14 August Sunday

ബ്രിക് സ്: ഗോവ ഉച്ചകോടിയുടെ പ്രാധാന്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2016

പതിനെട്ടാമത് ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടി ശനി, ഞായര്‍ ദിവസങ്ങളിലായി ഗോവയില്‍ നടക്കും. ഗോള്‍ഡ് മാന്‍ സാച്ചസിന്റെ മുന്‍ ചെയര്‍മാന്‍ ടിം ഒ നീല്‍ 'ബ്രിക്' എന്ന്് പേരിട്ട രാഷ്ട്രങ്ങളുടെ സഖ്യത്തില്‍ 2010ല്‍ ദക്ഷിണാഫ്രിക്കകൂടി ചേര്‍ന്നതോടെയാണ് ബ്രിക്സ് എന്ന പേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചത്. റഷ്യയിലെ ഉഫയിലായിരുന്നു കഴിഞ്ഞ ഉച്ചകോടി. റഷ്യയില്‍നിന്ന് ഇന്ത്യ ബ്രിക്സിന്റെ അധ്യക്ഷ സ്ഥാനം ഗോവയില്‍വച്ച് ഏറ്റെടുക്കുന്നുവെന്ന പ്രത്യേകത ഈ ഉച്ചകോടിക്കുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അഞ്ച് രാഷ്ട്രങ്ങളിലെ ഉന്നത രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയായതുകൊണ്ടുതന്നെ ഉച്ചകോടി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ ജി–20 ലെ അംഗങ്ങളാണ് ഈ അഞ്ച് രാഷ്ട്രവും. ലോക ജനസംഖ്യയുടെ പകുതിയോളവും ജീവിക്കുന്നത് ഈ അഞ്ച് രാജ്യങ്ങളിലായാണ്. ലോക ജിഡിപിയുടെ 22 ശതമാനം അഥവാ 16.6 ഡ്രില്യണ്‍ ഡോളറിന്റെ സമ്പദ്വ്യവസ്ഥയാണിത്. അതുകൊണ്ടുതന്നെ ഈ കൂട്ടായ്മ എന്ത് പറയുന്നുവെന്നത് അമേരിക്കയും  യുറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാഷ്ട്രവും കൂട്ടുകെട്ടുകളും ശ്രദ്ധിക്കും.  

ഉറി ഭീകരാക്രമണത്തിനും അതിന് മറുപടിയെന്നോണം നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കിനുംശേഷം ഇന്ത്യ നടത്തുന്ന സുപ്രധാന നയതന്ത്രനീക്കമാണ് ബ്രിക്സ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രീസിലില്‍ ദില്‍മ റൂസേഫ് ഇംപീച്ച്മെന്റ് ചെയ്യപ്പെട്ട് പുറത്തായ ശേഷം അധികാരമേറിയ പുതിയ പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ എന്നിവരെല്ലാം ഉച്ചകോടിക്ക് എത്തുന്നുണ്ട്. ഉറി ആക്രമണത്തെ തുടര്‍ന്ന് ഇസ്ളാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യയുടെ പിന്മാറ്റത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ബ്രിക്സ് ഉച്ചകോടിയുമായി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ തീരുമാനം ലോകത്തിന് മുമ്പില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളെ അണിനിരത്താനും ഇന്ത്യക്കുള്ള സുവര്‍ണാവസരമായിരിക്കും. 

ഭീകരവാദമെന്ന വിഷയം ഉച്ചകോടിയില്‍ ഉയര്‍ത്തുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ആണവവിതരണ സംഘത്തില്‍(എന്‍എസ്ജി) അംഗത്വവിഷയവും നദീജലകരാറുകളും ഉച്ചകോടിയില്‍ ഇന്ത്യ ഉയര്‍ത്തും. ഭീകരവാദത്തെ എല്ലാ രാഷ്ട്രങ്ങളും ഒരേ സ്വരത്തില്‍ എതിര്‍ക്കുമെങ്കിലും അതിന്റെപേരില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് പറയാനാകില്ല. ഉറി ആക്രമണത്തെ റഷ്യ അപലപിച്ചെങ്കിലും പാകിസ്ഥാനുമായി ബലൂചിസ്ഥാന്‍ മേഖലയില്‍ രണ്ടാഴ്ച നീളുന്ന സംയുക്തപരിശീലനം നടത്താന്‍ റഷ്യ തയ്യാറായി. റഷ്യയുടെ ഈ പാകിസ്ഥാന്‍ അനുകൂല നടപടിയില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയും പാകിസ്ഥാനെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്നുമാത്രമല്ല വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായി ബലൂചിസ്ഥാന്‍ വഴിയുള്ള ചൈന–പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ടുപോകുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുംചെയ്തു. എന്‍എസ്ജി വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണ നല്‍കുമെന്ന ഒരു സൂചനയും ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഡല്‍ഹിയില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇന്ത്യ പ്രകടമായി അമേരിക്കന്‍പാളയത്തിലേക്ക് നീങ്ങുകയാണെന്ന പരാതി റഷ്യക്കും ചൈനയ്ക്കും ഉണ്ട്. പ്രതിരോധം, ഭീകരവാദവിരുദ്ധ നടപടികള്‍, കലാവസ്ഥാമാറ്റം ഉള്‍പ്പെടെയുള്ള പൊതുവിഷയം എന്നിവയിലെല്ലാംതന്നെ അമേരിക്കയുടെ അതേ നയമാണ് ഇന്ത്യയും വച്ചുപുലര്‍ത്തുന്നത്. സിറിയയില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുകയാണ് റഷ്യയെങ്കില്‍ ദക്ഷിണ ചൈനാകടല്‍ വിഷയത്തില്‍ അമേരിക്കയുമായി തുറന്ന പോരിലാണ് ചൈന. ഇന്ത്യയുടെ ഭൌമരാഷ്ട്രീയത്തില്‍ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും വലിയ പങ്കൊന്നുമില്ലതാനും. ഈ പശ്ചാത്തലത്തില്‍ ചൈനയെയും റഷ്യയെയും കൂട്ടിയോജിപ്പിച്ച് പാകിസ്ഥാനെതിരെ നീങ്ങുക വിഷമമായിരിക്കും. അതിനായി മികച്ച നയതന്ത്ര മെയ്വഴക്കംതന്നെ ആവശ്യമാണ്.

ബ്രിക്സ് ഉച്ചകോടിയിലേക്ക് സാര്‍ക് രാജ്യങ്ങള്‍ക്ക് പകരം ബിംസ്റ്റെക്ക് (ബംഗ്ളാദേശ്, ഭൂട്ടാന്‍, ബര്‍മ, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ്് സാമ്പത്തികസമൂഹം) രാഷ്ട്രങ്ങളെയാണ് ഇന്ത്യ ഇക്കുറി ക്ഷണിച്ചിട്ടുള്ളത്. പാകിസ്ഥാനെ ഒഴിവാക്കി ദക്ഷിണ–കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നര്‍ഥം. എന്നാല്‍, ഇത്തരമൊരു കൂട്ടായ്മയ്ക്ക് ചൈനയുടെ പിന്തുണ ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യയുടെ ഈ നീക്കത്തിന് ബദലായി വിശാല ദക്ഷിണേഷ്യന്‍ സഹകരണത്തിനായാണ് പാകിസ്ഥാന്റെ ശ്രമം. കഴിഞ്ഞദിവസം പാകിസ്ഥാനില്‍നിന്നുള്ള പാര്‍ലമെന്ററി സംഘം വാഷിങ്ടണ്‍ സന്ദര്‍ശിച്ച വേളയിലാണ് പാകിസ്ഥാന്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ചൈന, ഇറാന്‍, മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള വിശാല കൂട്ടായ്മയ്ക്കാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ലോകത്തിലെ അഞ്ച് പ്രമുഖരാഷ്ട്രങ്ങളുടെ നേതാക്കള്‍ ഇന്ത്യന്‍ മണ്ണില്‍ ഒത്തുചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top