29 September Friday

ട്രംപിന്റെ ഭ്രാന്തന്‍നയങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2017


വര്‍ണവെറിയനും വംശീയവിദ്വേഷിയും സ്ത്രീവിരുദ്ധനുമായ ഡോണള്‍ഡ് ട്രംപ് എന്ന രാഷ്ട്രീയപരിചയമില്ലാത്ത ബിസിനസുകാരന്‍ അമേരിക്കന്‍ പ്രസിഡന്റായ ഘട്ടത്തില്‍ ലോകത്തെമ്പാടും ഉയര്‍ന്ന ആശങ്ക ശരിവയ്ക്കുന്ന കാര്യങ്ങളാണ് വൈറ്റ്ഹൌസില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ട്രംപ് അധികാരമേറി ഒരാഴ്ചയ്ക്കകം കൈക്കൊണ്ട തീരുമാനങ്ങളത്രയും ഈ ആശങ്കകള്‍ ബലപ്പെടുത്തുന്നതാണ്. അതില്‍ ഏറ്റവും അവസാനത്തേതാണ് അഭയാര്‍ഥികള്‍ക്ക് പൊതുവെയും ഏഴ് മുസ്ളിംരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ചും വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മറിച്ചൊരു ഉത്തരവ് ഇറങ്ങുന്നതുവരെ അമേരിക്കയില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍, അവിടെനിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. അമേരിക്കയിലും മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  പ്രവേശനമെന്നര്‍ഥം. ലിബിയ, ഇറാഖ്, ഇറാന്‍, യമന്‍, സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനം മൂന്നുമാസത്തേക്ക് വിലക്കി. അഭയാര്‍ഥിപ്രവാഹം തടയുന്നതിനും തീവ്ര ഇസ്ളാമിക ഭീകരവാദികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്നതിനുമാണ് ഈ നിയന്ത്രണമെന്നും ട്രംപ് അറിയിച്ചു. ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ കേന്ദ്രങ്ങളായിട്ടുണ്ടെങ്കില്‍ അത് അമേരിക്കന്‍ വിദേശനയത്തിന്റെ ഫലമാണെന്നതാണ് ചരിത്രം. 2017ല്‍ 50,000 അഭയാര്‍ഥികളെമാത്രമേ സ്വീകരിക്കേണ്ടൂ എന്നും ട്രംപ് തീരുമാനിച്ചു. ഒരു ലക്ഷം പേര്‍ക്ക് പ്രവേശം നല്‍കാനായിരുന്നു ഒബാമ സര്‍ക്കാരിന്റെ തീരുമാനം. 'നമ്മുടെ രാജ്യത്തെ പിന്തുണയ്ക്കുകയും നമ്മുടെ ജനങ്ങളെ ആഴത്തില്‍ സ്നേഹിക്കുകയും ചെയ്യുന്നവരെമാത്രമേ രാജ്യത്ത് സ്വീകരിക്കൂവെന്നും' ട്രംപ് വ്യക്തമാക്കി.

അമേരിക്ക വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നയത്തിന് തീര്‍ത്തും വിരുദ്ധമാണ് ട്രംപിന്റെ തീരുമാനം. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായി വളര്‍ന്നത് ലോകംകണ്ട ഏറ്റവും വലിയ കുടിയേറ്റത്തിലൂടെയായിരുന്നുവെന്ന ചരിത്രം വിസ്മരിച്ചുകൊണ്ടുള്ള തീരുമാനമാണിത്.  തദ്ദേശീയരായ ഗോത്രജനതകളെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും അമേരിക്കയെ യൂറോപ്യന്‍വംശജരുടെ രാജ്യമാക്കിയത് പതിനാറ്- പതിനേഴ് നൂറ്റാണ്ടിലായിരുന്നു. 1620ല്‍ മേഫ്ളവര്‍ എന്ന കപ്പലില്‍ എത്തിയ തീര്‍ഥാടക പിതാക്കളും ബ്രിട്ടീഷുകാരും ഡച്ചുകാരും സ്വീഡന്‍കാരും ജര്‍മന്‍കാരും അമേരിക്കയിലെത്തി സ്ഥാപിച്ചതാണ് മസാച്ചുസെറ്റ്സും ന്യൂജഴ്സിയും ന്യൂ ഇംഗ്ളണ്ടും ഡെലാവറും പെന്‍സില്‍വാനിയയും മറ്റും. കുടിയേറ്റക്കാരില്ലെങ്കില്‍ ഇന്നത്തെ അമേരിക്കയില്ലെന്നര്‍ഥം.


കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവര്‍ക്ക് നിയമസംരക്ഷണം ഉറപ്പുവരുത്തുകയുംചെയ്ത രാജ്യംകൂടിയാണ് അമേരിക്ക. 1965ല്‍ ലിന്‍ഡന്‍ ബി ജോണ്‍സണ്‍ പ്രസിഡന്റായ ഘട്ടത്തിലാണ് എമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് പാസാക്കിയത്. 'വര്‍ണം, ലിംഗം, ദേശീയത' എന്നിവയുടെ പേരില്‍ കുടിയേറ്റക്കാരോട് വിവേചനംപാടില്ലെന്ന് അടിവരയിടുന്ന നിയമമാണിത്. ഈ നിയമം എന്താണോ അനുശാസിക്കുന്നത് അതിന് തീര്‍ത്തും വിരുദ്ധമായ നീക്കമാണ് ട്രംപ് നടത്തിയതെന്നര്‍ഥം. അതുകൊണ്ടുതന്നെ അമേരിക്കന്‍ കോടതികളില്‍ ട്രംപിന്റെ തീരുമാനം ചോദ്യംചെയ്യപ്പെടുമെന്ന് വ്യക്തം. ഈ ദിശയിലേക്കുള്ള സൂചന നല്‍കിക്കൊണ്ട് ഫെഡറല്‍ ജഡ്ജി ഇറാഖില്‍നിന്നുള്ള ഏതാനുംപേര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നല്‍കാന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ ഇറങ്ങവെയാണ് ട്രംപിന്റെ ഉത്തരവ് വന്നതും അമേരിക്കയില്‍ പ്രവേശിക്കാന്‍ ഇറാഖികള്‍ക്ക് അനുമതി നിഷേധിച്ചതും. 2003ല്‍ അമേരിക്ക ഇറാഖിനെതിരെ ആക്രമണം നടത്തിയ വേളയില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ഭാഷാന്തരീകരണം നടത്തിയവരായിരുന്നു ഇരുവരും. 

ട്രംപിന്റെ തീരുമാനം എല്ലാ വിമാനത്താവളങ്ങളെയും പ്രതിഷേധത്തിന്റെ കേന്ദ്രമാക്കി മാറ്റി. പല വിമാനത്താവളത്തില്‍നിന്നും അമേരിക്ക വിലക്കിയ ഏഴു രാഷ്ട്രങ്ങളിലെ പൌരന്മാരെ അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറ്റുന്നില്ല. അമേരിക്കയില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഗ്രീന്‍കാര്‍ഡുള്ളവര്‍ക്കുപോലും പ്രവേശനം നിഷേധിക്കുകയാണ്. ഏഴ് രാഷ്ട്രങ്ങളില്‍നിന്നായി അഞ്ചു ലക്ഷം ഗ്രീന്‍കാര്‍ഡുള്ളവര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. അവധിക്ക് നാട്ടില്‍പോയവര്‍ക്ക് ഇനി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ്.

കുടിയേറ്റവിരുദ്ധനിലപാട് മാത്രമല്ല, ജനുവരി 20ന് 45-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ട്രംപ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അമേരിക്കന്‍നയങ്ങളെ കീഴ്മേല്‍ മറിക്കുന്നതുമാണ്. മെക്സിക്കോ അതിര്‍ത്തിയില്‍ 3200 കിലോമീറ്റര്‍ നീളത്തില്‍ 25 ബില്യണ്‍ ഡോളര്‍ ചെലവിട്ട് വന്‍ മതില്‍ പണിയുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. മെക്സിക്കോയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തി ഈ പണം കണ്ടെത്താനാണ് ട്രംപിന്റെ നീക്കം. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ് കരാറില്‍നിന്ന് പിന്‍വാങ്ങിയ ട്രംപ് നാഫ്റ്റ കരാര്‍ പുനഃപരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. ഒബാമകെയര്‍ ആരോഗ്യപദ്ധതി നിര്‍ത്തലാക്കി.  

ട്രംപിന്റെ ഇത്തരം ഭ്രാന്തന്‍നയങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും കുടിയേറ്റവിരുദ്ധ നിലപാടിനെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നിഷേധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെ യൂറോപ്യന്‍രാഷ്ട്രങ്ങളാകെ ട്രംപിന്റെ നയത്തെ വിമര്‍ശിച്ചു. അമേരിക്ക വിലക്കുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് അയല്‍രാജ്യമായ ക്യാനഡ പ്രധാനമന്ത്രി ട്രംപിന്റെ നയത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. ബിസിനസ് നേതാക്കളും പുതിയ നയത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അമേരിക്ക എന്ന ഏകധ്രുവലോകനായകന്റെ പതനത്തിന്റെ ആരംഭം ട്രംപിലൂടെ തുടങ്ങിയെന്ന് നിസ്സംശയം പറയാം  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top