03 December Friday

തമ്മിലടിച്ച്‌ തകരുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 30, 2021

രാജ്യത്താകെ വേരുകളുണ്ടായിട്ടും തകർച്ചയുടെ നെല്ലിപ്പടിയിലേക്ക്‌ അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്‌ കോൺഗ്രസ്‌. 135 വർഷം മുമ്പ്‌ രൂപംകൊണ്ട ഈ പാർടി, സ്വാതന്ത്ര്യത്തിന്റെ 75–-ാം വർഷത്തിലേക്ക്‌ കടക്കവെ തന്നെ മരണശയ്യയിലായിരിക്കുന്നു. പതുക്കെ പതുക്കെയാണെങ്കിലും കോൺഗ്രസിന്റെ മരണം ആസന്നമാണെന്ന്‌ പല ദേശീയ മാധ്യമങ്ങളും പ്രവചിക്കുകയാണ്‌. രണ്ടു വർഷമായി ഒരു അധ്യക്ഷനില്ലാത്ത ദേശീയ കക്ഷിയാണ്‌ ഇത്‌. ലോകത്ത്‌ ഒരു രാഷ്ട്രീയകക്ഷിക്കും ഇത്തരമൊരു പരിതാപകരമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന്‌ പറയാനാകില്ല. സ്വാതന്ത്ര്യാനന്തരം ഭൂരിപക്ഷം സംസ്ഥാനത്തും ഭരണം കൈയാളിയിരുന്ന കോൺഗ്രസിന്‌ ഇന്ന്‌ മൂന്നിടത്താണ്‌ അധികാരമുള്ളത്‌. അവിടെയും അത്‌ നിലനിർത്താനല്ല മറിച്ച്‌ നഷ്ടപ്പെടുത്താനുള്ള അധികാര വടംവലിയാണ്‌ നടക്കുന്നത്‌.

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റിയേ അടങ്ങൂവെന്ന പിടിവാശിയിലാണ്‌ പിസിസി അധ്യക്ഷൻ സിദ്ദു. വർഷങ്ങളായി തുടരുന്ന ചേരിപ്പോരിന്‌ അറുതിവരുത്താനാണ്‌ ഹൈക്കമാൻഡ്‌ സിദ്ദുവിനെ അടുത്തിടെ പിസിസി അധ്യക്ഷനാക്കിയത്‌. എന്നാൽ, അതുകൊണ്ടും തൃപ്‌തനാകാതെ മുഖ്യമന്ത്രിപദവി ലക്ഷ്യമിട്ട്‌ കരുക്കൾ നീക്കുകയാണ്‌ സിദ്ദു. അമരീന്ദർ മന്ത്രിസഭയിലെ നാലു മന്ത്രിമാരെ മുൻനിർത്തി ഇരുപതോളം എംഎൽഎമാരുടെ പ്രത്യേകയോഗം ചേർന്ന്‌ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാണ്‌ സിദ്ദുവിന്റെ ആവശ്യം. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിലും അമരീന്ദർ സിങ് തന്നെയായിരിക്കും കോൺഗ്രസിനെ നയിക്കുകയെന്ന്‌ കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലാണ്‌ അധികാരവടംവലി. തന്നെ പിന്തുണയ്‌ക്കുന്നവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണമെന്നാണ്‌ സച്ചിന്റെ അന്ത്യശാസനം. ഹൃദ്‌രോഗത്തെ തുടർന്ന്‌ ഗെലോട്ട്‌ ആശുപത്രിയിലായതിനാൽ പ്രതിസന്ധി നീട്ടിവയ്‌ക്കപ്പെട്ടെന്ന്‌ മാത്രം. ‘വഞ്ചകരെ’ പിന്തുണച്ചാൽ ‘ഭരണപക്ഷക്കാർ’ കോപിക്കുമെന്ന ഭയമാണ്‌ ഹൈക്കമാൻഡിനെ വേട്ടയാടുന്നത്‌. ഛത്തീസ്‌ഗഢിലാകട്ടെ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഘേലും ആരോഗ്യ മന്ത്രി ടി എസ്‌ സിങ്ദേവും തമ്മിലാണ്‌ പോര്‌. 15 വർഷത്തിനുശേഷം 2018ൽ അധികാരം ലഭിച്ചവേളയിൽ മഖ്യമന്ത്രി പദം ഇരുവർക്കുമായി രണ്ടരവർഷംവീതം പങ്കുവയ്‌ക്കാമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്‌ദാനമാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണം.

അധികാരമുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, അതില്ലാത്തിടത്തും സ്ഥാനമാനം നേടാനുള്ള അടി കോൺഗ്രസിൽ തുടരുകയാണ്‌. കർണാടകത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ്‌ പോര്‌. അടുത്ത മുഖ്യമന്ത്രിസ്ഥാനമാണ്‌ ഇരുവരും കൊതിക്കുന്നത്‌. മഹാരാഷ്ട്രയിലാകട്ടെ പിസിസി അധ്യക്ഷൻ നാന പടോലെ കോൺഗ്രസ്‌ കൂടി ഉൾപ്പെട്ട മഹാവികാസ്‌ അഘാഡി സർക്കാരുമായി നിരന്തരമായ പോരിലാണ്‌. ഗോവയിൽ രാഹുൽ നിയമിച്ച പിസിസി അധ്യക്ഷനെയും നിയമസഭാ കക്ഷി നേതാക്കളെയും മാറ്റണമെന്നാണ്‌ മുൻ മുഖ്യമന്ത്രിമാരും മുൻ പിസിസി അധ്യക്ഷന്മാരും ആവശ്യപ്പെടുന്നത്‌. ഗുജറാത്തിലും സമാനമായ സ്ഥിതിവിശേഷമാണ്‌ ഉള്ളത്‌. ഹരിയാനയിലാകട്ടെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും പിസിസി അധ്യക്ഷ ഷെൽജയും തമ്മിൽ തുറന്ന പോരാണ്‌. മകൻ ദീപീന്ദർ ഹൂഡയെ പിസിസി അധ്യക്ഷനാക്കണമെന്നാണ്‌ ഭൂപീന്ദർ സിങ്ങിന്റെ ആവശ്യം. കശ്‌മീരിലാകട്ടെ ഗുലാംനബി ആസാദിനെ തളയ്‌ക്കാൻ അദ്ദേഹത്തിന്റെ വിമർശകനായ ഗുലാം മുഹമ്മദ്‌ മീറിനെ പിസിസി പ്രസിഡന്റാക്കിയിരിക്കുകയാണ്‌ ഇപ്പോൾ. കേരളത്തിലും സമാനമായ അധികാര വടംവലിയാണ്‌ നടക്കുന്നത്‌. അതായത്‌ കശ്‌മീർ മുതൽ കേരളം വരെയുള്ള എല്ലാ സംസ്ഥാനത്തും കോൺഗ്രസിൽ പ്രശ്‌നങ്ങളാണ്‌. എന്നാൽ, ഇത്‌ പരിഹരിക്കാനാവശ്യമായ കേന്ദ്രനേതൃത്വം ഇല്ലതാനും. രാഷ്ട്രീയ ജഡാവസ്ഥയാണ്‌ ഇന്നത്തെ കോൺഗ്രസിന്റെ മുഖമുദ്ര. കഴിഞ്ഞവർഷം ആഗസ്‌തിൽ കപിൽ സിബലിന്റെയും ഗുലാംനബി ആസാദിന്റെയും നേതൃത്വത്തിലുള്ള ജി 23 ഗ്രൂപ്പ്‌ പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇതാണ്‌. സജീവവും കൂട്ടായതുമായ നേതൃത്വമാണ്‌ വേണ്ടത്‌. കോൺഗ്രസിന്‌ ഇപ്പോൾ ഇല്ലാത്തതും അതാണ്‌.

കോൺഗ്രസിൽ എല്ലാ പദവിയും നോമിനേറ്റഡാണ്‌. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ അന്യമായിട്ട്‌ ദശാബ്ദങ്ങൾ പിന്നിട്ടു. ‘ഗാന്ധി കുടുംബം നോമിനേറ്റ്‌ ചെയ്യുന്നു, ഞങ്ങൾ അണികൾ പിന്തുണയ്‌ക്കാം’ എന്നതാണ്‌ കോൺഗ്രസ്‌ രീതി. ഇപ്പോൾ നടക്കുന്ന വടംവലികൾ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നുണയുന്നതിനും സ്ഥാനമാനങ്ങളും പദവികളും നേടുന്നതിനും വേണ്ടിയുള്ളതാണ്‌. ഒരു പ്രത്യയശാസ്‌ത്ര പരിവേഷവും ഇതിനില്ല.

കോൺഗ്രസിന്റെ 100–-ാം വാർഷികാഘോഷവേളയിൽ 1985 ഡിസംബർ 28ന്‌ മുംബൈയിൽ നടത്തിയ പ്രസംഗത്തിൽ രാജീവ്‌ ഗാന്ധി പറഞ്ഞത്‌ കോൺഗ്രസുകാർ ഇന്ന്‌ ഓർമിക്കുന്നുണ്ടാകില്ല. ‘ദേശീയത, മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ്‌ മഹത്തായ ഈ രാജ്യത്തിന്റെ പ്രത്യയശാസ്‌ത്രം. എന്നാൽ, അത്‌ ജനങ്ങളിൽ എത്തിക്കണമെന്ന കാര്യം കോൺഗ്രസ്‌ പ്രവർത്തകർ മറന്നു.’ പ്രത്യയശാസ്‌ത്ര വ്യക്തതയും കൂറും ഇല്ലാത്തതാണ്‌ പ്രവർത്തകരെ അധികാരംമാത്രം തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിൽ നേതൃപരമായ പങ്കുവഹിച്ച പാർടി ആ സമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉപേക്ഷിച്ചതാണ്‌ ഇന്നത്തെ ദുർഗതിക്കുള്ള കാരണം. ഹിന്ദുത്വ വർഗീയതയെ തോൽപ്പിക്കാൻ അതിന്റെ ചിഹ്നങ്ങളും അടയാളങ്ങളും തന്നെ വാരിപ്പുണരുമ്പോൾ ജ്യോതിരാദിത്യ സിന്ധ്യമാരും ജിതിൻ പ്രസാദമാരും ഇനിയും ഉണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top