26 July Friday

ഉന്നതവിദ്യാഭ്യാസത്തിൽ പുതുചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2022


രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ ഊന്നൽ എന്തായിരിക്കുമെന്ന്‌ 2021ലെ തെരഞ്ഞെടുപ്പു പ്രകടനപത്രിക വ്യക്തമാക്കിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ ഉജ്വലമായ മുന്നേറ്റം സാധ്യമാക്കിയ മാതൃകയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തും അഴിച്ചുപണിയുണ്ടാകുമെന്ന്‌ പത്രിക ഉറപ്പുനൽകിയിരുന്നു. വിജ്ഞാന സമ്പദ്ഘടനയായുള്ള സംസ്ഥാനത്തിന്റെ പരിവർത്തനത്തിന് ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അലകുംപിടിയും മാറണമെന്നും പത്രിക ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ സമാപിച്ച ദ്വിദിന  ഉന്നതവിദ്യാഭ്യാസ സമ്മേളനം (കൊളോക്വിയം) ഈ വഴിക്കുള്ള സുപ്രധാനമായ ചുവടുവയ്‌പാണ്‌.

ഉന്നതവിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ആവശ്യമായിട്ട്‌ കാലമേറെയായി. പുതിയ കാലത്തിനു ചേർന്ന കോഴ്‌സുകൾ, പഠനരീതികൾ എല്ലാം വേണം. ഈ മാറ്റങ്ങൾക്ക്‌ സഹായകമായ നിയമപരമായ ചട്ടക്കൂടും ഉണ്ടാകണം. ഇക്കാര്യത്തിൽ ശുപാർശകൾ നൽകാൻ മൂന്ന്‌ വിദഗ്ധ കമീഷനുകളെ സർക്കാർ നിയമിച്ചിരുന്നു. ഈ  കമീഷനുകളുടെ നിർദേശങ്ങൾ ചർച്ച ചെയ്‌താണ്‌  സമ്മേളനം തീരുമാനങ്ങളിൽ എത്തിയത്‌. ഇതോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശനനിരക്കിൽ ഇപ്പോഴുള്ള 38.8 ശതമാനം  75 ശതമാനമായി വർധിപ്പിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വേണ്ടത്ര  കോഴ്‌സുകൾ ഇല്ലാത്ത ഉത്തര മലബാറിൽ കൂടുതൽ കോളേജും കോഴ്‌സുകളും അനുവദിക്കുക,  എസ്‌സി/എസ്‌ടി, വനിത, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുക തുടങ്ങിയ ഒട്ടേറെ തീരുമാനം  കൊളോക്വിയം കൈക്കൊണ്ടു. വിദ്യാർഥികളുടെ അവകാശം ഉറപ്പാക്കാൻ വിദ്യാർഥി അവകാശപത്രികയ്ക്ക്‌ രൂപംനൽകുമെന്നും സമാപന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്‌.

നാലുവർഷ ബിരുദ കോഴ്‌സുകളും കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകളും തുടങ്ങാൻ തീരുമാനമായതായി ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പരമ്പരാഗത കോഴ്‌സുകൾക്കു പകരം നിർമിതബുദ്ധി, ബ്ലോക്‌ചെയിൻ പോലെയുള്ള പുതുതലമുറ കോഴ്‌സുകളും ഉണ്ടാകും.  ഉദ്‌ഗ്രഥിത (ഇന്റഗ്രേറ്റഡ്‌) ബിരുദ, ബിരുദാനന്തര, പിഎച്ച്‌ഡി കോഴ്‌സുകളെപ്പറ്റിയും ആലോചിക്കുന്നു.  മൂല്യനിർണയത്തിന്‌ ഹാജർ മാനദണ്ഡമാക്കേണ്ടതില്ലെന്ന തീരുമാനവും വിപ്ലവകരമാണ്‌. വിദേശത്തും ഇന്ത്യയിലെ തന്നെ പല സർവകലാശാലകളിലും കോഴ്‌സുകൾ വിദ്യാർഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ക്ലാസ്‌മുറിയിലെ പരമ്പരാഗത അധ്യയനം മാത്രമെന്ന രീതി ഉപേക്ഷിക്കുന്നുണ്ട്‌. ഇവിടെയും  അത്തരം മാതൃകകളിലേക്ക്‌ തിരിയുകയാണ്‌. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളുമുള്ള ക്യാമ്പസുകളും യാഥാർഥ്യമാകും.

ബഹുമുഖമായ മാറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. പൊതുവിദ്യാഭ്യാസ രംഗത്ത്‌ നല്ല മാറ്റമുണ്ടായത് ഇത്തരത്തിൽ പരമ്പരാഗതരീതി വിട്ട് ഇടപെട്ടപ്പോഴാണ്‌.  ഇപ്പോൾ നമ്മുടെ കുട്ടികൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുപോയാണ്‌ പല കോഴ്സും പഠിക്കുന്നത്. എവിടെയും പ്രവേശനം നേടാൻ അവരെ പ്രാപ്‌തരാക്കുന്ന സെക്കൻഡറി വിദ്യാഭ്യാസം ഇവിടെ കിട്ടുന്നതുകൊണ്ടു കൂടിയാണ്‌ അത്‌ സാധ്യമാകുന്നത്‌.  എന്നാൽ, അവർക്കെല്ലാം അവർ ആഗ്രഹിക്കുന്ന കോഴ്‌സുകൾ അതേ മികവോടെ ഇവിടെ പഠിക്കാനാണ്‌ അവസരമൊരുങ്ങുന്നത്‌.  അതോടെ സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള കുട്ടികൾ പഠനത്തിനായി ഇവിടേക്കു വരാൻ തയ്യാറാകുമെന്ന പ്രത്യാശ  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചത്‌, നടപ്പാക്കാൻ ഒരുങ്ങുന്ന പദ്ധതികളിലുള്ള പൂർണവിശ്വാസംകൊണ്ടാണ്‌.

കഴിഞ്ഞ ഒന്നരവർഷത്തെ  ഇടപെടൽതന്നെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കേരള സർവകലാശാലയ്‌ക്ക് നാകിന്റെ (എൻഎഎസി) എ പ്ലസ് പ്ലസ്‌ ലഭിച്ചു. സംസ്കൃത സർവകലാശാല, കൊച്ചി, കലിക്കറ്റ്‌ സർവകലാശാലകളും എ പ്ലസ് ഗ്രേഡോടെ ഉയർന്നുനിൽക്കുന്നു. മറ്റ്‌ സർവകലാശാലകളും അവയ്‌ക്കു കീഴിലെ കോളേജുകളും അക്കാദമിക്‌ മികവിൽ പുതിയ ഉയരങ്ങൾ താണ്ടുന്നു.
എന്നാൽ,  കേരളത്തിന്റെ ഈ കുതിപ്പിനെ എങ്ങനെ പിന്നോട്ടടിപ്പിക്കാമെന്ന പരിശ്രമവുമായി നാടിന്റെ ശത്രുക്കൾ രംഗത്തുണ്ട്‌. അവരുടെ വടിവാളായി ഒരു ഗവർണറും ഒപ്പമുണ്ട്‌. ഇതുവരെ അപവാദങ്ങൾ ഉയർത്തി സർവകലാശാലകളെ ഇകഴ്‌ത്തുകയായിരുന്നു രീതി. ഇപ്പോൾ വിസിമാർക്കെതിരെ പിരിച്ചുവിടൽ ഭീഷണി മുഴക്കുന്ന പരസ്യ ഗുണ്ടായിസമായി അതുമാറി. സർക്കാർ മുൻകൂട്ടി കണ്ട ആപത്തല്ല ഇത്‌. പക്ഷേ, ഇതും അതിജീവിക്കാൻ കഴിയുന്ന ഉൾക്കരുത്തുള്ള ഒരു മുന്നണിയും ഭരണനേതൃത്വവുമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. പ്രകൃതിദുരന്തങ്ങളും മഹാമാരികളും നേരിട്ട്‌ കേരളത്തെ ആറുകൊല്ലമായി എല്ലാരംഗത്തും ഒന്നാമതെത്തിക്കാൻ കഴിഞ്ഞ സർക്കാരിന്‌ ഈ  കൃമികീടങ്ങളെയും തൂത്തെറിഞ്ഞ്‌ കുതിക്കാൻ കഴിയുമെന്ന്‌ ഉറപ്പിക്കാം.

ഗവർണറെക്കൊണ്ട് സംഘർഷമുണ്ടാക്കി  അതിലൂടെ  ഭരണപ്രതിസന്ധിയുണ്ടാക്കി നേട്ടംകൊയ്യാൻ  കഴിയുമോ  എന്ന് ശ്രമിക്കുന്നവരും  സജീവമായുണ്ട്.  ഇത്തരം വിവാദങ്ങളിൽ മുഴുകുകയല്ല; ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ്  സർക്കാർ ശ്രദ്ധിക്കുന്നതെന്ന്  മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർ നടത്തുന്ന ജൽപ്പനങ്ങൾക്കിടയിലും  കൊളോക്വിയം നടത്തിക്കൊണ്ട്  ജനങ്ങളോടുള്ള പ്രതിബദ്ധത  തന്നെയാണ് സർക്കാർ വ്യക്തമാക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top