06 October Sunday

ബുൾഡോസർഭരണം വേണ്ട ഭരണഘടനാവാഴ്‌ച മതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

വിവിധ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച്‌ ഉത്തർപ്രദേശിലെ ബിജെപിയുടെ വർഗീയ സർക്കാരുകൾ മതവും രാഷ്‌ട്രീയവും നോക്കി സാധാരണക്കാരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തുന്നതിനെതിരെ അതിശക്തമായ താക്കീതാണ്‌ ഇന്ത്യയുടെ പരമോന്നത കോടതി ചൊവ്വാഴ്‌ച നൽകിയിരിക്കുന്നത്‌. ബിജെപി സർക്കാരുകൾ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നതിന്റെയും നിശ്ശബ്ദരാക്കുന്നതിന്റെയും ഭാഗമായി നടപ്പാക്കുന്ന ബുൾഡോസർ തേർവാഴ്‌ചയ്‌ക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിലാണ്‌ സുപ്രീംകോടതിയുടെ കർക്കശമായ ഇടപെടൽ. ഒക്‌ടോബർ ഒന്നിന്‌ കേസ്‌ വീണ്ടും പരിഗണിക്കുന്നതുവരെ സുപ്രീംകോടതിയുടെ അനുമതിയില്ലാതെ രാജ്യത്തൊരിടത്തും ഇത്തരത്തിൽ കെട്ടിടങ്ങൾ പൊളിക്കരുതെന്നാണ്‌ ജസ്‌റ്റിസുമാരായ ബി ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. കേസിൽ ഇടക്കാല ഉത്തരവിടരുത്‌ എന്ന്‌ ഉത്തർപ്രദേശ്‌ സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോൾ രൂക്ഷമായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. പൊളിക്കൽ രണ്ടാഴ്‌ച നിർത്തിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല എന്നാണ്‌ കോടതി കടുപ്പിച്ച്‌ പറഞ്ഞത്‌.

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ  ‘ക്രിമിനൽ കേസ്‌ പ്രതികൾ’ എന്നാരോപിച്ച്‌ , രാഷ്‌ട്രീയലക്ഷ്യത്തോടെ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെയും പ്രതിപക്ഷ കക്ഷികളിൽപ്പെട്ടവരുടെയും വീടുകളും മറ്റ്‌ കെട്ടിടങ്ങളും പൊളിക്കുന്നതിനെതിരെയാണ്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ചില സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്‌. പതിനഞ്ച്‌ ദിവസത്തിനിടെ രണ്ടാംതവണയാണ്‌ കേസ്‌ കോടതി പരിഗണനയ്‌ക്ക്‌ എടുത്തത്‌. പ്രതിയെന്നല്ല, കുറ്റവാളിയാണെങ്കിൽപ്പോലും ആരുടെയെങ്കിലും കെട്ടിടങ്ങൾ നിയമവിരുദ്ധമായി പൊളിക്കുന്നത്‌ അനുവദിക്കാനാകില്ല എന്ന്‌ ഈ മാസം രണ്ടിന്‌ കേസ്‌ പരിഗണിച്ചപ്പോൾത്തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ തികഞ്ഞ ധാർഷ്‌ട്യത്തോടെ സുപ്രീംകോടതിയെ വെല്ലുവിളിച്ച്‌ പൊളിക്കൽ തുടരുകയാണ്‌ എന്ന്‌ പരാതിയുയർന്നതോടെയാണ്‌ പൊളിക്കൽ കർക്കശമായി വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടത്‌. ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തലുകൾ തുടരുമെന്നും വളയം ആരുടെ കൈയിലാണ്‌ എന്നതിനെ ആശ്രയിച്ചാണ്‌ അതെന്നും ഉത്തർപ്രദേശിലെ ഒരു മന്ത്രി ഭീഷണിസ്വരത്തിൽ പറഞ്ഞത്‌ കോടതി എടുത്തുപറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെയും ഇടപെടൽ തേടുമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

അനധികൃത നിർമാണങ്ങൾ നിയമപരമായി നീക്കുന്നതിന്‌ എതിരല്ലെന്നും അതിന്‌ രാജ്യവ്യാപകമായി ബാധകമായ മാർഗരേഖയുണ്ടാക്കുമെന്നും സെപ്തംബർ രണ്ടിന്‌ കോടതി വ്യക്തമാക്കിയിരുന്നു. അതിന്‌ നിർദേശങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരോടും ആവശ്യപ്പെട്ടിരുന്നു. പൊതുവഴികൾ, നടപ്പാതകൾ, റെയിൽവേ ഭൂമി, ജലാശയങ്ങൾ എന്നിവിടങ്ങളിലെ അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിന്‌ ഇടക്കാല ഉത്തരവ്‌ തടസ്സമല്ലെന്നും ചൊവ്വാഴ്‌ച കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ വർഗീയ, രാഷ്‌ട്രീയ താൽപ്പര്യങ്ങളോടെ ചില വിഭാഗങ്ങളുടെ വീടുകൾ തെരഞ്ഞുപിടിച്ച്‌ തകർക്കുന്നതാണ്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌.  ബിജെപി സർക്കാരുകൾ  പറയുന്ന ക്രിമിനൽ കേസുകളിൽ രാഷ്‌ട്രീയമായ കള്ളക്കേസുകളും ഉൾപ്പെടുന്നുണ്ട്‌. ബിജെപിയുടെ ഉന്നത നേതാക്കൾ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെയും വീടുകളും സ്ഥാപനങ്ങളും നിരത്തപ്പെട്ടതായി ആക്ഷേപമുണ്ട്‌.

2017ൽ യോഗി ആദിത്യനാഥ്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായ ശേഷമാണ്‌ ബുൾഡോസർ വാഴ്‌ച ആരംഭിക്കുന്നത്‌. തുടർന്ന്‌ ഇത്‌ ബിജെപി ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിലേക്കും കോൺഗ്രസ്‌ ഭരിച്ച ചിലയിടങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ഉന്നാവോ കൂട്ടബലാത്സംഗക്കേസിലും ഇരയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ യുപിയിലെ ബിജെപി എംഎൽഎ കുൽദീപ്‌ സെൻഗാർ 2019ൽ ശിക്ഷിക്കപ്പെട്ടപ്പോഴോ, കഴിഞ്ഞ ഡിസംബറിൽ യുപിയിൽത്തന്നെ ബിജെപി എംഎൽഎ രാംദുലാർ ഗോണ്ട്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴോ ഒന്നും ബുൾഡോസറുകൾ ഉരുളുന്നത്‌ കണ്ടില്ല. ഈ സാഹചര്യത്തിലാണ്‌ ഭരണഘടനാവിരുദ്ധമായ ബുൾഡോസർ വാഴ്‌ചയുടെ യഥാർഥ ലക്ഷ്യങ്ങൾ വ്യക്തമാകുന്നത്‌. വർഗീയ ദുർഭരണത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ പ്രതിഷേധിക്കുന്നതുപോലും ഭയപ്പെടുത്തി തടയുക എന്നതും ബിജെപി സർക്കാരുകളുടെ ലക്ഷ്യമാണ്‌. ഏതാനും വർഷങ്ങൾക്കിടെ ഇത്തരത്തിൽ നാലര ലക്ഷത്തോളം വീടുകൾ ഇടിച്ചുനിരത്തപ്പെട്ടു എന്നാണ്‌ ഒരു കണക്ക്‌. ഈ ഫാസിസ്‌റ്റ്‌ അതിക്രമത്തിനെതിരെ ശക്തമായ താക്കീതാണ്‌ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്‌. രാജവാഴ്‌ചക്കാലത്തുപോലും കേട്ടുകേൾവിയില്ലാത്ത പ്രാകൃത ‘ശിക്ഷ’കളല്ല, രാജ്യത്തിന്റെ ഭരണഘടനയായിരിക്കണം സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിൽ നീതിനിർവഹണത്തിന്‌ അടിസ്ഥാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top