01 October Sunday

ക്യൂബൻ മാനവികതയും യുഎസ്‌ ക്രൗര്യവും

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ലോക സാഹോദര്യവും ഐക്യദാർഢ്യവും ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണ്‌ മഹാമാരിയുടേത്‌. എന്നാൽ, അമേരിക്കയും പ്രസിഡന്റ്‌ ട്രംപും അതിന്‌ വിരുദ്ധമായാണ്‌ പ്രവർത്തിക്കുന്നത്‌. കോവിഡ്‌–-19 നെതിരെ ലോകം ഒറ്റക്കെട്ടായിനിന്ന്‌ പൊരുതേണ്ട സമയമായിട്ടും ശത്രുരാജ്യങ്ങളുടെ പട്ടികയിൽപെടുത്തിയ രാഷ്ട്രങ്ങൾക്കെതിരെ ശക്തമായ ഉപരോധം തുടരുകയാണ്‌ അമേരിക്ക. ക്യൂബയും വെനസ്വേലയും ഇറാനും മറ്റും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണിന്നും. മനുഷ്യത്വരഹിതമായ ഈ സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ ക്യൂബയുടെ അന്താരാഷ്ട്ര മെഡിക്കൽ മിഷന്‌ അയോഗ്യത കൽപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം.

എന്തുകൊണ്ടാണ്‌ അമേരിക്ക ക്യൂബൻ മെഡിക്കൽ സംഘത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്‌? ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക–-സൈനിക ശക്തിയായ അമേരിക്ക കോവിഡ്‌–-19നുമുമ്പിൽ പകച്ചുനിന്നപ്പോൾ ലോകമെമ്പാടും മെഡിക്കൽ സംഘത്തെ അയച്ച്‌ മഹാമാരിക്കെതിരെ പൊരുതിയത്‌ ക്യൂബൻ മെഡിക്കൽ സംഘമാണ്‌. 2005ൽ ക്യൂബൻ പ്രസിഡന്റ്‌ ഫിദൽ കാസ്‌ട്രോ രൂപംനൽകിയ ഹെൻറി റീവ് (19–-ാം നൂറ്റാണ്ടിൽ സ്‌പെയിനിൽ ക്യൂബൻ സ്വാതന്ത്ര്യത്തിനായി പൊരുതിയ അമേരിക്കൻ വളന്റിയർ)‌ സംഘത്തിൽപ്പെട്ട ആരോഗ്യപ്രവർത്തകരാണ്‌ കോവിഡ്‌ ബാധിച്ച രാജ്യങ്ങളിലേക്ക്‌ പറന്നെത്തി മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തിയത്‌.


 

കഴിഞ്ഞ മൂന്നുമാസത്തിനകം 31 രാജ്യത്തിലേക്കായി 38 മെഡിക്കൽസംഘത്തെയാണ്‌ അയച്ചത്‌. 3440 പേരാണ്‌ ഈ സംഘത്തിലുണ്ടായിരുന്നത്‌‌. ഇതിൽ 65 ശതമാനം പേരും വനിതകളാണ്‌. വെനസ്വേലയിലും ഗ്രനഡയിലും മാത്രമല്ല, ആഫ്രിക്കയിലെ അംഗോളയിലും ടോഗോയിലും ഗിനിയ ബസാവുവിലും ദക്ഷിണാഫ്രിക്കയിലും ഗൾഫ്‌ രാഷ്ട്രങ്ങ‌ളായ ഒമാനിലും കുവൈത്തിലും യുഎഇയിലും ഖത്തറിലും ക്യൂബൻസംഘം കോവിഡിനെതിരെ പൊരുതുകയാണ്‌. ഇറ്റലിയിൽ രോഗം തീവ്രമായി പടർന്ന ലൊംബാർഡി മേഖലയിൽ‌ ക്യൂബൻസംഘം എത്തിയപ്പോൾ ഇറ്റലിക്കാർ നൽകിയ സ്വീകരണം പെട്ടെന്ന്‌ മറക്കാവുന്നതല്ല. 52 അംഗ മെഡിക്കൽ സംഘമാണ്‌ ലൊംബാർഡിയിലെ 32 കിടക്കയുള്ള കോവിഡ്‌ ആശുപത്രിയുടെ പ്രവർത്തനം നടത്തിയത്‌. ഈ മെഡിക്കൽ സംഘത്തെ സൂപ്പർ ഹീറോകൾ എന്നാണ്‌ ഇറ്റലിക്കാർ വിശേഷിപ്പിച്ചത്‌. എന്നാൽ, ‘ഞങ്ങൾ വിപ്ലവകാരികളായ ഡോക്ടർമാർ’ മാത്രമാണെന്നായിരുന്നു ക്യൂബൻ മെഡിക്കൽ സംഘം പ്രതികരിച്ചത്‌. കോവിഡിനെതിരെ മാത്രമല്ല ക്യൂബൻ മെഡിക്കൽ സംഘം പൊരുതിയത്‌. 1963ൽ ചിലിയിൽ ഭൂകമ്പമുണ്ടായപ്പോഴും 1998ൽ മിച്ച്‌ കൊടുങ്കാറ്റ്‌ നിക്കരാഗ്വയിലും ഹോണ്ടുറാസിലും നാശം വിതച്ചപ്പോഴും 2004ൽ  സുനാമി ഇന്തോനേഷ്യയെ വിഴുങ്ങിയപ്പോഴും 2014ൽ എബോള വൈറസ്‌ പടിഞ്ഞാറൻ ആഫ്രിക്കയെ വിറപ്പിച്ചപ്പോഴും മെഡിക്കൽ സംഘത്തെ അയച്ച്‌ തുണയായത്‌ ക്യൂബൻ മെഡിക്കൽ സംഘമായിരുന്നു.

അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുകയും സഖ്യശക്തികളായി അറിയപ്പെടുന്ന രാഷ്ട്രങ്ങൾപോലും ക്യൂബയെ മാറ്റിനിർത്താൻ തയ്യാറായില്ല. ഇന്ന്‌ ആദരവോടെയും ബഹുമാനത്തോടെയുമാണ്‌ ക്യൂബൻ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനത്തെ ലോകമെങ്ങും വീക്ഷിക്കുന്നത്‌.  അതുകൊണ്ടുതന്നെ ക്യൂബൻ മെഡിക്കൽ സംഘത്തിന്‌ നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നുകഴിഞ്ഞു. അമേരിക്കയിലെ പല പ്രമുഖർപോലും ഈ ആവശ്യം  മുന്നോട്ടുവയ്‌ക്കുകയാണ്‌. അമേരിക്കയെയും ട്രംപിനെയും അസ്വസ്ഥമാക്കുന്ന വാർത്തകളാണിത്‌. അതുകൊണ്ടുതന്നെ ക്യൂബയെ ഇകഴ്‌ത്തിക്കാണിക്കാനും അവരുടെ ആരോഗ്യനയതന്ത്രത്തെ പരാജയപ്പെടുത്താനുമാണ്‌ അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്‌. മാധ്യമപ്രവർത്തകർക്ക്‌ പണം നൽകി ക്യൂബൻ ആരോഗ്യമേഖലയെ താറടിച്ച്‌ കാണിക്കുന്ന റിപ്പോർട്ടുകൾ നൽകാൻപോലും അമേരിക്ക സമ്മർദം ചെലുത്തി. ക്യൂബൻ ഡോക്ടർമാർക്ക്‌ പ്രലോഭനങ്ങൾ വാരിവിതറി കൂറുമാറാൻ പ്രേരിപ്പിച്ചു. അതോടൊപ്പം ക്യൂബൻ മെഡിക്കൽസംഘത്തെ സ്വീകരിക്കരുതെന്ന്‌ സുഹൃദ്‌രാഷ്ട്രങ്ങളെ നിർബന്ധിക്കുകയും ചെയ്‌തു. ബ്രസീൽ, ബൊളീവിയ, ഇക്വഡോർ തുടങ്ങിയ രാഷ്ട്രങ്ങൾ മാത്രമാണ്‌ അമേരിക്കൻ സമ്മർദത്തിന്‌ വഴങ്ങി ക്യൂബൻ മെഡിക്കൽ സംഘത്തെ തിരിച്ചയച്ചത്‌. ഈ രാജ്യങ്ങളിലെല്ലാം ഇപ്പോൾ കോവിഡ്‌ മഹാമാരി പടർന്നുപിടിക്കുകയാണ്‌.  അവിടങ്ങളിലെല്ലാം ജനങ്ങൾ ക്യൂബൻ സംഘത്തെ തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെടുകയുമാണ്‌.


 

അമേരിക്കയുടെ‌ ഇത്തരം നീക്കത്തിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ ക്യൂബയുടെ അന്താരാഷ്ട്ര മെഡിക്കൽസംഘത്തെ അയോഗ്യമാക്കാനുള്ള അമേരിക്കയുടെ നീക്കം. ആരോഗ്യമേഖലയെ ലാഭം കൊയ്യാനുള്ള മാർഗമായിമാത്രം കാണുന്ന മുതലാളിത്ത സങ്കൽപ്പത്തിന്റെ ഭാരം പേറുന്നതുകൊണ്ടാണ്‌ സേവനത്തിൽ ഊന്നിയുള്ള ക്യൂബൻ സോഷ്യലിസ്‌റ്റ് മാതൃകയെ ഉൾക്കൊള്ളാൻ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്‌ കഴിയാത്തത്‌. അമേരിക്കയേക്കാൾ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള രാജ്യമാണിന്ന്‌ ക്യൂബ. ‌ ‘പണക്കാരന്റെ വമ്പിച്ച സ്വത്തിനേക്കാൾ ദശലക്ഷക്കണക്കിന്‌ മടങ്ങ്‌ വലുതാണ്‌ ഒരു മനുഷ്യന്റെ ജീവനുള്ള വിലയെന്ന’ ചെ ഗുവേര ഉയർത്തിപ്പിടിച്ച  വിശാല മാനവികതയാണ്‌ ക്യൂബയുടേത്‌.  അതിനെ തോൽപ്പിക്കാൻ അമേരിക്കയ്‌ക്കോ ട്രംപിനോ കഴിയില്ല. ക്യൂബൻ അന്താരാഷ്ട്ര മെഡിക്കൽ സഹകരണ പദ്ധതി വിജയകരമായി മുന്നോട്ടുപോകുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top