26 September Saturday

സഖ്യം തേടുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


രാജ്യം  അഭിമുഖീകരിക്കുന്ന  ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയും സാമ്പത്തിക അസമത്വവുമാണോ കോൺഗ്രസിനെ ഗതിമാറ്റത്തിന്‌ പ്രേരിപ്പിക്കുന്നത്‌; അതോ അധികാരത്തിനു പുറത്തുനിൽക്കുന്നതിലുള്ള അങ്കലാപ്പുമാത്രമോ എന്ന ചോദ്യമാണ്‌ വിശാലസഖ്യമെന്ന പ്രവർത്തക സമിതി തീരുമാനം ഉയർത്തുന്നത്‌.

നാലുവർഷത്തെ ബിജെപി ഭരണത്തിൽ ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, അവസരസമത്വം, ബഹുസ്വരത, ന്യൂനപക്ഷരക്ഷ തുടങ്ങിയവയെല്ലാം അപകടത്തിലായി. ഭൂരിപക്ഷ ഹിന്ദുതാൽപ്പര്യങ്ങൾക്കുവേണ്ടി നിലക്കൊള്ളുന്നവരെന്ന്‌ അവകാശപ്പെടുന്ന സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കൊപ്പം ദളിത്‌ ‐ പിന്നോക്ക വിഭാഗങ്ങളെയും വേട്ടയാടുന്നു. ഹിന്ദുത്വമെന്ന പേരിൽ സവർണ അജൻഡയാണ്‌ ബിജെപി  സർക്കാരുകൾ നടപ്പാക്കുന്നത്‌. ഹിന്ദുത്വവിശ്വാസങ്ങളുടെ മറപറ്റി ആൾക്കൂട്ടങ്ങൾ ഇതരമതസ്ഥരെ തല്ലിക്കൊല്ലുന്നതിനെതിരെ സുപ്രീംകോടതിതന്നെ പ്രതികരിച്ചു. മതാന്ധതയെ എതിർക്കുന്ന പ്രസംഗവും എഴുത്തും കലയും സാഹിത്യവുമൊന്നും സാധ്യമല്ലെന്ന ഭീതിപരത്തി കൊലയും ഭീഷണിയും നിർബാധം തുടരുന്നു.

തൊഴിലെടുത്ത്‌ ജീവിക്കുന്ന മഹാഭൂരിപക്ഷത്തെ തകർക്കുന്ന നടപടികളാണ്‌ സാമ്പത്തികരംഗത്ത്‌ തുടരുന്നത്‌. സമ്പത്ത‌് കൈയടക്കിവച്ച ചെറുന്യൂനപക്ഷത്തിന്റെ കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ കാവൽനിൽക്കുകയാണ്‌ മോഡിസർക്കാർ. അന്യായനികുതി ഇളവും വായ്‌പാവെട്ടിപ്പിന്‌ ഒത്താശയും അഴിമതിയും അമ്പരപ്പിക്കുന്നതാണ്‌. ഇത്തരത്തിൽ മനുഷ്യമനഃസാക്ഷിയെ  കൊത്തിവലിക്കുന്ന അസംഖ്യം പ്രശ്‌നങ്ങളോട്‌  ശരിയായ രീതിയിൽ പ്രതികരിക്കാൻ കോൺഗ്രസ്‌ നേതൃത്വം എല്ലായ്‌പ്പോഴും വിമുഖത കാണിച്ചു.  ഇപ്പോഴും ആ സമീപനത്തിൽ കാതലായ വ്യത്യാസം കാണുന്നില്ല. കോൺഗ്രസിന്‌ കൈമോശംവന്ന മതേതര പാരമ്പര്യം വീണ്ടെടുത്ത്‌ ബിജെപിയുടെ മതാധിഷ്‌ഠിത രാഷ്ട്രീയത്തിന്‌ ബദലൊരുക്കാൻ സാധിക്കുമെന്ന സൂചനകളുമില്ല. ഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വമെന്ന വഴിപിഴച്ചപോക്കിൽനിന്ന്‌ മോചനം നേടാൻ ആത്മാർഥമായ ശ്രമമൊന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്ന‌് ഉണ്ടാകുന്നില്ല. കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിലടക്കം ക്ഷേത്രങ്ങളും മഠങ്ങളും കയറിയിറങ്ങിയ  പാർടി അധ്യക്ഷൻ അടുത്തുവരുന്ന  പൊതുതെരഞ്ഞെടുപ്പിൽ  എന്ത‌് നിലപാട്‌ സ്വീകരിക്കുന്നുവെന്ന്‌ കണ്ടറിയണം.

ഹിന്ദുവർഗീയതയുടെ രഥയാത്ര തടഞ്ഞ വി പി സിങ‌് സർക്കാരിനെ അധികാരത്തിൽ നിലനിർത്താൻ കോൺഗ്രസ്‌ തയ്യാറായിരുന്നെങ്കിൽ രാജ്യം ഇന്നത്തെ പതനത്തിൽ എത്തുമായിരുന്നില്ല. കേന്ദ്രഭരണമെന്ന വജ്രായുധം കോൺഗ്രസിന്റെ കൈയിലിരിക്കുമ്പോഴാണ്‌ സംഘപരിവാർ കർസേവകർ  മതനിരപേക്ഷതയുടെ പവിത്രഭൂമി ആക്രമിച്ച്‌ ബാബ‌്റി പള്ളി തകർത്തത്‌. മൗനവും സമ്മതവും അടിയറവും സന്ധിയുമെല്ലാംകൊണ്ട്‌ കോൺഗ്രസ്‌ വർഗീയതയെ  താലോലിച്ച എത്രയെത്ര സന്ദർഭങ്ങൾ. അധികാരത്തിനപ്പുറം ജനങ്ങളുടെ, രാഷ്ട്രത്തിന്റെ വിശാല താൽപ്പര്യങ്ങൾ കാണാതെ കൈക്കൊണ്ട രാഷ്ട്രീയ‐ നയതീരുമാനങ്ങളാണ്‌  കോൺഗ്രസിനെ ഇന്നത്തെ ദൈന്യത്തിലേക്ക്‌ നയിച്ചത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേർന്ന കോൺഗ്രസ്‌ നേതൃയോഗം ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താനുള്ള വഴികൾ  ചർച്ചചെയ്‌തെന്നുവേണം കരുതാൻ. ഗതകാല പ്രൗഢിയുടെ ആലസ്യം വിട്ടൊഴിഞ്ഞ്‌ യാഥാർഥ്യത്തിലേക്ക്‌ കണ്ണുതുറക്കാൻ നിർബന്ധിതമായി എന്നതാണ്‌ വിശാല പ്രവർത്തക സമിതി തീരുമാനങ്ങളിലെ പ്രധാന കാര്യം. തനിച്ച‌് അധികാരത്തിലേറാമെന്ന വ്യാമോഹത്തിൽനിന്ന്‌ കോൺഗ്രസ്‌ പുറത്തുകടന്നിരിക്കുന്നു. 2004ൽ നേടിയ 145 സീറ്റെങ്കിലും കിട്ടിയാൽ അധികാരത്തിന്‌ ശ്രമിക്കാമെന്നാണ്‌ വിലയിരുത്തൽ. ഈ കാര്യങ്ങളെല്ലാം നടപ്പാക്കാൻ  പാർടി അധ്യക്ഷനെയും അദ്ദേഹം നിശ്ചയിക്കുന്ന ഏതാനും പേരെയും ചുമതലപ്പെടുത്തി.

കുടുംബാധിപത്യപരവും വ്യക്തികേന്ദ്രീകൃതവുമായ സംഘടനാക്രമം കോൺഗ്രസിന്റെ പ്രധാന ദൗർബല്യമായി ഇനിയും തുടരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിശാലമായ പ്ലാറ്റ്‌ഫോമിലേക്ക്‌ ജനാധിപത്യ‐ മതനിരപേക്ഷ, പ്രാദേശിക കക്ഷികളെയാകെ  കൊണ്ടുവരുന്നതിന്‌ ആദ്യംവേണ്ടത്‌ ജനാധിപത്യരീതിയിലുള്ള പ്രവർത്തനശൈലിയും കൂട്ടായ നേതൃത്വവുമാണ്‌. മറുവശത്ത്‌ മതവർഗീയതും ഫാസിസ്റ്റ‌് സ്വഭാവവും മുറുകെപ്പിടിക്കുന്ന  ഭരണമാണ്‌. അതിനെ നേരിടാനൊരുങ്ങുമ്പോൾ കേവലം വോട്ടുകണക്കും ശുഭപ്രതീക്ഷകളുംമാത്രം മതിയാകില്ല. ഭിന്നതാൽപ്പര്യങ്ങളുള്ള കക്ഷികൾക്കാണ്‌ വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ സ്വാധീനമുള്ളത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും  യോജിച്ച പ്രതിപക്ഷമുന്നേറ്റത്തിന്‌ സാധ്യതകൾ ഏറെയാണ്‌. ബിജെപിയെ അധികാരത്തിനു പുറത്തുനിർത്തുക എന്ന മുദ്രാവാക്യത്തിനു പിന്നിൽ  അണിനിരക്കുന്ന  തൃണമൂൽ,  ബിഎസ്‌പി, എസ്‌പി, ആർജെഡി, ഡിഎംകെ, ജെഡിഎസ്‌ തുടങ്ങിയ കക്ഷികളിലാണ്‌ കോൺഗ്രസ്‌ പ്രതീക്ഷയർപ്പിക്കുന്നത്‌. ഒരേ  വർഗതാൽപര്യം പുലർത്തുമ്പോഴും ബിജെപി, കോൺഗ്രസിനേക്കാൾ അപകടകാരിയാണെന്ന നിലപാടിലാണ്‌ ഇടതുകക്ഷികൾ. എന്നാൽ കോൺഗ്രസുമായി സഖ്യം ചേർന്നുകൊണ്ടുള്ള  ബിജെപി ബദലിന്‌ വിശ്വാസ്യതയുണ്ടാകില്ലെന്ന്‌  സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്‌.
ഇത്തരമൊരു സാഹചര്യത്തിൽ  സാമ്പത്തിക നയസമീപനങ്ങളിൽമാറ്റം വരുത്താനുള്ള ശ്രമങ്ങൾ അനിവാര്യമാണ്‌.   

കോൺഗ്രസ്‌ തുടക്കംകുറിച്ച്‌ ബിജെപി നിർദയം മുന്നോട്ടുകൊണ്ടുപോകുന്ന ഉദാരവൽക്കരണം ജനജീവിതത്തെ അടിമുടി തകർത്തിരിക്കുന്നു. കർഷകർ ഇപ്പോഴും  ആത്മഹത്യയിൽ അഭയംതേടുന്നു. നോട്ടുനിരോധനവും ജിഎസ്‌ടിയും വാഗ്‌ദാനലംഘനങ്ങളും മോഡിഭരണത്തിന്റെ മുഖം നഷ്ടപ്പെടുത്തി. ഇത്തരം വിഷയങ്ങളാണ്‌ തെരഞ്ഞെടുപ്പിൽ ചർച്ചയാകുക. ഇവിടെയാണ്‌ കോൺഗ്രസിന്‌ തിരുത്തലുകൾ ആവശ്യമായിവരിക. വിട്ടുവീഴ്‌ച അധികാരം പങ്കുവയ‌്ക്കുന്നതിൽമാത്രമായി പരിമിതപ്പെടുത്താനാകില്ല. സാധാരണ ജനങ്ങളുടെ ജീവിതം അൽപ്പമെങ്കിലും മെച്ചപ്പെടുത്തുന്ന നയസമീപനങ്ങൾ മുന്നോട്ടുവയ‌്ക്കാനും എല്ലാത്തരം വർഗീയതയെയും തുറന്നെതിർക്കാനും കോൺഗ്രസ്‌ നർബന്ധിതമാകും.  അതില്ലാതെയുള്ള ഏത്‌ ഗതിമാറ്റവും രാഷ്ട്രീയമായി അന്തഃസാരശൂന്യമായിരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top