രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ച് ത്രിവർണ പതാക ഉയർത്തിയ കായികതാരങ്ങൾ നീതി തേടി തെരുവിലാണ്. രാജ്യത്തിന്റെ പെൺമക്കൾ അപമാനിക്കപ്പെട്ടെന്ന ആരോപണത്തിനുമുന്നിൽ കേന്ദ്രസർക്കാർ കുറ്റകരമായ മൗനത്തിൽ. താരങ്ങളുടെ മൻ കീ ബാത്ത് കേൾക്കാൻ മോദിസർക്കാർ തയ്യാറാകുന്നില്ല. ഏഴ് വനിതാ ഗുസ്‌തിതാരങ്ങൾ ദീർഘകാലം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായെന്ന വെളിപ്പെടുത്തൽ പുറത്തുവന്നശേഷം കേന്ദ്രസർക്കാരും കായികമന്ത്രാലയവും ഡൽഹി പൊലീസും സ്വീകരിക്കുന്ന നിലപാട് ഞെട്ടിപ്പിക്കുന്നതാണ്.
റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെയാണ് കായികതാരങ്ങൾ ഡൽഹി പൊലീസിൽ പരാതി നൽകിയത്. 2012 മുതൽ 2022 വരെ പലതവണ ലൈംഗികപീഡനം നടന്നുവെന്നാണ് പരാതി. 16 വയസ്സുള്ള പെൺകുട്ടിയും പരാതിക്കാരിൽ ഉൾപ്പെടുന്നതിനാൽ പോക്‌സോ വകുപ്പും ചുമത്തേണ്ട പരാതികളിൽ ഡൽഹി പൊലീസ് അടയിരിക്കുന്നു. കായികതാരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കോടതി പറഞ്ഞാൽ കേസെടുക്കാമെന്നാണ് ഡൽഹി പൊലീസ് പ്രതികരിച്ചത്. സുപ്രീംകോടതി വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
മാത്രമല്ല, ഇരകളുടെ പേരുവിവരങ്ങളും ചിത്രങ്ങളും ആരോപണവിധേയന് ഡൽഹി പൊലീസ് കൈമാറിയെന്നും കായികതാരങ്ങൾ പരാതിപ്പെടുന്നു. പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് കായികതാരങ്ങൾക്ക് നിരന്തര ഭീഷണിയുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനപാലനവും നീതിനിർവഹണവും എത്രമാത്രം അധഃപതനത്തിലാണെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇതേ വിഷയത്തിൽ കായികതാരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. സമരം നീണ്ടുപോയതോടെ കായികമന്ത്രാലയം ഇടപെട്ട് ബോക്‌സിങ് താരവും എംപിയുമായ മേരി കോമിന്റെ നേതൃത്വത്തിലുള്ള മേൽനോട്ടസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട്ട് വെളിച്ചം കണ്ടില്ല. വീണ്ടും പ്രതിഷേധം തുടങ്ങിയതോടെ ഈ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളെന്ന പേരിൽ സർക്കാർ പുറത്തുവിട്ട കാര്യങ്ങളിൽ ബ്രിജ്‌ഭൂഷണെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഒന്നുമില്ല. റിപ്പോർട്ടിന്റെ അന്തിമ ഉള്ളടക്കം പൂർണമായി വായിക്കാൻ തന്നെ സമ്മതിച്ചില്ലെന്ന് അന്വേഷണസമിതി അംഗമായിരുന്ന മുൻ ഗുസ്‌തി താരം ബബിത ഫഗോട്ട് വെളിപ്പെടുത്തി. ഡബ്ല്യുഎഫ്‌ഐയിൽ ഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നു മാത്രമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതെന്ന് കായികമന്ത്രാലയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു.
ബ്രിജ്‌ഭൂഷണിന്റെ താൽപ്പര്യപ്രകാരമാണ് ഔദ്യോഗിക സംവിധാനങ്ങൾ നീങ്ങുന്നതെന്ന വെളിപ്പെടുത്തലാണ് 2014ൽ ലഖ്‌നൗ പരിശീലന ക്യാമ്പിൽ ഉണ്ടായിരുന്ന ഫിസിയോതെറാപിസ്റ്റ് പരംജീത് മലിക് നടത്തിയിരിക്കുന്നത്. ക്യാമ്പിലുണ്ടായിരുന്ന മൂന്ന് ജൂനിയർ താരങ്ങൾ ഭീഷണിയുടെയും പീഡനത്തിന്റെയും വിവരങ്ങൾ തന്നോട് പറഞ്ഞിരുന്നതായി പരംജീത് സ്ഥിരീകരിച്ചു. സീനിയർ താരങ്ങളോടും അവർ ഇക്കാര്യം പറഞ്ഞു. ഇതേപ്പറ്റി പരാതിപ്പെട്ട തന്നെ ക്യാമ്പിൽനിന്ന് ഒഴിവാക്കിയെന്നും പരംജീത് പറയുന്നു. പീഡനങ്ങളെക്കുറിച്ച് നേരത്തേ എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. പ്രതിഷേധിക്കുകയോ പരാതിപ്പെടുകയോ ചെയ്‌താൽ കായികതാരങ്ങൾ പ്രതികാരം നേരിടേണ്ടിവരും. ഭാവി അതോടെ ഇല്ലാതാകുമെന്ന് അവർ ഭയക്കുന്നു.
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ പ്രതിയായിരുന്ന ബ്രിജ്‌ഭൂഷൺ ബിജെപിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. ആരോപണങ്ങൾക്ക് രാഷ്‌ട്രീയനിറം ലഭിക്കുന്നത് ഒഴിവാക്കാൻ ജനുവരിയിൽ സമരവേദിയിൽ രാഷ്‌ട്രീയനേതാക്കൾ എത്തരുതെന്ന് കായികതാരങ്ങൾ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, സമരം അവസാനിപ്പിക്കാൻ സർക്കാർ നിർദേശത്തിനു വഴങ്ങിയ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് കായികതാരങ്ങൾ പരിതപിക്കുന്നു. ഇപ്പോൾ അവർ എല്ലാവരോടും പിന്തുണ ആവശ്യപ്പെടുകയാണ്. രാഷ്‌ട്രീയ നേതാക്കളോടും യുവജനസംഘടനാ പ്രവർത്തകരോടും കർഷകപ്രസ്ഥാനങ്ങളോടും ട്രേഡ് യൂണിയനുകളോടും അവർ സഹായം തേടി. വനിതാ കായികതാരങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കൈകോർക്കണമെന്ന് അവർ അഭ്യർഥിച്ചു. ഈ സാഹചര്യത്തിൽ വ്യാഴാഴ്‌ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം പ്രതീക്ഷാജനകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..