02 October Monday

ലജ്ജാകരം 
ഈ അന്തർനാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 16, 2021എൽഡിഎഫ്‌ സ്ഥാനാർഥികൾ ഒരാഴ്‌ചത്തെ പ്രചാരണം കഴിഞ്ഞ്‌ നാമനിർദേശ സമർപ്പണത്തിലേക്കു കടന്നിട്ടും മറുപക്ഷത്ത് കൂട്ടക്കുഴപ്പം തുടരുകയാണ്‌. നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ കോൺഗ്രസ്‌ പട്ടിക സൃഷ്ടിച്ച കലാപാന്തരീക്ഷം യുഡിഎഫിന്റെ അരക്ഷിതാവസ്ഥ ഒന്നുകൂടി മൂർച്ഛിപ്പിച്ചു. വൈകാരികമായ പ്രതിഷേധങ്ങളും പാർടി പദവികൾ ഉപേക്ഷിക്കലും വ്യാപകമാണ്‌. പലയിടത്തും കൈയാങ്കളിയും നടന്നു. മണ്ഡലംവച്ചുമാറിയും പ്രഖ്യാപിക്കാൻ ബാക്കിവച്ച സീറ്റുകളിൽ ഉൾപ്പെടുത്തിയുമൊക്കെ ഉടക്കിനിൽക്കുന്നവരെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്‌. എന്നാലിതിന്റെ സാധ്യതകൾ പരിമിതമാണ്‌. അടുത്തഘട്ടം വിമതരുടെ രംഗപ്രവേശമാണ്‌. ഇത്‌ കോൺഗ്രസിന്റെമാത്രം സ്ഥിതിയല്ല. ലീഗിലും പലയിടത്തും കലാപക്കൊടി ഉയർന്നിട്ടുണ്ട്‌. കളമശേരി ഇബ്രാഹിംകുഞ്ഞിന്റെ മകന്‌ നൽകിയതിനെതിരെ വിമതമത്സരത്തിന്‌ കളമൊരുങ്ങി‌. ബിജെപിയിലാകട്ടെ, ഗ്രൂപ്പുപോരിന്റെ പാരമ്യതയാണ്‌ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതിലൂടെ കണ്ടത്‌. കേന്ദ്രനേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ അവർ പരസ്യപ്പെടുത്തിയതോടെയാണ്‌ കഴക്കൂട്ടത്ത്‌ പരിഗണിക്കുന്നത്‌.

കുറഞ്ഞ വനിതാ പ്രാതിനിധ്യത്തോടൊപ്പം തനിക്ക് നേരിട്ട അവഗണനകൂടി ഉന്നയിച്ചാണ്‌ മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്‌ രാജിവച്ച്‌ ഇന്ദിര ഭവനുമുന്നിൽ തലമുണ്ഡനം ചെയ്‌തത്‌. സ്‌ത്രീകളുടെ പേരിൽ കോൺഗ്രസ്‌ പൊഴിക്കാറുള്ള കള്ളക്കണ്ണീരിന്റെ പൊള്ളത്തരമാണ്‌ തുറന്നുകാട്ടപ്പെട്ടത്‌. എന്തുകൊണ്ട്‌ ഈ കടന്നകൈയ്‌ക്ക്‌ ലതിക നിർബന്ധിതയായി എന്ന്‌ പരിശോധിക്കാതെ, അവരെ പരിഹസിക്കാനും സ്ഥാനമോഹിയായി ചിത്രീകരിക്കാനുമാണ്‌ ഉന്നത കോൺഗ്രസ്‌ നേതാക്കൾ തയ്യാറായത്‌. താൻ ആഗ്രഹിച്ച ഏറ്റുമാനൂരിൽ സ്ഥാനാർഥിയായി ഇതിന്‌ മറുപടി നൽകുമെന്ന നിലപാടിലാണ്‌ ലതിക. കൂടുതൽ പേർ വിമതരായി മത്സരിക്കുമെന്ന സൂചനയാണ്‌ പ്രാദേശിക പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തമാകുന്നത്‌. ഇരിക്കൂറിൽ കെ സി ജോസഫ്‌ ഒഴിഞ്ഞപ്പോൾ അവസരം പ്രതീക്ഷിച്ച സോണി സെബാസ്‌റ്റ്യനെ കെ സി വേണുഗോപാൽ വെട്ടിയത്‌ ‌ കണ്ണൂർ ജില്ലയിലാകെ യുഡിഎഫിന്റെ അടിത്തറയിളക്കും. തെരഞ്ഞെടുപ്പിന്റെ അന്തസ്സത്ത ചോർത്തിക്കളയുംവിധം ഗ്രൂപ്പുവീതംവയ്‌പും പക്ഷപാതവും അരങ്ങുതകർത്തപ്പോഴാണ്‌ മുതിർന്ന നേതാവ്‌ പി സി ചാക്കോ പാർടിവിട്ടത്‌. കേരളത്തിലെ രണ്ട്‌ പ്രമുഖ നേതാക്കളായ പന്തളം പ്രതാപനും വിജയൻ തോമസും ബിജെപിയിൽ ചേക്കേറിയത്‌ അടുത്ത ദിവസങ്ങളിലാണ്‌. കഴക്കൂട്ടത്ത്‌ ശരത്‌ചന്ദ്ര പ്രസാദ്‌ ബിജെപി സ്ഥാനാർഥിയാകുമെന്ന ചർച്ചയും മാധ്യമങ്ങളിൽ നിറഞ്ഞു. ‌

എങ്ങനെയും കസേര ഉറപ്പിക്കാൻ ആർത്തിപൂണ്ട്‌ നടക്കുന്നവരുടെ കൂട്ടമായി യുഡിഎഫ് അധഃപതിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, തമ്മിലടിയും കുതികാൽവെട്ടും അവസാനിപ്പിച്ച്‌ ഇവർക്ക്‌ ജനങ്ങളെ സമീപിക്കാൻ സമയംകിട്ടുമെങ്കിൽ ഉത്തരം പറയേണ്ട ഒരുപാട്‌ ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്‌. തെരഞ്ഞെടുപ്പെന്നാൽ സ്ഥാനാർഥികളെ നിർത്തി വോട്ടുതേടൽ മാത്രമാണോ. അതോടൊപ്പം നാട്‌ നേരിടുന്ന അസംഖ്യം പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായി കർമപദ്ധതികൾ മുന്നോട്ടുവയ്‌ക്കാനുണ്ടോ. അത്‌ ജനങ്ങൾക്കിടയിൽ ചർച്ചചെയ്യാൻ തയ്യാറുണ്ടോ. കേവലം പ്രകടനപത്രികകൾ പ്രസിദ്ധീകരിക്കുന്നതിൽ ഒതുങ്ങുന്നതാണോ ഈ ഉത്തരവാദിത്തം. ഇവിടെയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി വേറിട്ടുനിൽക്കുന്നത്‌. അറുനൂറോളം വാഗ്‌ദാനം നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ ഭരണത്തുടർച്ചയ്‌ക്ക്‌ ജനവിധി തേടുന്നത്‌. നാടിന്റെ വികസനവും ജനങ്ങളുടെ നിത്യജീവിതവും ഒരുപാട്‌ മെച്ചപ്പെടുത്തിയ സർക്കാരാണിതെന്ന്‌ തുറന്നുപറയാൻ മടിക്കാത്തവരുടെ ഇടയിലേക്കാണ്‌ യുഡിഎഫ്‌ സ്ഥാനാർഥികളും ഇറങ്ങേണ്ടത്‌. സർക്കാരിനെ അടച്ചാക്ഷേപിക്കാനും നുണകൾ നിരത്താനും വികസനം മുരടിച്ചുവെന്ന്‌ ‌ മുറവിളിക്കാനുമാണ്‌ കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷം ചെലവഴിച്ചത്‌. ഇന്നിപ്പോൾ ജനങ്ങളുടെ അനുഭവവും പ്രതിപക്ഷത്തിന്റെ പ്രചാരവേലയും മുഖാമുഖം നിൽക്കുകയാണ്‌.

പ്രതിസന്ധികൾക്കു‌ നടുവിലും ഈ നാട്ടിൽ വന്ന മാറ്റങ്ങൾ, ചെയ്‌ത കാര്യങ്ങൾ ഇവ എടുത്തുകാട്ടിയാണ്‌ എൽഡിഎഫ്‌ സാരഥികൾ വോട്ട്‌ തേടുന്നത്‌. മുന്നണിയുടെ പ്രവർത്തനമാകട്ടെ, തികച്ചും മാതൃകാപരം. എല്ലാ വിഭാഗത്തിലുംപെട്ടവർക്ക്‌ പ്രാതിനിധ്യമുള്ള സ്ഥാനാർഥിനിര. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകളെ മത്സരിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും മന്ത്രിമാരാക്കുന്നതും ഇടതുപക്ഷം. നിശ്ചിതകാലം ജനപ്രതിനിധികളായവർ മാറിനിന്ന്‌ പുതിയവർക്ക്‌ അവസരം നൽകാനുള്ള തീരുമാനം ആവേശപൂർവമാണ്‌ കേരളം വരവേറ്റത്‌. പ്രാദേശികമായി ഉയർന്ന ഭിന്നാഭിപ്രായത്തിനുപോലും ന്യായമായ പരിഹാരമുണ്ടാക്കി. കുറ്റ്യാടിയിലെ സിപിഐ എം പ്രവർത്തകരുടെ വികാരം മാനിച്ച്‌ സീറ്റു വിട്ടുനൽകാൻ കേരള കോൺഗ്രസ്‌ തയ്യാറായത്‌ മുന്നണിയുടെ ഐക്യത്തിന്‌ ശക്തിപകരുന്നതായി.

മറുവശത്ത്‌, രാഷ്ട്രീയവഞ്ചനയുടെ പ്രതീകമായി മാറിയ നേമത്തെ എടുത്തുകാട്ടി കോൺഗ്രസ്‌ കളിക്കുന്ന ഗിമിക്കുകൾ അവരുടെ ജീർണമുഖം ഒരിക്കൽക്കൂടി അനാവൃതമാക്കുന്നു. കോൺഗ്രസ്‌ വോട്ട്‌ മറിച്ചുനൽകിയാണ്‌ കഴിഞ്ഞതവണ നേമത്ത്‌ ഒ രാജഗോപാൽ വിജയിച്ചതെന്ന്‌ കൊച്ചുകുട്ടികൾക്കുപോലും അറിയാം. ഇത്തവണ അത്തരം ഇടപാട്‌ കൂടുതൽ മണ്ഡലങ്ങളിലേക്ക്‌ വ്യാപിപ്പിക്കാൻ ഉതകുന്ന രീതിയിലാണ്‌ സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും പ്രഖ്യാപനവുമൊക്കെ ഇരുകക്ഷിയും പൂർത്തിയാക്കിയത്‌. എന്നിട്ടാണ്‌ ‌ഉമ്മൻചാണ്ടിയും ചെന്നിത്തലയും പിൻവാങ്ങിയ നേമത്ത്‌ കെ മുരളീധരന്റെ പൊറാട്ടുനാടകം. രാജ്യത്ത്‌ ബിജെപി ഉയർത്തുന്ന വർഗീയതയെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോൺഗ്രസിനുണ്ടോ എന്ന ചോദ്യമാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. അതില്ലാത്തതുകൊണ്ടാണ് അധികാരം എത്തിപ്പിടിക്കാൻ എന്തു വൃത്തികേടിനും കാലുവാരലിനും കോൺഗ്രസ്‌ തയ്യാറാകുന്നത്‌. വരുംദിവസങ്ങളിൽ തമ്മിലടി ‌ മാറ്റിവച്ച്‌ ഒരുമെയ്യായി ഇവർ നാട്ടിലേക്ക്‌ ഇറങ്ങിയേക്കാം. പക്ഷേ, പോയദിനങ്ങളിൽ യുഡിഎഫും കോൺഗ്രസും തകർത്താടിയ അന്തർനാടകങ്ങൾ ജനങ്ങൾ അത്ര എളുപ്പം മറക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top