06 December Friday

നോട്ടുനിരോധനം: വഞ്ചനയുടെ 
8-ാം വാർഷികം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ജനകോടികൾക്കുമേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സാമ്പത്തിക കടന്നാക്രമണത്തിന്‌ എട്ടു വർഷം തികഞ്ഞിരിക്കുന്നു. രാജ്യത്തെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുള്ള ഏക പോംവഴി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിക്കലാണെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌ 2016 നവംബർ എട്ടിന്‌ രാത്രി.  കള്ളപ്പണത്തിനെതിരെയുള്ള മാസ്‌റ്റർ സ്‌ട്രോക്ക്‌ എന്നും സർജിക്കൽ സ്‌ട്രൈക്ക്‌ എന്നും വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാറിന്റെയും  കോൺഗ്രസിന്റെയും അർഥശാസ്‌ത്ര പണ്ഡിതരും വാഴ്‌ത്തിയ ഈ പ്രഖ്യാപനം പക്ഷേ തുഗ്ലക്ക്‌ പരിഷ്‌കാരത്തിന്‌ തുല്യമായ മണ്ടത്തരമാണെന്ന്‌ കാലം തെളിയിച്ചു. 

പുണെ കേന്ദ്രമായി പ്രവർത്തിക്കുന്ന അർഥക്രാന്തി പ്രതിഷ്‌ഠാൻ എന്ന സംഘടനയിലെ പ്രധാനി അനിൽ ബോക്കിൽ എന്നയാളാണ്‌ കള്ളപ്പണം തടയാനുള്ള ഒറ്റമൂലി നോട്ട്‌ നിരോധനമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിച്ചത്‌. അർഥശാസ്‌ത്ര മേഖലയിൽ എടുത്തു പറയത്തക്ക അക്കാദമിക്‌ വൈഭവമൊന്നുമില്ലാത്ത ഒരാളുടെ സംഘപരിവാർ ആഭിമുഖ്യം മാത്രമായിരുന്നു ഇങ്ങനെയൊരു മണ്ടൻ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്‌.

എന്നാൽ, കോടിക്കണക്കിന്‌ വ്യാപാരികളും പൊതുജനങ്ങളും ഇതുകാരണം മാസങ്ങളായി അനുഭവിച്ച നരകയാതന വിവരണാതീതമായിരുന്നു. എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിന്ന്‌ കുഴഞ്ഞുവീണ്‌ മരിച്ചവരെത്ര. തുടങ്ങിയ സംരംഭങ്ങൾ അടച്ചു പൂട്ടേണ്ടിവന്നവരെത്ര. അത്യാവശ്യങ്ങൾക്ക്‌ കൈയിൽ പണമില്ലാതെ നിരാശബാധിച്ച്‌ ആത്മഹത്യ ചെയ്‌തവരെത്ര. മുൻ നിശ്‌ചയിച്ച വിവാഹമടക്കമുള്ള ചടങ്ങുകൾ മാറ്റിവച്ചവരെത്ര. എല്ലാത്തിലുമുപരി സാമ്പത്തിക ഇടപാടുകൾ പൂർണമായി സ്‌തംഭിച്ചതോടെ സമ്പദ്‌ഘടനയ്‌ക്ക്‌ അതുണ്ടാക്കിയ തകർച്ച പിന്നീട്‌ വിപുലമായ സാമ്പത്തിക സംവാദങ്ങൾക്ക്‌ വഴിവച്ചു. കേന്ദ്രസർക്കാരിനെ സുപ്രീംകോടതി പലതവണ രൂക്ഷമായി വിമർശിച്ചു. നോട്ട്‌ നിരോധനമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ അമ്പതു ദിവസം മതിയെന്നും അതുകഴിഞ്ഞ്‌ കാര്യങ്ങൾ പൂർവസ്ഥിതിയിലായില്ലെങ്കിൽ തന്നെ ജീവനോടെ ചുട്ടുകൊന്നോളൂ എന്ന്‌ പ്രധാനമന്ത്രി വിലപിച്ചു. എന്നാൽ അമ്പതല്ല, മൂവായിരത്തോളം ദിവസം കഴിഞ്ഞിട്ടും ദുരിതം ഇരട്ടിയായതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
നോട്ട്‌ നിരോധനത്തിന്‌ മൂന്നു സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു വീമ്പുപറച്ചിൽ. കള്ളപ്പണം പൂർണമായും ഇല്ലാതാക്കുക, കള്ളനോട്ടുകൾ പൂർണമായും നിർമാർജനം ചെയ്യുക, ഡിജിറ്റൽ  ഇടപാടുകളിലൂടെ കാഷ്‌ലെസ്‌ സമ്പദ്‌ഘടന സൃഷ്‌ടിക്കുക എന്നിവ. അതിനുശേഷം പ്രധാനമന്ത്രി ഒരുകാര്യംകൂടി പറഞ്ഞു. തീവ്രവാദികൾക്കെതിരെയുള്ള സാമ്പത്തിക യുദ്ധമാണിതെന്ന്‌. കണക്കിൽപ്പെടാത്ത കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ചാണ്‌ തീവ്രവാദികൾ രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നതെന്നും ഇവ രണ്ടും തടയുന്നതോടെ രാജ്യം തീവ്രവാദ ഭീഷണിയിൽനിന്ന്‌ മുക്തമാകുമെന്നും മോദി വാദിച്ചു.

പ്രധാനമന്ത്രിയുടെ എല്ലാ അവകാശവാദങ്ങളും അസ്ഥാനത്താക്കിക്കൊണ്ട്‌ നിരോധിക്കപ്പെട്ട 500, 1000 കറൻസികളിൽ 99 ശതമാനത്തിലേറെയും അതായത്‌ 15.41 ലക്ഷം കോടി രൂപയുടെ കറൻസി നിരോധിച്ചപ്പോൾ 15.31 ലക്ഷം കോടി രൂപ തിരിച്ച്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെത്തി. നോട്ട്‌ നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യംതന്നെ അങ്ങനെ പാളി.
രാഷ്‌ട്രീയ മണ്ഡലത്തിൽനിന്നും ജുഡീഷ്യറിയിൽനിന്നും മോദിക്കെതിരെ രൂക്ഷ വിമർശമാണ്‌ പിന്നീടുണ്ടായത്‌. നോട്ട്‌ നിരോധനം പരാജയമാണെന്ന്‌ പറഞ്ഞ്‌ ആർബിഐ ഗവർണറായിരുന്ന രഘുറാം രാജൻപോലും പരസ്യമായി രംഗത്തുവന്നു. സുപ്രീംകോടതി ജഡ്‌ജ്‌ ജസ്‌റ്റിസ്‌ ബി വി നാഗരത്‌ന ഇങ്ങനെ ചോദിച്ചു: ‘‘ഇത്‌ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമാണോ. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയിൽ 86 ശതമാനവും നിരോധിക്കുമ്പോൾ സർക്കാരിന്‌ കണ്ണില്ലായിരുന്നോ.’’

നോട്ട്‌ നിരോധനം വഴി  നാലുലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ലക്ഷ്യത്തിൽനിന്ന്‌ എത്രയോ അകലെയാണ്‌ യാഥാർഥ്യം. റിയൽ എസ്‌റ്റേറ്റ്‌ അടക്കമുള്ള മേഖലയിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം മുമ്പത്തേതിലും ശക്തമാണ്‌. രാജ്യത്ത്‌ കറൻസികൊണ്ടുള്ള ഇടപാടുകൾ 2016ൽ 16 ലക്ഷം കോടിയുടേതായിരുന്നെങ്കിൽ 2024ൽ അത്‌ ഇരട്ടി, അതായത്‌ 24 ലക്ഷം കോടിയായെന്ന്‌ ബിസിനസ്‌ സ്റ്റാൻഡേർഡ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. അതായത്‌ കണക്കിൽപ്പെടാത്ത കള്ളപ്പണം രാജ്യത്ത് യഥേഷ്‌ടം കറങ്ങുന്നുണ്ടെന്നർഥം.
കള്ളനോട്ട്‌ തടയുന്നതിലും കേന്ദ്രസർക്കാർ ഏജൻസികൾ വൻ പരാജയമാണെന്നാണ്‌ ആർബിഐയുടെ കണക്കുകൾ. നോട്ടുനിരോധനം ജമ്മു കശ്‌മീരിലെ ഭീകരവാദം തടയുമെന്ന വാദവും അകാലചരമമടഞ്ഞുവെന്നാണ്‌ ജമ്മു- കശ്‌മീരിലും ദിനേനയെന്നോണമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top