03 February Friday

സിബിഐക്കെതിരായ പാതിരാനീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018


ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതിൽ ബിജെപിയുടെ അഞ്ചുവർഷഭരണം റെക്കോഡിട്ടു. തകർക്കാനാകുന്നതൊക്കെ തകർത്തു. സംശയത്തിന്റെ നിഴലിലാക്കാവുന്നവയൊക്കെ അങ്ങനെ ചെയ്‌തു. ജുഡീഷ്യറിയെ, നിയമനിർമാണ സഭയെ, ഭരണഘടനാവ്യവസ്ഥ പ്രകാരം രൂപീകരിച്ച സ്ഥാപനങ്ങളെയൊക്കെ ഇത്തരത്തിൽ അവർ ആക്രമിച്ചു.
ഇപ്പോൾ സിബിഐയിൽ നടന്നത്‌ ഈ ആക്രമണത്തിന്റെ തുടർച്ചയാണ്‌. അവിടെ നശിപ്പിക്കാൻ വിശ്വാസ്യതയുടെ കണികകൾ ബാക്കിയുണ്ട്. അതുകൂടി ഭരണത്തിൽനിന്ന് ഇറങ്ങുംമുമ്പ് തീർക്കണം. അതിനുള്ള തിടുക്കമാണ് ചൊവ്വാഴ‌്ച അർധരാത്രിക്കുശേഷം സർക്കാർ സ്വീകരിച്ച  നടപടികളിൽ കാണുന്നത്.

സിബിഐ എന്നും വിശ്വാസ്യത കാത്തുസൂക്ഷിച്ച സ്ഥാപനമൊന്നുമല്ല. ഭരണത്തിലിരിക്കുമ്പോൾ ആ ഏജൻസിയെ എങ്ങനെയൊക്കെ ദുരുപയോഗിക്കാം എന്നതിൽ ഗവേഷണം നടത്തിയിരുന്നവരാണ്‌ കോൺഗ്രസ്‌ ഭരണാധികാരികളും. ‘കൂട്ടിലടച്ച തത്ത'യെന്നും  ‘യജമാനന്റെ ശബ്ദ'മെന്നും  സിബിഐയെ സുപ്രീംകോടതി പരിഹസിച്ചത്‌ 2013ലാണ്‌. അന്ന്‌ ബിജെപി അധികാരത്തിലെത്തിയിട്ടില്ല. കൽക്കരിഖനികളുടെ ലൈസൻസ്‌ കൊടുക്കുന്നതിലെ അഴിമതി സംബന്ധിച്ച കേസിലായിരുന്നു ഈ പരാമർശം. യുപിഎ സർക്കാർ അവരുടെ ഭരണത്തിന്റെ അവസാനവർഷം ഇത്തരത്തിൽ തുടർച്ചയായ ഇടപെടൽ സിബിഐയിൽ നടത്തി.  ഭരണം ദുർബലമായപ്പോഴെല്ലാം പിടിച്ചുനിൽക്കാൻ സിബിഐയെ കോൺഗ്രസ്‌ സർക്കാർ ഉപയോഗിച്ചു.

ബിജെപി ഭരണം വന്നതോടെ ഇടപെടലുകൾ മറയില്ലാതെയായി. കോൺഗ്രസിന്റെ തത്ത  ബിജെപിയുടെ കൂട്ടിലായി. യജമാനൻ മാറി. തമിഴ്‌നാട്ടിൽ, ഡൽഹിയിൽ, പശ്ചിമബംഗാളിൽ തുടങ്ങി എവിടെയൊക്കെ ബിജെപി രാഷ്ട്രീയം തിരിച്ചടികൾ  നേരിട്ടുവോ അവിടെയെല്ലാം ഇടപെടലിന്‌ കോൺഗ്രസ്‌ ആയുധമാക്കിയത്‌ സിബിഐയെയാണ്‌. രാഷ്ട്രീയ എതിരാളികൾക്കെതിരെ അതുവരെ പൂഴ്‌ത്തിവച്ച കേസുകൾ ഉയർത്തിവിട്ടും  പുതിയ കേസുകൾ രജിസ്റ്റർ ചെയ്‌തും ബിജെപി സിബിഐയെ കളത്തിലിറക്കി.  ഈ വഴിപിഴച്ചപോക്കിന്റെ അന്ത്യത്തിൽ ഇപ്പോൾ സിബിഐ എന്ന ഏജൻസിയെത്തന്നെ പൂർണമായി തകർത്തെറിയുകയെന്ന നീക്കങ്ങളിലാണ് സർക്കാർ.

മൂന്നുകോടി രൂപയുടെ  കോഴ ആരോപണം നേരിടുന്ന സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ്‌ അസ്‌താനയ്‌ക്കുവേണ്ടിയാണ് ഇപ്പോൾ മോഡി സർക്കാരിന്റെ  പാതിരാത്രിയിലെ ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ജനറൽ സെക്രട്ടറി അമിത്‌ ഷായുടെയും കൈയാളായി സിബിഐയിൽ ചുവടുകൾ നീക്കിയിരുന്നത്‌ ഗുജറാത്ത് കേഡറിൽ പെട്ട അസ്‌താനയായിരുന്നത്രെ. വ്യക്തമായ അഴിമതികളോടെ പ്രതിക്കൂട്ടിലായ അസ്‌താനയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിപോലും നിലപാടെടുത്തതിനുപിന്നാലെയാണ് സർക്കാർ ഇടപെടൽ തുടങ്ങിയത്. അസ്‌താനയെ കുടുക്കിയെന്ന്‌ സർക്കാർ സംശയിക്കുന്ന സിബിഐ ഡയറക്ടർ അലോക് വർമയെത്തന്നെ തെറിപ്പിച്ചു. ഒപ്പം വിവിധ അന്വേഷണച്ചുമതലകളിലുള്ള  ഉദ്യോഗസ്ഥരെ കൂട്ടമായി മാറ്റി. അസ്‌താനയ്‌ക്കെതിരായ കേസ്‌ അന്വേഷിക്കുന്ന  ഉദ്യോഗസ്ഥനെ ആൻഡമാനിലെ പോർട്ട്‌ബ്ലെയറിലേക്കാണ്‌ ‘നാടുകടത്തി'യത്‌. അത്ര പ്രതികാരമനോഭാവത്തോടെയാണ്‌ നീക്കങ്ങൾ. ഇത് രാഷ്ട്രീയ യജമാനന്മാർക്കായി അസ്‌താന ചെയ്‌തുകൂട്ടിയ കാര്യങ്ങൾ പുറത്തുവരാതെ നോക്കാനാണെന്ന്‌ വ്യക്തം.

എന്നാൽ, ഈ നടപടികൾക്കുപിന്നിലെ മറ്റൊരു ലക്ഷ്യംകൂടി ഇപ്പോൾ പുറത്തുവരുന്നു. ബിജെപി ഭരണത്തിനെതിരെ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട അഴിമതി ആരോപണമാണ്‌ റഫേൽ വിമാന ഇടപാട്‌. ആ കേസ്‌ ഇപ്പോൾ സിബിഐയുടെ പരിഗണനയിലാണ്‌. കേസിന്റെ രേഖകൾ ഡയറക്ടർ അലോക് വർമ തേടിയിരുന്നു. ഈ കേസിൽ സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്തം അസ്‌താനയ്‌ക്കായിരുന്നുവെന്ന്‌ വാർത്തകളുണ്ട്‌. ആ അസ‌്താന ആണ് കേസിൽ കുടുങ്ങി പുറത്തായത്. ഈ പരിഭ്രാന്തികൂടിയാണ് ഈ അർധരാത്രിനീക്കങ്ങൾക്ക്‌ പിന്നിലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന.

ഡയറക്ടറുടെ താൽക്കാലികചുമതല നൽകിയിരിക്കുന്ന നാഗേശ്വരറാവു ഐജി തസ്‌തികയിലുള്ളയാളാണ്‌. ഈ നിലവാരത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ഡയറക്ടറാകുന്നത്‌ സിബിഐയുടെ ചരിത്രത്തിൽത്തന്നെ ആദ്യം. വർമയെ ബിജെപി സർക്കാർ ഡയറക്ടറാക്കിയത്‌ ഒട്ടും സന്തോഷത്തോടെയായിരുന്നില്ല.  2019 ജനുവരിവരെ നീളുന്ന രണ്ടുവർഷക്കാലാവധിയിലേക്കാണ് വർമയെ നിയോഗിച്ചത്‌. പ്രധാനമന്ത്രിയും ഇന്ത്യൻ ചീഫ് ജസ്റ്റിസും ലോക‌്സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. രണ്ടുകൊല്ലം കാലാവധി നിശ്ചയിച്ച് നടത്തിയ ഈ നിയമനം ഒരു ഉത്തരവിലൂടെ അസാധുവാക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ‌്തിരിക്കുന്നത‌്. അത് നിയമയുദ്ധത്തിനും വഴിതുറന്നിരിക്കയാണ‌്. വർമ സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

ഭരണം വിട്ടിറങ്ങുംമുമ്പ് ഭരണസംവിധാനത്തിന്റെ എല്ലാ ഘടകങ്ങളുടെയും വിശ്വാസ്യത  തകർക്കുക എന്ന ദൗത്യം പൂർത്തിയാക്കുകയാണ്‌ ബിജെപി. ഒപ്പം പുറത്തുവരാനിടയുള്ള അഴിമതികൾ മൂടിവയ‌്ക്കാനുള്ള തീവ്രശ്രമവും നടത്തുന്നു. ഈ ശ്രമം പരാജയപ്പെടുത്താൻ തികഞ്ഞ ജാഗ്രതയോടെ ജനാധിപത്യശക്തികൾ രംഗത്തിറങ്ങേണ്ടിവരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top