25 March Saturday

സഹകരണ പ്രസ്ഥാനത്തെ തകർക്കരുത്

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022


ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിന്റെ വികസനാനുഭവങ്ങൾ പലതരത്തിൽ അദ്വിതീയമാണ്. വികസന വിജ്ഞാന സാഹിത്യത്തിൽ കേരളത്തെപ്പോലെ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു ഭൂപ്രദേശമില്ലെന്ന്  പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, സാർവത്രിക സാക്ഷരത, ഉയർന്ന ആയുർദൈർഘ്യം, താഴ്ന്ന ശിശുമരണനിരക്ക്, ജന്മിത്തത്തെ തകർത്തെറിഞ്ഞ ഭൂപരിഷ്കരണം, അടിസ്ഥാനാവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യക്ഷമമായ പൊതുമേഖലാ സംവിധാനങ്ങളുടെ സജീവവും വ്യാപകവുമായ സാന്നിധ്യം, നാട്ടിൻപുറവും നഗരവും തമ്മിൽ വലിയ അന്തരമില്ലാത്ത സാഹചര്യം തുടങ്ങി ലോകത്തിലെ സമ്പന്നരാജ്യങ്ങളോടുപോലും കിടപിടിക്കുന്ന കേരളത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. വൻകിട വ്യവസായവൽക്കരണമില്ലാതെ ഇത്രയേറെ മാനവീയ നേട്ടങ്ങൾ കൈവരിച്ച ഒരു സമൂഹം ലോക ചരിത്രത്തിൽത്തന്നെ അപൂർവമാണെന്ന് ഈ മേഖലയിൽ പഠനം നടത്തിയ ഒട്ടേറെ വിദഗ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മുന്നേറ്റത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനവും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ഇന്നിപ്പോൾ,  പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും സാമൂഹ്യസുരക്ഷയും ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം സമൂലമാറ്റവും ഉറപ്പാക്കി കേരളം സർവതല സ്പർശിയായ വികസനത്തിലേക്ക് കുതിക്കുമ്പോൾ സഹകരണമേഖലയും അതിൽ വലിയ പങ്കുവഹിക്കുന്നു. സഹകരണമേഖലയുടെ ഈ സാന്നിധ്യം നിസ്വരായ, സാധാരണക്കാരായ ജനകോടികൾ തൊട്ടറിയുന്നുണ്ട്.

ഈയൊരു സാഹചര്യത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഒരു കാര്യം കേരള സമൂഹം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. നാടിന്റെ വികസനത്തിന് വലിയ സംഭാവന നൽകുന്ന സഹകരണപ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ  പദ്ധതിക്കെതിരെ ജാഗ്രത വേണമെന്നാണ് പാർടി ജനങ്ങളോട് അഭ്യർഥിച്ചിട്ടുള്ളത്.  രാജ്യത്തിന്റെ ധനമേഖലയെ ധനമൂലധന ശക്തികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്ര ബിജെപി ഭരണത്തിൽ തുടർച്ചയായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. രണ്ടര ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും അത്രതന്നെ വായ്പയുമുള്ള കേരളത്തിന്റെ  സഹകരണ മേഖലയിൽ കോർപറേറ്റുകളുടെയും കേന്ദ്രത്തിന്റെയും കണ്ണ് പതിയാൻ തുടങ്ങിയിട്ട് കുറേ നാളായി. സഹകരണ പ്രസ്ഥാനത്തെ തകർത്താൽ കേരളത്തിന്റെ ഭദ്രമായ അടിത്തറകളിലൊന്ന് തകർക്കാൻ കഴിയുമെന്ന് കേന്ദ്ര ഭരണവും സംഘപരിവാറും കരുതുന്നു. അടുത്ത ദിവസങ്ങളിൽ, സഹകരണ പ്രസ്ഥാനത്തെ മുൻനിർത്തി ബിജെപിയും കോൺഗ്രസും ഒരു വിഭാഗം  മാധ്യമങ്ങളും നടത്തുന്ന വ്യാപകമായ കള്ളപ്രചാരണങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്തുതകൾ മറച്ചുവച്ചാണ് പ്രചാരണം.

ഏതു മേഖലയിലുമെന്നപോലെ സഹകരണമേഖലയിലും മോശമായി പ്രവർത്തിക്കുന്ന ചില സംഘങ്ങളുമുണ്ട്. തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്ക് അത്തരത്തിലൊന്നാണ്.  അത്തരം സംഘങ്ങൾ നന്നാക്കുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് സഹകരണ നിയമത്തിലും ചട്ടങ്ങളിലും വ്യവസ്ഥയുണ്ട്. അത് നടപ്പാക്കുന്നതിനൊപ്പം, ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെ, വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷതയോടെ കുറ്റവാളികൾക്കെതിരെ നടപടിയെടുത്തു. ബാങ്ക് ഭരണസമിതിയെ കൈയോടെ പിരിച്ചുവിട്ടു. ഇക്കാര്യത്തിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരലംഭാവവും ഉണ്ടായിട്ടില്ല. പരാതിക്കാർക്ക് ഇതിനകം 38.75 കോടി രൂപ നൽകി.  നിക്ഷേപകരുടെ നയാ പൈസയും നഷ്ടപ്പെടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ആണ്, സഹകരണ  പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢാലോചനകൾക്ക് ചൂട്ടുപിടിക്കുന്നത്. 

ശക്തമായ ബാങ്കിങ് മേഖലയ്‌ക്കൊപ്പം കയർ, കൈത്തറി, മത്സ്യ സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ തുടങ്ങി ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട വലിയൊരു ശൃംഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. സ്വാതന്ത്ര്യത്തിനു മുമ്പേതന്നെ ഇവിടെ വേരുറച്ച സഹകരണ പ്രസ്ഥാനം കാലത്തിനു മുമ്പേതന്നെ സഞ്ചരിച്ച് മുന്നേറി. വിത്തും വളവും വിതരണം ചെയ്യുന്ന സംഘങ്ങളിൽത്തുടങ്ങി കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചും ഐടി മേഖലയിലെ പുതിയ വഴികളിലൂടെ മുന്നേറിയും ലോകോത്തര വൻകിട നിർമാണ കമ്പനികളോട് കിടപിടിച്ചും തലയുയർത്തി നിൽക്കുകയാണ് നമ്മുടെ സഹകരണ സ്ഥാപനങ്ങൾ. ഈ മുന്നേറ്റങ്ങൾക്കൊപ്പവും സാധാരണക്കാർക്കൊപ്പവുംനിന്ന് അവർക്ക് കൈത്താങ്ങാകുന്നു. അതിവർഷവും പ്രളയവും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും ദുരിതങ്ങളും മുറിച്ചുകടക്കാൻ സഹകരണ പ്രസ്ഥാനം മുൻനിരയിലുണ്ടായിരുന്നു. കെയർ ഹോം പദ്ധതിയിലൂടെ നിർമിച്ചുനൽകിയ വീടുകൾ ആ ഇടപെടലിന്റെ സാക്ഷ്യപത്രങ്ങൾ.

ഇങ്ങനെ കരുത്തോടെ നിലകൊള്ളുന്ന സഹകരണമേഖലയുടെ സാമ്പത്തികശേഷി കോർപറേറ്റുകൾക്ക് അപഹരിക്കാൻ വഴിയൊരുക്കുകയാണ് മോദി ഭരണത്തിന്റെ താൽപ്പര്യം. 2020 സെപ്തംബറിൽ പാർലമെന്റിൽ പാസാക്കിയെടുത്ത ബാങ്കിങ് നിയമഭേദഗതിയുടെ പ്രധാന ഉള്ളടക്കം ഇതാണ്. സംസ്ഥാന വിഷയമായ സഹകരണം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള ഒരു പ്രത്യേക മന്ത്രാലയമാക്കിയതിനു പിന്നിൽ ഇത്തരം ഒട്ടേറെ അജൻഡകളുണ്ട്. ഒട്ടും ആലോചനയില്ലാതെ, അഥവാ ബോധപൂർവമായ രാഷ്ട്രീയതാൽപ്പര്യത്തോടെ സംഘപരിവാറിന്റെ ഈ അജൻഡകൾക്ക് അരുനിൽക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top