04 October Wednesday

കോൺഗ്രസ്‌ ചുവരെഴുത്ത് തിരിച്ചറിയണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


മതവിശ്വാസം വോട്ടാക്കിമാറ്റാൻ പാർലമെന്റുപോലും യാഗശാലയാക്കിയ ബിജെപി എങ്ങനെയും മൂന്നാംവട്ടം അധികാരം പിടിക്കാനുള്ള പുറപ്പാടിലാണ്‌. അത്‌ സംഭവിച്ചാൽ രാജ്യത്തിന്റെ സർവനാശമായിരിക്കുമെന്നു പറഞ്ഞത്‌ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്‌ പരകാല പ്രഭാകറാണ്‌. അതേസമയം രാജ്യത്തെ സംരക്ഷിക്കാൻ എൻഡിഎയ്‌ക്ക്‌ എതിരെ പ്രതിപക്ഷ പാർടികളുടെ ഐക്യപോരാട്ട ചർച്ചകൾ രൂപപ്പെടുന്നുവെന്നത്‌ പ്രതീക്ഷ നൽകുന്ന ഒന്നാണ്‌. എന്നാൽ, ആ ഐക്യപോരാട്ടത്തെ വേണ്ട ഗൗരവത്തോടെ കാണാൻ കോൺഗ്രസിന്‌ കഴിയുന്നുണ്ടോയെന്ന്‌ സംശയമാണ്‌. കോൺഗ്രസ്‌ ഇന്ന്‌ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ ഐക്യവും നേട്ടവും ബിജെപിക്കെതിരായ മുന്നേറ്റത്തിലെ ഈടുവയ്‌പുകളായി മാറുമെന്ന്‌ അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ആ സംസ്ഥാനങ്ങളിലെ ഓരോ വീഴ്‌ചയും ദൗർബല്യവും ആ പോരാട്ടത്തെ പിറകോട്ടടിപ്പിക്കുമെന്നും മനസ്സിലാക്കണം.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൾ ബിജെപിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നുവെന്ന്‌ കനത്ത വിമർശമുയർന്നിട്ടും തിരുത്താൻ അവർ തയ്യാറായിട്ടില്ല. ഇതിനു പുറമെയാണ്‌ രാജസ്ഥാനിൽ രൂക്ഷമായ സംഘടനാ പ്രശ്‌നങ്ങൾ. അത്‌ പിളർപ്പിലേക്ക്‌ എത്തുകയാണ്‌. സച്ചിൻ പൈലറ്റ് പുതിയ പാർടി രൂപീകരിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. ജൂൺ 11ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിലാകും പാർടി പ്രഖ്യാപനം. "പ്രഗതിശീൽ കോൺഗ്രസ്' എന്നതാകും സച്ചിന്റെ പാർടിയുടെ പേരെന്നും റിപ്പോർട്ടുണ്ട്‌. ഇവിടെയും കോൺഗ്രസ്‌ നേതൃത്വം ബിജെപിയോടും അതിന്റെ നയങ്ങളോടും എടുക്കുന്ന മൃദുസമീപനമാണ്‌ പ്രശ്‌നം സൃഷ്‌ടിച്ചത്‌. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ കാലത്തെ അഴിമതികളെ മൂടിവയ്‌ക്കാൻ ശ്രമിക്കുന്നുവെന്നാണ്‌ സച്ചിൻ പൈലറ്റിന്റെ പ്രധാന ആരോപണം.

രാജസ്ഥാനിലെ പ്രശ്‌നങ്ങൾ ഈ തരത്തിലേക്ക്‌ എത്തുന്നതിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനും വലിയ പങ്കുണ്ട്‌. രാജസ്ഥാനിൽ ഭരണക്കൈമാറ്റമെന്ന ആദ്യധാരണ മുഖ്യമന്ത്രി അശോക് ഗെലോട്ട്‌ ലംഘിച്ചതോടെയാണ്‌ സച്ചിൻ പൈലറ്റ്‌ വിമത നീക്കവുമായി രംഗത്തെത്തിയത്‌. ഇത്‌ രമ്യമായി പരിഹരിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനായില്ല. തുടർന്നാണ്‌ അഴിമതിക്കെതിരായ 15 ദിവസത്തെ റാലിയുമായി സച്ചിൻ രംഗത്തെത്തുന്നത്‌. യാത്രയുടെ അവസാനം ജയ്‌പുരിൽ നടത്തിയ മഹാറാലിയിൽ വസുന്ധരരാജെ സർക്കാരിന്റെ കാലത്തെ അഴിമതികളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. ഇതിനോടും കോൺഗ്രസ്‌ നേതൃത്വവും ഗെലോട്ടും അനുകൂലമായല്ല പ്രതികരിച്ചത്‌. പിന്നാലെ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ 85 സെക്രട്ടറിമാരെ നിയമിച്ചതിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെ പുറംതള്ളി. മന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഹിമ്മത് സിങ്‌ ഗുർജാർ അടക്കം ഉൾപ്പെടുകയും ചെയ്‌തു. ഇവയാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഒരു വർഷത്തിനകം തെരഞ്ഞെടുപ്പു നടക്കുന്ന കോൺഗ്രസിന്റെ കൈയിലുള്ള സംസ്ഥാനത്താണ്‌ ഈ ഞാണിന്മേൽ കളി.

തെരഞ്ഞെടുപ്പ്‌ നടക്കാനുള്ള മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഢിലും കഥയിൽ മാറ്റമില്ല. മുതിർന്ന കോൺഗ്രസ് നേതാവും നിലവിലെ ആരോഗ്യമന്ത്രിയുമായ ടി എസ് സിങ്‌ ദിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും തമ്മിലുള്ള പോര്‌ രൂക്ഷമാണ്‌. മുഖ്യമന്ത്രിസ്ഥാനം ഊഴമിട്ട്‌ എടുക്കാനായിരുന്നു ഛത്തീസ്‌ഗഢിലും ധാരണ. എന്നാൽ, കാലാവധി പകുതിയായപ്പോൾ ബാഗേൽ നിലപാട്‌ മാറ്റി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ വഴിമാറാൻ ഒരുക്കമല്ലെന്ന്‌ നിലപാടെടുത്തു. ദിയോ ഹൈക്കമാൻഡിനെ കണ്ട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഗ്രൂപ്പ്‌ പോര്‌ അധികാരം നഷ്‌ടമാക്കിയ മധ്യപ്രദേശാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനുള്ള മറ്റൊരു സംസ്ഥാനം. കർണാടകത്തിൽ കോൺഗ്രസ്‌ ജയത്തിന്റെ ശിൽപ്പിയായ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവും കിട്ടാത്തതിൽ അങ്ങേയറ്റം അതൃപ്‌തനാണ്‌. അദ്ദേഹം കഴിഞ്ഞദിവസം ബിജെപി നേതാവ്‌ യെദ്യൂരപ്പയെ സ്വകാര്യമായി സന്ദർശിച്ചത്‌ ഏറെ ഊഹാപോഹങ്ങൾക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ രാജ്യത്തിന്റെ അടിസ്ഥാനശിലയെപ്പോലും തകർക്കുമ്പോഴാണ്‌ കോൺഗ്രസിലെ ഈ ചക്കളത്തിപ്പോരാട്ടമെന്നത്‌ അങ്ങേയറ്റം പരിതാപകരമാണ്‌. അതേസമയം, പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മയിലെ നേതൃസ്ഥാനത്തിനുവേണ്ടിയാണ്‌ കോൺഗ്രസിന്റെ ശ്രമം. രാഹുൽ ഗാന്ധിയുടെ സൗകര്യത്തിനുവേണ്ടി പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മവരെ മാറ്റിവയ്‌പിച്ചതും ഈ അവകാശം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. കേരളത്തിലാകട്ടെ ബിജെപിക്കൊപ്പം ചേർന്ന്‌ എൽഡിഎഫ്‌ സർക്കാരിനെതിരെയുള്ള സമരത്തിലാണ്‌. ചുരുക്കത്തിൽ ബിജെപി ഉയർത്തുന്ന അപകട ഭീഷണിയല്ല; മറിച്ച്‌ ഇന്നും സ്വന്തം താൽപ്പര്യങ്ങളാണ്‌ കോൺഗ്രസിനെ നയിക്കുന്നതെന്ന്‌ വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top