11 July Saturday

ജനവികാരം അറിയണം തെറ്റ് തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2016

ജനാധിപത്യ വേദികളോട് മുഖംതിരിച്ച് സ്വേഛാധിപത്യ വഴികളിലൂടെ സഞ്ചരിക്കാന്‍ മുതിര്‍ന്ന നരേന്ദ്ര മോഡി ഒടുവില്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. നോട്ടു പ്രതിസന്ധിയെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വൈകാതെ പ്രസ്താവന നടത്തുമെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പണം പിന്‍വലിക്കല്‍ നടപടിയുടെ ദുരന്തഫലങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധമാണ് പ്രധാനമന്ത്രിയുടെ കണ്ണുതുറപ്പിച്ചതെങ്കില്‍ അത്രയും നന്ന്. ജനവികാരം ഉള്‍ക്കൊണ്ട് ആശ്വാസ-തിരുത്തല്‍ നടപടികള്‍ അടിയന്തരമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. എങ്കിലേ, പണം പിന്‍വലിക്കലിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കാനാകൂ. അതല്ല, സാധാരണ പണമിടപാടുകളിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും  കള്ളപ്പണവേട്ടയുടെ വീരസ്യം പറയാനും ജനപിന്തുണയുണ്ടെന്ന് മേനി നടിക്കാനുമാണ് പാര്‍ലമെന്റിലും തയ്യാറാകുന്നതെങ്കില്‍ കൂടുതല്‍ ജനവിരുദ്ധതയിലേക്കാണ് മോഡിയുടെ പ്രയാണമെന്ന് ഉറപ്പിക്കാം. 

നവംബര്‍ എട്ടിന് നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞദിവസത്തെ 'മന്‍ കി ബാത്' റേഡിയോ പ്രക്ഷേപണം ഉള്‍പ്പെടെ പല വേദികളില്‍ പ്രധാനമന്ത്രി സ്വന്തം നടപടിയെ ന്യായീകരിച്ചു. രാജ്യത്തെമ്പാടും ജനജീവിതവും സാമ്പത്തിക വ്യവഹാരങ്ങളും കീഴ്മേല്‍മറിഞ്ഞ നാളുകളിലാണ് പ്രധാനമന്ത്രി പണരഹിത വ്യവസ്ഥയിലൂടെ സ്വപ്ന സഞ്ചാരം നടത്തിയത്. ബാങ്കിടപാട് എന്തെന്നറിയാത്ത ബഹുഭൂരിപക്ഷം ജനങ്ങളോടാണ് മൊബൈല്‍ ബാങ്കിങ് ആരംഭിക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചത്.ദിവസക്കൂലിയും ബാങ്കുവഴിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത്തരം വിചിത്രമായ ഉള്‍വിളികള്‍ പുറത്തുവിടാന്‍ റേഡിയോ തന്നെയാണ് ഉത്തമ മാധ്യമം.

പാര്‍ലമെന്ററി സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും നേരിട്ടുള്ള സമ്മതി നേടിയല്ല അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നത്. 543 ലോക്സഭാ അംഗങ്ങളില്‍ ഒരാള്‍ മാത്രമായ അദ്ദേഹം ഭൂരിപക്ഷമുള്ള പാര്‍ലമെന്ററി കക്ഷിയുടെ നേതാവെന്ന നിലയിലാണ് അധികാരം കൈയാളുന്നത്. ഓരോ ചലനത്തിലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും പാര്‍ലമെന്റിന് വിധേയപ്പെട്ടിരിക്കുന്നുവെന്ന് സാരം. ഈ 'അക്കൌണ്ടബിലിറ്റി'യാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത. ഇത് പൂര്‍ണമായും വിസ്മരിച്ചാണ് മോഡി കഴിഞ്ഞ ദിവസങ്ങളില്‍ നീങ്ങിയത്.

രാജ്യത്തെ പിടിച്ചുലച്ച ധനപരിഷ്കരണം ഏകപക്ഷീയമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി, സമ്മേളനം ആരംഭിച്ച് രണ്ടാഴ്ചയോളമായിട്ടും പാര്‍ലമെന്റില്‍ വാതുറന്നിട്ടില്ല. കള്ളപ്പണ വേട്ടയോടല്ല, അത് നടപ്പാക്കുന്ന രീതിയോടാണ് വിയോജിപ്പെന്നും നോട്ടുമാറ്റത്തിന് സാവകാശം വേണമെന്നുമാണ് പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. നോട്ടുദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 70 പേരില്‍ ഒരു കള്ളപ്പണക്കാരനുമില്ല. തൊഴിലും വരുമാനവും നഷ്ടപ്പെട്ടത് പാവപ്പെട്ടവനും ചെറുകിട വ്യാപാരിക്കും ഇടത്തരക്കാരനുമാണ്. മകളുടെ കല്യാണത്തിന് ജീവിത സമ്പാദ്യം മുഴുവന്‍ സൂക്ഷിച്ചുവച്ച കുടുംബനാഥനാണ് കണ്ണീരൊഴുക്കുന്നത്. മാസശമ്പളം വിലക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊടിയ ദുരിതങ്ങളിലേക്കാണ് നീങ്ങുന്നത്. ഗ്രാമീണരുടെ ജീവ വായുവായ സഹകരണമേഖല പൂര്‍ണസ്തംഭനത്തിലാണ്. ഇതൊക്കെയാണ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത്. ഈ ചര്‍ച്ച പ്രധാനമന്ത്രി കേള്‍ക്കണം. പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ ഇരിപ്പുറയ്ക്കുന്നില്ല. ഒരക്ഷരം ഉരിയാടുന്നുമില്ല. പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിച്ചിട്ടും കുലക്കമുണ്ടായില്ല. എന്നാല്‍, പുറത്ത് കിട്ടാവുന്ന അവസരങ്ങളിലൊക്കെ അദ്ദേഹം  ഹൈടെക് പണമിടപാടുകളുടെ മേന്മകള്‍ ദരിദ്ര നാരായണന്മാരെ പഠിപ്പിച്ചു. ജനജീവിതത്തെക്കുറിച്ച് പറഞ്ഞവരെ കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ചു.

ഈ അമിതാധികാര പ്രമത്തതയ്ക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ സുപ്രധാന ഘട്ടമായിരുന്നു ദേശീയ പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധം. പണം പിന്‍വലിക്കലിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അഭൂതപൂര്‍വമായ ജനകീയ പ്രതിരോധത്തിന് തിങ്കളാഴ്ച രാജ്യം സാക്ഷ്യംവഹിച്ചത്. മഹാഭൂരിപക്ഷം ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന ഇതുപോലൊരു തലതിരിഞ്ഞ നടപടി മുമ്പൊരു ഭരണാധികാരിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ പൌരനും ഉള്ളില്‍ത്തട്ടിയാണ് ഈ അന്യായത്തിനെതിരെ പ്രതിഷേധിച്ചത്. ദുരിതം മൂന്നാഴ്ച പിന്നിടുമ്പോഴും ജനവികാരം മനസ്സിലാക്കാനോ തെറ്റുകള്‍ തിരുത്താനോ തയ്യാറാകാത്ത ബിജെപി ഭരണത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. കേരളം, ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇടതു ജനാധിപത്യകക്ഷികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സാധാരണ ജനങ്ങളുടെ മുന്‍കൈയില്‍ പൂര്‍ണ ബന്ദായി മാറി. കേരളത്തില്‍ അവശ്യ സര്‍വീസുകള്‍ക്കു പുറമെ ബാങ്കിങ്, ടൂറിസം, ശബരിമല തുടങ്ങിയ മേഖലകളെ കൂടി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഹര്‍ത്താലിനെതിരെ ജനവികാരം തിരിച്ചുവിടാന്‍ ശ്രമിച്ചവരെ, ഇത്തരമൊരു പ്രതിഷേധത്തിന്റെ അനിവാര്യത ജനങ്ങള്‍തന്നെ ഓര്‍മിപ്പിച്ചു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ സമൂലം തകര്‍ക്കുന്ന കേന്ദ്ര നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ അപമാനിച്ചുകൊണ്ട് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിഷേധാത്മക നടപടിക്കെതിരായ ശക്തമായ പ്രതിഷേധമാണ് ഹര്‍ത്താലില്‍ പ്രതിഫലിച്ചത്. യുഡിഎഫ് നേതൃത്വത്തില്‍ രാജ്ഭവന്‍ പിക്കറ്റുചെയ്ത് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അറസ്റ്റുവരിച്ചു. പാര്‍ലമെന്റില്‍ അതിശക്തമായ പ്രതിഷേധമാണ് തിങ്കളാഴ്ച ഉയര്‍ന്നത്. ഒഡിഷയിലെ പുരിയില്‍ സിഐടിയു അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍ നഗരത്തില്‍ പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ത്തു. പ്രതിരോധത്തിന്റെ അതിവിപുലമായ ഈ ഐക്യനിര അമിതാധികാര ശക്തികള്‍ക്കുള്ള താക്കീതാണ്

പ്രധാന വാർത്തകൾ
 Top