06 June Tuesday

കൽക്കരി സമ്പത്തും കവരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020രാജ്യത്തിന്റെ കൽക്കരിമേഖല മൂന്നുദിവസം നിശ്ചലമായി. ആർഎസ്‌എസിന്റെ ട്രേഡ്‌ യൂണിയൻ സംഘടനയായ ബിഎംഎസ്‌ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര ട്രേഡ്‌ യൂണിയനുകളും വിവിധ ഫെഡറേഷനുകളും ആഹ്വാനം ചെയ്‌ത പണിമുടക്ക്‌  കൽക്കരി മേഖലയെ പൂർണമായും സ്‌തംഭിപ്പിച്ചു. ജൂലൈ രണ്ടുതൽ നാലുവരെ നടന്ന പണിമുടക്ക്‌ തൊഴിലാളികളുടെ വർധിച്ച പങ്കാളിത്തംകൊണ്ട്‌ ‌ ശ്രദ്ധിക്കപ്പെട്ടു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെയും സിംഗ്രേനി കോളിയറീസ്‌ കമ്പനി ലിമിറ്റഡിന്റെയും കീഴിലുള്ള, എട്ട്‌ സംസ്ഥാനത്തായി വ്യാപിച്ചുകിടക്കുന്ന‌ ചെറുതും വലുതുമായ അഞ്ഞൂറിലധികം ഖനികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രവർത്തനമാണ്‌ സ്‌തംഭിച്ചത്‌. കൽക്കരി ഉൽപ്പാദനം മാത്രമല്ല അതിന്റെ വിതരണവും പണിമുടക്ക്‌ കാരണം നിലച്ചു. സിഐഎല്ലിന്റെ മാത്രം ദിനംപ്രതി ഉൽപ്പാദനം 13 ലക്ഷം ടണ്ണാണ്‌. അതായത്‌ മൂന്നു ദിവസത്തിന്റെ സമരം കാരണം 40 ലക്ഷത്തോളം ടൺ ഉൽപ്പാദനമാണ്‌ കുറഞ്ഞത്‌. മൂന്നു ലക്ഷം വരുന്ന സ്ഥിരം തൊഴിലാളികളും രണ്ടര ലക്ഷം താൽക്കാലിക ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു.

കൽക്കരി ഖനികൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ്‌ പണിമുടക്ക്‌ നടന്നത്‌. ആത്‌‌മനിർഭർ ഭാരതം (സ്വാശ്രയ ഇന്ത്യ) കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ്‌ കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാൻ തീരുമാനിച്ചത്‌. 41 കൽക്കരി ബ്ലോക്കുകളാണ്‌ ഇ–-ലേലത്തിലൂടെ കൈമാറുന്നത്‌. പ്രധാനമന്ത്രി നേരിട്ടു പങ്കെടുത്താണ്‌ ജൂൺ 18ന്‌ ലേലപ്രക്രിയക്ക്‌ തുടക്കമിട്ടത്‌. സർക്കാർ നിയന്ത്രണങ്ങളിൽ ശ്വാസംമുട്ടി നിൽക്കുന്ന കൽക്കരിമേഖലയെ  സ്വതന്ത്രമാക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കോവിഡ്‌ പ്രതിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പാക്കേജിന്റെ ഭാഗമായാണ്‌ ഈ സ്വകാര്യവൽക്കരണം.‌ കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന്‌ ചോദിച്ചത്‌ യുഎൻ സെക്രട്ടറി ജനറൽ  അന്റോണിയോ ഗുട്ടറെസാണ്‌. രാജ്യം കോവിഡ്‌ രോഗപ്പകർച്ചയാൽ പകച്ചുനിൽക്കുമ്പോഴും രാജ്യത്തിന്റെ വിഭവസമ്പത്ത്‌ ചോർത്താൻ കോർപറേറ്റുകൾക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കുകയാണ്‌ മോഡി സർക്കാർ. ജനങ്ങളുടെ മുമ്പിലുള്ള ഒരു വൻപ്രതിസന്ധിയെ അവസരമാക്കുകയായിരുന്നു കേന്ദ്ര സർക്കാർ. സ്വാഭാവികമായും ഇതിനെതിരെ ജനരോഷമുയർന്നു. അതാണ്‌ മൂന്നു ദിവസത്തെ പണിമുടക്കിൽ പ്രതിഫലിച്ചത്‌.


 

പതിവിൽനിന്നു വ്യത്യസ്‌തമായി ജാർഖണ്ഡ്‌ ജനാധികാർ സഭ പോലുള്ള പൗരാവകാശ സംഘടനകളും പരിസ്ഥിതി പ്രസ്ഥാനങ്ങളും പണിമുടക്കിനു പിന്തുണയുമായി രംഗത്തെത്തി. ഖനികൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുമ്പോൾ വൻതോതിൽ വനനശീകരണത്തിന്‌ ഇടയാക്കും. അവിടങ്ങളിൽ അധിവസിക്കുന്ന ആദിവാസി ജനസമൂഹത്തിന്‌ വാസസ്ഥലവും ജീവനോപാധികളും നഷ്ടമാകും. അതിനാൽ ഈ വിഭാഗം ജനങ്ങളെല്ലാം തന്നെ വർധിച്ച ആവേശത്തോടെ പണിമുടക്കിനു പിന്നിൽ അണിനിരന്നു. ഭൂമി അധികാർ അന്ദോളനും ഇടതുപക്ഷ പാർടികളും പണിമുടക്കിനെ പിന്തുണച്ചു. ജാർഖണ്ഡിലെ ഹേമന്ത്‌ സോറൻ സർക്കാർ കൽക്കരി ഖനി സ്വകാര്യവൽക്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സ്വകാര്യവൽക്കരണ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ്‌ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറായില്ലെന്നതാണ്‌ ഹേമന്ത്‌ സോറന്റെ പരാതി. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്നതാണ്‌ കേന്ദ്രത്തിന്റെ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതോടൊപ്പം ഭരണഘടനയിലെ ഷെഡ്യൂൾ അഞ്ചിലുള്ള കൽക്കരി ഖനികൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നത്‌ എങ്ങനെയെന്ന മൗലികമായ ചോദ്യവും ജാർഖണ്ഡ്‌ സർക്കാർ ഉയർത്തുന്നു. ഇതനുസരിച്ച്‌ ആദിവാസികളുടെ ഭൂമി കൈമാറ്റം അനുവദനീയമല്ല.എന്നിട്ടും സർക്കാർ തിരക്കുപിടിച്ച്‌ ഖനികൾ കൈമാറാനുള്ള നടപടികളിലേക്ക്‌ നീങ്ങിയതാണ്‌ പണിമുടക്കിന്‌‌ കാരണമായത്‌.


 

സ്വകാര്യവൽക്കരണ നടപടി പിൻവലിക്കാത്തപക്ഷം അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ പോകുമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും സൂചിപ്പിച്ചിട്ടുണ്ട്‌. കൽക്കരി മേഖല സ്‌തംഭിച്ചാൽ അത്‌ ഇന്ത്യയുടെ ഊർജ ഉൽപ്പാദനത്തെയും സ്റ്റീൽ, അലുമിനിയം, രാസവള വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കും. ലോക്ക്‌ഡൗൺ വ്യവസായമേഖലയിലുണ്ടാക്കിയ ആഘാതത്തിൽനിന്ന്‌ പുറത്തുകടക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ആ ഘട്ടത്തിൽ തന്നെ കൽക്കരിമേഖലയെ സ്‌തംഭിപ്പിക്കുന്ന  തെറ്റായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്‌ സാമ്പത്തിക ആഘാതത്തിന്റെ ആഴം വർധിപ്പിക്കുകയേ ഉള്ളൂ. സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചതുപോലെ രാജ്യത്തെ ജനങ്ങളുടെ സമ്പത്തായ പ്രകൃതിവിഭവങ്ങൾ ഏതാനും കോർപറേറ്റുകളുടെ കീശ വീർപ്പിക്കാനായി കൈമാറുന്ന നയം ഉപേക്ഷിക്കാൻ കേന്ദ്രം തയ്യാറാകണം.  കോൾ ഇന്ത്യയുടെ വിഷൻ 2030 എന്ന രേഖ പറയുന്നത്‌ കൽക്കരി ആവശ്യത്തിനായി പുതിയ ഖനികൾ തുറക്കേണ്ട ആവശ്യമില്ലെന്നാണ്‌. അടുത്ത പത്തു വർഷത്തെ ആവശ്യത്തിനുള്ള കൽക്കരി ഖനനം കോൾ ഇന്ത്യാ ലിമിറ്റഡ്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഈ രേഖ പറയുന്നു. അപ്പോൾ എന്തിനായാണ്‌ പുതിയ കൽക്കരി ഖനികൾ തുറക്കാൻ സ്വകാര്യമേഖലയ്‌ക്ക്‌‌ അനുവാദം നൽകുന്നത്‌? ടാറ്റയ്‌ക്കും അദാനിക്കും ജിൻഡാലിനും മടിശ്ശീല വീർപ്പിക്കാനായി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കൽക്കരിശേഖരം തുറന്നുകൊടുക്കേണ്ട എന്താവശ്യമാണുള്ളത്‌? രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാൻ ഏതാനും വ്യക്തികൾക്ക്‌ അനുവാദം നൽകുന്നത്‌ രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top