25 March Saturday

തിരിച്ചടിച്ച അടിയന്തരപ്രമേയം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


യഥാർഥത്തിൽ പ്രതിപക്ഷത്തിന് കേരളം നന്ദി പറയണം. കിഫ്ബി എന്ന സംവിധാനത്തെപ്പറ്റി പലരീതിയിൽ ഏറെക്കാലമായി അവർതന്നെ പരത്തിയ പുകമറ  നീക്കാൻ സ്വയം അവസരമൊരുക്കിയതിന്. കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ മുൻനിർത്തി നിയമസഭയിൽ ബുധനാഴ്ച നടന്ന അടിയന്തരപ്രമേയ ചർച്ചാ വിഷയത്തിലെ എല്ലാ അവ്യക്തതയും നീക്കാൻ സർക്കാരിനും ഭരണമുന്നണിക്കും അവസരം നൽകി. ഒപ്പം,  ബിജെപിയുടെ സഹായത്തോടെ  സംസ്ഥാനത്തിന്റെ മികവാർന്ന വികസന പരീക്ഷണങ്ങളെ തകർക്കാൻ യുഡിഎഫ് നടത്തുന്ന ശ്രമങ്ങളും സഭയിൽ തുറന്നുകാട്ടപ്പെട്ടു.

കിഫ്ബി മുമ്പും ഇവിടെ ഉണ്ടായിരുന്നു. 500 കോടി രൂപ വായ്പയെടുത്ത് ചില ചെറിയകാര്യങ്ങൾ ചെയ്ത് ഒതുങ്ങുകയായിരുന്നു. എന്നാൽ, എൽഡിഎഫ് അധികാരമേറ്റതോടെ ഒരു ബദൽ ധനസമാഹരണ സംവിധാനം എന്ന നിലയിൽ അതിനെ  മാറ്റിയെടുത്തു. പ്രളയവും കോവിഡും പിടിച്ചുലച്ചിട്ടും വികസന കാര്യങ്ങളിൽ തെല്ലും പിന്നോട്ടുപോകാതെ സംസ്ഥാനം പിടിച്ചുനിന്നത് ആ ‘കിഫ്ബി മാജിക്കി’ലാണ്. 50,000 കോടിയുടെ പദ്ധതികളാണ്‌ ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തത്‌. ഇപ്പോഴത് 65,000 കോടിയിലെത്തി. നികുതിവരുമാനം  ഇടിഞ്ഞിട്ടും  ആരോഗ്യരക്ഷയ്ക്കും പ്രളയബാധിതരുടെ പുനരധിവാസത്തിനുമടക്കം അപ്രതീക്ഷിതമായ വൻ ബാധ്യത നേരിട്ടിട്ടും നാട്ടിൽ വികസനം മുടങ്ങിയില്ല. കിഫ്ബി കേരളത്തിന്റെ ബദൽ വികസനമാതൃകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത് ഈ സാഹചര്യത്തിലാണ്.

ആദ്യ ബജറ്റിൽ കിഫ്ബി വഴി 50,000 കോടി രൂപയുടെ വികസനം പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷം ആശ്വസിച്ചത് ‘എല്ലാം  ദിവാസ്വപ്നമാണ്; ഒന്നും നടപ്പാകില്ല’ എന്നാണ്. സ്വന്തം മണ്ഡലങ്ങളിൽത്തന്നെ റോഡായും പാലമായും ആശുപത്രി-, സ്കൂൾ കെട്ടിടങ്ങളായും  പദ്ധതികൾ നിവർന്നതോടെ അവർ ഉണർന്നു. ആദ്യം പദ്ധതികൾക്കുള്ള മുറവിളിയായിരുന്നു. പക്ഷേ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയോടെ അവർക്ക്  കിഫ്ബി ആധിയായി. ‘ഈ കഷ്ടകാലത്തും ഇത്രയും വികസനമോ ? ഈ സർക്കാരിനെ ഇങ്ങനെ വിട്ടുകൂടാ’ എന്ന പ്രതികാര ചിന്തയായി. അടിയന്തര പ്രമേയംവരെയെത്തിയ ദുഷ്ടനീക്കങ്ങൾ ഇതിന്റെ ഫലമാണ്.


 

അപ്പോഴും കിഫ്ബിയെ നേരിട്ടെതിർക്കാൻ  ധൈര്യം വന്നില്ല. കുറുക്കുവഴികൾ തേടി. എല്ലാ ഫെഡറൽ മര്യാദകളും ധന മാനേജ്മെന്റ് വ്യവസ്ഥകളും ഭരണഘടനാ തത്വങ്ങളും മറികടന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ തയ്യാറാക്കിയ ഒരു റിപ്പോർട്ട്‌ അവർക്ക് ആയുധമായി കിട്ടി. ഈ റിപ്പോർട്ട്‌ പ്രതിപക്ഷം തയ്യാറാക്കി സി ആൻഡ്‌ ജിക്ക് കൊടുത്തോ അതോ തിരിച്ചാണോ എന്നുപോലും സംശയിക്കാവുന്ന വിധമായിരുന്നു അതിന്റെ ഉള്ളടക്കം. കരട്‌ റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം അന്തിമ റിപ്പോർട്ടിൽ തിരുകി. അന്തിമ റിപ്പോർട്ടിനുമുമ്പ് സർക്കാരിന്റെ വിശദീകരണം തേടുകയെന്ന സാമാന്യ ഓഡിറ്റ്‌ രീതിപോലും ലംഘിച്ചു. ഈ റിപ്പോർട്ടിന്റെ രാഷ്ട്രീയ സ്വഭാവം ഇന്നലെ യുഡിഎഫ് നേതാക്കൾ നിയമസഭയിൽ ചെയ്ത പ്രസംഗത്തിൽ തെളിഞ്ഞു. “ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളാണ് റിപ്പോർട്ടിൽ ‘ എന്നാണ് അവർ അവകാശപ്പെട്ടത്. അതുതന്നെയാണ് പ്രശ്നം.

ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച്‌ വല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിൽ. പാർലമെന്റ് ചെയ്യേണ്ടത് സർക്കാർ ചെയ്യും. കോടതി പറയേണ്ടതും അവർ പറയും എന്ന മട്ടിലാണ് പോക്ക്. കേന്ദ്ര ഏജൻസികളെയെല്ലാം അതിനു പാകപ്പെടുത്തിയിരിക്കുന്നു.  സിഎജിയെയും അത്തരത്തിലാക്കി. അതാണ്‌ നിയമസഭയിൽവച്ച സിഎജി റിപ്പോർട്ടിൽ കാണുന്നത്. കിഫ്ബി നിയമം ഭരണഘടനാ വിരുദ്ധം ആണത്രേ!. കണക്കുനോക്കാൻ ചുമതലപ്പെട്ട ഏജൻസി ഇവിടെ കോടതിയുടെ അധികാരം സ്വയം എടുത്തണിയുകയാണ്. അതുപോലെ മസാലബോണ്ട് പാടില്ലെന്ന് പറയുമ്പോൾ റിസർവ് ബാങ്കിന്റെ അധികാരവും തങ്ങൾക്കാണെന്ന്‌ സിഎജി നടിക്കുന്നു. ഈ അസംബന്ധങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ ചർച്ചയിൽ  ധനമന്ത്രിക്കും എൽഡിഎഫ് അംഗങ്ങൾക്കും അവസരം ലഭിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ദുരുപയോഗിച്ചുള്ള ഈ ഏർപ്പാട് ബിജെപി സർക്കാരിന്റെ നയമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യമോ? ഇത്തരം ദുരുപയോഗത്തിനെതിരെ സോണിയ ഗാന്ധി മുതലുള്ള നേതാക്കൾ ദിനംപ്രതി പ്രസ്താവന ഇറക്കുമ്പോഴാണ് ഇവിടെ അതേ തന്ത്രം പയറ്റുന്ന സിഎജിക്ക് വിളക്കുകാണിക്കാൻ യുഡിഎഫ് ഒരുങ്ങിയത്. ആ നാണംകെട്ട നിലപാടിന്റെ ദയനീയമായ വെളിപ്പെടലാണ് നിയമസഭയിൽ ബുധനാഴ്ച കണ്ടത്.

സർക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. നാട്ടിൽ വികസനം നടക്കണം. അതിന്‌ പണം വേണം. നികുതി വരുമാനം തികയില്ല. കടം വാങ്ങാൻ കേന്ദ്രം  തടസ്സങ്ങൾ വലിച്ചിടുന്നു. ഈ പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്ന ഉജ്വല പരിഹാരമാണ് കിഫ്ബിയിലൂടെ സർക്കാർ കണ്ടെത്തിയത്. ആ പഴുതുകൂടി എങ്ങനെ അടയ്ക്കാം എന്നാണ്‌ ഇപ്പോൾ ശത്രുക്കളുടെ നോട്ടം.
ഇത് കേരളത്തിനെതിരായ യുദ്ധമാണ്. നമ്മുടെ വികസനനേട്ടങ്ങളെയാകെ തകർക്കാനാണ് ശ്രമം. കേന്ദ്രസർക്കാർ അത്തരമൊരു നീക്കം നടത്തിയാൽ അതിനെ സർക്കാരിനൊപ്പംനിന്ന് പ്രതിരോധിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.

വിവേകവും വകതിരിവും  ഉണ്ടെങ്കിൽ അതാണ്‌ ഉണ്ടാകേണ്ടത്. ഇതുരണ്ടും അവരിൽനിന്ന് പ്രതീക്ഷിക്കാൻ വയ്യ. അവർക്ക് ഇപ്പോൾ ഒറ്റ വികാരമേയുള്ളൂ. മതിഭ്രമത്തോളം എത്തുന്ന പരിഭ്രാന്തി. എൽഡിഎഫ് തുടർഭരണം എന്ന സാധ്യത അവരുടെ മനോനില തകരാറാക്കിയിരിക്കുന്നു. കേരളത്തെ തകർത്തും വികസനം മുടക്കിയും തെരഞ്ഞെടുപ്പ് ജയിക്കാനാകുമോ എന്നാണു ചിന്ത. പക്ഷേ, ഒന്നോർക്കുക നിങ്ങളുടെ ഈ സാഡിസ്റ്റ് മനോഭാവം ഇത്രകാലം നിങ്ങൾക്ക് വോട്ടു ചെയ്തവർപോലും അംഗീകരിക്കുന്നില്ലെന്ന്‌ ഓരോ തെരഞ്ഞെടുപ്പും തെളിയിക്കുകയാണ്. തിരിച്ചറിഞ്ഞു തിരുത്തിയാൽ അടുത്ത നിയമസഭയിൽ മാന്യമായ പ്രതിപക്ഷമാകാനുള്ള അംഗങ്ങളെ കിട്ടിയേക്കാം. ഇല്ലെങ്കിൽ അതും ഉണ്ടാകില്ലെന്ന് അറിയുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top