22 September Tuesday

രാഷ്ട്രീയവേട്ടയ്ക്ക് വീണ്ടും സിബിഐ ഉപകരണമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2016സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമിറ്റി അംഗം ടി വി രാജേഷ് എന്നീ നേതാക്കളെ അരിയില്‍ ഷുക്കൂര്‍ വധക്കേസിലുള്‍പ്പെടുത്തി ജയിലിലടച്ച സംഭവം മലയാളിയുടെ മനസ്സില്‍നിന്ന് എളുപ്പം മാഞ്ഞുപോകുന്നതല്ല. ആ കേസുമായി എന്തെങ്കിലും ബന്ധമുള്ളതുകൊണ്ടല്ല അന്നത്തെ പൊലീസ് അങ്ങനെ ചെയ്തതെന്നും ഭരണനേതൃത്വത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നെന്നും വ്യാജ തെളിവും കള്ള സാക്ഷികളുമാണ് അതിനായി ഉപയോഗിക്കപ്പെട്ടതെന്നും പിന്നീട് തെളിഞ്ഞു. കതിരൂരിലെ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പി ജയരാജനെ ഉള്‍പ്പെടുത്താന്‍ കേന്ദ്രഭരണകക്ഷിയും അതിനെ നയിക്കുന്ന ആര്‍എസ്എസുമാണ് സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയത്. അതിനും യുഡിഎഫ് ഭരണം കൂട്ടുനിന്നു. ആ കേസിലും ജയരാജനെതിരെ എന്തെങ്കിലും തെളിവുണ്ടായിരുന്നില്ല. അത് കോടതിതന്നെ പറയേണ്ടിവന്നു. മറ്റൊരു കേസ് തലശേരി ഫസല്‍ കൊല്ലപ്പെട്ടതാണ്. ആ കേസ് മറയാക്കി നാലരക്കൊല്ലമായി രണ്ട് സിപിഐ എം നേതാക്കള്‍ സ്വന്തം നാട്ടില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ഒരു തെളിവുമില്ലാതിരുന്നിട്ടും കാരായി രാജനെയും ചന്ദ്രശേഖരനെയും കേട്ടുകേള്‍വിയില്ലാത്ത ശിക്ഷയ്ക്കിരയാക്കാന്‍ സിബിഐക്ക് പ്രേരണ നല്‍കിയതും ഭരണരാഷ്ട്രീയ നേതൃത്വമാണ്. ഇന്നിപ്പോള്‍ യഥാര്‍ഥ കൊലയാളികള്‍ ആര്‍എസ്എസാണെന്ന് കൊലനടത്തിയ സംഘാംഗംതന്നെ പുറത്തുപറഞ്ഞിരിക്കുന്നു. അതോടെ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. ഈ മൂന്നുദാഹരണങ്ങളും കണ്ണൂര്‍ ജില്ലയിലേതാണെങ്കില്‍, സമാനമായ മറ്റുചിലത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ട്.

അതിലൊന്നാണ്, കൊല്ലം ജില്ലയിലെ രാമഭദ്രന്‍ കൊലക്കേസിന്റെ മറവില്‍ സിപിഐ എം നേതാക്കളെ സിബിഐ കള്ളക്കേസില്‍ കുടുക്കിയസംഭവം.
  ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനടക്കമുള്ളവരെയാണ് സിബിഐ ഉള്‍പ്പെടുത്തിയത്. ജയമോഹനനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ രണ്ട് പൊലീസ് സംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസിലാണ് ഇപ്പോള്‍ ഗൂഢാലോചനയെന്ന് കള്ളക്കഥയുണ്ടാക്കി സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തത്. 2010 ഏപ്രില്‍ പത്തിനാണ് രാമഭദ്രന്‍ കൊല്ലപ്പെട്ടത്. കേസില്‍ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2011 ഫെബ്രുവരി 20ന് പുനലൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് കുറ്റപത്രവും നല്‍കി. കേസ് സെഷന്‍സ് കോടതിയിലേക്ക് പോകുംമുമ്പേ രാമഭദ്രന്റെ സഹോദരി  പുതിയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. ഉമ്മന്‍ചാണ്ടി കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ ശരിവച്ചു. സിപിഐ എം നേതാക്കളെ പീഡിപ്പിക്കാനുള്ള അവസരത്തിനായി കാത്തുനിന്ന യുഡിഎഫ് നേതൃത്വം, തങ്ങള്‍ ഉദ്ദേശിച്ച നിലയിലല്ല കാര്യങ്ങള്‍ എന്നു കണ്ട്,   കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയര്‍ത്തി. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് പ്രതികളെ കണ്ടെത്തി കോടതിയിലെത്തിയ കേസ് സിബിഐക്ക് വിടാന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ തീരുമാനിച്ചു.

രേഖകള്‍ പരിശോധിച്ച സിബിഐ കേസ് ഏറ്റെടുക്കാനാകില്ലെന്ന് 2013 മെയ് 20ന് സര്‍ക്കാരിന് കത്തുനല്‍കി. രണ്ടുതവണ സിബിഐ ഇങ്ങനെ നിലപാടെടുത്തെങ്കിലും, അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസിഫലി, കണ്ണൂര്‍ ജില്ലയിലെ പല കേസുകളിലുമെന്നപോലെ, പ്രത്യേക താല്‍പ്പര്യമെടുത്ത് സിബിഐ അന്വേഷണത്തിലേക്കെത്തിക്കുകയായിരുന്നു. അന്ന് കേന്ദ്രഭരണം കൈയാളിയ കോണ്‍ഗ്രസും നിലവില്‍ ഭരണം നയിക്കുന്ന ബിജെപിയും മാര്‍ക്സിസ്റ്റ് വേട്ടയില്‍ ഒന്നിക്കുകയും അതിനായി സിബിഐയെ ദുരുപയോഗിക്കുകയും ചെയ്യുന്നതിന്റെ കൃത്യമായ അനുഭവമാണ് രാമഭദ്രന്‍ കേസിലുണ്ടായത്. കൊലക്കേസുകള്‍ രാഷ്ട്രീയ ആയുധമാക്കി, എതിരാളികളെ നശിപ്പിക്കാനുള്ള അനേകം ശ്രമങ്ങളില്‍ ഒന്നുമാത്രമാണിത്. അതിനവര്‍ക്ക് നിയമത്തിന്റെയോ ഔചിത്യത്തിന്റെയോ തടസ്സങ്ങളൊന്നുമുണ്ടാകുന്നില്ല.

ഏതെങ്കിലും കേസ് നേരായി അന്വേഷിക്കുന്നതിലോ കുറ്റവാളികളെ കണ്ടെത്തുന്നതിലോ ആരും തടസ്സംപറയില്ല. ഇവിടെ അന്വേഷണങ്ങളില്‍ കണ്ടെത്തുന്ന കുറ്റവാളികളെയോ ലഭിക്കുന്ന തെളിവുകളെയോ അല്ല, രാഷ്ട്രീയ യജമാനന്മാരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെയാണ് അന്വേഷണ ഏജന്‍സി ആശ്രയിക്കുന്നത് എന്നാണ് തെളിയുന്നത്. ഫസല്‍വധക്കേസില്‍ സിബിഐ രചിച്ച കഥ അടിമുടി വ്യാജമായിരുന്നുവെന്നും യഥാര്‍ഥ കൊലയാളികളെ ഒളിപ്പിക്കാനാണ് നിരപരാധികളായ പൊതുപ്രവര്‍ത്തകരെ വേട്ടയാടിയതെന്നും നിസ്സംശയം തെളിഞ്ഞുകഴിഞ്ഞു. അതിന്റെ ജാള്യം മറയ്ക്കാനുള്ളതാണോ രാമഭദ്രന്‍ കേസിലെ അസാധാരണ നടപടികള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയചട്ടുകങ്ങളാക്കുന്നതിന്റെ ദുരന്തംകൂടിയാണിത്. സിബിഐ കൂട്ടിലടച്ച കിളിയാണെന്നു പറഞ്ഞത് സുപ്രീംകോടതിയാണെങ്കില്‍, ഇതൊക്കെ കാണുന്ന ജനങ്ങള്‍ക്ക്, പരിശീലനം സിദ്ധിച്ച സര്‍ക്കസ് മൃഗത്തിന്റെ അവസ്ഥയിലാണ് ആ ഏജന്‍സിയെ വിലയിരുത്താനാവുക. ജനങ്ങളുടെ യുക്തയിയെയും വിവേകത്തെയുമാണ് അവര്‍ വെല്ലുവിളിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top