17 September Tuesday

ഇല്ലാത്ത ചർച്ച‌് ആക്ടും അനാവശ്യ വിവാദങ്ങളും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 5, 2019

നിയമം നിർമിക്കുന്നത് നിയമനിർമാണസഭയാണ്.  ഭരണഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് രാജ്യത്തെ ആകെ ബാധിക്കുന്ന നിയമം  പാർലമെന്റും സംസ്ഥാനങ്ങളെ ബാധിക്കുന്ന നിയമം നിയമസഭകളും നിർമിക്കും. അത്തരം നിയമ നിർമാണങ്ങൾക്ക് മുൻകൈയെടുക്കുന്നത് എക്സിക്യൂട്ടീവാണ്. പാർലമെന്റിലും നിയമസഭകൾക്കുമല്ലാതെ നിയമം നിർമിക്കാനുള്ള അധികാരമില്ല. അതിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നത് നീതിന്യായ കോടതികളാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പ്രദായം ഇതാണ്. എക്സിക്യൂട്ടീവ് തീരുമാനിക്കുകയും നിയമനിർമാണ സഭകളിൽ  അവതരിപ്പിച്ച്‌ പാസാക്കുകയും ചെയ്യാത്ത ഒരു നിയമവും നാട്ടിൽ നടപ്പില്ല എന്ന് സാരം. പ്രാഥമികമായ ഈ ധാരണ ഇല്ലാതെയോ മറച്ചുവച്ചോ കേരളത്തിൽ സമീപകാലത്ത് ഒരു നിയമം സംബന്ധിച്ച് വിവാദം പുകയുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ‌് ക്രൈസ്തവസഭകളെ നിയന്ത്രിക്കാൻ ചർച്ച് ആക്ട് കൊണ്ടുവരുന്നു എന്നതാണ് ആ വിവാദം. അതിന്റെ പേരിൽ ചില പ്രതിഷേധങ്ങളും അരങ്ങേറുന്നു. ചില കേന്ദ്രങ്ങൾ നടത്തുന്ന തെറ്റായ പ്രചാരണത്തിൽ കുരുങ്ങിയ ശുദ്ധ മനസ്സുകൾ അത്തരം പ്രതിഷേധങ്ങളിൽ അണിചേർന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. കുറ്റാക്കൂരിരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതുപോലുള്ള ഒരു അഭ്യാസത്തിനാണ്‌ ചർച്ച് ആക്ടുമായി ബന്ധപ്പെടുത്തി വൈകാരികമായ പ്രതികരണങ്ങൾക്ക്‌ വേദി ഒരുക്കാനും വിവാദങ്ങൾ സൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ നടത്തുന്നശ്രമം എന്ന്‌ പറയാതെ വയ്യ.                                            

ചർച്ച് ബിൽ കൊണ്ടുവരാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്കാണ് ഏറ്റവും പ്രാധാന്യം. മുഖ്യമന്ത്രിയുടെ പ്രസ്താവന കത്തോലിക്കാസഭയുടെ സമാരാധ്യരായ തൃശൂർ രൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഹൃദയപൂർവം സ്വാഗതം ചെയ്തിട്ടുമുണ്ട്. ഇത്തരമൊരു നിയമനിർമാണം ഈ സർക്കാർ നടത്തില്ലെന്ന് തനിക്ക് ഉറപ്പുണ്ട് എന്നാണ് തൃശൂർ അതിരൂപത സംഘടിപ്പിച്ച അല്മായ നേതൃസംഗമത്തിൽ ആർച്ച് ബിഷപ് സംശയരഹിതമായി വ്യക്തമാക്കിയത്. അതാണ് ശരി. അതിലപ്പുറം ഒരു കാര്യവും സംസ്ഥാനത്ത് നടക്കുന്നില്ല. നിയമ പരിഷ്കാര കമീഷൻ  വെബ്സൈറ്റിൽ ചർച്ച് ആക്ട് ഒരു പ്രാഥമിക രൂപരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുസംബന്ധിച്ച അഭിപ്രായങ്ങളും കമീഷൻ ക്ഷണിച്ചിട്ടുണ്ട്. ഇതിന് സർക്കാരുമായി ബന്ധമില്ല എന്ന‌്  നിയമ പരിഷ്കാര കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസ്  വ്യക്തമാക്കിയിട്ടുണ്ട്. നിയമ പരിഷ്കാര കമീഷൻ നിർദേശങ്ങൾ സമർപ്പിക്കാൻ അധികാരമുള്ള സംവിധാനമാണ്. അതിനപ്പുറം നിയമ നിർമാണത്തെക്കുറിച്ച് തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും സർക്കാരാണ്. എന്നാൽചർച്ച്‌ ബില്ലിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ ഒരു ഘട്ടത്തിലും സർക്കാർ കമ്മീഷനോട്‌ ആവശ്യപ്പെട്ടിട്ടില്ല. കാലങ്ങളിൽ നിയമിതമാകുന്ന കമീഷനുകളും കമ്മിറ്റികളും അനേകം ശുപാർശകൾ സർക്കാരിന് നൽകാറുണ്ട്. അവ അതേപടി നടപ്പാക്കുകയല്ല സർക്കാരിന്റെ പ്രവർത്തനരീതി. നിയമ നിർമാണത്തെക്കുറിച്ച‌് ഏതെങ്കിലും തരത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന ആരുടെയെങ്കിലും  അഭിപ്രായം കേൾക്കാതെ പോകില്ല. അതാണിവിടെയും സംഭവിക്കുന്നത‌്.
 
സംസ്ഥാനം ഭരിക്കുന്ന സർക്കാരോ ആ സർക്കാരിന് നേതൃത്വംനൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ആ മുന്നണിയെ നയിക്കുന്ന കക്ഷിയോ ഇതുവരെ തീരുമാനിക്കാത്തതാണ് സംസ്ഥാനത്ത് ചർച്ച് ആക്ട് നടപ്പാക്കണമെന്ന  കാര്യം. സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്. ചർച്ച‌് ബില്ല് സർക്കാരിന്റെ പരിഗണനയിൽ പോലുമില്ല എന്നാണ് ഇരുവരും വ്യക്തമാക്കിയത്. പാർലമെന്റ‌് അംഗീകരിച്ച നിയമങ്ങളും സഭാ നിയമങ്ങളും ഉള്ളപ്പോൾ പുതിയൊരു നിയമത്തിന്റെ ആവശ്യമില്ല എന്നാണ് ഈ നേതാക്കൾ  പറഞ്ഞത്. സാധാരണനിലയിൽ അത്തരം ഒരു വിശദീകരണം വന്നാൽ കൂടുതൽ ചർച്ചയോ ആശങ്കയോ ഉയരേണ്ടതല്ല. എൽഡിഎഫ‌് ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട‌്. അതിങ്ങനെ ഒരു നിയമം കൊണ്ടവരുന്നതിൽ യോജിപ്പില്ല എന്നാണ‌്. എന്നാൽ, ക്രൈസ്തവസഭകളെ നിയന്ത്രിക്കാനോ ഉപദ്രവിക്കാനോ ഇടതുപക്ഷജനാധിപത്യമുന്നണി ഗവൺമെന്റ‌് ഒരുക്കം നടത്തുന്നുവെന്നും അതിനായി ഒരു ചർച്ച്‌ നിയമം കൊണ്ടുവരാൻ പോകുന്നുവെന്നുമുള്ള സംഘടിത പ്രചാരണം സംസ്ഥാനത്ത് അരങ്ങേറി. അത് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വലിയതോതിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുംവിധം മുന്നോട്ടുപോയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഇടപെട്ടത്.

ക്രൈസ്തവ ദേവാലയങ്ങളെ നിയന്ത്രിക്കാൻ ചർച്ച്‌ ബിൽ കൊണ്ടുവരാൻ സർക്കാരോ എൽഡിഎഫോ ആലോചിച്ചിട്ടില്ലെന്നും ഒന്ന് പറഞ്ഞ് മറ്റൊന്ന് ചെയ്യുന്ന രീതി ഈ സർക്കാരിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നും  മുഖ്യമന്ത്രി വിശദീകരിച്ചു. എൽഡിഎഫ് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ പ്രകടനപത്രികയിൽ വിശദീകരിച്ചിട്ടുണ്ട്. ആ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയും അങ്ങനെ നടപ്പാക്കുന്നതിന് പുരോഗതി വിവരങ്ങൾ ബഹുജനസമക്ഷം അവതരിപ്പിക്കുകയും ചെയ്താണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. ജനങ്ങളോട് പറയാതെയോ ജനങ്ങളിൽനിന്ന് മറച്ചുവച്ചോ ഒരു ഇടപെടലും ഈ സർക്കാരിൽനിന്ന‌് ഉണ്ടാകുന്നില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു ജനവിഭാഗത്തെ സർക്കാരിന് എതിരാക്കി നിർത്താനുള്ള ചിലരുടെ  ശ്രമം കുറച്ചുനാളുകൾക്ക്‌ മുമ്പാണ് ഉണ്ടായത്. അത് ദയനീയമായി പരാജയപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാനുള്ള വ്യാമോഹവുമായി ഇറങ്ങിത്തിരിച്ച ചിലരാണ് തെറ്റിദ്ധാരണ പരത്തി പ്രതിഷേധം ഉയർത്താനുള്ള നീക്കങ്ങൾക്ക് പിന്നിൽ. അത് തിരിച്ചറിയാതെ തെറ്റായ ധാരണയുമായി പ്രതിഷേധത്തിന് ഇറങ്ങുന്നവർക്കുള്ള സന്ദേശമാണ് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.
മതനിരപേക്ഷതയിൽ അടിയുറച്ചുനിന്ന് ബഹുജനങ്ങളുടെ പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേത്.

മതത്തിനും വിശ്വാസത്തിനും എതിരല്ല സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. അതുകൊണ്ട് ചർച്ച‌് ബില്ലിന്റെ പേരിൽ ഇന്ന് നടക്കുന്ന എല്ലാ പ്രചാരണങ്ങളും തെറ്റാണ്. ഇക്കാര്യത്തിൽ ഒരുതരത്തിലുമുള്ള ആശങ്കയ‌്ക്കും അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ടവർ  മനസ്സിലാക്കേണ്ടതുണ്ട്. തെറ്റിദ്ധാരണമൂലമോ  ബോധപൂർവം തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചർച്ച്‌ ബില്ലിന്റെ പേരിൽ വികാരപ്രകടനം നടത്തുന്നവർ അതിൽനിന്ന് പിൻ മാറുകയാണ‌് വേണ്ടത‌്. അത്തരം വൈകാരിക പ്രതികരണങ്ങൾക്ക് പ്രേരണ നൽകുന്ന ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശംകൂടി മനസ്സിലാക്കിയുള്ള വിവേകപൂർണമായ നടപടികളാണ് യഥാർഥ വിശ്വാസികളിൽനിന്ന്‌ കേരളം  പ്രതീക്ഷിക്കുന്നത്.


പ്രധാന വാർത്തകൾ
 Top