22 September Friday

ബിഎസ‌്എൻഎൽ തകർക്കപ്പെട്ടുകൂടാ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നായിരുന്ന  ബിഎസ‌്എൻഎൽ തകർച്ചയിലേക്ക‌് നീങ്ങുന്നതിന്റെ സൂചനകളാണ‌് വന്നുകൊണ്ടിരിക്കുന്നത‌്. സാങ്കേതികമായ പിന്നോക്കാവസ്ഥയും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും തുടങ്ങിയിട്ട‌് കാലമേറെയായെങ്കിലും സാമ്പത്തികമായി പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു എന്നതാണ‌് ഏറ്റവും പുതിയ വാർത്ത. ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ബിഎസ്‌എൻഎൽ, ജീവനക്കാർക്ക‌് ശമ്പളം നൽകാൻപോലും സാധിക്കാത്ത നിലയിൽ നഷ‌്ടത്തിലേക്ക‌് കൂപ്പുകുത്തിയിരിക്കുന്നു. ജനറൽ മാനേജർ (ബജറ്റ‌് ആൻഡ‌് ബാങ്കിങ‌്) പുരൺ ചന്ദ്ര കേന്ദ്രസർക്കാരിന‌് നൽകിയ റിപ്പോർട്ട‌് പ്രകാരം കടഭാരം12,786 കോടിയാണ‌്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് കേരളത്തിൽ ബിഎസ‌്എൻഎല്ലിന്റെ പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നു.  കഴുത്തറുപ്പൻ മത്സരത്തിനിടയിലും കേരളത്തിൽ ഉപയോക്താക്ക‌ളുടെ കൊഴിഞ്ഞുപോക്ക‌് കുറഞ്ഞനിരക്കിലായിരുന്നു. പൊതുമേഖലാ സംരക്ഷണത്തിനുള്ള ജനങ്ങളുടെ അഭിവാഞ്‌ഛയാണ‌് ഇതിന‌ുകാരണം. സാമ്പത്തികനിലയിലും ഈ മെച്ചം പ്രകടമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം കേരള സർക്കിൾ 373 കോടി ലാഭത്തിലായിരുന്നു. എന്നാൽ, പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട‌് ഈവർഷം 250 കോടിയുടെ കടമാണ‌് കേരള ബിഎസ‌്എൻഎൽ രേഖപ്പെടുത്തിയത‌്.

സ്വകാര്യ ടെലിഫോൺ കമ്പനികൾക്ക‌് തഴച്ചുവളരാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയമാണ‌് പൊതുമേഖലയുടെ തകർച്ചയ‌്ക്ക‌് ആധാരം. ഇന്ത്യൻ ബഹിരാകാശ  സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തിയാണ‌് സ്വകാര്യ ടെലിഫോൺ സംരംഭകർ കൊഴുക്കുന്നത‌്. വൻ മുതൽമുടക്ക‌് ആവശ്യമുള്ള ടെലിഫോൺ മേഖലയിൽ പൊതുമേഖലാ ബാങ്കുകളടക്കം വാരിക്കോരി വായ‌്പ നൽകുന്നു. സ്വകാര്യകമ്പനികൾ അഞ്ചാം തലമുറ മൊബൈൽ സാങ്കേതികവിദ്യയിലേക്ക‌് കടന്നിരിക്കുകയാണ‌്. ഇന്റർനെറ്റ‌്, ജിപിഎസ‌്, ഭരണനിർവഹണ, ആരോഗ്യമേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന‌് 5 ജി സംവിധാനം വഴിവയ‌്ക്കും. 10 ജിബിപിഎസ‌് വരെ സ‌്പീഡ‌് ആണ‌് സ്വകാര്യ കമ്പനികൾ വാഗ‌്ദാനം ചെയ്യുന്നത‌്. ഇവരുമായി മത്സരിക്കുന്ന ബിഎസ‌്എൻഎൽ ആകട്ടെ ഇനിയും 4 ജി പോലും ഭാഗികമായേ നടപ്പാക്കിയിട്ടുള്ളൂ. 3ജി യിൽ നൂറിൽ താഴെ എംബിപിഎസ‌് ഡാറ്റ സ‌്പീഡ‌് മാത്രമാണ‌് ബഹുഭൂരിപക്ഷം  ഉപയോക്താക്കൾക്കും ബിഎസ‌്എൻഎൽ നൽകുന്നത‌്.

ടെലിഫോൺ, വിവര സാങ്കേതികമേഖല പൂർണമായും കുത്തകകൾക്ക‌് അടിയറവയ‌്ക്കാനുള്ള ആപൽക്കരമായ നീക്കത്തിൽനിന്ന‌് കേന്ദ്ര സർക്കാർ പിന്മാറിയാൽ മാത്രമേ ഈ പ്രശ‌്നങ്ങൾക്ക‌് പരിഹാരമാകുകയുള്ളൂ.

എന്തുകൊണ്ടാണ‌് ഈ ദുരവസ്ഥ എന്ന‌് പരിശോധിച്ചാൽ കേന്ദ്ര സർക്കാരിൽനിന്നുള്ള മൂലധനസഹായം ബിഎസ‌്‌എൻഎല്ലിന‌് ഇല്ല എന്നതാണ‌് ഉത്തരം. സർക്കാർ നേരിട്ട‌് മൂലധനപിന്തുണ നൽകുന്നില്ലെന്നതോ പോകട്ടെ, ബാങ്കുകളിൽനിന്ന‌് വായ‌്പ ലഭിക്കുന്നതിന‌് ആവശ്യമായ സർക്കാർ ഗ്യാരന്റി  നൽകുന്നുമില്ല. പുതിയ സാങ്കേതികവിദ്യ ആർജിക്കുന്നതിലും  നെറ്റ‌്‌വർ്ക്ക‌് വിപുലപ്പെടുത്തുന്നതിലും ബിഎസ‌്എൻഎൽ വർഷങ്ങളായ സ‌്തംഭനാവസ്ഥയിലാണ‌്. ബിഎസ‌്എൻഎൽ ഉപയോഗിക്കുന്ന ടവറുകളിൽ നല്ലൊരുപങ്കും സ്വകാര്യ കമ്പനികളുടേതാണ‌് എന്നറിയുമ്പോഴാണ‌് പതനത്തിന്റെ ആഴം വ്യക്തമാവുക. നഷ‌്ടം കുമിഞ്ഞതോടെ സ്വകാര്യ ടവറുകൾക്ക‌ു നൽകാനുള്ള വാടക മുടങ്ങി.  ഇതേത്തുടർന്ന‌് പലയിടത്തും സർവീസ‌് അവതാളത്തിലാണ‌്. 

പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കാലങ്ങളായി  ബിഎസ‌്എൻഎൽ ആർജിച്ച വിശ്വാസ്യത തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ‌് മുൻ യുപിഎ ഗവൺമെന്റും തുടർന്നുവന്ന മോഡി ഭരണവും കൈക്കൊണ്ടത‌്. കോർപറേറ്റ‌ുകൾക്ക‌്  ടെലിഫോൺ മേഖലയിൽ ചുവടുറപ്പിക്കാൻ ബിഎസ‌്എൻഎല്ലിനെ തകർക്കേണ്ടത‌് അനിവാര്യമാണെന്ന‌് അവർക്കറിയാം. ചെലവിനേക്കാൾ കുറഞ്ഞ നിരക്ക‌് അവതരിപ്പിച്ചുകൊണ്ട‌് ‘ജിയോ’ നടത്തുന്ന ‘താരിഫ‌് യുദ്ധം’ ഇതര സ്വകാര്യ കമ്പനികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട‌്.  സേവനവും സാങ്കേതിക ഗുണമേന്മയും മെച്ചപ്പെടുത്താൻ ചെറുവിരൽപോലും അനക്കാൻ തയ്യാറല്ലാത്ത ബി‌എസ‌്എൻഎൽ അധികൃതർ ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടും സർവീസ‌് അനാകർഷകമാക്കി. പ്രധാന നഗരങ്ങളിൽപോലും കസ‌്റ്റമർ സർവീസ‌് സെന്ററുകളടക്കമുള്ള പ്രധാന ഓഫീസുകൾ അടച്ചുപൂട്ടി.  രണ്ട‌് പതിറ്റാണ്ടായി കാര്യമായ നിയമനം നടക്കാത്ത  ബിഎസ‌്എൻഎല്ലിൽ ഉപയോക്താക്കൾക്ക‌് സേവനം എത്തിക്കുന്നതിൽ പ്രധാന പങ്ക‌ുവഹിക്കുന്നത‌് കരാർ തൊഴിലാളികളാണ‌്. എന്നാൽ, നിശ്ചിത പ്രായപരിധി കഴിഞ്ഞ കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയാണ‌്. അംഗീകൃത ജീവനക്കാരുടെ വിരമിക്കൽപ്രായം കുറയ‌്ക്കാനും നീക്കം നടക്കുന്നു. ജോലിയിൽ തുടരുന്ന കരാർ ജീവനക്കാരുടെ ശമ്പളം ഒമ്പതുമാസമായി ലഭിക്കാത്ത സംസ്ഥാനങ്ങളുണ്ട‌്. കേരളത്തിൽ  കുടിശ്ശിക ശമ്പളം ആവശ്യപ്പെട്ടും പിരിച്ചുവിടലിന‌് എതിരെയും സിജിഎം ഓഫീസിന‌ുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്‌.

ടെലിഫോൺ, വിവര സാങ്കേതികമേഖല പൂർണമായും കുത്തകകൾക്ക‌് അടിയറവയ‌്ക്കാനുള്ള ആപൽക്കരമായ നീക്കത്തിൽനിന്ന‌് കേന്ദ്ര സർക്കാർ പിന്മാറിയാൽ മാത്രമേ ഈ പ്രശ‌്നങ്ങൾക്ക‌് പരിഹാരമാകുകയുള്ളൂ. ഒപ്പം സുപ്രധാനമായ ഈ മേഖലയിൽ പൊതുമേഖലയുടെ നഷ‌്ടപ്പെട്ട പ്രാമുഖ്യം വീണ്ടെടുക്കാനുള്ള ശക്തമായ ഇടപെടലും ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top