02 July Saturday

ഭൂവസ്‌ത്രമണിഞ്ഞ് കേരളം തിളങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017


കയര്‍ ഭൂവസ്ത്രവിതാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചപ്പോള്‍ കൃഷി, വികസനം, പരിസ്ഥിതി, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായ ഒരു ജനകീയബദല്‍കൂടിയാണ് യാഥാര്‍ഥ്യമായത്.  കാലത്തിനൊത്ത് നവീകരിച്ചും പുതിയ സാധ്യതകള്‍ കണ്ടെത്തിയും പരമ്പരാഗത വ്യവസായങ്ങളെയും അവയെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളെയും സംരക്ഷിക്കാനാകുമെന്ന സന്ദേശമാണ് കയര്‍ ഭൂവസ്ത്രം പദ്ധതി നല്‍കുന്നത്. പരിസ്ഥിതിയുമായി ചേര്‍ന്നുപോകുന്ന വികേന്ദ്രീകൃത വികസനതന്ത്രത്തിന്റെ വിജയകരമായ പരീക്ഷണംകൂടിയാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാവനാപൂര്‍ണമായ ഈ സംരംഭം കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തതിലൂടെയാണ് സമ്പൂര്‍ണവിജയം ഉറപ്പാകുന്നത്.

കല്‍പ്പവൃക്ഷമായ തെങ്ങില്‍ ഉപയോഗശൂന്യമായി ഒന്നുമില്ലെന്ന പ്രൈമറി സ്കൂള്‍പാഠം അര്‍ഥരഹിതമായി മാറിയ  ഒരു കാലഘട്ടമാണ് കടന്നുപോയത്. തെങ്ങുകൃഷിയെ സംരക്ഷിക്കുന്നതിലോ അതിലെ ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലോ കേരളം വിജയംവരിച്ചെന്ന് മുന്‍കാല അനുഭവം മുന്‍നിര്‍ത്തി പറയാനാകില്ല. ഇതിന്റെ ദുരന്തങ്ങള്‍ പരമ്പരാഗത തൊഴില്‍മേഖലയിലാണ് ഏറെ പ്രകടമായിരുന്നത്. ഈ ദുരവസ്ഥ ഉള്‍ക്കൊണ്ടാണ് 2016ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് സമഗ്ര പദ്ധതികള്‍ മുന്നോട്ടുവച്ചത്. കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിനൊപ്പം അനുബന്ധ- പരമ്പരാഗത തൊഴില്‍രംഗങ്ങളില്‍ വന്‍ അഴിച്ചുപണിക്കുതന്നെ സര്‍ക്കാര്‍ സന്നദ്ധമായി. കേരളത്തിലെ പ്രാചീനവും രാജ്യാന്തരപ്പെരുമ നേടിയതുമായ കയര്‍വ്യവസായത്തെ തകര്‍ച്ചയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനുള്ള തീരുമാനം ഇതില്‍ പ്രധാനപ്പെട്ടതാണ്. കയറുമായി ബന്ധപ്പെട്ട് സര്‍വമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയൊരു മുന്നേറ്റം ഈ രംഗത്ത് സൃഷ്ടിക്കാന്‍ സാധിച്ചു.

പരിസ്ഥിതിയും മണ്ണും സംരക്ഷിക്കാന്‍ കയര്‍ ഭൂവസ്ത്രം എന്ന നൂതനാശയം, കരിന്തിരി കത്തിത്തുടങ്ങിയ കയര്‍വ്യവസായത്തിന് വലിയൊരു കുതിച്ചുചാട്ടംതന്നെയാണ് നല്‍കുന്നത്. ദശലക്ഷങ്ങള്‍ തൊഴിലെടുത്തിരുന്ന കേരളത്തിലെ കയര്‍മേഖലയില്‍ ബാക്കിയുള്ളത് 40000ല്‍ താഴെമാത്രം. കേരളത്തിന്റെ സ്വന്തം വ്യവസായം അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതിന്റെ കാരണങ്ങള്‍ ലളിതമാണ്. നവീകരണമില്ല; പുതിയ ഉല്‍പ്പന്നങ്ങളില്ല, അസംസ്കൃത വസ്തുക്കളായ തൊണ്ടും ചകിരിയും കിട്ടാനില്ല. ഒരു വ്യവസായത്തെ കൈയൊഴിയാന്‍ ഇത്രയൊക്കെ ധാരാളം. സ്വാഭാവികനാശത്തിന് ഈ വ്യവസായത്തെ വിട്ടുകൊടുക്കാതെ, ഒരേസമയം യന്ത്രവല്‍ക്കരണവും തൊഴില്‍സംരക്ഷണവും നടപ്പാക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പരമ്പരാഗത രീതിയില്‍ ഉല്‍പ്പാദനം തുടരുന്നവരില്‍നിന്ന് മുഴുവന്‍ കയറും സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കും. ഒപ്പം ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനും ആധുനീകരണത്തിനും സമഗ്ര പദ്ധതി നടപ്പാക്കും. പുതിയ ഉപയോഗസാധ്യത കണ്ടെത്താനുള്ള അന്വേഷണമാണ് കയര്‍ ഭൂവസ്ത്രത്തിന്റെ പ്രചാരത്തിലേക്ക് നയിച്ചത്.

കൃഷി, മണ്ണുസംരക്ഷണം, റോഡുനിര്‍മാണം, തോടുകളുടെയും കുളങ്ങളുടെയും തിട്ടസംരക്ഷണം എന്നിവയ്ക്ക് പരിസ്ഥിതി സൌഹാര്‍ദപരമായി ഏറ്റവും മികച്ചരീതിയില്‍ കയര്‍ ഉപയോഗിക്കാനാകും. ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാനും പച്ചക്കറികൃഷിക്ക് പുതയിടാനും കളകള്‍ വളരാതെ വിളവ് വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും കഴിയും. റോഡുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധിപ്പിച്ച് ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയോട്  ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം പദ്ധതി പരമ്പരാഗത നെയ്ത്തുമേഖലയില്‍ ഉണ്ടാക്കിയ ഉണര്‍വിനെ കവച്ചുവയ്ക്കുന്നതായിരുന്നു ഇത്. കേരളത്തിന്റെ മഴസമൃദ്ധി, മണ്ണും വെള്ളവും ഒരുപോലെ കടലിലേക്ക് ഒഴുക്കുമ്പോള്‍ കയര്‍വിരിച്ച് പ്രതിരോധം തീര്‍ക്കാനൊരുങ്ങുകയാണ് നാടും നഗരവും. ജീവിതവൃത്തി നഷ്ടപ്പെട്ട കയര്‍ത്തൊഴിലാളികളുടെ വീണ്ടെടുപ്പുകൂടിയാണിത്.

കയര്‍വ്യവസായത്തെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കയര്‍കേരള 2017ല്‍ 1300 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. കേരളത്തിന് പുറത്തേക്കുപോയ കയര്‍വ്യവസായത്തെ തിരിച്ചുപിടിച്ച് 2025 ആകുമ്പേഴേക്കും ആധുനിക വ്യവസായമായി മാറ്റുകയാണ് ലക്ഷ്യം. മൂന്നുവര്‍ഷംകൊണ്ട് ഒന്നര ലക്ഷം പേര്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തും. ഇതില്‍ 30 ശതമാനം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരായിരിക്കും. പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ വിരമിക്കുന്നതനുസരിച്ച് ആധുനീകരണവും ഇതിനുള്ള വിഹിതവും വര്‍ധിപ്പിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതു സംബന്ധിച്ച് കയര്‍കേരളയില്‍ ചേര്‍ന്ന പ്രത്യേക കണ്‍വന്‍ഷന്‍ അപൂര്‍വാനുഭവമായിരുന്നു. എണ്ണൂറോളം പഞ്ചായത്തു പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത കണ്‍വന്‍ഷനില്‍വച്ച് 120 കോടി രൂപയുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ ഭൂവസ്ത്രമായി ഉപയോഗിക്കുന്നതിനുള്ള കരാറുകള്‍ ഒപ്പുവച്ചത് പദ്ധതിയുടെ വഴിത്തിരിവായി. കടലാക്രമണത്തിന് ഭൂവസ്ത്ര പരിഹാരം എന്നത് നന്നായി പ്രയോജനപ്പെടുത്താവുന്ന മേഖലയാണ്. സിൈനകപ്രതിരോധത്തിന് വല, കൂടാരം എന്നിവ നിര്‍മിക്കാന്‍ കയര്‍ ഉപയോഗിക്കുന്നതും നല്ല സാധ്യതയാണ്. സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ അഞ്ച് ശതമാനം സ്ഥലത്തെങ്കിലും ഭൂവസ്ത്രം വിരിച്ചാല്‍, 2000 കോടി രൂപയുടെ കയര്‍ വേണ്ടിവരുമെന്നാണ് കണക്ക്. അതിന്റെ ചെറിയൊര് അംശംമാത്രമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കേരളത്തിന്റെ പ്രതീക്ഷ തെങ്ങോളം ഉയരത്തിലാണെന്നര്‍ഥം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top