11 September Wednesday

വരള്‍ച്ച ഭീതിയില്‍ കേരളം

വെബ് ഡെസ്‌ക്‌Updated: Saturday Dec 24, 2016


വേനലെത്തും മുന്നേതന്നെ കേരളം വരള്‍ച്ചയുടെ ഭീഷണിയിലാണ്. കാലവര്‍ഷം മൂന്നിലൊന്നായി കുറയുകയും തുലാമഴ കനിയാതിരിക്കുകയും ചെയ്തതോടെ വേനല്‍ക്കാലം എന്താകുമെന്ന ആശങ്കയിലാണ് മലയാളികള്‍. കാലാവസ്ഥ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് കഴിഞ്ഞ 115 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴക്കാലം 2016 ആണ്. വെള്ളമില്ലാതെ കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കുളങ്ങളും ഇതര ജലാശയങ്ങളും വറ്റിത്തുടങ്ങി. ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. വേനല്‍ കനക്കുന്നതോടെ പലയിടത്തും കുടിവെള്ളംപോലും കിട്ടാതാകും. ഇടമഴ ലഭിക്കാതെ വന്നാല്‍ ചൂടിനും കാഠിന്യമേറും. വൈദ്യുതോല്‍പ്പാദനത്തിന്റെ കാര്യത്തിലും സ്ഥിതി ആശങ്കാജനകം. കേരളം സമീപഭാവിയില്‍ ദര്‍ശിക്കാത്ത അതിരൂക്ഷമായ അവസ്ഥയാണ് മുന്നിലുള്ളത്.

സംസ്ഥാനത്താകെ 17,128 ഹെക്ടര്‍ കൃഷി വരള്‍ച്ചഭീഷണി നേരിടുന്നതായാണ് കണക്ക്. ഇതിലേറെയും നെല്‍വയലുകളാണ്. കൃഷിനാശംമൂലം 90 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഈ വര്‍ഷമുണ്ടാവുക. 13,200 ഹെക്ടറിലധികം നെല്‍ക്കൃഷി വരള്‍ച്ചഭീഷണി നേരിടുന്നു. നെല്‍ക്കൃഷിയുടെ രണ്ടാംവിളയായ മുണ്ടകനില്‍ 235 ഹെക്ടര്‍ ഞാറ് നശിച്ചു. വിളവിറക്കിയതില്‍ 12,935 ഹെക്ടറില്‍ കതിരിടാറായ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. പച്ചക്കറി കൃഷിയും മറ്റ് തോട്ടവിളകളും വരള്‍ച്ചഭീഷണിയിലാണ്.

കാര്‍ഷികമേഖലയായ പാലക്കാടായിരിക്കും വേനല്‍ക്കെടുതിയുടെ രൂക്ഷത കൂടുതലായി അനുഭവിക്കേണ്ടിവരിക. സര്‍ക്കാര്‍ കണക്കുപ്രകാരം ജില്ലയില്‍ 1.90 ലക്ഷം ഹെക്ടറാണ് നെല്‍ക്കൃഷിയുള്ളത്. എന്നാല്‍, കൃഷിചെയ്യുന്നത് 1.75 ലക്ഷം ഹെക്ടറില്‍മാത്രം. ഇത്തവണ വെള്ളമില്ലാത്തതിനാല്‍ പകുതിയിലേറെ കര്‍ഷകരും രണ്ടാംവിള നെല്‍ക്കൃഷി ഉപേക്ഷിച്ചു. കൃഷി ചെയ്തവരാകട്ടെ ദുരിതക്കയത്തിലും. 7000 ഹെക്ടറിലെ കൃഷിയാണ് ഇവിടെ ഇതിനകം ഉണങ്ങി നശിച്ചത്. കഴിഞ്ഞ സീസണില്‍ ഇവിടെ ചൂട് 42 ഡിഗ്രിവരെ എത്തി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൂര്യാതപമേറ്റുള്ള മരണവുമുണ്ടായി. ഇത്തവണ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മഴക്കാലത്തുപോലും ടാങ്കറില്‍ കുടിവെള്ളം എത്തിക്കേണ്ടിവരുന്ന പ്രദേശമാണിത്. അട്ടപ്പാടി മേഖലയിലും കുടിവെള്ളപ്രശ്നം തുടങ്ങി.

ഇടുക്കിയില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കാലവര്‍ഷത്തില്‍ 35 ശതമാനവും തുലാമഴയില്‍ 69 ശതമാനവും കുറവാണുണ്ടായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ഇടുക്കി മേഖലയില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയതോതില്‍ മഴ കുറഞ്ഞത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. അതിര്‍ത്തി മേഖലയിലാകെ 75 ശതമാനം മഴയുടെ കുറവാണുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 39 ജലവൈദ്യുതപദ്ധതികളില്‍നിന്നുള്ള സ്ഥാപിതശേഷി 2020.55 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. എന്നാല്‍, ഡാമുകളില്‍ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞദിവസം ഉല്‍പ്പാദിപ്പിച്ചത് വെറും 8.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി.

ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 39 ശതമാനവും കേരളത്തിലെ എല്ലാ ഡാമുകളിലുമായി 40 ശതമാനം ജലവുമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഇടുക്കിയില്‍ 60 ശതമാനം ജലമുണ്ടായിരുന്നു. ഇടുക്കിയുടെ സംഭരണശേഷി 2403 അടിയാണ്. 2342.32 അടിയാണ് വെള്ളിയാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2365.16 അടിയായിരുന്നു. ഏകദേശം 22.84 അടിയുടെ കുറവ്. 2012നുശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണിത്. മഴയില്‍ കുറവുണ്ടായി ഡാമില്‍ വെള്ളം വരാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ മൂലമറ്റം പവര്‍ഹൌസില്‍നിന്നുള്ള ഉല്‍പ്പാദനവും പരിമിതപ്പെടുത്തി. 1.92 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ചത്തെ ഉല്‍പ്പാദനം.

മഴക്കാലത്ത് ചെറിയ അണക്കെട്ടുകളില്‍നിന്നുള്ള ഉല്‍പ്പാദനം പരമാവധി കൂട്ടുകയാണ് പതിവ്. ഇത്തവണ നേര്യമംഗലം,  ചെങ്കുളം, പൊന്മുടി, പള്ളിവാസല്‍ പദ്ധതി മേഖലയിലും മഴ കുറവായതിനാല്‍ ഉല്‍പ്പാദനം നാമമാത്രമാക്കി. രണ്ട് മെഗാവാട്ട് ശേഷിയുള്ള മാട്ടുപ്പെട്ടിയില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു. 37.5 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസലില്‍ 0.2268, 51 മെഗാവാട്ടുള്ള ചെങ്കുളത്ത് 0.110, 79 മെഗാവാട്ടുള്ള നേര്യമംഗലത്ത് 0.238, 32 ശേഷിയുള്ള പന്നിയാറില്‍ 0.140 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ചത്തെ ഉല്‍പ്പാദനം. മുല്ലപ്പെരിയാര്‍ മേഖലയിലും മഴയില്ല. അതുകൊണ്ട് അവിടെനിന്ന് ഇടുക്കിയിലേക്ക് കാര്യമായുള്ള നീരൊഴുക്കില്ല.

ഇതെല്ലാം വച്ചുനോക്കിയാല്‍ വരുന്ന വേനല്‍ മലയാളിയുടെ ജീവിതത്തെ ചുട്ടുപൊള്ളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മഴയില്ലായ്മ പ്രതിസന്ധിക്ക് പ്രധാന കാരണമാണെങ്കിലും നാംതന്നെ വരുത്തിവയ്ക്കുന്ന വിനകളും ജലദൌര്‍ലഭ്യത്തിന് ഇടയാക്കിയിട്ടുണ്ട്. ജലസംരക്ഷണം, ജലവിനിയോഗം എന്നിവയില്‍ നാം സ്വീകരിക്കുന്ന അലംഭാവവും അശാസ്ത്രീയ സമീപനവും ധാരാളിത്തവുമാണ് ഒരു കാരണം. ഒപ്പം ജലസ്രോതസ്സുകളെ പാടെ മറന്നുള്ള പ്രകൃതിചൂഷണ സമീപനവും പാരിസ്ഥിതിക പ്രത്യാഘാത പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്നതാണ് കേരളത്തിന്റെ ജല ദുര്‍ബലാവസ്ഥയുടെ നിദാനം. മൂന്നുപതിറ്റാണ്ടിനിടെ കേരളത്തിന് നഷ്ടമായത് 6.5 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമാണ്. നെല്‍പ്പാടം ഏറ്റവും വലിയ ജലസംഭരണകേന്ദ്രമാണ്. ഒരു ഹെക്ടര്‍ നിലം ഒമ്പതുമാസം സംഭരിക്കുന്നത് അഞ്ചുലക്ഷം കിലോ ലിറ്റര്‍ വെള്ളമാണ്. അശാസ്ത്രീയ ജലസേചനസമീപനമാണ് മറ്റൊന്ന്്. നിലം മുക്കി നനയ്ക്കുന്ന ശീലം ആവശ്യത്തിന്റെ എത്രയോ ഇരട്ടി ജലനഷ്ടം വരുത്തിവയ്ക്കുന്നു.  തുള്ളിനന, സ്പ്രിങ്ളര്‍ നന തുടങ്ങിയ നിരവധി പുതിയ രീതികളുണ്ടെങ്കിലും ഇവ സ്വീകരിക്കുന്നില്ല. നികന്നുപോയതും മലിനീകരിക്കപ്പെട്ടതുമായ കുളങ്ങളും ജലാശയങ്ങളും നമ്മുടെ നാട്ടില്‍ നിരവധിയാണ്. ജനകീയ കൂട്ടായ്മയിലൂടെ ഇവയെ പുനരുദ്ധരിച്ചാല്‍ വലിയ അളവില്‍ കുടിവെള്ളവും ജലസേചനാവശ്യത്തിനുള്ള വെള്ളവും ലഭ്യമാക്കാനാകും. ജലം ഉപയോഗത്തിലെ ധാരാളിത്തം നിയന്ത്രിക്കാന്‍ വലിയതോതിലുള്ള ജനകീയ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആവശ്യമുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള മിഷന്‍ പദ്ധതിയും അതിന്റെ ഭാഗമായ ഹരിതകേരളം പദ്ധതിയും ഈ രംഗത്ത് പ്രതീക്ഷ നല്‍കുന്നുണ്ട്. വരാനിരിക്കുന്ന ജലക്ഷാമത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഇതിനകംതന്നെ കേരളം വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും അനിവാര്യമാണ്. മറ്റു പലമേഖലകളിലും കാണിക്കുന്ന ശത്രുതാമനോഭാവം വെടിഞ്ഞ്, കേരളത്തിന്റെ അതിജീവനത്തിന് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വരനടപടികള്‍ എടുക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top