03 February Friday

കോൺഗ്രസും ബിജെപിയും ഒരേതൂവൽപ്പക്ഷികൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019


റോബർട്ട‌് വധ്രയ‌്ക്ക‌്  അഴിമതി അല്ലെങ്കിൽ അമിതമായ ധനസമ്പാദനം നടത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ബന്ധുക്കൾ നയിക്കുന്ന കക്ഷിയായ കോൺഗ്രസ് കേന്ദ്ര ഭരണത്തിലിരുന്നു എന്നതുകൊണ്ടാണ്. മറ്റൊരു വശത്ത്, യുപിഎ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ്  മറ്റൊരു കേസിൽ ചോദ്യംചെയ്യുകയാണ്.  അതും കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് തന്നെ.  ചിദംബരത്തിന്റെ  മകൻ കാർത്തി ചിദംബരം ജാമ്യത്തിലാണ്.  ഐഎൻഎക‌്സ‌് മീഡിയക്ക‌്  വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ്  അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ്  കേസ്.  ചിദംബരം ധനമന്ത്രിയായിരിക്കെയാണ്  ആ കമ്പനിക്ക് വഴിവിട്ട്  305 കോടിരൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയത്.

യുപിഎ  സർക്കാരിനെ ജനങ്ങൾ താഴെയിറക്കിയത് കൊടിയ അഴിമതി സഹിക്കാൻപറ്റാതെ വന്നപ്പോഴാണ്. ഇന്ന് ഭരണം നഷ്ടപ്പെട്ട‌് അഞ്ചുവർഷം തികയുമ്പോൾ ബിജെപി സർക്കാരിന്റെ  അഴിമതിയെക്കുറിച്ചും കൊള്ളരുതായ്മകളെക്കുറിച്ചും കോൺഗ്രസ് സംസാരിക്കുന്നു. സ്വന്തം മുഖം മറച്ചുവയ‌്ക്കാൻ ശ്രമിക്കുന്നു. ഇരുകക്ഷികളും അഴിമതിക്കാര്യത്തിൽ ഒട്ടും വ്യത്യസ‌്തരല്ല എന്നതാണ് വസ‌്തുത. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ച സാമ്പത്തികനയത്തിന്റെ  കാര്യത്തിൽ കോൺഗ്രസിനെയാണ്  ബിജെപി പിന്തുടരുന്നത്.  നരസിംഹറാവുവിന് പിന്നാലെ വാജ്പേയിയും മൻമോഹൻസിങ്ങിന് പിന്നാലെ നരേന്ദ്ര മോഡിയും തുടർന്നതും തുടരുന്നതും  ഒരേനയം തന്നെയാണ്. മുൻഗണന എല്ലാ ഘട്ടത്തിലും ലഭിച്ചത് വൻകിട കുത്തകകൾക്കാണ്.  അവഗണിക്കപ്പെടുന്നത‌് ദരിദ്ര ജനകോടികളാണ്. 

സാമ്പത്തികനയങ്ങളിൽ ബിജെപിയുമായി സാമ്യം നിലനിൽക്കുമ്പോഴും തങ്ങൾ മതനിരപേക്ഷ പാർടിയാണ് എന്ന‌്  കോൺഗ്രസ് ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്.  പക്ഷേ, വർഗീയതയുടെ കാര്യത്തിൽ ബിജെപിയോട് മത്സരിക്കുന്ന പാർടിയാണ് കോൺഗ്രസ് എന്നത് തർക്കമറ്റ വസ‌്തുതയാണ‌്.  സമീപനാളുകളിൽത്തന്നെ അനേകം ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നു.  ഉത്തരേന്ത്യയിൽ ഹിന്ദുക്കളുടെ വോട്ട് നേടുന്നതിന് ബിജെപിയെക്കാൾ കടുത്ത വർഗീയ സമീപനം കോൺഗ്രസ് എടുക്കുന്നു.  മഹാരാഷ്ട്രയിലെ  ഭീമ കൊറേഗാവ്  ദളിത് -സവർണഹിന്ദു സംഘർഷത്തിന്റെ  തുടർച്ചയായി ദളിത് വിഭാഗത്തിലെ പ്രമുഖ ഗവേഷകരെയും അധ്യാപകരെയും മറ്റും തീവ്രവാദികളെന്ന് മുദ്രകുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന കിരാതനടപടികളെ എതിർക്കാൻ കോൺഗ്രസ്  തയ്യാറാകുന്നില്ല. സംഘ പരിവാർ അജൻഡയ‌്ക്കൊപ്പമാണ‌് കോൺഗ്രസ് നിലകൊള്ളുന്നത്.

ഉത്തർപ്രദേശിൽ  ബിജെപിക്കെതിരെ സമാജ്‌വാദി പാർട്ടിയും ബിഎസ‌്പിയും സഖ്യം ഉണ്ടാക്കിയപ്പോൾ  അതിൽനിന്ന് മാറിനിൽക്കുകയാണ് കോൺഗ്രസ്. ബിജെപി  മുഖ്യശത്രുവാണ് എന്ന് പറയുമ്പോഴും വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്താനോ  മതനിരപേക്ഷതാ സമീപനം ഉയർത്തിപ്പിടിക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ല.  കേരളത്തിൽ  ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോൾ ബിജെപിയുടെ ഉപഘടകമെന്നപോലെ കോൺഗ്രസ്  പ്രവർത്തിക്കുന്നതാണ് കണ്ടത്. ഏറ്റവുമൊടുവിൽ  സംസ്ഥാനത്തെ  വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിൽ ബിജെപിയുമായി കൈകോർത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അട്ടിമറിക്കാനും തകർക്കാനും കോൺഗ്രസ് പ്രത്യക്ഷമായിത്തന്നെ മുന്നിട്ടിറങ്ങുകയാണ്.  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി   വ്യക്തിപരമായി താൻ ഒപ്പമില്ല എന്ന്  വ്യക്തമാക്കിയ നിലപാടാണ് ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. 

അഴിമതി- ക്രമക്കേട് കേസുകളിൽ റോബർട്ട് വധ്രയും പി ചിദംബരവും ചോദ്യംചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം കോൺഗ്രസ് എന്തേ നന്നാകാത്തത‌് എന്ന‌ു തന്നെയാണ്. അഴിമതിക്കറ പുരളാതെ നിൽക്കാൻ പറ്റും എന്ന് എങ്ങനെ കോൺഗ്രസിന് പറയാനാകും?   മധ്യപ്രദേശിൽ ഉൾപ്പെടെ ബിജെപിയെക്കാൾ തീവ്രമായ ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് എങ്ങനെ കോൺഗ്രസ‌് ന്യായീകരിക്കും?  കേരളത്തിൽ സംഘപരിവാറിന് കുടചൂടി കൊടുക്കുന്നതിന‌് എന്ത് വിശദീകരണമാണ്‌ കോൺഗ്രസിന് നൽകാനുള്ളത്?  ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ  രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റ് ചില കക്ഷികളുടെ പിന്തുണയോടെയും ഛത്തീസ്ഗഢിൽ തനിച്ചും  വിജയിക്കാൻ കഴിഞ്ഞതിന്റെ ബലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസ് ആദ്യം സ്വയം ചികിത്സിക്കേണ്ടതുണ്ട്. അഴിമതിക്കറ പുരണ്ടതും വർഗീയപ്രീണനത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്നതുമായ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള കരുത്ത‌് ജനങ്ങൾക്കുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയാത്തത‌് വിവേകശൂന്യതയല്ല- നിലപാടിന്റെ പ്രശ്നമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top