26 March Sunday

ഡൽഹി നാളെ വിധിയെഴുതുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

ഡൽഹിയിലെ 70 അംഗ നിയമസഭയിലേക്ക്‌ നാളെ വോട്ടെടുപ്പ്‌ നടക്കുകയാണ്‌. പ്രചാരണത്തിന്‌ വ്യാഴാഴ്‌ച സമാപനമായി. ബഹുകക്ഷിമൽസരമാണ്‌ നടക്കുന്നതെങ്കിലും പ്രധാനപോര്‌ സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്‌മി പാർടിയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ്‌. കോൺഗ്രസ്‌ മൽസരരംഗത്തുണ്ടെങ്കിലും വിജയിക്കാനുള്ള സാധ്യത വിരളമാണ്‌. അരവിന്ദ്‌ കെജ്‌രിവാൾ അധികാരമേറിയ 2013നുമുമ്പ്‌ 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസിന്‌ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ഒരു സീറ്റും ലഭിച്ചിരുന്നില്ല. സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത വിരളമാണുതാനും.

ഡൽഹിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വർഗീയപ്രചാരണമാണ്‌ ബിജെപി തുടക്കംമുതൽ അഴിച്ചുവിട്ടത്‌. പ്രധാനമന്ത്രി മോഡി രണ്ട്‌ പൊതുയോഗത്തിൽ സംസാരിച്ചപ്പോൾ ആഭ്യന്തരമന്ത്രി അമിത്‌ ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്‌തു. 240 എംപിമാരെയാണ്‌ ബിജെപി ഈ കൊച്ചുസംസ്ഥാനത്ത്‌ പ്രചാരണത്തിന്‌ ഇറക്കിയത്‌. മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ വ്യക്തിപരമായി ആക്രമിക്കാനും അവർ തയ്യാറായി. ഒരു കേന്ദ്ര മന്ത്രി കെജ്‌രിവാളിനെ വിശേഷിപ്പിച്ചത്‌ ‘ഭീകരവാദി’യെന്നാണ്‌. ഹിന്ദുരാഷ്ട്ര മുദ്രാവാക്യമാണ്‌ ബിജെപി പ്രധാനമായും ഉയർത്തിയത്‌. തെരുവായ തെരുവിലെല്ലാം അവരുയർത്തിയ പ്രചാരണം  ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതും സിഎഎയും രാംമന്ദിർ നിർമാണവും ആണ്‌. 370–-ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിലെ മുസ്ലിങ്ങളെ പാഠം പഠിപ്പിച്ചുവെന്നും ബാബ്‌റി മസ്‌ജിദ്‌ തകർത്തിടത്ത്‌ രാമക്ഷേത്രം പണിയുകയാണെന്നും നുഴഞ്ഞുകയറ്റക്കാർക്ക്‌(മുസ്ലിങ്ങൾക്ക്‌) പൗരത്വം നിഷേധിക്കുമെന്നുമാണ്‌ ബിജെപി പ്രചരിപ്പിച്ചത്‌. വോട്ടെടുപ്പിന്‌ മൂന്ന്‌ ദിവസംമുമ്പ്‌ രാമക്ഷേത്രനിർമാണത്തിന്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചതായി പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപനം നടത്തിയതുപോലും ഡൽഹി തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചായിരുന്നു.

ഷഹീൻബാഗിലെ സിഎഎ വിരുദ്ധപ്രക്ഷോഭത്തെയും വർഗീയധ്രുവീകരണത്തിനായാണ്‌ ബിജെപി ഉപയോഗിച്ചത്‌. സംസ്ഥാന ബിജെപി നേതാവ്‌ കപിൽ മിശ്രയും പർവീഷ് സാഹിബ്‌ സിങ്ങും നടത്തിയ പ്രസ്‌താവനകൾതന്നെ ഉദാഹരണം. ഇരുവരെയും പ്രചാരണത്തിൽനിന്ന്‌ വിലക്ക്‌ ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ്‌ കമീഷൻ നിർബന്ധിതമായി. ആം ആദ്‌മി പാർടിയെയും കോൺഗ്രസിനെയും ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാനും ഷഹീൻബാഗ്‌ പ്രക്ഷോഭം ബിജെപി ഉപയോഗിച്ചു. പതിവിൽനിന്ന്‌ വ്യത്യസ്‌തമായ ഈ വർഗീയപ്രചാരണം അടിസ്ഥാന വോട്ടർമാരെ ഒരുപരിധിവരെയെങ്കിലും കൂടെനിർത്താൻ ബിജെപിയെ സഹായിക്കുമെങ്കിലും അതുകൊണ്ടുമാത്രം വിജയിക്കാൻ അവർക്ക്‌ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 54 ശതമാനം വോട്ടോടെ ഏഴ്‌ സീറ്റും വിജയിച്ചുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 32 ശതമാനം വോട്ട്‌ ഉറപ്പിക്കുന്നതിനാണ്‌ ബിജെപിയുടെ പോരാട്ടം.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്ന കെജ്‌രിവാൾ കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമാത്രമാണ്‌ പറയുന്നത്‌. സ്വാഭാവികമായും 13 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടിൽ നേരിയ തോതിലെങ്കിലും ചോർച്ചയുണ്ടാക്കാൻ ഇത്‌ വഴിവയ്‌ക്കും

അഴിമതിക്കെതിരെ 2012ൽ ഉണ്ടായ പ്രസ്ഥാനത്തിലുടെ ജന്മംകൊണ്ട രാഷ്ട്രീയപ്രസ്ഥാനമാണ്‌ ആം ആദ്‌മി പാർടി. പ്രതിഷേധപ്രസ്ഥാനത്തിന്റെ സന്തതിയാണെങ്കിലും സിഎഎയ്‌ക്കും എൻആർസിക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഷഹീൻബാഗിലേതുൾപ്പെടെയുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ അവർ തയ്യാറായിട്ടില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്ന കെജ്‌രിവാൾ കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമാത്രമാണ്‌ പറയുന്നത്‌. സ്വാഭാവികമായും 13 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടിൽ നേരിയ തോതിലെങ്കിലും ചോർച്ചയുണ്ടാക്കാൻ ഇത്‌ വഴിവയ്‌ക്കും.

എന്നാൽ, 45 ശതമാനം ജനങ്ങളും ചേരികളിലും സമാനമായ ആവാസകേന്ദ്രങ്ങളിലും താമസിക്കുന്ന നഗരമാണ്‌ ഡൽഹി. ഇവരുടെ ജീവിതം മെച്ചപ്പെടുത്താനായി സർക്കാർ ചെയ്‌ത കാര്യങ്ങളാണ്‌ കെജ്‌രിവാളിന്റെ തുറുപ്പുചീട്ട്‌. 20 കിലോലിറ്റർ വെള്ളവും 200 യൂണിറ്റ്‌ വൈദ്യുതിയും സൗജന്യമായി നൽകിയതും മൊഹല്ല ക്ലിനിക്കുകളും (300 എണ്ണം) നാല്‌ തട്ടിലുള്ള ആരോഗ്യ സംവിധാനവും ആരംഭിച്ചതും വിദ്യാഭ്യാസസൗകര്യങ്ങൾ വികസിപ്പിച്ചതും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായകമായി. അതോടൊപ്പം സ്‌ത്രീകൾക്ക്‌ സൗജന്യബസ്‌യാത്രയും നടപ്പാക്കി. അടുത്ത ഘട്ടമായി വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിക്കുമെന്നും വാഗ്‌ദാനംചെയ്‌തു. ലോക്‌സഭയിൽ ബിജെപിക്ക്‌ വോട്ട്‌ ചെയ്‌തവർപോലും ഡൽഹിയിൽ കെജ്‌രിവാളിന്‌ വോട്ട്‌ചെയ്യുമെന്ന വിശകലനത്തിന്റെ അടിസ്ഥാനവും ഇതാണ്‌. സർക്കാർവിരുദ്ധവികാരം ഇല്ലെന്നതാണ്‌ കെജ്‌രിവാളിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ ലഭിച്ച 67 സീറ്റ്‌ ലഭിക്കില്ലെങ്കിലും വിജയം ആം ആദ്‌മി പാർടിക്കുതന്നെയായിരിക്കുമെന്നാണ്‌ എല്ലാ സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്‌.

ഡൽഹിയിൽ വീണ്ടും പരാജയപ്പെട്ടാൽ ബിജെപിക്ക്‌ അത്‌ വലിയ ക്ഷീണമായിരിക്കും. മോഡി വീണ്ടും അധികാരത്തിൽ വരുന്നതിനുമുമ്പുതന്നെ സംസ്ഥാനങ്ങളുടെ ഭരണം അവർക്ക്‌ നഷ്ടപ്പെടാൻ ആരംഭിച്ചിരുന്നു. 2018 അവസാനം നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഢും അവർക്ക്‌ നഷ്ടപ്പെട്ടു. രണ്ടാം മോഡി ഭരണത്തിനുശേഷം മഹാരാഷ്ട്രയും ജാർഖണ്ഡും നഷ്ടമായി. രാജ്യതലസ്ഥാനത്തുകൂടി ഭരണം നഷ്ടപ്പെട്ടാൽ അത്‌ ബിജെപിക്ക്‌ കനത്ത തിരിച്ചടിയായിരിക്കുമെന്ന്‌ മാത്രമല്ല, സിഎഎ വിരുദ്ധപ്രക്ഷോഭത്തിന്‌ ആക്കംകൂട്ടുകയും ചെയ്യും. മോഡി സർക്കാർ പ്രതിരോധത്തിലാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top