03 February Friday

പ്രതീക്ഷയുണർത്തുന്ന കോവിഡ്‌ വാക്‌സിൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020


ലോകം നടുങ്ങിയ അനിശ്ചിതത്വങ്ങൾക്കും ഭയാശങ്കകൾക്കുമിടയിൽ ചെറുസാന്ത്വനമായി, ശാസ്‌ത്രലോകത്തിന്റെ  ഇടപെടലിലൂടെ കൊറോണ പ്രതിരോധ കുത്തിവയ്‌പ്‌ ഫലപ്രാപ്‌തിയിലേക്ക്‌. പ്രസിദ്ധ അമേരിക്കൻ മരുന്നുൽപ്പാദകർ ഫൈസറും ജർമൻ സംരംഭമായ ബയോൺടെക്കും സംയുക്തമായി  വികസിപ്പിച്ച വാക്‌സിൻ ബ്രിട്ടനിൽ ഉടൻ നൽകിത്തുടങ്ങും. അതോടെ കോവിഡിനെതിരെ പരീക്ഷിക്കുന്ന ഒരു ബ്രാൻഡ്‌ കുത്തിവയ്‌പുകളിലൊന്നിന്‌ ആദ്യം അംഗീകാരം നൽകുന്ന രാജ്യമായി ബ്രിട്ടൻ തലയുയർത്തി നിൽക്കും. അതിന്റെ വിജയസാധ്യത തെളിഞ്ഞ്‌  ഇതരയൂറോപ്യൻ ഭാഗങ്ങളിൽ അനുവദിക്കുന്നതുസംബന്ധിച്ച പ്രധാന തീരുമാനത്തിന്‌ യൂറോപ്യൻ യൂണിയൻ ആരോഗ്യമേധാവികൾ ഈ മാസം 29ന്‌ ഓൺലൈനിൽ കൂടിയാലോചനാ സമ്മേളനം ചേരാനിരിക്കുകയാണ്‌.

ഫൈസർ–- ബയോൺടെക്‌ വാക്‌സിന്‌ എംഎച്ച്‌ആർഎ (മെഡിസിൻസ്‌ ആൻഡ്‌ ഹെൽത്ത്‌കെയർപ്രോഡക്ട്‌സ്‌ റെഗുലേറ്ററി ഏജൻസി) പച്ചക്കൊടി വീശിയതിനെ തുടർന്നാണ്‌  ബ്രിട്ടൻ അനുമതി നൽകിയത്‌.  അത്‌ 95 ശതമാനത്തിലേറെ സുരക്ഷിതമാണെന്നും എല്ലാ മേഖലയിലും വയസ്സിലുംപെടുന്നവരിൽ ഫലപ്രദമാണെന്നും തെളിഞ്ഞെന്നാണ്‌  നിർമാതാക്കളുടെ അവകാശവാദം. രോഗസാധ്യത ഏറെയുള്ള  വിഭാഗങ്ങൾക്കാണ്‌ ആദ്യം  ലഭ്യമാക്കുക. ഇത്തരം വാക്‌സിൻ പട്ടികയിൽ ‘റേഗാ വാക്‌സ്‌’ ഇടംപിടിച്ചതും പ്രതീക്ഷാനിർഭരമാണ്‌. ഒറ്റ ഡോസിലൂടെ പ്രതിരോധശേഷി തിരിച്ചുപിടിക്കാമെന്നാണ്‌ ഉൽപ്പാദകരായ  ബൽജിയത്തിലെ റേഗാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം. റഷ്യയുടെ സ്‌ഫുട്‌നിക്‌ v ന്റെ പരീക്ഷണവിജയവും ആശ്വാസകരമാണ്‌.


 

വാക്‌സിൻ പരീക്ഷണങ്ങൾ  മിക്കതും അവസാന  നിലവാരത്തിലെത്തിയതോടെ കൂടിയാലോചനകൾ ആഗോളമായി പുരോഗമിക്കുകയാണ്‌. വികസ്വര രാജ്യങ്ങളിലെ ഏറ്റവും അത്യാവശ്യക്കാരായ ഇരുപത്‌ ശതമാനത്തിനെങ്കിലും ലഭ്യമാക്കാൻ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ)യുടെ മുൻകൈയിൽ ‘വാക്‌സിൻ സഖ്യം’ രൂപീകരിച്ചിട്ടുണ്ട്. എൺപതിനടുത്ത്‌  രാജ്യങ്ങൾ അതിൽ  ഭാഗഭാക്കായി. ഇന്ത്യ നിലപാട് അറിയിച്ചിട്ടില്ല. വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ മുൻഗണനാ പട്ടിക  തയ്യാറാക്കി ആർക്കൊക്കെ  പെട്ടെന്ന്‌ നൽകണം, എത്ര ഡോസ് ആവശ്യമാണ്‌‐ഇവ  സംബന്ധിച്ച്‌ തീരുമാനത്തിലെത്തണം. അപകടസാധ്യത ഏറിയ  വയോധികർക്കും ആരോഗ്യപ്രവർത്തകർക്കും ഗർഭിണികൾക്കും കുട്ടികൾക്കുമാകും പ്രഥമപരിഗണന. 

കുത്തകകളുടെ കോവിഡ് പ്രതിരോധമരുന്നുകളുടെ അമിതവില ചില പ്രധാന സാമ്പത്തിക‐ ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്‌. അപ്പോഴും ചില  രാജ്യങ്ങൾ അവ കുറഞ്ഞ നിരക്കിൽ  ലഭ്യമാക്കാൻ നടപടികളെടുക്കുന്നു.  ഭൂമുഖത്ത്‌  ഏറ്റവുമധികം രോഗബാധിതരുള്ള  രാജ്യങ്ങളിലൊന്നായി  ഇന്ത്യ മാറിക്കൊണ്ടിരിക്കവേ കേന്ദ്ര സർക്കാർ, നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് കോവിഡ് ഔഷധവില കുറയ്‌ക്കാൻ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. വാക്‌സിൻ ഗവേഷണത്തിൽ വിവിധ രാജ്യങ്ങൾക്കിടയിലെ  ആരോഗ്യകരമായ മത്സരം എതിർക്കപ്പെടേണ്ടതല്ല. പക്ഷേ,  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും  സ്വന്തം ജനങ്ങൾക്കുമാത്രം ലഭ്യമാക്കാൻ ലക്ഷ്യമിട്ടും ഗവേഷണത്തിലേർപ്പെടുന്ന  സങ്കുചിത “വാക്സിൻ ദേശീയത’യ്‌ക്കെതിരെ ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. ചുരുക്കം  രാജ്യങ്ങൾ ഔഷധ കുത്തകകളുമായി തിടുക്കത്തിൽ മുൻകൂർ കരാർ ഒപ്പിട്ട്‌ വാക്‌സിനാകെ കൈക്കലാക്കാനും  ശ്രമം നടത്തുന്നു.

പരീക്ഷണങ്ങളുടെ മൂന്നാംഘട്ടത്തിൽ സുരക്ഷയാണ് പ്രധാനം. ഒരു രോഗിയിൽ അപ്രതീക്ഷിത  രോഗം കണ്ടതിനെത്തുടർന്ന് ഓക്‌സ്‌ഫഡ്‌ വാക്‌സിൻ ഗവേഷണം താൽക്കാലം  നിർത്തുകയുണ്ടായി. പരിശോധനയിൽ വാക്‌സിനല്ല കാരണമെന്ന് മനസ്സിലായപ്പോൾ അത്‌  തുടർന്നു. ഏത് രാജ്യമായാലും പരീക്ഷണത്തിൽ നിർബന്ധമായും പാലിക്കേണ്ട അംഗീകൃത മാനദണ്ഡങ്ങളുണ്ട്‌. അവ പാലിച്ചില്ലെങ്കിൽ ജനലക്ഷങ്ങളിൽ പ്രയോഗിച്ച് തുടങ്ങുമ്പോൾ താങ്ങാനാകാത്ത പ്രത്യാഘാതമായിരിക്കും. വാക്‌സിൻ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും.  അതിനാൽ അതീവ സാമൂഹ്യജാഗ്രതയോടെയാകണം ഗവേഷണങ്ങൾ.

ജനസംഖ്യ, ദാരിദ്ര്യം, പേറ്റന്റ്‌ നിയമം, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തത തുടങ്ങിയ പ്രശ്‌നങ്ങൾ ഇന്ത്യയിൽ വാക്‌സിൻ പ്രയോഗത്തിലെ തടസ്സങ്ങളാണ്‌. മറ്റൊന്ന്‌ സാങ്കേതികമാണ്‌.  ഇന്ത്യയിലും ചില വാക്‌സിൻ ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്‌. അതിൽ ഓക്‌സ്‌ഫഡ്‌ ‐സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിൻ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ്‌. റഷ്യയുടെ സ്‌ഫുട്‌നിക്‌ v യും ഈ പരീക്ഷണഘട്ടത്തിലുണ്ട്‌. കോവിഡ്‌ വാക്‌സിൻ ഏതാനും ആഴ്‌ചകൾക്കുള്ളിൽ വിതരണത്തിന്‌ തയ്യാറാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച സർവകക്ഷിയോഗത്തെ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ വാക്‌സിൻ സംഭരണം നടത്തുമെന്നും വിലനിർണയ ചർച്ചകൾ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌.

എന്നാൽ, ചർച്ചകൾക്കുപരി കേന്ദ്രത്തിൽനിന്ന്‌ തുടർച്ചയായ സാമ്പത്തിക പിന്തുണയാണ്‌  അത്യാവശ്യം. കോവിഡ്‌ കാലത്തുപോലും സാധാരണക്കാരിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന മോഡി ഭരണത്തിൽനിന്ന്‌ അങ്ങനെ പ്രതീക്ഷിക്കാനാകുമോ? പകർച്ചവ്യാധി ഘട്ടങ്ങളിൽ വാക്‌സിൻ സൗജന്യമായി വിതരണംചെയ്‌ത ചരിത്രം പ്രധാനമന്ത്രി  ഓർക്കാനും ഇടയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top