25 March Saturday

കൂടുതൽ ഉയരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022

‘ദേശാഭിമാനി’ തുടങ്ങിയിട്ട് ഇന്ന് 80 വർഷം തികയുകയാണ്. 1942 സെപ്തംബർ ആറിന്‌ കോഴിക്കോട്ടുനിന്ന്‌ വാരികയായി പ്രസിദ്ധീകരണം ആരംഭിച്ചു. 1946 ജനുവരി 18ന് ദിനപത്രമായി മാറി. ഇന്ന് 10 എഡിഷനുള്ള കേരളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായി മാറാനും ദേശാഭിമാനിക്ക് കഴിഞ്ഞു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർടിയുടെ മുൻകൈയിൽ പ്രസിദ്ധീകരിച്ച ‘പ്രഭാത’മാണ് ദേശാഭിമാനിയുടെ മുൻഗാമി. ഷൊർണൂരിൽനിന്ന് 1935ലും പിന്നീട് കോഴിക്കോട്ടുനിന്ന് 1938ലും ആയിരുന്നു അതിന്റെ പ്രസിദ്ധീകരണം. കർഷകരുടെയും തൊഴിലാളികളുടെയും സാമൂഹ്യമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെയും ശബ്ദമായി പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ‘പ്രഭാതം’.

‘ദേശാഭിമാനി’ പിന്നിട്ട പാതകൾ പരവതാനി വിരിച്ചവയായിരുന്നില്ല. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോയതുകൊണ്ട് നിരോധനങ്ങളുടെയും പിഴ ചുമത്തലുകളുടെയും പരമ്പരകളുണ്ടായി. ജനങ്ങളുടെ ഉറച്ച പിന്തുണ അവയെല്ലാം മറികടക്കാൻ കരുത്തായി. അടിയന്തരാവസ്ഥയിൽ സർക്കാരിന്റെ വേട്ടയാടലുകളെ അതിജീവിച്ചു. അക്കാലത്ത് മൂടിവയ്‌ക്കപ്പെട്ട അക്രമപരമ്പരയെ ലോകത്തിനു മുമ്പാകെ എത്തിച്ചതും ദേശാഭിമാനിയാണ്‌. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ട എല്ലാ മുന്നേറ്റങ്ങൾക്കുമൊപ്പം ദേശാഭിമാനി ഉണ്ടായിരുന്നു. ജനകീയ താൽപ്പര്യങ്ങളെ ഹനിക്കാൻ സംഘടിത ഇടപെടലുകൾ മാധ്യമരംഗത്തും സജീവമായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ഏറെക്കുറെ ഒറ്റയ്ക്കുനിന്ന്‌ പൊരുതി.

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ട ‘ദേശാഭിമാനി’, കർഷകരുടെയും തൊഴിലാളികളുടെയും നാവായി ഉയർന്നുനിൽക്കുകയാണ്. ആഗോളവൽക്കരണനയങ്ങൾ രാജ്യത്തുണ്ടാക്കുന്ന ദുരന്തങ്ങളെ സംബന്ധിച്ച് വിശദമായ പ്രതിപാദനത്തിന് മലയാളത്തിൽ ദേശാഭിമാനി മാത്രമാണ്‌ തയ്യാറായത്. ഇന്നും ആ പോരാട്ടം തുടരുകയാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ചതും ഭരണഘടന ഉൾക്കൊണ്ടതുമായ അടിസ്ഥാന മൂല്യ സംരക്ഷണത്തിന് ഇന്നും വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളും നടത്തുന്നു. സാമ്രാജ്യത്വ വിരുദ്ധമായ സാർവദേശീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും വിട്ടുവീഴ്ചയില്ല. ഭൂരിപക്ഷം മാധ്യമങ്ങളും അവഗണിക്കുന്ന പാർശ്വവൽക്കരിപ്പെട്ട വിഭാഗങ്ങളുടെ ശബ്ദമായി മാറാനും കഴിഞ്ഞു.

മാധ്യമങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. തെറ്റിദ്ധാരണാജനകമായ വിവരങ്ങളും വ്യാജവാർത്തകളും സത്യമാണെന്ന വിധത്തിൽ അവതരിപ്പിക്കപ്പെടുന്നു. ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണതകളുടെ കുത്തൊഴുക്കിന്റെ കാലമാണ് ഇത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അലകളിലൂടെ രൂപപ്പെടുന്ന ന്യൂനപക്ഷ വർഗീയചിന്തകളെയും തുറന്നുകാട്ടുന്ന ശക്തമായ നിലപാട്‌ ദേശാഭിമാനി ഉയർത്തിപ്പിടിക്കുന്നു. പരസ്പരപൂരകമായി നിലകൊള്ളുന്ന വർഗീയതയുമായി സന്ധിയില്ലാത്തതാണ്‌ ഈ നിലപാട്‌. ജനപക്ഷ നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്താനും വളഞ്ഞിട്ട് ആക്രമിക്കാനുമുള്ള ഗൂഢപദ്ധതികൾ  ആവിഷ്‌കരിക്കപ്പെടുന്നുണ്ട്‌. ഇടതുപക്ഷത്തിനും വിശിഷ്യ സിപിഐ എമ്മിനും ബദൽനയങ്ങൾ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെയും നടക്കുന്ന പ്രചാരണ കോലാഹലങ്ങൾ ഇതിന്റെ ഭാഗമാണ്. ഇവർ സൃഷ്ടിക്കുന്ന നുണകളെ തുറന്നുകാട്ടാനുള്ള ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു.

‘ദേശാഭിമാനി’യെ - ഇന്നത്തെ നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനു മുന്നിലും പിന്നിലും പ്രവർത്തിച്ച അനേകരുണ്ട്‌. അവരുടെ ത്യാഗപൂർണവും സമർപ്പിതവുമായ ജീവിതത്തിന്റെ ഉൽപ്പന്നംകൂടിയാണ് ദേശാഭിമാനി. അവരുടെ മഹത്തായ പങ്കിനെ ആദരവോടെ ഞങ്ങൾ കാണുന്നു. അതിന്റെ ഭാഗമായി മുന്നോട്ടുവച്ച ജനകീയ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനുള്ളത് എന്ന ബോധ്യവും ഞങ്ങളെ നയിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തുവന്ന മാറ്റങ്ങളെയും നവമാധ്യമങ്ങളുടെ വികാസങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ടുപോവുകയും പ്രധാനമാണ്. ഒരു പത്രസ്ഥാപനമെന്ന നിലയിൽ  ജനങ്ങളുടെ മാറിയ അഭിരുചികളെ തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ ഇടപെടാനുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാനുണ്ട്.  പാർടി പത്രമെന്ന നിലയിൽ സിപിഐ എമ്മിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനും വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാനുള്ള ഇടപെടലും പ്രധാനമാണ്. അതോടൊപ്പം ലോകത്തിലെ എല്ലാ ചലനങ്ങളും പരിചയപ്പെടുത്തുന്ന വർത്തമാന പത്രമായി കൂടുതൽ മുന്നോട്ടുവരാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാനുണ്ട്‌. ആ കടമ നിറവേറ്റുമെന്ന ഉറപ്പാണ് ഈ അവസരത്തിൽ പത്രത്തെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വളർത്തുകയും ചെയ്ത ജനങ്ങളോട് ദേശാഭിമാനിക്ക് പറയാനുള്ളത്.

 

 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top