09 October Wednesday

വിപ്ലവസൂര്യന്‌ 
ലാൽസലാം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

വെടിയുണ്ടകളെയും ബയണറ്റുമുനകളെയും കൊടിയ മർദനങ്ങളെയുമെല്ലാം ചെറുത്തുതോൽപ്പിച്ച്‌ അമരത്വം വരിച്ചവരാണ്‌ രക്തസാക്ഷികൾ. സമരപഥങ്ങളിൽ ജ്വലിക്കുന്ന നിത്യസ്‌മാരകങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന്‌ വിളിക്കപ്പെട്ട ഒരേയൊരാളാണ്‌ പുഷ്‌പൻ. കൂത്തുപറമ്പിന്റെ സഹനസൂര്യൻ. കൂത്തുപറമ്പിൽ പൊരുതിവീണ അഞ്ച്‌ രക്തതാരകങ്ങൾക്കൊപ്പം ഇനി അമരസ്‌മരണയായി പുഷ്‌പനും. വിപ്ലവ കേരളത്തിന്റെ ജീവനാഡികളെ ഇന്നും ത്രസിപ്പിക്കുന്ന അനശ്വരരായ കൂത്തുപറമ്പ്‌ രക്തസാക്ഷികളുടെ മായാസ്‌മരണയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കപ്പെട്ട നാമധേയമായിരുന്നു പുഷ്‌പൻ.

സുഷുമ്‌നാ നാഡി തകർത്ത വെടിയുണ്ടയാൽ തളർന്ന ശരീരവും ഉരുക്കുപോലുറച്ച മനസ്സുമായി നാടിന്റെ ആവേശമായി ജീവിച്ച പോരാളിയാണ്‌ വേർപിരിഞ്ഞത്‌. സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായം. ‘പുഷ്‌പനെയറിയാമോ ഞങ്ങടെ പുഷ്‌പനെയറിയാമോ’ എന്ന ഗാനത്തിലുണ്ട്‌ പുഷ്‌പനോടുള്ള കേരളത്തിന്റെ ഹൃദയവായ്‌പ്‌. അതൊരിക്കലും മായുന്നില്ല. മുപ്പത്‌ വർഷമായി ഒരേ കിടപ്പിലായിരുന്നിട്ടും സഖാക്കളുടെയും നാടിന്റെയും സ്‌നേഹത്തിന്‌ ഒരു കുറവുമുണ്ടായിരുന്നില്ല. കാണാനെത്തുന്ന ഏവർക്കും നിഷ്‌കളങ്കമായ ചിരി സമ്മാനിച്ച്‌ പുഷ്‌പനുണ്ടായിരുന്നു ഡിവൈഎഫ്‌ഐ നിർമിച്ചു നൽകിയ സ്‌നേഹവീട്ടിൽ. ഒരുദിവസംപോലും പുഷ്‌പൻ തനിച്ചായിട്ടില്ല. കവിതയും പാട്ടും കഥയുമായി പാർടി പ്രവർത്തകരും നാട്ടുകാരും എന്നും കൂടെ. വിപ്ലവേതിഹാസം ചെ ഗുവേരയുടെ മകൾ അലെയ്‌ഡ ഗുവേര ഉൾപ്പെടെ പതിനായിരങ്ങളാണ്‌ ത്യാഗത്തിന്റെ മഹാസാഗരത്തിനരികിലേക്ക്‌ ഒഴുകിയെത്തിയത്‌. പല സംസ്ഥാനങ്ങളിൽനിന്നുമായി എത്രയോ പേർ വീട്ടിലും ആശുപത്രിയിലുമായി വന്നിട്ടുണ്ട്.

കർഷകത്തൊഴിലാളികളായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറു മക്കളിൽ അഞ്ചാമനായിരുന്നു പുഷ്‌പൻ.  ബാലസംഘത്തിലൂടെ ചുവപ്പിനെ ഹൃദയത്തോടു ചേർത്ത പുഷ്‌പൻ നോർത്ത്‌ മേനപ്രം എൽപി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമാണ്‌ പഠിച്ചത്‌. എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം പാതിവഴിയിൽ നിർത്തി ആണ്ടിപീടികയിലെ പലചരക്ക്‌ കടയിൽ ജോലിക്കാരനായി. പിന്നീട്‌ മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്‌തു. അങ്ങനെ ഒരവധി സമയത്ത്‌ നാട്ടിലെത്തിയപ്പോഴാണ്‌ കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌. കെ കെ രാജീവൻ, ഷിബുലാൽ, കെ വി റോഷൻ, ബാബു, മധു എന്നിവർ രക്തസാക്ഷികളായ 1994 നവംബർ 25ന്റെ വെടിവയ്‌പാണ്‌ പുഷ്‌പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയത്‌. കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശനിയാഴ്‌ച പകൽ മൂന്നരയ്‌ക്ക്‌ ആ വിപ്ലവസൂര്യനും അനശ്വരതയുടെ കനലോർമയായി.
കൂത്തുപറമ്പ്‌ ആലക്കണ്ടി കോംപ്ലക്‌സിനടുത്ത സഹകരണബാങ്കിന്‌ സമീപം സമരകേന്ദ്രത്തിൽ വെടിയേറ്റ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ രാജീവനെ താങ്ങിപ്പിടിക്കുന്നതിനിടയിലാണ്‌ പുഷ്‌പന്റെ ജീവിതം തകർത്ത വെടിയുണ്ട സുഷുമ്‌ന നാഡി തുളച്ചുകയറിയത്‌. വെടിയേറ്റ്‌ 24–-ാം വയസ്സിൽ പുഷ്‌പന്റെ ജീവിതത്തിന്റെ ഒഴുക്ക്‌ നിലച്ചു. ചൊക്ലി മേനപ്രം കുറ്റിയിൽപീടിക യൂണിറ്റിലെ ഡിവൈഎഫ്‌ഐ അംഗമായിരുന്നു അന്ന്‌. വെടിയുണ്ടയിൽ തീർന്നുപോകുമായിരുന്ന തന്റെ ജീവിതം മരണത്തിനു വിട്ടുകൊടുക്കാതെ നിലനിർത്തിയതിന് പുഷ്പൻ ആദ്യം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രസ്ഥാനത്തോടുതന്നെയാണ്. ആശുപത്രികളിൽനിന്ന്‌ ആശുപത്രികളിലേക്കുള്ള സഞ്ചാരമായിരുന്നു ഇക്കാലമത്രയും. ഒരുപക്ഷേ, വീട്ടിൽ കിടന്നുറങ്ങിയതിനേക്കാൾ കൂടുതൽ ആശുപത്രികളിലായിരിക്കും പുഷ്‌പൻ കഴിഞ്ഞത്. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌,  തലശേരി സഹകരണ ആശുപത്രി, ബംഗളൂരു മല്ലിക്‌ മെഡിക്കൽ സെന്റർ, കണ്ണൂർ ഗവ. ആയുർവേദ ആശുപത്രി തുടങ്ങി വിവിധ ആശുപത്രികളിൽ വർഷങ്ങളോളം ചികിത്സിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ്‌ രൂപീകരിച്ച്‌ വീട്ടിലെത്തിയും കോ–- ഓപ്പറേറ്റീവ്‌ ആശുപത്രിയിലും പരിശോധിച്ചു.

വിപ്ലവപ്രസ്ഥാനത്തിന്‌ ആവേശവും കരുത്തുമായി 30 വർഷവും പുഷ്‌പൻ മരണത്തോട്‌ പൊരുതിനിന്നു. ലോകമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യർക്ക്‌ ഉറവ വറ്റാത്ത ഊർജമായിരുന്നു സഖാവ്‌. കിടക്കയിൽ വർഷങ്ങളോളം കിടന്ന്‌, വേദനകളിലൂടെ നിരന്തരം യാത്രചെയ്യുമ്പോഴും ആ പുഞ്ചിരി മാഞ്ഞില്ല. വെടിയുണ്ട തളർത്തിയ ശരീരവുമായി കരളുറപ്പോടെ ജീവിച്ചു.  വൈദ്യശാസ്‌ത്രത്തിനുതന്നെ അത്ഭുതമായിരുന്നു ഈ പോരാളി. ഓരോ തവണയും മരണമുഖത്തുനിന്ന്‌ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. രാജ്യത്തെ സിപിഐ എമ്മിന്റെ സമുന്നത നേതാക്കൾ മുഴുവൻ പുഷ്‌പനെ കാണാനെത്തി. അരികിലെത്തിയ ഓരോ സാന്ത്വനത്തിലും സ്‌നേഹത്തിന്റെ മഹാപ്രവാഹം അനുഭവിച്ചു.
നിങ്ങളുടെ സ്‌നേഹത്തിനു പകരം എന്താണ്‌ ഞാൻ തിരിച്ചുനൽകുകയെന്ന്‌ നിരന്തരം ചോദിച്ചാണ്‌ ചുവപ്പൻ സ്വപ്‌നങ്ങൾ ബാക്കിയാക്കി പുഷ്‌പൻ മടങ്ങുന്നത്‌. കോഴിക്കോട്ടുനിന്ന്‌ ചൊക്ലി മേനപ്രത്തെ വീടുവരെയുള്ള അന്ത്യയാത്രയിൽ വഴിനീളെ കാത്തുനിന്ന പതിനായിരങ്ങൾ കണ്‌ഠമിടറി വിളിച്ച മുദ്രാവാക്യങ്ങളിലുണ്ട്‌ ഈ നാടിന്റെ ഹൃദയവായ്‌പ്‌. വിവിധയിടങ്ങളിലെ പൊതുദർശനത്തിലും മേനപ്രത്തെ വീട്ടിലും ആയിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി. കൃത്യമായ രാഷ്‌ട്രീയ നിലപാടുമായി പുഷ്‌പൻ നാടിന്‌ അവസാന നിമിഷംവരെ ദിശാബോധം നൽകി. കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചപ്പോഴെല്ലാം പ്രതിരോധത്തിന്റെ മുന്നിൽ പുഷ്‌പനുണ്ടായിരുന്നു.
 

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ പുഷ്‌പന്റെ പ്രത്യേക സന്ദേശമുണ്ടായിരുന്നു. ആ വാക്കുകൾ വീണ്ടും എടുത്തെഴുതുന്നതിനപ്പുറം മറ്റെന്താണ്‌ ഞങ്ങളിവിടെ കുറിക്കുക. ‘‘എന്താണ്‌ സഖാക്കളെ നിങ്ങളുടെ സ്‌നേഹത്തിന്‌ ഞാൻ തിരിച്ചുനൽകുക. എങ്ങനെയാണ്‌ നിങ്ങളെ വിട്ടുപോകാൻ എനിക്ക്‌ കഴിയുക. ഒരിക്കലും യാത്രപറഞ്ഞ്‌ പോകാനാകാത്ത തരത്തിലാണ്‌ നിങ്ങളുടെ സ്‌നേഹം എന്നെ പിടിച്ചുനിർത്തിയിരിക്കുന്നത്‌. തിരിഞ്ഞുനോക്കുമ്പോൾ എനിക്കൊട്ടും വേദനയില്ല. എന്റെ യൗവനം ബലി നൽകിയത്‌ ഞാൻ വിശ്വസിച്ച, സ്‌നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടിയാണ്‌. ഇനിയെത്രകാലം നിങ്ങൾക്കൊപ്പം ഞാനുണ്ടാകുമെന്നറിയില്ല. ഒന്നറിയാം, ഒരു പോരാട്ടവും ഒരിക്കലും വെറുതെയാകില്ല. ഒരു പോരാട്ടവും ഒരിക്കലും അവസാനിക്കുകയുമില്ല''.

അമരസൂര്യന്‌ ലാൽസലാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top