04 October Wednesday

ഹൈക്കോടതി വിധി ഇഡിക്ക് ഏറ്റ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡിനെതിരായ (കിഫ്ബി)  കേസിൽ ചോദ്യം ചെയ്യലിനായി തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതിയുടെ താൽക്കാലിക വിധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഏറ്റ തിരിച്ചടിയാണ്‌. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ വ്യാപകമായി മോദി സർക്കാർ ദുരുപയോഗം ചെയ്യുന്നതിനിടെയാണ്‌ കോടതി വിധി എന്നതും ശ്രദ്ധേയമാണ്‌.  ഇഡി തനിക്ക് നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്നുകാട്ടി മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ്‌ ഐസക്‌ നൽകിയ ഹർജിയിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം പ്രധാനമാണ്‌. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐസക്കിന്റെ സ്വകാര്യസ്വത്തുക്കൾ സംബന്ധിച്ച രേഖകൾ എന്തിനാണ് ആവശ്യപ്പെട്ടതെന്നും ഐസക്കിന് സ്വകാര്യതയ്‌ക്ക്‌ അവകാശമുണ്ടെന്നും നിയമം അനുശാസിക്കുന്ന ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ അത് വെട്ടിച്ചുരുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വി ജി അരുൺ വാക്കാൽ നിരീക്ഷിച്ചിട്ടുണ്ട്‌. കോടതി ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇഡിയുടെ അഭിഭാഷകന്‌ നിലപാട്‌ മാറ്റേണ്ടിവന്നു.  നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണമെന്നും കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക്‌ പുറത്താണെന്നും തോമസ് ഐസക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി നിയമസഭ പാസാക്കിയ നിയമംമൂലം സ്ഥാപിതമായതും കേന്ദ്രനിയമം അനുശാസിക്കുന്ന  സ്വഭാവത്തിലുള്ളതുമായ ‘ഒരു ബോഡി കോർപറേറ്റായ’ കിഫ്‌ബി മസാല ബോണ്ട്‌ സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ ഇഡിയുടെ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.  2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ ഇത്‌ തുടങ്ങിയതാണ്‌.  ഇഡിയെ ഉപയോഗിച്ച്‌ കേരളത്തിലെ സിപിഐ എം നേതാക്കളെ കുരുക്കാൻ കഴിയുമോയെന്ന പരിശോധനയാണ്‌ നടത്തുന്നത്‌. അതിന്റെ ഭാഗമാണ്‌ ഐസക്കിനെതിരെയുള്ള നീക്കം. റിസർവ്‌ ബാങ്കിന്റെ, അന്ന്‌ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അനുസരിച്ചും രേഖാമൂലമുള്ള മുൻകൂർ അനുമതിയോടെയുമാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ സ്വീകരിച്ചത്‌. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങളും മസാല  ബോണ്ട്‌ സ്വീകരിച്ചിരുന്നു.  നിയമലംഘനം ഉണ്ടെങ്കിൽ അതിന്‌ വ്യക്തത വരുത്താൻ റിസർവ്‌ ബാങ്കിനോടാണ്‌ ഇഡി ചോദിക്കേണ്ടത്‌.  മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും  കിഫ്ബി റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശവും  ആർബിഐ നടത്തിയിട്ടില്ലെന്നിരിക്കെ  ഇഡിയുടെ പരാതിക്ക് എന്ത് അടിസ്ഥാനമാണുള്ളത്‌. 15 മാസത്തിലേറെയായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുന്നു. നിരവധി രേഖകൾ പരിശോധിച്ചു. ഇതുവരെ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു നിയമവിരുദ്ധമായി ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. പൗരനെന്ന നിലയിൽ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്‌.

രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഇഡി, സിബിഐ, എൻഐഎ, ഐടി, നർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ എന്നീ സമസ്‌ത ഏജൻസികളെയും മോദി സർക്കാർ യഥേഷ്ടം ഉപയോഗിക്കുകയാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നയങ്ങൾക്ക്‌ ഇടങ്കോലിടാനും സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന്‌ വരുത്താനും അതുവഴി കേരളത്തിൽ വല്ല നേട്ടവുമുണ്ടാക്കാൻ കഴിയുമോ എന്നുമാണ്‌  ബിജെപി നോക്കുന്നത്‌. ഇതിന്‌ ഇഡിയെയും രാജ്‌ഭവനെയും ദുരുപയോഗിക്കുകയാണ്‌. കേരളത്തിന്റെ അടിസ്ഥാന താൽപ്പര്യങ്ങൾക്കുതന്നെ ഇത്‌ ഭീഷണിയായി. പാവങ്ങൾക്ക്‌ വീട്‌ നൽകാനുള്ള ലൈഫ്‌ പദ്ധതിയെപ്പോലും സംശയനിഴലിലാക്കി. ഇഡിയെ ഉപയോഗിച്ചും കേരളത്തിന്റെ വികസനം  തടയാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ബിജെപിയുമായി കൈകോർത്ത്‌ നീങ്ങുകയാണ്‌ കോൺഗ്രസ്‌. എന്നാൽ, ഭരണഘടനയും നിയമങ്ങളും ഉയർത്തിപ്പിടിച്ച്‌ ജനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെയും മുന്നണിയുടെ നേതാക്കളെയും തളർത്താനാകില്ലെന്ന്‌ ബിജെപിയും കോൺഗ്രസും മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top