29 May Monday

തീ പിടിപ്പിക്കുന്ന എണ്ണവില

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018


എണ്ണവില നൂറിൽ തൊടാൻ ഇനി നാളുകൾ അധികംവേണ്ട. കർണാടക തെരഞ്ഞെടുപ്പിന്റെ പിറ്റേന്നു തുടങ്ങിയ പ്രതിദിന വർധന എട്ടാംനാളിലും തുടർന്നപ്പോൾ മുംബൈയിൽ പെട്രോൾവില സർവകാല റെക്കോഡിലെത്തി; ലിറ്ററിന്‌  84.44 രൂപ. തിരുവനന്തപുരത്ത്‌ 80.69 രൂപ. എട്ടു ദിവസത്തിനകം രണ്ടുരൂപയിലധികമാണ്‌ വർധിച്ചത്‌. അസംസ്‌കൃത എണ്ണയുടെ വിലവർധനയാണ്‌ ഇപ്പോൾ കാരണമായി പറയുന്നത്‌. വിലനിർണയത്തിന്‌ പൂർണ സ്വാതന്ത്ര്യമുള്ള പെട്രോളിയംകമ്പനികൾ വസ്‌തുതാപരമായും നീതിപൂർവവുമായല്ല തീരുമാനങ്ങൾ എടുക്കുന്നതെന്ന്‌ നിസ്സംശയം പറയാം. ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യത്ത്‌ അന്താരാഷ്ട്ര വിലയ‌്ക്കനുസരിച്ച്‌ ഉൽപ്പന്നവിലയിൽ മാറ്റമുണ്ടാകുന്നത്‌ അസാധാരണമല്ല. അത്തരത്തിലുള്ള സ്വാഭാവിക വിലവ്യതിയാനമല്ല, കോർപറേറ്റ്‌  താൽപ്പര്യങ്ങളും കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ മനക്കണക്കുകളുമാണ്‌ എണ്ണവിലയിൽ പ്രതിഫലിക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പെട്രോളിയം വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക്‌ വിട്ടുനൽകിയതോടെയാണ്‌ ജനവിരുദ്ധമായ നിലയിലേക്ക്‌ കാര്യങ്ങൾ നീങ്ങിയത്‌.

നിയന്ത്രിത വിലസമ്പ്രദായം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്‌ വൻ നഷ്ടം വരുത്തിവയ‌്ക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ യുപിഎ സർക്കാരിന്റെ കാലത്ത്‌ പെട്രോൾ വിലനിയന്ത്രണം നീക്കിയത്‌.  അന്താരാഷ്ട്ര കമ്പോളത്തിലെ എണ്ണവിലയും കമ്പനികളുടെ  പ്രവർത്തനലാഭവും അടിസ്ഥാനമാക്കി നിശ്ചിത ഇടവേളകളിൽ പെട്രോൾവില നിശ്ചയിക്കാനായിരുന്നു തീരുമാനം. ഡീസലിന്‌ അപ്പോഴും നിയന്ത്രിതവില സമ്പ്രദായം തുടർന്നു. ഡീസലാണ്‌ പെ‌ട്രോളിനേക്കാൾ വേഗത്തിൽ വിലക്കയറ്റത്തിന്‌ തീപിടിപ്പിക്കുക എന്ന ജനപക്ഷചിന്തയെ മാറ്റിമറിക്കാൻ ഏറെക്കാലം വേണ്ടിവന്നില്ല.

ആവശ്യമായ ഘട്ടങ്ങളിൽ പെട്രോൾവില പുനർനിർണയം എന്നത്‌ മാസത്തിലൊരിക്കൽ എന്ന നിലയിലേക്ക്‌ മാറി. വൈകാതെ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളഞ്ഞ്‌ പെട്രോളിയം കമ്പനികൾക്ക്‌ പൂർണസ്വാതന്ത്ര്യം നൽകി. ഇതോടെ പെട്രോൾ‐ ഡീസൽവിലകളിലെ അന്തരം നാമമാത്രമായി. പ്രതിമാസ വിലനിർണയം എന്ന രീതിമാറ്റി പ്രതിദിനമാക്കി. ഇതാകട്ടെ  അസംസ്‌കൃത എണ്ണവിലയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതുമായില്ല. മോഡി അധികാരത്തിലേറിയ 2014 മധ്യത്തിൽ  ക്രൂഡ‌് ഓയിൽ ബാരലിന്‌ 115 ഡോളറായിരുന്നു. അന്ന്‌ 80നു മുകളിലായിരുന്ന പെട്രോൾ വില 50 രൂപയാക്കി കുറയ്‌ക്കുമെന്ന വാഗ്‌ദാനവുമായാണ്‌ മോഡി ഭരണം തുടങ്ങിയത്‌. ചെറിയൊരു ഇടവേളയിൽ പെട്രോളിന്‌ 70ൽ താഴെയായി കുറഞ്ഞതൊഴിച്ചാൽ എണ്ണവില മുന്നോട്ടല്ലാതെ പിന്നോട്ടുവന്ന അനുഭവമുണ്ടായില്ല. ഈ കാലയളവിലാകട്ടെ  അന്താരാഷ്ട്രവിപണിയിൽ ക്രൂഡ‌് ഓയിൽവില മൂക്കുകുത്തി. 2016 ആദ്യം  ക്രൂഡ‌് ഓയിൽ വില ബാരലിന്‌ 30 ഡോളറായി ചുരുങ്ങിയപ്പോൾപ്പോലും  ഇന്ത്യയിലെ വിൽപ്പനവിലയിൽ അത്‌ പ്രതിഫലിച്ചില്ല.

ക്രൂഡ‌് ഓയിൽവിലയും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടവുമല്ല കേന്ദ്രസർക്കാരിന്റെ പരിഗണനാവിഷയങ്ങൾ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ മേൽവിവരിച്ച വസ്‌തുതകൾ. രാജ്യത്തെ പെട്രോളിയം സംസ്‌കരണ‐ വിപണന ശൃംഖലയുടെ നല്ലൊരു പങ്കും ഇന്ന്‌ റിലയൻസ്‌ ഉൾപ്പെടെയുള്ള കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ‘നഷ്ടക്കണക്കുകൾ’ നിരത്തി സ്വകാര്യകുത്തകകൾക്ക്‌ ജനങ്ങളെ കൊള്ളയടിക്കാൻ അവസരം ഒരുക്കിക്കൊടുക്കുകയാണ്‌ മോഡി സർക്കാർ. രാജ്യത്തെ പൊതുവിലനിലവാരത്തെ തുല്യനിലയിലോ കൂടിയ അനുപാതത്തിലോ സ്വാധീനിക്കുന്ന എണ്ണവിലയെ കയറൂരിവിടുന്നതിനുപിന്നിൽ ബിജെപി സർക്കാരിന്‌ വ്യക്തമായ അജൻഡകളുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും  പാർടി വളർത്താനും എത്ര പണം ചെലവാക്കാനും ബിജെപിക്ക്‌ മടിയില്ല. ഇതിനുളള  ധനസ്രോതസ്സുകളിലൊന്നാണ്‌ എണ്ണവിപണി. കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പരിക്കൊണ്ട നാളുകളിൽ ക്രൂഡ‌് ഓയിൽ വില ഉയർന്നുകൊണ്ടിരുന്നിട്ടും  പ്രതിദിന വിലവർധനയിൽനിന്ന്‌ മാറിനിൽക്കാൻ എണ്ണക്കമ്പനികൾ തയ്യാറായി. 19 ദിവസം നിർത്തിവച്ച വിലവർധന വോട്ടെടുപ്പിന്റെ പിറ്റേന്നുമുതൽ  തുടർച്ചയായി നടപ്പാക്കാൻ കമ്പനികൾ തിടുക്കംകാട്ടി. തെരഞ്ഞെടുപ്പിൽ എണ്ണവിലവർധന ചർച്ചയാകരുതെന്ന കേന്ദ്ര സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന്‌ കമ്പനികൾക്ക്‌ നഷ്ടക്കണക്കുകൾ തടസ്സമായില്ല. കേന്ദ്ര സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളല്ലാതെ മറ്റെന്താണ്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌. കർണാടകത്തിൽ ഫലപ്രഖ്യാപനത്തിനുശേഷം ഭൂരിപക്ഷമുറപ്പിക്കാൻ ഇതര പാർടികളിലെ സാമാജികർക്ക്‌  ബിജെപി വച്ചുനീട്ടിയ വലിയ വില കോർപറേറ്റ‌് പിന്തുണയുടെ ശക്തി വെളിപ്പെടുത്തുന്നുണ്ട്‌.വിലവർധനയുടെ ദുരിതങ്ങൾ പേറുന്ന സാധാരണ ജനവിഭാഗങ്ങൾക്ക്‌ ആശ്വാസംപകാരാനുള്ള എന്തെങ്കിലും പോംവഴികൾ മോഡി സർക്കാർ സ്വമേധയാ  സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. എക്‌സൈസ്‌ തീരുവ കുറച്ചുകൊണ്ട്‌ എണ്ണവില പിടിച്ചുനിർത്താനുള്ള ഇടപെടലെങ്കിലും കേന്ദ്രം  നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുകഴിഞ്ഞു.  സാധാരണ ജനങ്ങളുടെ ജീവിതം വിലക്കയറ്റത്തിൽ മുങ്ങിയമരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കുന്ന ശക്തമായ ജനകീയപ്രക്ഷോഭത്തിന്‌  എല്ലാവിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top