08 December Thursday

ഇന്ത്യ അമേരിക്കൻ സൈനിക സഖ്യത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


സെപ്തംബർ ആറിന് ന്യൂഡൽഹിയിൽ നടന്ന ആദ്യ അമേരിക്ക‐ഇന്ത്യ ടു പ്ലസ് ടു ചർച്ചയിൽവച്ച് സമ്പൂർണ സെനിക ആശയവിനിമിയ കരാറിൽ (കോം കാസ) ഇരുരാജ്യവും ഒപ്പുവച്ചു. രണ്ടുതവണ അമേരിക്കൻ സൗകര്യാർഥം നിർത്തിവച്ച വിദേശമന്ത്രി‐പ്രതിരോധമന്ത്രിതല ചർച്ച അഥവാ ടു പ്ലസ് ടു യോഗത്തിലണ് ഈ കരാർ ഒപ്പുവച്ചത്. ഇതോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക കൂട്ടുകെട്ടായ നാറ്റോയിൽ ഇന്ത്യയും അനൗപചാരിക അംഗമായി. അമേരിക്കയുമായി സൈനികസഖ്യം സ്ഥാപിക്കുന്ന രാഷ്ട്രങ്ങൾ ഒപ്പിടുന്ന നാല് ‘അടിസ്ഥാന കരാറുകളിൽ' മൂന്നാമത്തേതാണ് കോം കാസ. പൊതുവായി സുരക്ഷാ സൈനിക വിവരങ്ങൾ കൈമാറുന്ന ജിസോമിയ കരാറിൽ 2002ലും സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന ലെമോവയിൽ 2016ലും ഇന്ത്യ ഒപ്പിട്ടിരുന്നു.  ഇനി ബേസിക‌് എക‌്സ‌്ചേഞ്ച് കോ‐ഓപ്പറേഷൻ എഗ്രിമെന്റിൽക്കൂടി ഒപ്പുവച്ചാൽ അമേരിക്കയുടെ സൈനികസഖ്യത്തിൽ പൂർണ അംഗമായി ഇന്ത്യമാറും.

കോം കാസ ഒപ്പിട്ടതിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യമാക്കുന്നത് ചൈനയ‌്ക്കെതിരായ നീക്കത്തിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കുക എന്നതാണ്.  കിഴക്കൻതീരത്ത് അടുത്തവർഷം ഇരു രാജ്യങ്ങളുടെയും കര‐നാവിക‐വ്യോമസേനകളുടെ സംയുക്ത അഭ്യാസം നടത്താൻ ടു പ്ലസ് ടു യോഗം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.  ആദ്യമായാണ് സൈന്യത്തിന്റെ മൂന്ന് ദളങ്ങളും ഉൾപ്പെടുന്ന ഇത്തരത്തിലുള്ള സൈനികാഭ്യാസം നടക്കുന്നത്. ഏഷ്യ പസഫിക‌് മേഖലയിലെ അമേരിക്കൻ തന്ത്രവുമായി ആഴത്തിൽ സഹകരിക്കാനുള്ള മോഡി സർക്കാരിന്റെ സന്നദ്ധതയുടെ ഫലംകൂടിയാണ‌് ഈ തീരുമാനം. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വളർത്തുന്നതിൽ നിർണായക പങ്കാണ് ടു പ്ലസ് ടു യോഗത്തിനുള്ളത്. കഴിഞ്ഞവർഷംവരെ എല്ലാ വർഷവും ഇരു രാഷ്ട്രങ്ങളിലെയും വിദേശമന്ത്രിമാരുടെയും വാണിജ്യമന്ത്രിമാരുടെയും യോഗമാണ് നടക്കാറുണ്ടായിരുന്നത്. ട്രംപിന്റെ നിർദേശമനുസരിച്ചാണ് ഇതിൽ മാറ്റംവരുത്തി വാണിജ്യമന്ത്രിക്ക‌ു പകരം പ്രതിരോധമന്ത്രിമാരെ ഉൾപ്പെടുത്തിയത്. ഇതിലൂടെ ഇരു രാഷ്ട്രങ്ങളുടെയും വിദേശനയവും പ്രതിരോധതന്ത്രവും അമേരിക്കൻ സഖ്യത്തിന്റെ തന്ത്രപ്രധാന ചട്ടക്കൂടുമായി കണ്ണിച്ചേർക്കപ്പെടുകയാണ്.

അമേരിക്ക നൽകുന്ന പ്രതിരോധ സംവിധാനങ്ങളിൽ അവരുടെ കമ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കാൻ അനുവദിക്കുന്നതാണ് കോം കാസ. അമേരിക്കയിൽനിന്ന‌് ഇതിനകം വാങ്ങിയ സി130 ജെ ഹെർക്കുലീസ്, സി17 ഗ്ലോബ്മാസ്റ്റർ, പി81 വിമാനം തുടങ്ങിയവയിൽ ഈ കമ്യൂണിക്കേഷൻ സംവിധാനം ഘടിപ്പിക്കും. ഇതോടെ ഇന്ത്യൻ സായുധസേനയുടെ ആഭ്യന്തരമായ സൈനിക കമ്യൂണിക്കേഷൻ സംവിധാനത്തിൽ അമേരിക്കയ‌്ക്ക് പ്രവേശം ലഭിക്കും. അമേരിക്ക സ്ഥാപിച്ച കമ്യൂണിക്കേഷൻ സംവിധാനം ദുരുപയോഗിക്കപ്പെടുന്നില്ലെന്നും ചോർത്തപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താനായി ഇന്ത്യക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങൾ പരിശോധിക്കാനുള്ള അവകാശവും കരാർവഴി അമേരിക്കയ‌്ക്ക് ലഭ്യമാകും.

ഈ സുരക്ഷാ ആശയവിനിമയം ലഭ്യമാകുന്നതിന് കൂടുതൽ അമേരിക്കൻ യുദ്ധോപകരണങ്ങൾ വാങ്ങാൻ ഇന്ത്യക്കുമേൽ കടുത്ത സമ്മർദമുണ്ടാകും.
 രണ്ട് നൂറ്റാണ്ടിനുമുമ്പ് അമേരിക്കയിൽനിന്നുള്ള പ്രതിരോധക്കച്ചവടം പൂജ്യമായിരുന്നെങ്കിൽ ഇപ്പോൾ അത് 17 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരമിച്ചം 23 ബില്യൺ ഡോളറിന്റേതാണ്. അത‌് കുറയ‌്ക്കുന്നതിന് 10 ബില്യൺ ഡോളർ വിലയ‌്ക്കുള്ള സാധനങ്ങൾ അമേരിക്കയിൽനിന്ന‌് വർഷംതോറും കൂടുതലായി ഇറക്കുമതിചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം. അതായത്, യുദ്ധോപകരണങ്ങൾ കൂടുതലായി വാങ്ങണമെന്നർഥം.  നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള ആയുധത്തിന്റെ മുക്കാൽ പങ്കും റഷ്യയിൽനിന്നുള്ളവയാണ്. അതിൽ ഗണ്യമായി കുറവുവരുത്താനും അമേരിക്കയിൽനിന്ന് ആയുധ ഇറക്കുമതി വർധിപ്പിക്കാനും ഇരു സൈന്യവും തമ്മിലുള്ള യോജിച്ച പ്രവർത്തനം കാരണമാകും. അമേരിക്കൻ കോൺഗ്രസ് പാസാക്കിയ എതിരാളികളെ ഉപരോധത്തിലൂടെ എതിർക്കുന്ന നിയമം (സിഎഎടിഎസ്എ) വഴി റഷ്യയിൽനിന്ന‌് അത്യന്താധുനിക പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതും അമേരിക്ക തടയുകയാണ്.

റഷ്യയിൽനിന്ന‌് 40,000 കോടി രൂപയുടെ എസ് 400 ട്രയംഫ് മിസൈൽ സിസ്റ്റം വാങ്ങുന്നതിന് ശ്രമിക്കുകയാണ് ഇന്ത്യ. ഉപരോധത്തിൽ ഇളവ് നൽകി ഈ കരാറുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് അമേരിക്കയോട് യാചിക്കുകയാണ‌് ഇപ്പോൾ.അതോടൊപ്പം ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി തുടരാൻ ഉപരോധത്തിൽ ഇളവു നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, ഈ രണ്ട് കാര്യത്തിലും ഇന്ത്യക്ക് അനുകൂലമായ തീരുമാനം ടു പ്ലസ് ടു യോഗത്തിൽ ഉണ്ടായില്ല.

എച്ച്വൺ ബി വിസ പ്രശ‌്നത്തിനും പരിഹാരമായിട്ടില്ല. അതായത്, ഇന്ത്യൻ താൽപ്പര്യത്തേക്കാൾ അമേരിക്കൻ താൽപ്പര്യങ്ങൾക്കാണ് ടു പ്ലസ് ടുവിൽ പ്രാമുഖ്യം ലഭിച്ചത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ദേശീയ പരമാധികാരം അടിയറവയ‌്ക്കുന്ന മോഡി സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തയ്യാറായിട്ടില്ല. അതിനാൽ, മോഡി സർക്കാരിന്റെ സാമ്രാജ്യത്വാനുകൂല വിദേശനയത്തിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top