10 August Monday

തെരഞ്ഞെടുപ്പ‌് ലക്ഷ്യമാക്കിയുള്ള ഒത്തുകളി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019


അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഐ എം  കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ്‌ എംഎൽഎ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത‌് സ്വാഭാവികമായ അന്വേഷണത്തിന്റെയും നിയമനടപടിയുടെയും ഭാഗമായാണെന്ന് സ്ഥിരബുദ്ധിയുള്ള ആർക്കും കരുതാനാവില്ല.  സിബിഐ നടപടി തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള  ബിജെപി- –-കോൺഗ്രസ്  ഒത്തുകളിയുടെ  ഫലമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് മുസ്ലിംലീഗ് പ്രവർത്തകൻ ഷുക്കൂറിനെ ചെറുകുന്ന‌് കീഴറയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടത്.  ലോക്കൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി 2012 ആഗസ്ത് 23നു കുറ്റപത്രം സമർപ്പിച്ചതാണ്.  മുസ്ലിംലീഗുകാർ തകർത്ത അരിയിലെ  ഓഫീസ‌്  സന്ദർശിക്കാനെത്തിയ സിപിഐ എം നേതാക്കളെ ലീഗുകാർ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് യുഡിഎഫ് ഭരണം- മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും. 

ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തെ സിപിഐ എം നേതൃത്വത്തെ തകർക്കാനുള്ള ആയുധമാക്കി മാറ്റാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. അതിനുവേണ്ടി പൊലീസിനെ ദുരുപയോഗിച്ചു. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് "പാർടി കോടതിയുടെ ശിക്ഷയാണ് കൊലപാതകം’ എന്ന കഥ മെനഞ്ഞു പ്രചരിപ്പിച്ചു.   കമ്യൂണിസ്‌റ്റ്‌ വിരുദ്ധ മാധ്യമങ്ങളിൽ "പാർടി കോടതി" പ്രയോഗം കുത്തിനിറച്ചു. ആ കുപ്രചാരണത്തിനനുരോധമായ കേസ് നിർമിച്ചെടുക്കാൻ പൊലീസ് നിർബന്ധിക്കപ്പെട്ടു.  ഷുക്കൂറിനെ കൈകാര്യം ചെയ്യണമെന്ന‌് ആശുപത്രിയിൽ  സിപിഐ എം ലോക്കൽ സെക്രട്ടറി യു വി വേണു പറയുന്നത് പി ജയരാജനും ടി വി രാജേഷും കേട്ടെന്ന രണ്ട‌് ലീഗ‌് പ്രവർത്തകരുടെ വ്യാജസാക്ഷിമൊഴിയിലാണ് പൊലീസ് കേസ് കെട്ടിപ്പൊക്കിയത്.  കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞിട്ടും തടയാൻ ശ്രമിക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ലെന്നതിന‌് ഐപിസി 118–-ാം വകുപ്പുചുമത്തി പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്തു.

ആ കേസ് പക്ഷേ അതിന്റെ തുടക്കത്തിൽ തന്നെ പൊളിഞ്ഞു. തങ്ങൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പോയിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളിയായ പി ജയരാജനെ ആശുപത്രിയിൽ സന്ദർശിച്ചെന്നു പറയുന്നതുതന്നെ തങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്നും പൊലീസിന്  മൊഴി നൽകിയിട്ടില്ലെന്നും  അബു, സാബിർ എന്നീ ലീഗ് പ്രവർത്തകർ കോടതി മുമ്പാകെ വ്യക്തമാക്കി. സംഘർഷത്തിനിടെ  ഉണ്ടായ ഒരു മരണത്തെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചു, രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങൾക്ക് ഉപകരണമാക്കുന്ന യുഡിഎഫിന്റെ നീചവൃത്തിക്ക് ഏറ്റ തിരിച്ചടിയായിരുന്നു സാക്ഷികളുടെ ആ തുറന്നുപറച്ചിൽ.  പക്ഷേ, യുഡിഎഫ് നേതൃത്വം അതുകൊണ്ട് നിർത്തിയില്ല. ആ കേസ് വച്ചുള്ള കളി അവർ തുടർന്നുകൊണ്ടേയിരുന്നു.  ഷുക്കൂറിന്റെ ഉമ്മ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയിൽ എത്തിയപ്പോൾ, സ്വന്തം പൊലീസ് അന്വേഷിച്ച കേസിനെ തള്ളിപ്പറയുന്നവരുടെ മുൻപന്തിയിൽ യുഡിഎഫ് നേതാക്കളായിരുന്നു. സിബിഐയെ ഉപയോഗിച്ച് മറ്റു പല കേസുകളിലും എന്നപോലെ സിപിഐ എം നേതാക്കളെ കുടുക്കിക്കളയാമെന്ന മോഹമാണ് കോൺഗ്രസിനെ നയിച്ചത്.

സിബിഐ അന്വേഷിച്ച് എന്ത് പുതിയ കാര്യമാണ് കണ്ടെത്തിയതെന്ന‌് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. പൊലീസ് ജയരാജനും രാജേഷിനും എതിരെ ചാർത്തിയ 118  എന്ന വകുപ്പുപോലും നിലനിൽക്കില്ലെന്ന് വ്യക്തമായിരിക്കെയാണ്, ഗൂഢാലോചന എന്ന പുതിയ കുറ്റം ശൂന്യതയിൽനിന്ന് സിബിഐ സൃഷ്ടിച്ചിട്ടുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പേ, അത്തരമൊരു കള്ളക്കേസുണ്ടാക്കാൻ  സിബിഐക്ക‌് സാഹചര്യം ഒരുക്കിക്കൊടുത്തത് യുഡിഎഫ്  നേതൃത്വമാണ്. കേന്ദ്ര ഭരണകക്ഷി ഇരിക്കാൻ പറയുമ്പോൾ കമിഴ്ന്നുവീഴുന്ന ദാസ്യമനോഭാവമാണ് സിബിഐക്ക്. കേന്ദ്രം ഭരിക്കുന്ന ബിജെപി, കള്ളക്കേസ് സൃഷ്ടിക്കാൻ സിബിഐയെ പ്രേരിപ്പിച്ചതിലൂടെ യുഡിഎഫ് നേതൃത്വത്തിന്റെ ഇംഗിതം സാധിച്ചുകൊടുത്തിരിക്കുന്നു.- സിബിഐയെയും പൊലീസിനെയുംകൊണ്ട് വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നല്ല ശീലമുള്ളവരാണ് കോൺഗ്രസും ബിജെപിയും. സിപിഐ എമ്മിനെതിരെ അവരിരുവരും ഒന്നിച്ചിരിക്കുന്നു.

പി ജയരാജനെ 1999ലെ തിരുവോണ നാളിൽ കൊന്നുകളയാൻ കഴിയാത്തതിന്റെ നൈരാശ്യം ബിജെപിയും അംഗവൈകല്യം വന്നിട്ടും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും തളരാതെ ജയരാജൻ കണ്ണൂർ ജില്ലയിലെ സിപിഐ എമ്മിനെ നയിക്കുന്നതിന്റെ അസ്വസ്ഥത യുഡിഎഫും ഈ ഉപജാപത്തിലൂടെ പ്രകടമാക്കിയിരിക്കുന്നു. അതിലപ്പുറം രണ്ടു നേതാക്കളെ കേസിൽ കുടുക്കി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തെ തളർത്തിക്കളയാമെന്നും ഇരുകൂട്ടരും കണക്കുകൂട്ടുന്നു. പട്ടാമ്പിയിൽ ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസും ജനസംഘവും മുസ്ലിംലീഗും ഒന്നിച്ച‌് പൊതുസ്ഥാനാർഥിയെ നിർത്തിയ അനുഭവം കേരളത്തിന്റെ ഓർമയിലുണ്ട്. അതുകഴിഞ്ഞ‌് കോലീബി സഖ്യമുണ്ടായതും ശബരിമല വിഷയത്തിലടക്കം കോൺഗ്രസ് ബിജെപിയുടെ ബി ടീമാകുന്നതും നാം കണ്ടു. ഇപ്പോൾ സിപിഐ എം വേട്ടയ്‌ക്കും അവർ തോളോടു തോൾ ചേർക്കുന്നു. അതുകൊണ്ടാണ്, യുക്തിക്കും നിയമവ്യവസ്ഥയ്ക്കും നീതിന്യായ മര്യാദകൾക്കും നിരക്കാത്തവിധത്തിൽ ഒരു കേസിനെ മാറ്റിമറിച്ച‌് സിബിഐ കൊണ്ടുപോകുമ്പോൾ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ ആഹ്ലാദമുണ്ടാകുന്നത്. നിയമത്തിന്റെ നീതിയുക്തമായ പരിശോധനയിൽ ഈ കള്ളക്കേസുകൾ തകർന്നടിയും. എന്നാൽ, ഇത്തരം നഗ്നമായ അധികാര ദുർവിനിയോഗവും വ്യാജനിർമിതികളും എതിർക്കപ്പെടാതെ പൊയ്ക്കൂടാ. കേന്ദ്ര ഏജൻസികൾ തങ്ങളെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ഡൽഹിയിൽ ചെന്ന് നിലവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ പറയണം-  ഈ വേട്ടയാടൽ ഏതു ലക്ഷ്യം വച്ചാണെന്ന്.

കമ്യൂണിസ‌്റ്റ‌് പാർടിയെ തകർക്കാൻ ഇത്തരം അനേകം ഗൂഢാലോചനക്കേസുകൾ ചമച്ചതാണ‌് ചരിത്രം. ജർമൻ പാർലമെന്റ് മന്ദിരം കമ്യൂണിസ്റ്റുകാർ തീയിട്ടു എന്ന് വ്യാജ കഥയുണ്ടാക്കി കമ്യൂണിസ്റ്റ‌് വേട്ടയ്ക്ക് ആക്കംകൂട്ടിയ ഹിറ്റ്‌ലർ മുതൽ പെഷവാർ, കാൺപുർ, മീറത്ത‌് ഗൂഢാലോചനക്കേസുകൾ സൃഷ്ടിച്ച് സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ‌്റ്റ‌് മുന്നേറ്റം തകർക്കാൻ  ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വംവരെ. അതിലെ ഇങ്ങേയറ്റത്തെ കണ്ണിയായാണ് യുഡിഎഫ്-   –-ബിജെപി സംയുക്തത്തിന്റെ ആയുധമായി സിബിഐ നിൽക്കുന്നത്. ഈ കൂട്ടരുടെ താല്പര്യം തിരിച്ചറിയപ്പെടുകയും രാഷ്ട്രീയ  ദുഷ്ടലാക്ക് തുറന്നുകാട്ടപ്പെടുകയും വേണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top