05 June Monday

ഇവിടെ വേണ്ട; ആ തീക്കളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


കേരളം ലോകത്തിനു മുമ്പിൽ വ്യത്യസ്തമാകുന്നത് സാമൂഹ്യ വികസന സൂചികയിലെ ഉയരംകൊണ്ടുമാത്രമല്ല, ഇവിടെ പുലരുന്ന സർവമത സഹവർത്തിത്വത്തിന്റെ അന്തരീക്ഷംകൊണ്ടുകൂടിയാണ്. നമ്മളെ തകർക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ലക്ഷ്യമാക്കുന്നത് ഈ അടിത്തറയെയാണ്.

മതവും മയക്കുമരുന്നും ചേർത്തുവച്ച് നർക്കോട്ടിക് ജിഹാദ് എന്നൊരു പ്രയോഗം ഒരു ബിഷപ്പിൽനിന്ന് ഉണ്ടായി. അദ്ദേഹത്തിന്റെ പദവിക്ക്‌ ഒട്ടും ചേരാത്തതും നിർഭാഗ്യകരവുമാണ് ആ പ്രയോഗമെന്ന് ഇവിടത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞു. അത്തരം പ്രയോഗം സാമൂഹ്യാന്തരീക്ഷത്തെ കലുഷമാക്കരുത് എന്നാണ് നാടിനെ സ്നേഹിക്കുന്ന ആരും ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ ഇതേച്ചൊല്ലിയുള്ള വിവാദം അരുതെന്ന അഭിപ്രായം പലയിടത്തുനിന്നും ഉയർന്നു. ഈ അഭിപ്രായം ഉയർത്തിയവരിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു. മതാധ്യക്ഷന്മാരുടെ യോഗത്തിനുശേഷം മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്‌ കർദിനാൾ ബസേലിയോസ്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവായും പറഞ്ഞത് ഇക്കാര്യമാണ്.

എന്നാൽ, ചിലരുടെ ആവശ്യം ഈ വിഷയം അവസാനിപ്പിക്കുകയല്ല; കത്തിച്ചു നിർത്തുകയാണ്. അവർ ചാടിവീണു. അവരിൽ എല്ലാ മതത്തിലെയും തീവ്രവാദികൾ ഉണ്ട്. വർഗീയതയും മതവിദ്വേഷവും പരത്തി രാഷ്ട്രീയ ഉപജീവനം കഴിക്കുന്ന സംഘപരിവാറും വെൽഫയർ പാർടിയും ഉണ്ട്. എന്നാൽ, ഇക്കൂട്ടരല്ലാത്ത ചില രാഷ്ട്രീയ നേതാക്കളും ഈ വിവാദം സജീവമാക്കാൻ ഇറങ്ങിയെന്നത് അപകടകരമാണ്. അതിൽ യുഡിഎഫിലെ പ്രമുഖ നേതാക്കളിൽ ചിലരും ഉണ്ടായി എന്നത് കാണാതിരുന്നുകൂടാ. ഇതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതലെടുക്കാം എന്നുകരുതുന്ന കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അക്കാര്യം ആരെങ്കിലും പറഞ്ഞുകൊടുക്കണം. യുഡിഎഫിൽ കേരളത്തോട് മമതയുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.

അതുപോലെ ഇക്കാര്യത്തിൽ കാട്ടുന്ന അമിതാവേശത്തിന്റെ ആപത്ത് മാധ്യമങ്ങളും മനസ്സിലാക്കണം. തല ചൊറിയാൻ തീക്കൊള്ളിതന്നെ വേണമെന്ന് വാശിയുള്ള ചിലരെ വിളിച്ചിരുത്തി ഈ വിഷയത്തിൽ നിങ്ങൾ ആവർത്തിച്ചു നടത്തുന്ന അന്തിച്ചർച്ച ഈ നാടിനെ ഒരു ചുവടുപോലും മുന്നോട്ടുകൊണ്ടുപോകാൻ ഉപകരിക്കില്ലെന്ന് ഓർക്കുക. ഇതേ വഴിക്ക്‌ ചില പത്രങ്ങളും നീങ്ങുന്നുണ്ട്. വർഗീയശക്തികളുടെ മുഖപത്രങ്ങൾ ചെയ്യുന്നത് മനസ്സിലാക്കാം. പക്ഷേ, ഇക്കുറി മറ്റ്‌ ചില കൂട്ടരും ആ വിദ്വേഷവിഷം പരത്താൻ ശ്രമിക്കുന്നുണ്ട്. അവരും പിന്തിരിയണം.

ഈ പ്രശ്നത്തിൽ പറയാനുള്ളത് ആദ്യനാൾതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നർക്കോട്ടിക് എന്ന വാക്കുമായി ചേർത്തു പറയേണ്ടതല്ല ജിഹാദെന്നും മയക്കുമരുന്നിന്‌ മതമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ഇക്കാര്യം ആവർത്തിച്ചു. മുമ്പ് ‘ലൗജിഹാദ്' എന്ന ഇല്ലാക്കഥ ഇളക്കി ആളെക്കൂട്ടാൻ ഒരുങ്ങിയവർ ഉണ്ടായിരുന്നു. അങ്ങനെ ഒന്നില്ലെന്ന്‌ കേന്ദ്രസർക്കാർ വ്യക്തമാക്കിയശേഷവും അത് പാടിനടക്കുകയാണ് സംഘപരിവാർശക്തികളുടെ വിഷനാവുകൾ. ഇപ്പോഴത്തെ വിവാദവും അങ്ങനെ കുറെക്കാലം സമൂഹമധ്യത്തിൽ നിലനിർത്തണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടാകും. അതിന്‌ ഒത്താശ ചെയ്യേണ്ടവരല്ല ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും.

അപര മതവിദ്വേഷം വിതച്ചേ വർഗീയശക്തികൾക്ക് നിലനിൽപ്പുള്ളൂ. ആ വിദ്വേഷം കലാപത്തിലേക്ക് എത്തിക്കേണ്ടത് അവരുടെ ആവശ്യമാണ്‌. കലാപം അവരുടെ പോഷകാഹാരമാണ്. കേരളത്തിൽ ആ കളി വിജയിക്കില്ല. വർഷങ്ങൾക്കുമുമ്പ് തലശേരിയിലും പിന്നീട് നിലയ്ക്കൽ പ്രശ്നം എന്ന പേരിലും നടത്തിയ ഇത്തരം നീക്കങ്ങൾ തകർത്തുതന്നെയാണ് നമ്മൾ മതസൗഹാർദത്തിന്റെ ഭൂമിയായി നിലനിൽക്കുന്നത്. ഇനി ഇക്കൂട്ടർ ഇറങ്ങിത്തിരിച്ചാലും അവരെ നിലയ്ക്കുനിർത്താൻ ചങ്കുറപ്പുള്ളവരാണ് ഇവിടത്തെ വിശ്വാസികൾ അടക്കമുള്ള മതനിരപേക്ഷ സമൂഹം എന്ന്‌ തിരിച്ചറിയുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top