05 October Thursday

കൊടുംവരള്‍ച്ചയെ കൂട്ടായി നേരിടാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2017

സമീപകാലചരിത്രത്തിലൊന്നും നേരിടാത്ത കൊടുംവരള്‍ച്ചയാണ് ദക്ഷിണേന്ത്യ അഭിമുഖീകരിക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളെയാണ് വരള്‍ച്ച അതിഗുരുതരമായി ബാധിച്ചിരിക്കുന്നത്. നൂറ്റാണ്ടിനിടയില്‍ ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോയത്. കേരളത്തില്‍ ഇടവപ്പാതി 34 ശതമാനവും തുലാവര്‍ഷം 62 ശതമാനവും കുറഞ്ഞു. അരിയും മറ്റു ധാന്യങ്ങളും പച്ചക്കറിയും ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം രൂക്ഷമായ കുടിവെള്ളക്ഷാമത്തിനൊപ്പം ഭക്ഷ്യകമ്മിയും അനുഭവിക്കുകയാണ്. മഴക്കുറവിനുപിന്നാലെ നോട്ടുപ്രതിസന്ധികൂടി വന്നതോടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ ഇത്തവണ വിളയിറക്കിയിട്ടില്ല. കാര്‍ഷികോല്‍പ്പാദനത്തില്‍ ഭീമമായ ഇടിവാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. അരിവിലയിലുണ്ടായ കുതിച്ചുചാട്ടം ആന്ധ്രയിലെ വിളക്കുറവിന്റെ പ്രതിഫലനമാണ്. പച്ചക്കറിവിലയും തീപിടിച്ചുതുടങ്ങി. നെല്ലിനുപുറമെ ചോളം, പരുത്തി, കരിമ്പ്, ഏത്തപ്പഴം, നിലക്കടല തുടങ്ങിയവയുടെ ഉല്‍പ്പാദനം കുറഞ്ഞത് കേരളത്തെ നേരിട്ടുതന്നെ ബാധിച്ചു.

തമിഴ്നാട്ടില്‍ മൊത്തം നെല്ലുല്‍പ്പാദനത്തിന്റെ മൂന്നിലൊന്നും വിളയിക്കുന്ന കാവേരിതടം പൂര്‍ണമായും തരിശിടപ്പെട്ടു. രണ്ട് വിളവെടുപ്പ് നടത്തുന്ന 12 ലക്ഷത്തിലേറെ ഏക്കറാണ് വരണ്ടുണങ്ങിയത്. ഡാമുകള്‍ വറ്റിവരണ്ടു. ചെന്നൈ നഗരം ഉള്‍പ്പെടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. കര്‍ഷകര്‍ കാലികളെ കിട്ടിയ വിലയ്ക്ക് വില്‍ക്കുകയാണ്. അവ തീറ്റയും വെള്ളവും കിട്ടാതെ ചത്തുവീഴുംമുമ്പ് കൈയൊഴിയുകയാണ്. 120 കര്‍ഷകര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുള്ള നടപടി ഇതുവരെയും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇടവപ്പാതിയില്‍ ഗണ്യമായ മഴക്കുറവ് നേരിട്ട കേരളത്തെ തുലാവര്‍ഷം പൂര്‍ണമായും ചതിച്ചു. ഗുരുതരാവസ്ഥ ബോധ്യപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെതന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഒക്ടോബറില്‍തന്നെ സംസ്ഥാനം വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച് സമാശ്വാസനടപടികള്‍ക്ക് തുടക്കംകുറിച്ചു. ഭൂഗര്‍ഭ ജലവിതാനം മുമ്പില്ലാത്തവിധം താണു. ജലസംഭരണം 90 ശതമാനം വേണ്ട മാസങ്ങളില്‍ 47 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കൃഷി, പാലുല്‍പ്പാദനം, മുട്ട,  ഇറച്ചിക്കോഴി ഇതിലെല്ലാം ഗണ്യമായ കുറവുവന്നു. ഉള്ള വിളവുകള്‍തന്നെ കീടങ്ങളുടെ ആക്രമണത്തില്‍ നശിച്ചു. റബര്‍, നാളികേരം, കാപ്പി എന്നിവയ്ക്ക് വന്‍ തിരിച്ചടി നേരിട്ടു.

കര്‍ണാടകത്തില്‍ 175ല്‍ 139 താലൂക്കുകളും വരള്‍ച്ചയുടെ പിടിയിലായതോടെ വരള്‍ച്ചബാധിത സംസ്ഥാനമായി നേരത്തെതന്നെ പ്രഖ്യാപിച്ചു. എന്നാല്‍, അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ പരിമിതികളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും സഹായവും മാത്രമാണ് ഈ ആപല്‍ഘട്ടത്തെ മുറിച്ചുകടക്കാനുള്ള ഏക പോംവഴി. പ്രത്യേകിച്ചും പണം അസാധുവാക്കല്‍വഴി സംസ്ഥാനങ്ങളുടെയും ബഹുജനങ്ങളുടെയും വിനിമയശേഷിയും സമ്പാദ്യവും കവര്‍ന്നെടുത്ത സാഹചര്യത്തില്‍. ഗ്രാമീണജനതയുടെ ആശ്രയമായ സഹകരണപ്രസ്ഥാനത്തിന്റെ കഴുത്തുഞെരിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം.

ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന്, വ്യവസ്ഥകളില്‍ ഇളവ് വരുത്തിക്കൊണ്ട് എത്രയുംവേഗം അര്‍ഹമായ ധനസഹായം വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കണം. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ദുരന്തനിവാരണഫണ്ടില്‍നിന്ന് നേരിട്ട് നല്‍കുന്നതിനും നടപടി സ്വീകരിക്കേണ്ടതുണ്ട്. വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ കൃഷി, മൃഗപരിപാലന മേഖലയില്‍ പ്രത്യേക സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണം. ഈ സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യം, പയറുവര്‍ഗങ്ങള്‍, മണ്ണെണ്ണ എന്നിവ അധികവിഹിതമായി അനുവദിക്കുകയും പൊതുവിതരണശൃംഖലയിലൂടെ അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുകയും വേണം. തൊഴിലുറപ്പുപദ്ധതിയിലെ കുടിശ്ശിക കൊടുത്തുതീര്‍ക്കുകയും പുതിയ തൊഴിലവസരം ഉണ്ടാക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും വേണം.

വരള്‍ച്ചക്കെടുതികള്‍ മുന്‍കൂട്ടി കണ്ട് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ളാഘനീയമാണ്. കുടിവെള്ളവിതരണത്തിനായി പതിനൊന്നായിരത്തില്‍പ്പരം വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമായി വരികയാണ്. കുടിവെള്ളവിതരണത്തിനുള്ള പണം കലക്ടര്‍മാരുടെ ഫണ്ടിലേക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെകൂടി മാര്‍ഗനിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയാണ് ഏകോപിപ്പിക്കുന്നത്. കേരളത്തിലെ വൈദ്യുതോല്‍പ്പാദനത്തിന്റെ ഗണ്യമായ ഭാഗം ജലം ഉപയോഗിച്ചുള്ളതാകയാല്‍ ഈ വേനലില്‍ കടുത്ത ഊര്‍ജപ്രതിസന്ധി ഉറപ്പാണ്. ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കടുത്തവേനലില്‍നിന്ന് കന്നുകാലികളെ സംരക്ഷിക്കാന്‍ ആരംഭിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങള്‍ ശ്രദ്ധേയമാണ്. കന്നുകാലികളെ സംരക്ഷിക്കാനാകാതെ ഇറച്ചിവിലയ്ക്ക് വില്‍ക്കുന്ന സ്ഥിതിയാണ് മറ്റ് സംസ്ഥാനങ്ങളില്‍. എത്രയൊക്കെ തയ്യാറെടുപ്പ് നടത്തിയാലും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്്. ജലസ്രോതസ്സുകളിലെ മലിനീകരണം വഴി പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇതെല്ലാം കണക്കിലെടുത്താണ് കാര്യക്ഷമമായ പ്രവര്‍ത്തനത്തോടൊപ്പം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകനയോഗങ്ങള്‍ സമയബന്ധിതമായി നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തും.

വരള്‍ച്ചയുടെ ആഘാതം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായിക്കൊണ്ടിരിക്കെ അന്തര്‍സംസ്ഥാന നദീജലം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. പറമ്പിക്കുളം ആളിയാര്‍ നദീജലകരാര്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കടത്തിക്കൊണ്ടുപോകുന്നതായും മണക്കടവിലും ഷോളയാറിലും നമുക്ക് അര്‍ഹതപ്പെട്ടതിന്റെ നാലിലൊന്നുമാത്രമേ ലഭിക്കുന്നുള്ളൂ തുടങ്ങിയതുമായ വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതാണ്. പ്രശ്നങ്ങള്‍ക്ക് ഉന്നതതലചര്‍ച്ചയിലൂടെയാണ് രമ്യമായ പരിഹാരം ഉണ്ടാക്കേണ്ടത്. വൈകാരികമായ നിലപാട് സംസ്ഥാനങ്ങള്‍ സ്വീകരിച്ചുകൂടാ. രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലും കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ചദുരിതത്തില്‍ മാതൃകാപരമായി ഇടപെടേണ്ടതുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top