03 June Saturday

കോൺഗ്രസിന് തെലങ്കാനയിൽനിന്നൊരു മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 22, 2018


ബിജെപിക്കും ആർഎസ്‌എസിനും പിൻപാട്ടുപാടി ശബരിമലയിലേക്ക്‌ ചുവടുവയ‌്ക്കുന്ന കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ശ്രദ്ധയോടെ വായിക്കേണ്ട ഒരു വാർത്ത ബുധനാഴ‌്ചത്തെ ദേശീയപത്രങ്ങളിലുണ്ട്‌. തെലങ്കാനയിൽനിന്നാണ്‌ വാർത്ത. അവിടെ മുസ്ലിം നേതാക്കൾ പടലപടലയായി പാർടി വിടുകയാണ്‌. എഐസിസി ദേശീയ ന്യൂനപക്ഷവിഭാഗം കോ ഓർഡിനേറ്റർ അടക്കം പ്രമുഖരാണ്‌ രാജിവച്ചത്‌. ഇവർ പല പാർടികളിൽ ചേരുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ കോൺഗ്രസിൽനിന്ന്‌ നേതാക്കൾ കൂറുമാറുന്നതിൽ പുതുമയൊന്നുമില്ല. പക്ഷേ ഇവിടെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചാണ്‌ ഈ നേതാക്കൾ പാർടിവിട്ടത്‌. തെലങ്കാനയിലെ പാർടിയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും കാക്കിധരിച്ച സംഘികളാണെന്നാണ്‌ അവർ ചൂണ്ടിക്കാട്ടുന്നത്‌. മുസ്ലിങ്ങളോടുള്ള സമീപനത്തിൽ ബിജെപിയുടെ  പാതയിലാണ്‌ കോൺഗ്രസെന്നും അവർ ആരോപിക്കുന്നു.

കോൺഗ്രസ്‌ നേതാക്കൾ നിരനിരയായി ബിജെപിയിലേക്ക്‌  ഒഴുകുന്ന പ്രതിഭാസം പല സംസ്ഥാനത്തും ഏറെക്കാലമായുണ്ട്‌. ഇങ്ങനെ പോയവരിൽ പലരെയും ബിജെപി നേതൃനിരയിൽ ഇന്നുകാണാം. എന്നാൽ, തെലങ്കാനയിൽ കാണുന്നത്‌ ഇതിന്റെ മറുവശമാണ്‌. കോൺഗ്രസ്‌ പാർടി തന്നെ ഹിന്ദുവർഗീയതയുടെ പിടയിലമരുന്നു എന്ന ആരോപണം ഉയർത്തി ഒരു പറ്റം നേതാക്കൾ പാർടിവിടുന്നത്‌ അപൂർവതയാണ്‌. ഇത്‌ ഒരാപത്തിന്റെ മുന്നറിയിപ്പാണ്‌. എന്തെല്ലാം വിമർശനം ഉയർത്തുമ്പോഴും ഒരു മതനിരപേക്ഷ കക്ഷി എന്ന നിലയിലാണ്‌ കോൺഗ്രസിനോട്‌ ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാർ സംവദിക്കാറുള്ളത്‌. മതസംഘടനകളെ മാറിമാറി പ്രീണിപ്പിച്ച്‌ അധികാരം നിലനിർത്താൻ അടവുകൾ പലതും പയറ്റിയപ്പോഴും അവരെ വർഗീയ പാർടിയെന്ന്‌ ആരും വിളിച്ചിട്ടില്ല. പക്ഷേ ഇന്ന്‌ ആ വിളിയും കോൺഗ്രസിന്‌ നേരിടേണ്ടിവരുന്നു. തെലങ്കാനയിൽ കേട്ടത്‌ അതാണ്‌. അതും സ്വന്തം പാർടിയിൽ ദീർഘകാലമായി നേതൃനിരയിലുള്ളവരാണ്‌ ആരോപണം ഉയർത്തിയതെന്നും കാണാതിരുന്നുകൂടാ. വർഗീയതയുടെ വഴിയേ ഉള്ള കോൺഗ്രസിന്റെ പദയാത്രയുടെ വികൃതരൂപം കേരളത്തിലെ തെരുവുകളിൽ നിറയുമ്പോൾ ആ വാർത്തയ്‌ക്ക്‌ പ്രാധാന്യമേറുകയാണ്‌.

ശബരിമല വിഷയത്തിൽ അവ്യക്തതയൊന്നുമില്ല. ഈ ആരാധനാലയത്തിൽ നിലനിന്ന സ്‌ത്രീവിവേചനം അവസാനിപ്പിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ ഉത്തരവിടുന്നു. ഇതിനോട്‌ വിശ്വാസികളിൽ ഒരു വിഭാഗത്തിന്‌ എതിർപ്പുണ്ട്‌. ഇത്‌ സ്വാഭാവികം. എന്നാൽ, ഈ എതിർപ്പിനെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന പ്രശ്‌നം വരുമ്പോൾ ഒരു മതനിരപേക്ഷ പാർടി പുലർത്തേണ്ട ജാഗ്രതയുണ്ട്‌. കോൺഗ്രസിന്‌ ഈ  ജാഗ്രതയാണ്‌ കേരളത്തിൽ കൈമോശം വന്നത്‌. ഇങ്ങനെയൊരു വിഷയത്തിൽ വ്യത്യസ്‌താഭിപ്രായം പ്രകടിപ്പിക്കുന്നതുപോലും മനസ്സിലാക്കാം. എന്നാൽ, അതല്ലല്ലോ കോൺഗ്രസ്‌ ചെയ്‌തത്‌. ബിജെപി നേതാക്കളുടെ ശരീരഭാഷയും വിഷവാക്കുകൾപോലും പകർത്തി നിറഞ്ഞാടുകയായിരുന്നില്ലേ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ.

ബിജെപി നേതാക്കൾതന്നെ പറഞ്ഞതുപോലെ, ഒരു വർഗീയ പാർടിക്ക്‌ ഇത്തരമൊരു വിഷയം ‘സുവർണാവസര’മാണ്‌. മനുഷ്യമനസ്സിൽ ഭിന്നതയുടെ വിത്തിടാനും ഭക്തിയുടെ മറവിൽ ജനങ്ങളെ രാഷ്ട്രീയമായി ചേരിതിരിക്കാനും അവർ ശ്രമിക്കും. അതേവഴി കോൺഗ്രസും സ്വീകരിച്ചു. ബിജെപിയുടെ എല്ലാ സമരപരിപാടികളും അവർ മിമിക്രി താരങ്ങളെപോലെ അനുകരിച്ചു. സ്വാമിശരണം മുഴക്കി സമരം നടത്തി. ഈ നാടകത്തിന്റെ അന്ത്യരംഗങ്ങളിലൊന്ന്‌ ചൊവ്വാഴ‌്ച സന്നിധാനത്ത്‌ കണ്ടു. ബിജെപി ‐ ആർഎസ്‌എസ്‌ നേതാക്കൾ അക്രമത്തിനുപോയ വഴിയേ ചെന്ന്‌ ‘‘അവരെ അറസ്റ്റ‌് ചെയ്‌തതുപോലെ ഞങ്ങളെയും അകത്താക്കൂ'' എന്ന്‌ വിലപിച്ചത് കോൺഗ്രസ് യുഡിഎഫ് നേതാക്കൾ ഒന്നിച്ചാണ്. "ഞങ്ങൾ അവർ തന്നെ' എന്ന്‌  ‘തത്വമസി’ക്ക‌് പുതിയ വ്യാഖ്യാനം ചമയ്‌ക്കുകയായിരുന്നു ഇവർ.

പിന്നെയും പിന്നെയും നാണംകെടുകയാണ്‌ കോൺഗ്രസ്‌. സമത്വം മുൻനിർത്തിയുള്ള ഒരു സുപ്രീംകോടതിവിധിക്കെതിരെ വാളോങ്ങുമ്പോൾ  സ്വാതന്ത്ര്യം, ഭരണഘടന എന്നിങ്ങനെ ചിലതിനെപ്പറ്റിയൊക്കെ വേവലാതിപ്പെട്ടിരുന്ന ആദ്യകാലനേതാക്കളിൽ ചിലരെയെങ്കിലും സ്‌മരിക്കുകയെങ്കിലും ചെയ്‌താൽ നന്ന്‌. കോൺഗ്രസിന്റെ വർഗനയങ്ങളോട് കടുത്ത എതിർപ്പുള്ളപ്പോഴും ചില മൗലികനിലപാടുകളിൽ ആ പാർടിയോട്‌ ആദരവ്‌ പുലർത്തിയിരുന്നവരുണ്ട്. ബിജെപിയുടെ  ബി ടീമാകാൻ സന്നാഹമത്സരം കളിക്കുന്ന  ഇന്നത്തെ കേരളത്തിലെ കോൺഗ്രസ്‌ ഈ പിന്തുണക്കാരെകൂടി ചതിക്കുകയാണ്‌. ബിജെപി ഉള്ളപ്പോൾ എന്തിന്‌ ത്രിവർണക്കൊടി പിടിക്കുന്ന മറ്റൊരു ബിജെപി എന്ന്‌ അണികൾ ചിന്തിച്ചുതുടങ്ങും എന്നെങ്കിലും കോൺഗ്രസ്‌ നേതാക്കൾ ഓർക്കണം. എന്തിന്‌ ഡ്യൂപ്ലിക്കേറ്റ്‌ ബിജെപിയിൽ നിൽക്കണം  ഒറിജിനലിൽ പോയ്‌കൂടെ എന്ന്‌ അവർ ഉറപ്പിച്ചാൽ  തിരിച്ചുവിളിക്കുക പ്രയാസമാകും.  തെലങ്കാനയിലെ പാർടി നേതാക്കളുടെ മുന്നറിയിപ്പ് അതുകൊണ്ടാണ് വായിക്കണം എന്ന് അഭ്യർഥിക്കുന്നത്.  മറ്റൊരു അയൽ സംസ്ഥാനമായ കർണാടകത്തിലെ മുതിർന്ന നേതാവ്‌ സിദ്ധരാമയ്യയുടെ വാക്കുകൾക്കും കേരളത്തിലെ നേതാക്കൾ ഒന്ന് കാതോർത്താൽ നന്ന്. ശബരിമല വിവാദം ബിജെപിയുടെ രാഷ്ട്രീയനീക്കമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നേതാക്കൾക്കുള്ള തിരിച്ചറിവ്  ഉൾക്കൊണ്ട്,  സ്വന്തം ചിതയൊരുക്കാൻ വിറകെടുക്കുന്ന ഇപ്പോഴത്തെ പണി ഇനിയെങ്കിലും കോൺഗ്രസ്‌ ഉപേക്ഷിച്ചാൽ കുറേക്കാലംകൂടി ആ പാർടിയുടെ പേര്‌ ബാലറ്റ്‌ പേപ്പറിൽ അച്ചടിക്കാനാകും എന്നുമാത്രം പറയട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top