണ്ട സ്വപ്നവും പ്രതിജ്ഞയുമാണത്.  അത്തരം ദൌത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള കര്‍മപദ്ധതിയൊരുക്കുന്ന നേതൃസംഗമം എന്നതിനപ്പുറമുള്ള ചിലതും ഡിവൈഎഫ്ഐ സമ്മേളനത്തെ  വ്യത്യസ്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കെതിരെ ഡിവൈഎഫ്ഐസുപ്രീംകോടതിയില്‍ നടത്തിയ നിയമയുദ്ധം വിജയിച്ചതിന്റെ വര്‍ധിച്ച ആവേശത്തിലാണ് കേരളഘടകം സമ്മേളനത്തിന്റെ സംഘാടനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്.

സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച കേസില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും ഇരകളുടെ ജീവിതത്തിലാകമാനമുള്ള ചികിത്സാചെലവുകള്‍ കമ്പനികള്‍ വഹിക്കണമെന്നുമാണ് വിധി. നിയമയുദ്ധത്തില്‍ ഡിവൈഎഫ്ഐനേടിയ ചരിത്രപ്രധാനമായ ഈ വിധി രാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും പ്രശംസയ്ക്ക് പാത്രമായി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ നിര്‍മാണം നിര്‍ത്തിയത് ഡിവൈഎഫ്ഐയുടെ പ്രക്ഷോഭത്തിന്റെ വിജയമാണ്. കോടതിവിധി തുടര്‍വിജയവും. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ ഇരകള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അവിടെ ഡിവൈഎഫ്ഐ 20 വീട് നിര്‍മിച്ചുനല്‍കി. എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നു. ഫണ്ട് സ്വരൂപിച്ച് പാവപ്പെട്ട ഇരകള്‍ക്ക് സാമ്പത്തികസഹായം വിതരണംചെയ്യുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത രോഗികള്‍ക്കായി  സൌജന്യമായ ആംബുലന്‍സ് സേവനവും ലഭ്യമാക്കുന്നു. ഇങ്ങനെ, ഇതര യുവജനസംഘടനകളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പ്രവര്‍ത്തനശൈലിയുടെ ദീപ്തമായ തുടര്‍ച്ചയും വിപുലീകരണവുമാണ് അഖിലേന്ത്യാസമ്മേളന സംഘാടനത്തെ ശ്രദ്ധേയമാക്കുന്നത്.

പെരിയാര്‍ ശുചീകരണം, കുളങ്ങളുടെ പുനരുദ്ധാരണം, ജൈവകൃഷി, 13 നിര്‍ധനര്‍ക്ക് വീട്, 92 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സംരക്ഷണം, കലാകായിക മത്സരങ്ങള്‍, പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കിയുള്ള പ്രചാരണം- ഇത്രയും കാര്യങ്ങള്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കുകയാണ്.  ഒന്നരമാസത്തിനുള്ളില്‍ 13 വീടുകള്‍ പൂര്‍ത്തിയാക്കി. എളമക്കരയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച വിനീഷിന്റെ മാതാപിതാക്കള്‍ക്ക് ആദ്യവീട് കൈമാറി സമ്മേളനം സമാപിക്കുംമുമ്പ് മറ്റ് വീടുകളും കൈമാറാനുള്ള പ്രവര്‍ത്തനം തുടരുന്നു. നിര്‍ധനകുടുംബങ്ങളിലെ 92 വിദ്യാര്‍ഥികളുടെ പഠനവും ഡിവൈഎഫ്ഐ ഏറ്റെടുത്തു. പ്രോഗ്രസീവ് ഹോമിയോപതി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ താണുകണ്ടം ആദിവാസികോളനിയില്‍ അടക്കം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 

നേര്യമംഗലംമുതല്‍ ആലുവവരെയും തുടര്‍ന്ന് രണ്ട് കൈവഴികളിലെയും പ്ളാസ്റ്റിക്മാലിന്യം നീക്കംചെയ്യാന്‍ ചെറുവഞ്ചികളിലും ബോട്ടുകളിലുമായി ആയിരങ്ങളാണ് പെരിയാറില്‍ ഇറങ്ങിയത്. പരമ്പരാഗത ജലസ്രോതസ്സിന്റെ സംരക്ഷണവും ഏറ്റെടുത്തു. എലൂര്‍ മഞ്ഞുമ്മലിലെ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള അയ്യന്‍ചിറയിലെ ചെളി മാറ്റി കാടുംപടലും വെട്ടിമാറ്റി പുതുക്കി. ഓരോ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഒരു കുളംവീതം പുനരുദ്ധരിച്ചു. സമ്മേളനപ്രതിനിധികള്‍ക്ക് ഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും മുട്ടയും മത്സ്യവും മറ്റു വിഭവങ്ങളും ഓരോ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു. നെടുമ്പാശേരിയിലെ അയിരൂര്‍ പാടശേഖരത്തില്‍ ജൈവരീതിയില്‍ കൃഷിചെയ്ത നെല്ലാണ് സമ്മേളനത്തിന് ഉപയോഗിക്കുന്നത്. കാലടി കാഞ്ഞൂരിലെ പാറപ്പുറത്ത് രണ്ടര ഏക്കറില്‍ പച്ചക്കറി വിളയിച്ചു. വൈപ്പിനിലെ എടവനക്കാട് താമരവട്ടത്തെ കെട്ടില്‍ പാകമായ ചെമ്മീന്‍ വിളവെടുത്തു.

ഒരോന്നും മാതൃകാപരമായ ഇടപെടലുകള്‍. മയക്കുമരുന്നിനെതിരായ ഇടപെടലും സമ്മേളനപ്രചാരണത്തിന്റെ ഭാഗമായി ഏറ്റെടുത്തു. വില്ലേജ്, ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതി ഉണ്ടാക്കി. ഫ്ളക്സുകള്‍ പരമാവധി ഒഴിവാക്കി. പനമ്പും ഓലയും ഉപയോഗിച്ചുള്ള  കുടിലുകളും ശില്‍പ്പങ്ങളും സ്തൂപങ്ങളും പ്രചാരണത്തിനുപയോഗിച്ചു. കാലത്തിന്റെ സവിശേഷതകളും സമുഹത്തിന്റെ ആവശ്യങ്ങളും മനസ്സിലാക്കിയുള്ള  പ്രവര്‍ത്തനങ്ങളാണുണ്ടാകുന്നത്. സമ്മേളനപ്രചാരണത്തിന്റെ ഭാഗമായിപ്പോലും ഇത്തരം ഇടപെടല്‍ വേണമെന്ന തോന്നലും തീരുമാനവുമാണ്  ഇതര യുവജനസംഘടനകളില്‍നിന്ന് ഡിവൈഎഫ്ഐയെ ഉയര്‍ത്തിനിര്‍ത്തുന്നത്.  തീര്‍ച്ചയായും അനുകരണീയമാണിത്. യുവജനങ്ങളുടെ തീവ്രപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ത്യാഗനിര്‍ഭരമായ  പോരാട്ടം നയിക്കുന്നതിനൊപ്പം നാടിനുവേണ്ടി സര്‍ഗാത്മകമായി, ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന ഏക പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് ഡിവൈഎഫ്ഐ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top