പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് മുഴുവന്‍ വര്‍ഷത്തേക്കുള്ള ബജറ്റായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് ഡോ. ഐസക് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. എന്നിട്ടും, എല്‍ഡിഎഫ് പ്രകടനപത്രിക ജനങ്ങള്‍ക്ക് വാഗ്ദാനംചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നു എന്ന അസന്ദിഗ്ധപ്രഖ്യാപനമായിരുന്നു ആ ബജറ്റ്.
അവഗണിക്കപ്പെടുന്നവരും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരും അവശരുമായ ജനവിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ അത് പ്രദാനംചെയ്തു. അതിന്റെ തുടര്‍ച്ചയാണ് 287 ഖണ്ഡികകളില്‍ നീണ്ടുകിടക്കുന്നതും ആദ്യന്തം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായരുടെ വാക്കുകളും ആശയങ്ങളും പരാമര്‍ശിക്കുന്നതുമായ ഈ ബജറ്റ്.
മാലിന്യസംസ്കരണം, വെള്ളം, കൃഷി ഇവയെ ആധാരമാക്കിയ ഹരിതകേരളം മിഷന്‍, ആരോഗ്യരക്ഷയ്ക്കുള്ള ആര്‍ദ്രം, വിദ്യാഭ്യാസപുരോഗതി ഉറപ്പുവരുത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ സുരക്ഷാപരിപാടി, ഭവന നിര്‍മാണത്തിനുള്ള ലൈഫ് മിഷന്‍ എന്നിവയും സമഗ്രമായ സാമൂഹ്യസുരക്ഷ, പരമ്പരാഗത തൊഴില്‍ മേഖല, ഐടി, ടൂറിസം, ആധുനിക-ഘനവ്യവസായങ്ങള്‍ എന്നിവയടങ്ങുന്ന പുതിയ വളര്‍ച്ചാമേഖലകള്‍, പശ്ചാത്തലവികസനം മുതലായവ അടങ്ങുന്നതുമാണ് ബജറ്റ് വരച്ചുകാണിക്കുന്ന കേരളത്തിന്റെ ഭാവിവികസനചിത്രം.
കേരളത്തെ ഹരിതാഭമാക്കിക്കൊണ്ടും ഇവിടത്തെ മണ്ണിനെയും ജലത്തെയും സൂക്ഷിച്ച് ഉപയോഗിച്ചുകൊണ്ടുമല്ലാതെ നമുക്ക് വളര്‍ച്ചയോ ഭാവിയോ ഇല്ല. ഈ തിരിച്ചറിവ് ബജറ്റ് രേഖയുടെ അടിത്തറയാകുന്നു. സാമൂഹ്യമായി അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്യുന്ന സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, ഭിന്നശേഷികള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് അത് ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും പാര്‍പ്പിടവും തൊഴിലും പെന്‍ഷനും ഉറപ്പുനല്‍കുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും മിക്ക സര്‍ക്കാരുകളും ജനങ്ങള്‍ക്ക് നല്‍കേണ്ട സംരക്ഷണം, പിന്തുണ, തൊഴില്‍, ആശ്വാസം എന്നിവയില്‍നിന്ന് പിന്‍വാങ്ങുന്ന ചിത്രമാണ് അടുത്തകാലത്തായി കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ സകലകഴിവും വിഭവങ്ങളും സാധ്യതകളും ജനങ്ങളുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും തളര്‍ച്ചയില്‍ താങ്ങാകാനുമായി പ്രയോഗിക്കുന്നു.
സ്കൂള്‍, കോളേജ്, ആശുപത്രി, തദ്ദേശഭരണസ്ഥാപനങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. കൃഷി, പരമ്പരാഗത-ചെറുകിട വ്യവസായങ്ങള്‍ മുതലായവയുടെയും ആധുനികവ്യവസായങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ പുരോഗതി ലാക്കാക്കി പുനഃസംഘടിപ്പിക്കും, പുനഃസംവിധാനംചെയ്യും. ഈ കാഴ്ചപ്പാടോടെ ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കും. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും ശേഷികളെയും ഇഴചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും അത്. അതിന്റെ ഫലപ്രാപ്തി കേരളീയരെല്ലാം കഴിഞ്ഞകാലത്ത് അനുഭവിച്ചറിഞ്ഞതാണ്.
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ ധനമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി എങ്ങനെ രാജ്യത്തെ ഉല്‍പ്പാദന-സാമ്പത്തികപ്രവര്‍ത്തനങ്ങളെ തളര്‍ത്തി എന്ന് വിവരിക്കുന്നു. ഇത് സംസ്ഥാനം പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാന്‍ കഴിയാതാക്കി. അത് റവന്യൂ-ധനകമ്മി വര്‍ധിപ്പിക്കുന്നു. ശമ്പളപരിഷ്കാരത്തെ തുടര്‍ന്നുള്ള അധികബാധ്യതകളും ഈ വര്‍ഷമുണ്ട്. ഇക്കാരണങ്ങള്‍ നിരത്തി കൈമലര്‍ത്തുകയല്ല ധനമന്ത്രി ചെയ്യുന്നത്. കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ച പശ്ചാത്തലസൌകര്യ നിക്ഷേപ നിധി ബോര്‍ഡ് (കിഫ്ബി) എന്ന സംവിധാനം ഉപയോഗിച്ച് വലിയ പദ്ധതികള്‍ക്ക് ബജറ്റിനുപുറത്തുനിന്ന് വിഭവം കണ്ടെത്തുകയാണ്. ഇതിനകം 4000 കോടിരൂപയുടെ പദ്ധതികള്‍ അംഗീകരിച്ചുകഴിഞ്ഞു. 2017-18ല്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. പതിവുസ്രോതസ്സുകളില്‍നിന്ന് സാധാരണഗതിയില്‍ ലഭിക്കുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്.
എന്താണ് ഇത് കാണിക്കുന്നത്? ബജറ്റില്‍ പറയുന്ന ശമ്പളം, പെന്‍ഷന്‍, പദ്ധതിപ്രവര്‍ത്തനം എന്നിവയ്ക്കായി 1,09,627.88 കോടി രൂപയ്ക്ക് പുറമെ 15,000 കോടി രൂപ കൂടി സര്‍ക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. റോഡ് വികസനത്തിനായി ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനകം 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അതില്‍ 12,000 കോടി രൂപ പ്രവാസിമലയാളികള്‍ക്കായി കെഎസ്എഫ്ഇ നടത്തുന്ന ചിട്ടിയിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐടി, ആധുനിക-ഘനവ്യവസായങ്ങള്‍ മുതലായവയ്ക്കും ഇത്തരം നൂതന വിഭവസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തും. ഇത് പ്രധാനമായി വളര്‍ന്നുവരുന്ന തലമുറയ്ക്കുള്ള ഭാവിവികസന വാഗ്ദാനവുമാണ്.
അതേസമയം 60 വയസ്സ് കഴിഞ്ഞ ഏത് കേരളീയപൌരനും 1100 രൂപയെങ്കിലും പ്രതിമാസപെന്‍ഷന്‍ വരുന്ന ഏപ്രില്‍ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നു. മറ്റേതെങ്കിലും രീതിയില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് വലിയ ആശ്വാസമാണിത്. സര്‍ക്കാര്‍ ആരെയും അശരണരായി കാണാമറയത്ത് തള്ളുന്നില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും ബജറ്റില്‍ അവരുടെ ജനസംഖ്യാനുപാതികമായി തുക വകയിരുത്തിയിരിക്കുന്നു. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അവര്‍ക്കുള്ള വിഹിതം കുത്തനെ വെട്ടിക്കുറച്ച കാലത്താണിത്. സ്ത്രീകള്‍ക്കായി ഒരു പ്രത്യേക വകുപ്പ് 2017-18 സാമ്പത്തികവര്‍ഷംമുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്് അവരെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ നാന്ദിയാണ്. ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്റ് ഈയിടെ പാസാക്കിയ നിയമപ്രകാരമുള്ളതിലും കൂടുതല്‍ ആനുകൂല്യം നല്‍കാനാണ് ബജറ്റ് വിഭാവനംചെയ്യുന്നത്. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെയും സാമൂഹ്യവും സാംസ്കാരികവുമായ അസഹിഷ്ണുതയുടെയുമായ ഇക്കാലത്ത് എല്ലാ ജനവിഭാഗങ്ങളോടും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോട്, ബജറ്റില്‍ നീതിചെയ്യുക സാധാരണമല്ല; എളുപ്പവുമല്ല. ആ അസാധ്യനേട്ടമാണ് ധനമന്ത്രി കൈവരിച്ചിരിക്കുന്നത്.
ബജറ്റ് അവതരണത്തിന്റെ മുക്കാല്‍പങ്കും തീര്‍ന്ന ഘട്ടത്തിലാണ് പ്രതിപക്ഷത്ത് ബഹളം ഉയര്‍ന്നത്. ബജറ്റ് ചോര്‍ന്നു എന്ന് പ്രതിപക്ഷനേതാവ് എഴുന്നേറ്റ് ആരോപിച്ചു. മന്ത്രിമാരും എംഎല്‍എമാരുമെല്ലാം രാവിലെ ഒമ്പതുമുതല്‍ നിയമസഭയിലായതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല, അന്വേഷിക്കാം, ഗൌരവമായി പരിശോധിക്കാം എന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രസ്താവിച്ചിട്ടും പ്രതിപക്ഷം വാക്കൌട്ട് നടത്തുകയായിരുന്നു. ബജറ്റ് പ്രസംഗത്തിന്റെ അവസാനവേളയിലായതിനാല്‍ അതുകൊണ്ട് ദോഷമൊന്നും സംഭവിച്ചിട്ടില്ല, എങ്കിലും അതേക്കുറിച്ച് ഗൌരവമായി അന്വേഷിച്ച് വിവരം സഭയെ അറിയിക്കാം എന്ന് അവര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ഇറങ്ങിപ്പോയത് ബജറ്റ് അവരില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചതുകൊണ്ടാകും.
എല്‍ഡിഎഫ് സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ വീണുകിട്ടുന്ന ഏത് അവസരത്തെയും ഉപയോഗപ്പെടുത്തുന്നതിലാണല്ലോ ഇപ്പോള്‍ പ്രതിപക്ഷശ്രദ്ധ മുഴുവന്‍. സംഭവഗതിയുടെ ചുരുളുകള്‍ വരുംനാളുകളില്‍ അഴിയട്ടെ. ഇപ്പോള്‍ അസന്ദിഗ്ധമായി പറയാവുന്നത്, യുഡിഎഫ് ഭരണത്തിന്‍കീഴില്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്ന ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കുതിച്ചുകയറ്റത്തിന്റേതായ ഒരു സമഗ്രവികസനപാത ബജറ്റിലൂടെ അനാവരണംചെയ്തിരിക്കുന്നു എന്നാണ്. ആഗോളവല്‍ക്കരണത്തിന്റെ ഈ നാളുകളില്‍ ദരിദ്രരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ ജനസാമാന്യത്തിനും യുവതലമുറയ്ക്കും പ്രതീക്ഷയുടേതായ നാളെകള്‍ അനാവരണംചെയ്യപ്പെടുക സാധാരണമല്ല. അതാണ് ഡോ. തോമസ് ഐസക്കും എല്‍ഡിഎഫ് സര്‍ക്കാരും ഈ ബജറ്റിലൂടെ സാധിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..