28 September Thursday

സിബിഐ റിപ്പോർട്ടിൽ വെട്ടിലായത്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


സോളാർ പീഡനക്കേസ്‌ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട്‌ ഉയർത്തിക്കൊണ്ടുവന്ന കോൺഗ്രസ്‌ ഇപ്പോൾ വടി കൊടുത്ത്‌ അടി വാങ്ങിയ സ്ഥിതിയിൽ. റിപ്പോർട്ടിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തി മുതലെടുപ്പ്‌ നടത്താനുള്ള ശ്രമം അവരെത്തന്നെ തിരിഞ്ഞുകുത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കളുടെ വിവരം പൊതുജനമധ്യത്തിൽ വെളിപ്പെട്ടു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണമുയർത്തിയതിനുപിന്നിൽ ഗൂഢാലോചനയും സാമ്പത്തികഇടപാടുകളുമുണ്ടെന്നാണ്‌ സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌. ഇതേപ്പറ്റി അന്വേഷണം വേണമെന്ന്‌ കെപിസിസിയും പ്രതിപക്ഷനേതാവും  ആവശ്യപ്പെട്ടപ്പോഴാണ്‌ ഗൂഢാലോചനയ്‌ക്കു പിന്നിൽ കോൺഗ്രസ്‌ നേതാക്കളാണെന്ന വെളിപ്പെടുത്തൽ വന്നത്‌. രണ്ട്‌ മുൻആഭ്യന്തരമന്ത്രിമാരാണ്‌ മുഖ്യമന്ത്രിമോഹത്തോടെ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ കത്ത്‌ പുറത്തുവിടാൻ ഇടപെട്ടതെന്നാണ്‌ വ്യക്തമായിരിക്കുന്നത്‌. കൂടുതൽ കാര്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ നേതൃത്വം പ്രതിസന്ധിയിലായി. ഇനി എന്തൊക്കെ പുറത്തുവരുമെന്ന ആശങ്കയും തുടരന്വേഷണം തങ്ങളെത്തന്നെ തിരിഞ്ഞുകുത്തുമോയെന്ന ഭയവും നേതൃത്വത്തിനുണ്ട്‌. അതുകൊണ്ടുതന്നെ സിബിഐ റിപ്പോർട്ടിൽ പറയുന്ന ഗൂഢാലോചനയെപ്പറ്റിയുള്ള അന്വേഷണത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുകയാണ്‌. ബുധനാഴ്‌ച യുഡിഎഫ്‌ യോഗം ചേർന്ന്‌ അന്വേഷണം വേണ്ടെന്ന്‌ പ്രഖ്യാപിച്ചപ്പോൾ സിബിഐ അന്വേഷണം വേണമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വ്യാഴാഴ്‌ച പറഞ്ഞത്‌.

സോളാർ തട്ടിപ്പുകേസ് എൽഡിഎഫ്‌ കെട്ടിച്ചമച്ച കേസല്ല. കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്നുകാണിച്ച സംഭവമാണിത്‌. സോളാറുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ പുറത്തുവിട്ട വെളിപ്പെടുത്തലുകളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ വസ്‌തുതകൾ മനസ്സിലാക്കി ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയപാർടികൾ എന്ന നിലയിൽ, പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ്‌ പ്രക്ഷോഭം നടത്തിയിരുന്നു. അതൊരിക്കലും വ്യക്തികളെ വേട്ടയാടാനല്ല, മറിച്ച്‌ ജനവിരുദ്ധ സർക്കാരിനെ തുറന്നുകാട്ടാനായിരുന്നു. സോളാർ കേസ് സമയത്ത് എല്ലാ അന്വേഷണവും നിയന്ത്രിച്ചത് കോൺഗ്രസ്‌ നേതാക്കളായിരുന്നു. അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യവും ചെയ്തത് കോൺഗ്രസ് സർക്കാരാണ്. 15 കോൺഗ്രസ്‌ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയതും ആ ഘട്ടത്തിലാണ്‌. എൽഡിഎഫ്‌ അധികാരത്തിലെത്തിയശേഷം തികഞ്ഞ ജാഗ്രതയോടെയാണ്‌ ഇക്കാര്യത്തിൽ മുന്നോട്ടു നീങ്ങിയത്. യുഡിഎഫ്‌ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമീഷന്റെ റിപ്പോർട്ടിൻമേൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച്‌ തുടർനടപടികൾ സ്വീകരിക്കുകമാത്രമാണ്‌ എൽഡിഎഫ് സർക്കാർ ചെയ്‌തത്‌.

ഉമ്മൻചാണ്ടിയെ നാണംകെടുത്തി ഇറക്കിവിടാൻ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ സോളാർ കേസ്‌ സമർഥമായി ഉപയോഗിച്ചുവെന്നാണ്‌ ഇപ്പോൾ തെളിയുന്നത്‌. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കി കസേര തട്ടിയെടുക്കാൻ ശ്രമിച്ചവരിൽ പ്രധാനി തിരുവഞ്ചൂർ രാധാകൃഷ്ണനെന്നാണ്‌ ആരോപണം. സോളാർ കേസിൽ മുഖ്യമന്ത്രിയെ അറിയിക്കാതെ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ നടത്തിയ അറസ്റ്റും മറ്റു ചില നടപടികളും ഉമ്മൻചാണ്ടിയെ അത്ഭുതപ്പെടുത്തിയെന്നാണ്‌ മുതിർന്ന നേതാവായ കെ സി ജോസഫ്‌ പറഞ്ഞത്‌. സിബിഐ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ചാൽ വെട്ടിലാകുന്നതും കോൺഗ്രസ്‌ നേതൃത്വമാണ്‌.  റിപ്പോർട്ടിലെ  കണ്ടെത്തലുകൾ കോൺഗ്രസിനും യുഡിഎഫിനുമെതിരാണ്‌. പരാതിക്കാരിയും കോൺഗ്രസ്‌ നേതാക്കളും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായി പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയുണ്ട്‌. പരാതിക്കാരിയുടെ നിർദേശപ്രകാരം ഡ്രൈവർ കോൺഗ്രസ്‌ നേതാക്കളായ  ബെന്നി ബെഹനാൻ, തമ്പാനൂർ രവി, നസറുള്ള എന്നിവരെ പണമിടപാടുകൾക്കായി വിളിച്ചിരുന്നതായും പല സ്ഥലത്തുനിന്നും പല നേതാക്കളിൽനിന്നും അവർ പണം ശേഖരിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്‌. സിബിഐ കണ്ടെത്തലിൽ സംസ്ഥാന സർക്കാരിന്‌ പ്രത്യേകിച്ച്‌ നടപടിയൊന്നും എടുക്കാനാകില്ല. ഇതു മനസ്സിലാക്കിയാണ്‌ ഏത്‌ രീതിയിലുള്ള അന്വേഷണമാണ്‌ വേണ്ടതെന്ന്‌ എഴുതിത്തന്നാൽ നിയമപരമായ പരിശോധനയ്‌ക്കുശേഷം തീരുമാനമെടുക്കാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്‌. യഥാർഥ വസ്‌തുത പുറത്തുവന്നപ്പോൾ പ്രതിക്കൂട്ടിലായ കോൺഗ്രസ്‌ തുടരന്വേഷണമെന്ന ആവശ്യത്തിൽ മലക്കംമറിയുന്നു. അന്വേഷണം വന്നാൽ നേതാക്കൾ നടത്തിയ കള്ളക്കളി പുറത്തുവരുമെന്നും ഇത്‌ പാർടിയിൽ ആഭ്യന്തര കലാപം ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്‌. പ്രതിസന്ധിയിലാകുന്ന കോൺഗ്രസിനെ രക്ഷിക്കാനാണ്‌ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഇക്കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിനെ വലിച്ചിഴച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top