29 May Monday

ദളിത‌് വിരുദ്ധ ആക്രമണങ്ങൾ തടയണം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


ദളിതർക്കും ആദിവാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ദിനംതോറും  വർധിച്ചുവരികയാണ്. 2010 നും 2016നും ഇടയിൽ ദളിതർക്കെതിരെയുള്ള ആക്രമണത്തിൽ 10 ശതമാനവും ആദിവാസികൾക്കെതിരായ ആക്രമണത്തിൽ ആറു ശതമാനവും വർധന ഉണ്ടായതായാണ് ഔദ്യോഗിക കണക്ക‌്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കുനേരെ ആക്രമണം നടത്തുന്നവർ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് ദുഃഖകരമായ കാര്യം. 2010 ൽ ദളിതർക്കെതിരായ ആക്രമണം സംബന്ധിച്ച കേസുകളിൽ 78 ശതമാനവും വിചാരണ കാത്തുകിടക്കുകയാണ്. 2016 ആകുമ്പോഴേക്കും ഈ സംഖ്യ 91 ശതമാനമായി. ഇതേ കാലയളവിൽ ആദിവാസി ആക്രമണം സംബന്ധിച്ച കേസുകളിൽ വിചാരണ ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം 83 ശതമാനത്തിൽനിന്ന‌് 90 ശതമാനമായും ഉയർന്നു. മാത്രമല്ല പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കേസുകളിൽ എളുപ്പം തീർപ്പുകൽപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ വേണമെന്ന നിർദേശവും നടപ്പാക്കപ്പെട്ടിട്ടില്ല. എഴുനൂറോളം ജില്ലകളിൽ ഇരുനൂറോളം ജില്ലകളിൽമാത്രമാണ് പ്രത്യേക കോടതികൾ ഉള്ളത്.

പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഭൂരിപക്ഷവും നടക്കുന്നത് പ്രത്യേക കോടതികൾ ഇല്ലാത്ത സംസ്ഥാനങ്ങളിലാണുതാനും. ഈ ഘട്ടത്തിലാണ് മാർച്ച് 20ന് സുപ്രീംകോടതി പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തടയുന്ന ബില്ലിൽ വെള്ളം ചേർത്തത്. നിയമം ദുരുപയോഗിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കുമ്പോൾ അന്വേഷണശേഷം മാത്രമേ അറസ്റ്റ് പാടുള്ളുവെന്നതടക്കമുള്ള വ്യവസ്ഥകളാണ് സുപ്രീംകോടതി കൊണ്ടുവന്നത്. സ്വാഭാവികമായും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ദളിത് സംഘടനകളും ഇടതുപക്ഷവും കോടതിവിധി മറികടക്കാൻ റിവ്യു പെറ്റീഷൻ നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.  എന്നാൽ, കേന്ദ്രസർക്കാർ ഒരുനടപടിയും കൈക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് എപ്രിൽ രണ്ടിന് ഭാരത് ബന്ദ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തെമ്പാടും വൻചലനമാണ് ഈ ബന്ദ് സൃഷ്ടിച്ചത്. പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. സംഘപരിവാർ സംഘടനകൾ പലയിടത്തും ബന്ദ് അനുകൂലികളുമായി ഏറ്റുമുട്ടി.  എന്നാൽ, ഇതിൽനിന്ന് ഒരു പാഠവും പഠിക്കാത്ത സർക്കാർ വിവാദമായ സുപ്രീംകോടതിവിധി എഴുതിയുണ്ടാക്കിയ എ കെ ഗോയലിനെ റിട്ടയർമെന്റിന് ശേഷം ദേശീയ ഹരിത ട്രിബ്യൂണൽ മേധാവിയായി നിയമിച്ചു. ഈ നടപടി ദളിത് രോഷം ആളിക്കത്തിച്ചു. കേന്ദ്ര മന്ത്രിയായ രാംവിലാസ് പാസ്വാനും രാംദാസ് അത്താവലെയും ഗോയലിന്റെ നിയമനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ആഗസ്ത് 9 ന് വിവിധ ദളിത് സംഘടനകൾ വീണ്ടും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഈ ഘട്ടത്തിലാണ് സുപ്രീംകോടതിവിധി മറികടക്കുന്നതിന് ഭേദഗതി ബിൽ അവതരിപ്പിക്കാൻ മോഡി സർക്കാർ തയ്യാറായിട്ടുള്ളത്. ദളിത് ആദിവാസി ശാക്തീകരണം സംഘപരിവാറിന്റെ അജൻഡയല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.  ഈ സാഹചര്യത്തിലാണ് പട്ടികജാതി ‐വർഗ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാനുള്ള ഭേദഗതിനിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യുളിൽ ഉൾപ്പെടുത്തണമെന്ന സിപിഐ എം ആവശ്യം പ്രസക്തമാകുന്നത്. ഭാവിയിൽ കോടതി ഇടപെടലിൽനിന്ന‌് നിയമത്തെ രക്ഷിക്കാനാണ് സിപിഐ എം ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ, ദളിതരെ ശത്രുപക്ഷത്ത് നിർത്തുന്ന മോഡി സർക്കാർ അതിന് തയ്യാറാകുമെന്ന് കരുതാനാകില്ല.

മഡൂറോയെ വധിക്കാൻ ശ്രമം
വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോയ‌്ക്കു നേരെ ശനിയാഴ്ച വധശ്രമമുണ്ടായി.  തലസ്ഥാനത്ത് സൈനിക പരേഡിൽ സംസാരിക്കവേയാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോൺ ചീറിപ്പാഞ്ഞടുത്തത്. രക്ഷപ്പെട്ട മഡൂറോ ആക്രമണത്തിനു പിന്നിൽ കൊളംബിയയാണെന്ന് ആരോപിച്ചു. മഡൂറോയെ പുറത്താക്കുകയെന്ന അമേരിക്കൻലക്ഷ്യം നിർവഹിക്കുന്നതിന് കഴിഞ്ഞ കുറെവർഷങ്ങളായി ശ്രമിക്കുകയാണ് കൊളംബിയയും അവിടത്തെ വലതുപക്ഷ പ്രസിഡന്റ് ജുവാൻ മാന്വൽ സാന്റോസും. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്‌റ്റേറ്റ‌്സ‌് മഡൂറോയെ പുറത്താക്കാൻ നടത്തുന്ന നീക്കത്തിനുപിന്നിലും കൊളംബിയക്ക് പ്രധാന പങ്കുണ്ട്.

ബൊളീവിയൻ പ്രസിഡന്റ് ഇവാ മൊറേൽസ് ശരിയായി വിലയിരുത്തുന്നതുപോലെ ജനാധിപത്യ മാർഗത്തിലൂടെയും സൈനികമായും മഡൂറോയെ പുറത്താക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കയും അവരുടെ കുട്ടാളികളും അദ്ദേഹത്തിന്റെ ജീവനെടുക്കാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത സർക്കാരുകളെ അട്ടിമറിക്കുന്നതും നേതാക്കളെ വധിക്കുന്നതും അമേരിക്കയ‌്ക്ക് പുത്തരിയല്ല. ഗ്വാട്ടിമാലയിലെ ജേക്കബ് അർബൻസിനെയും ബ്രസീലിലെ ഗൗലാർട്ടിനെയും മറ്റും അട്ടിമറിച്ച അമേരിക്ക 1973ൽ ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് സാൽവേദോർ അലൻഡെയെ വധിച്ചു. ക്യൂബൻ വിപ്ലവനേതാവ് ഫിദൽ കാസ്‌ട്രോയെ വധിക്കാൻ അറുനൂറിലധികം തവണയാണ് സിഐഎ ശ്രമിച്ചത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ അട്ടിമറിയും കൊലപാതകവും അമേരിക്കയും അവരുടെ ശിങ്കിടികളും തുടരുകയാണെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മഡൂറോയ‌്ക്കു നേരെയുള്ള ആക്രമണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top