29 March Wednesday

ബ്രിട്ടനിലെ രാഷ്‌ട്രീയ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019


ബ്രെക്‌സിറ്റ്‌ വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി ദിനംതോറും മൂർച്ഛിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായി കരാറിലെത്താതെ ബ്രെക്‌സിറ്റ് യാഥാർഥ്യമാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ തിടുക്കമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. യൂറോപ്യൻ യൂണിയനുമായി ഭാവികാര്യങ്ങളെക്കുറിച്ച് കരാറിലെത്താതെ ബ്രെക്‌സിറ്റ്‌ യാഥാർഥ്യമാക്കരുതെന്ന ബെൻ ആക്ടാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്ക് തടസ്സമായത്. യൂറോപ്യൻ യൂണിയനുമായി ചാർച്ചചെയ്‌ത്‌ ബ്രെക്‌സിറ്റ്‌ ദീർഘിപ്പിക്കണമെന്നും പാർലമെന്റ് പ്രധാനമന്ത്രിയിൽ സമ്മർദം ചെലുത്തുകയാണ്. ജോൺസണിന്റെ പാർടിയിൽപ്പെട്ടവർ ഉൾപ്പെടെ ഭൂരിപക്ഷം പേരും എതിർക്കുന്ന പശ്ചാത്തലത്തിലാണ് പാർലമെന്റ് അടച്ചിടാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. എന്നാൽ, എത്രയും പെട്ടെന്ന് ബ്രെക്‌സിറ്റ്‌ യാഥാർഥ്യമാക്കാനുള്ള കരുനീക്കങ്ങളാണ് ബോറിസ് ജോൺസൺ നടത്തിവരുന്നത്.

തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക്‌ സസ്‌പെൻഡ് ചെയ്യാൻ പ്രധാനമന്ത്രി തയ്യാറായത്.  സെപ്തംബർ പത്തുമുതൽ ഒക്ടോബർ 15 വരെയാണ് പാർലമെന്റ് സസ്‌പെൻഡ്‌ ചെയ്‌തിരുന്നത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. 11 അംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധിന്യായം പുറത്തുവന്നതോടെ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പ്രധാന പ്രതിപക്ഷമായ ലേബർ പാർടിയുടെ നേതാവ് ജെറമി കോർബിൻ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായിരിക്കും ബോറിസ് ജോൺസൺ എന്നഭിപ്രായപ്പെട്ടു. ഡേവിഡ് കാമറൂണിനും തെരേസ മേക്കുംശേഷം ബോറിസ് ജോൺസണും ബ്രെക്‌സിറ്റ്‌ വിഷയത്തിൽ പുറത്തേക്ക് പോകുകയാണെന്ന സൂചനയാണ് കോർബിൻ നൽകിയത്. ടോറികക്ഷിക്ക് ഉടൻതന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവരും. അല്ലാത്തപക്ഷം രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

പാർലമെന്ററി ജനാധിപത്യത്തിന്റെ മാതാവായി അറിയപ്പെടുന്ന ബ്രിട്ടനിലാണ് ഒരു പ്രധാനമന്ത്രി പാർലമെന്റിന്റെ ഭരണഘടനാപരമായ അധികാരങ്ങളിൽ കൈവച്ചത്. പ്രധാനമന്ത്രിയുടെ  നടപടി തെറ്റാണെന്ന് സ്‌കോട്ടിഷ് കോടതി നേരത്തേ വിധിച്ചിരുന്നു. എന്നാലിപ്പോൾ പരമോന്നത കോടതിയായ സുപ്രീംകോടതിയും പ്രധാനമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചു.  യുക്തിസഹമായ കാരണങ്ങളില്ലാതെ, പാർലമെന്റിനെ അതിന്റെ ഭരണഘടനാ പരമായ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന്‌ തടയുകയാണുണ്ടായതെന്നും അതംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ പ്രസിഡന്റ് ബ്രെൻഡ ഹാലെ വിധിന്യായത്തിൽ പറഞ്ഞു.  പാർലമെന്റിനെ നിശ്ശബ്ദമാക്കുന്നതിന് സമാനമാണ് ഈ നടപടിയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.  സംവാദം നടത്തി മന്ത്രിമാരുടെയും സർക്കാരിന്റെയും ചെയ്‌തികളെ നിർഭയമായി ചോദ്യംചെയ്യുക എന്നതാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയെന്നും അതാണിവിടെ തടയപ്പെട്ടിരിക്കുന്നതെന്നും കടുത്ത വാക്കുകളിൽ സുപ്രീംകോടതി പറഞ്ഞു. പാർലമെന്റ് നടപടികളെക്കുറിച്ച് സ്‌പീക്കർക്കും ഉപരിസഭയ്‌ക്കും തീരുമാനിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.  പ്രധാനമന്ത്രിയുടെ കക്ഷിയിൽപെട്ട സ്‌പീക്കർ ജോൺ ബെർകൗ അടുത്ത ദിവസംതന്നെ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുകയും ചെയ്‌തു.

സുപ്രീംകോടതി സൃഷ്ടിച്ച ഈ ഭരണഘടനാഭൂകമ്പം ഭരണകക്ഷിയായ ടോറി പാർടിയെയും പ്രധാനമന്ത്രി ജോൺസണെയും പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്. ജോൺസൺ രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഭരണകക്ഷിയിൽപെട്ട വിമതരും ഉയർത്തി.  സുപ്രീംകോടതി വിധി പറയുന്നവേളയിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലായിരുന്ന ജോൺസൺ ലണ്ടനിലെത്തിയതോടെ രാജി ആവശ്യം പതിന്മടങ്ങ് വർധിച്ചു. സ്വന്തം പാർടിയുടെ സമ്മേളനം ചേരാനായി മൂന്ന് ദിവസം പാർലമെന്റ് സമ്മേളനം നിർത്തിവയ്‌ക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പാർലമെന്റ് തള്ളി. ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രിക്കുണ്ടാകുന്ന ഏഴാമത്തെ തോൽവിയാണിത്. സാധാരണനിലയിൽ ഭരണ–-പ്രതിപക്ഷ കക്ഷികളുടെ സമ്മേളനം ചേരുന്നതിന് സൗകര്യമൊരുക്കാനായി പാർലമെന്റ് സമ്മേളനം പിരിയുക പതിവാണ്. എന്നാൽ, പ്രധാനമന്ത്രിയുമായി ഇടഞ്ഞുനിൽക്കുന്ന പാർലമെന്റിൽനിന്ന്‌ അത്തരമൊരു ഔദാര്യം പ്രതീക്ഷിക്കാനാകില്ലല്ലോ? 2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ ബ്രെക്‌സിറ്റിന്‌ അനുകൂലമായി ബ്രിട്ടീഷ് ജനത വോട്ട് ചെയ്‌തതോടെ ആരംഭിച്ച രാഷ്‌ട്രീയ പ്രതിസന്ധിയിൽനിന്ന്‌ ഇനിയും അവർക്ക് മോചനം ലഭിച്ചിട്ടില്ല. തികഞ്ഞ രാഷ്‌ട്രീയ അനിശ്ചിതത്വമാണ് ബ്രിട്ടനെ വേട്ടയാടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top