01 October Sunday

ഗംഗയിലൊഴുകുന്ന 
മൃതദേഹങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021ശരിയാണ്, കോവിഡ്‌ രണ്ടാംതരംഗം സംസ്ഥാന സർക്കാരുകളെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്. നേരിടാൻ എളുപ്പമല്ലാത്ത പ്രശ്നങ്ങൾ ഓരോ ദിവസവും രൂപപ്പെടുന്നു. ഓക്സിജൻ ക്ഷാമം മുതൽ ശ്മശാനത്തിലെ തിരക്കുവരെ പരിഹരിക്കേണ്ടി വരും. അവ നേരിട്ടേ മതിയാകൂ. പക്ഷേ, ഉത്തർപ്രദേശുപോലെയുള്ള സംസ്ഥാനങ്ങൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അതിദയനീയമായി പരാജയപ്പെടുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്.

ബിഹാറിലും യുപിയിലുമായി ഗംഗയിലും യമുനയിലും കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകി നടന്നത് നൂറിലേറെ മൃതദേഹമാണ്. യുപിയിലെ ഗാസിപ്പുരിൽ ഗംഗയിലും ഹാമിർപുരിൽ യമുനയിലും മൃതദേഹങ്ങൾ ഒഴുകിനടന്നു. ബിഹാറിലെ ബക്സർജില്ലയിൽ യുപി അതിർത്തിയോട് ചേർന്ന ചൗസ ഗ്രാമത്തിൽമാത്രം ഗംഗയിൽനിന്ന്‌ ജീർണിച്ച 71 മൃതദേഹം കണ്ടെത്തി. ജില്ലാ അധികൃതർ അതീവരഹസ്യമായി കരയ്ക്കെടുപ്പിച്ച് തീരത്ത് കുഴിയെടുത്ത് ഇവ മൂടിയതായാണ്‌ വാർത്തകൾ. യുപിയിൽനിന്ന് ഒഴുക്കിവിട്ടതാണെന്ന് ബിഹാർ അധികൃതർ പറയുന്നു.

ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതെയും രോഗികൾ കൂട്ടത്തോടെ മരിക്കുന്ന ഞെട്ടലുകൾക്കിടയിലാണ് സംസ്കരിക്കാൻപോലും സൗകര്യമില്ലാതെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നതും കേൾക്കേണ്ടിവരുന്നത്. ഇടം കിട്ടാത്തതുകൊണ്ട് മാത്രമല്ല ജഡങ്ങൾ പുഴയിൽ ഒഴുക്കുന്നതെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട്‌ ചെയ്യുന്നു. വിറകിന്റെ ഉയർന്ന വിലയും താങ്ങാനാകാത്തതാണത്രേ. കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് 40,000 രൂപവരെ ചെലവുണ്ടെന്നും പറയുന്നു. എത്ര ദയനീയമാണ് സ്ഥിതി എന്ന് നോക്കൂ.

ഒന്നാംതരംഗം ആഞ്ഞടിച്ചിട്ടും ആയിരങ്ങൾ ചത്തൊടുങ്ങിയിട്ടും കുംഭമേളയും മറ്റ് ആൾക്കൂട്ട ആഘോഷങ്ങളും ഒരുക്കാൻ തുനിഞ്ഞിറങ്ങിയ യുപി സർക്കാർ മരിച്ചവർക്ക് മാന്യമായ സംസ്കാരംപോലും നിഷേധിക്കുകയാണ്. ഏറ്റവും ക്രൂരമായി തോന്നിയത് ഇതേപ്പറ്റി കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിങ്‌ ശെഖാവത്തിന്റെ പ്രതികരണമാണ്. ‘ഗംഗാ മാതാവിന്റെ പരിശുദ്ധി സംരക്ഷിക്കുന്നതിൽ മോഡി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഗംഗയെ മലിനമാക്കിയവർക്കെതിരെ നടപടിയെടുക്കുമെന്നു’മാണ്‌ മന്ത്രിയുടെ അരുളപ്പാട്. അതായത്, എന്തുകൊണ്ട് ഇത്തരം ഒരു സംഭവം ഉണ്ടായി എന്ന് അന്വേഷിക്കാനോ അതിന്‌ പരിഹാരം കാണാനോ അല്ല ശ്രമം. ഇതിന്റെ മറവിലും ‘ഗംഗാ മാതാവിനെ'പ്പറ്റി പറഞ്ഞ് മതവികാരം ഇളക്കാൻ കഴിയുമോ എന്നാണ്‌ നോട്ടം. മധ്യപ്രദേശിലെ ഒരു ബിജെപി മന്ത്രി കോവിഡിനെ നേരിടാൻ മൂന്ന്‌ ദിവസം യാഗം നടത്തിയാൽ മതി എന്ന് പറഞ്ഞതും ഇതോടൊപ്പം ചേർത്ത് വായിക്കണം. യുപിയിലും ഇത്തരക്കാരാണ് മുഖ്യമന്ത്രി അടക്കമുള്ളവർ. എത്രയോ നൂറ്റാണ്ട് പിന്നിൽനിന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങളെ അവർ നേരിടുന്നത് എന്ന് നോക്കുക.

ഈ നിലയിൽ ഭരണം നടത്തുന്ന ബിജെപിയുടെ നേതാക്കളാണ് കേരളത്തിൽ വന്ന്‌ ഇവിടെ ഒരു രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ അഞ്ചുമിനിറ്റ് വൈകി എന്ന് പരാതി പറയുന്നത്. ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ കണക്കും സ്വന്തം പത്രത്തിലെ ചരമക്കോളത്തിൽ വന്ന മരണങ്ങളുടെ എണ്ണവും തമ്മിൽ രണ്ടെണ്ണത്തിന്റെ വ്യത്യാസമുണ്ടെന്നും അതുകൊണ്ട് ഇവിടെ മരണക്കണക്ക് തെറ്റാണെന്നും വാർത്ത നിരത്തുന്ന മാധ്യമങ്ങളും ഈ നേതാക്കളുടെ പിൻപാട്ടുകാരാകുന്നു. മരണം നിശ്ചയിക്കാൻ ഐസിഎംആർ മാർഗനിർദേശങ്ങളാണ് കേരളവും പിന്തുടരുന്നത്.

ഗുജറാത്തിലും യുപിയിലും അടക്കം പല സംസ്ഥാനത്തും രോഗികളുടെയോ മരിച്ചവരുടെയോ എണ്ണം അറിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇവിടെ അതല്ല സ്ഥിതി. എല്ലാം രേഖയിലുണ്ട്. ആദ്യം കോവിഡ് മരണമായി കരുതപ്പെടുന്ന അപൂർവം ചില കേസിൽ സംസ്ഥാന അവലോകന സമിതി മാറ്റംവരുത്തുന്നുണ്ട്. അത് എന്തുകൊണ്ടെന്നും അതിന്റെ മാനദണ്ഡം എന്തെന്നും സമിതി വിശദീകരിക്കുന്നുമുണ്ട്.

കേന്ദ്രസർക്കാർ വാക്സിൻ തന്നില്ലെങ്കിൽ നേരിട്ട് വാങ്ങുക, ഓക്സിജൻ തന്നില്ലെങ്കിൽ ഓക്സിജൻ പ്ലാന്റുകളുടെ എണ്ണം കൂട്ടുക, കിടക്കകൾ പോരെങ്കിൽ കൂട്ടുക, ഈ സമയത്ത് കൊള്ളയ്ക്കിറങ്ങുന്ന സ്വകാര്യ ആശുപത്രികളെ നിലയ്ക്ക് നിർത്തുക–- ഇങ്ങനെ ഒരു ഭരണസംവിധാനത്തിന്‌ ചെയ്യാവുന്നതെല്ലാം ചെയ്താണ് കേരള സർക്കാർ ഈ മഹാമാരിക്കാലത്തും ഈ നാടിനെ മരണതീരത്തേക്ക് പോകാതെ രക്ഷിച്ചുനിർത്തുന്നത്. ചെറിയ വീഴ്ചകൾ ഉണ്ടാകും. പക്ഷേ, അതൊക്കെ മഹാ സംഭവമാക്കി അവതരിപ്പിക്കുന്നവർ ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന മൃതദേഹങ്ങളിലേക്കുകൂടി ഒന്ന് കണ്ണെത്തിക്കണം എന്നുമാത്രം പറയട്ടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top