29 May Monday

കാറ്റുപോയ ബ്രൂവറി വിവാദം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018


മദ്യവിഷയത്തിൽ, വെട്ടിയെടുത്ത്‌ തേച്ചുമിനുക്കി മൂർച്ചവെപ്പിച്ചുവന്ന ആയുധമാണ്‌ കൈവിട്ടുപോയത്‌. അതിന്റെ ജാള്യം പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ഒപ്പംനിന്ന മാധ്യമങ്ങളുടെ ഒന്നാംപേജിലും പ്രകടമാണ്‌.

മദ്യനയം എന്നാൽ കൈക്കൂലിയും ക്രമക്കേടും എന്ന സമവാക്യം സൃഷ്ടിക്കുന്നതിൽ യുഡിഎഫ്‌ ഭരണം അഞ്ചുകൊല്ലംകൊണ്ട്‌ വിജയിച്ചിരുന്നു. ബാർ എന്നു കേട്ടാൽ കോഴ എന്ന്‌ മനസ്സിലാക്കുന്ന കാലം. രണ്ടുമന്ത്രിമാരുടെ രാജിതന്നെ മദ്യത്തിൽ തെന്നിയായിരുന്നു. അതിനുമുമ്പുള്ള അഞ്ച്‌ കൊല്ലം എൽഡിഎഫ് ഭരണമായിരുന്നു. അന്നും എക്‌സൈസ്‌ വകുപ്പും അതിനൊരു മന്ത്രിയും കേരളത്തിലുണ്ടായിരുന്നു. ഒരു ആരോപണംപോലും ഉയർന്നില്ല. ഒരു കേസും ഉണ്ടായില്ല. എന്നാൽ, 2011 മുതൽ അഞ്ചുവർഷം ഭരിച്ച യുഡിഎഫിന്റെ മദ്യരംഗത്തെ നടപടികളെല്ലാം അഴിമതിയിൽ കുടുങ്ങി. ആരോപണപരമ്പരകളും കേസുകളും അഞ്ചുകൊല്ലവും ഉണ്ടായി. ബാർ മുതൽ എല്ലാം  അവർക്ക് പണക്കൊയ്‌ത്തിന്റെ കോഴനിലങ്ങളായി. ഈ ഇടപാടുകളും അഴിമതിയും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾക്കറിയാം. ഈ ഓർമയിൽനിന്ന് വിളവെടുക്കാനാണ്‌ അവർ ശ്രമിച്ചത്‌.  ബ്രൂവറികൾ അനുവദിക്കാൻ തത്വത്തിൽ അനുമതി നൽകിയതിനെതിരെ ആരോപണം ഉയർത്തിയത് ഈ ലക്ഷ്യത്തോടെയാണ്.

എന്നാൽ, ജനങ്ങൾക്കുമുന്നിൽ അധികം വിലപ്പോകുന്നതല്ല ഈ ശ്രമങ്ങൾ എന്നത്‌ അവർ മറന്നു. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ കീഴിലും മുൻകാലത്തെ പോലെ മദ്യനയവും മദ്യ രംഗത്തെ നടപടികളും സുതാര്യമായി നീങ്ങുകയാണ്. കഴിഞ്ഞ രണ്ടുവർഷവും ഒരു ആരോപണവും ഉയർത്താനായില്ല. എങ്കിലും  ഏത്‌ വിവാദവും  കുറച്ചുപേരെ തെറ്റിദ്ധരിപ്പിച്ചേക്കാം. യുഡിഎഫിന്റെ ത്രാസിൽത്തന്നെ എൽഡിഎഫിനെ തൂക്കുന്നവർക്ക്‌ സംശയംതോന്നാം. തുടർച്ചയായ പത്രസമ്മേളനങ്ങളിലൂടെയും ഒന്നാം പേജ് തലക്കെട്ടുകളിലൂടെയും  സൃഷ്ടിക്കപ്പെട്ട പുകമറയിൽ ചിലരെങ്കിലും നേരുകാണാതിരുന്നേക്കാം. ഈ പുകമറ നീക്കാൻ സർക്കാരിന്‌ കഴിയുന്നതേയുള്ളൂ. പക്ഷേ അതിനായി സമയവും ഊർജവും ചെലവിടേണ്ടിവരും.

മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത  പ്രളയക്കെടുതിയിൽനിന്ന്‌ കരകയറാനുള്ള തീവ്രശ്രമത്തിലാണ്‌  കേരളം. സർക്കാരിന്റെ എല്ലാ ശ്രദ്ധയും അതിലാണ്‌. ഭരണയന്ത്രം കണ്ണുചിമ്മാതെ ജാഗ്രതയിലാണ്. അതിനിടയിൽ ഇത്തരം വിഷയങ്ങളിലേക്ക്‌ തിരിയാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കി. തീരുമാനം സർക്കാർ പിൻവലിക്കുകയാണ്‌. അതിൽ അപാകത കണ്ടിട്ടല്ല പിൻവലിക്കുന്നത്. ഈ പുനർനിർമാണ ഘട്ടത്തിൽ വിവാദങ്ങൾക്ക്‌ സമയമില്ല. അത്‌ സംസ്ഥാനത്തിന്റെ  ഭാവിക്ക്‌ ഗുണകരമല്ല.

ഒറ്റക്കെട്ടായി നിൽക്കുന്ന കേരളത്തെ ഈ വിഷയത്തിൽ ഭിന്നിപ്പിക്കാൻ സർക്കാർ ഒരുക്കമല്ല എന്നും  മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തീരുമാനം പിൻവലിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിലും പ്രതിപക്ഷ ആരോപണങ്ങളുടെ അർഥശൂന്യത മുഖ്യമന്ത്രി അക്കമിട്ടുനിരത്തുന്നു. പുതിയ ബ്രൂവറികൾ  തുടങ്ങാനുള്ള തീരുമാനത്തിൽനിന്ന്‌ സർക്കാർ പിന്നോട്ടുപോകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകൾ അനുവദിക്കും.
സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിയമപ്രകാരമുള്ള അപേക്ഷ ഇനിയും  നൽകാം. ആവശ്യമായ സാങ്കേതികപരിശോധനയ്ക്ക് ശേഷം അർഹതയുള്ള സ്ഥാപനങ്ങൾക്ക് തുടർന്നും തത്വത്തിൽ അംഗീകാരം നൽകുന്ന നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനൊപ്പം കൈകോർത്തുപിടിച്ച്  കേരളജനത നിലവിലെ പ്രതിസന്ധി മുറിച്ചുകടക്കുകയാണ്. സർക്കാരിനെ ആരോപണത്തിന്റെ നിഴലിലാക്കി ആ യോജിപ്പിൽ ഭിന്നത വിതയ്ക്കാനായിരുന്നു യുഡിഎഫ് ശ്രമം. അതുപാടെ പാളി. ഇങ്ങനെയൊരു തീരുമാനത്തിലൂടെ സർക്കാർ ആ ആരോപണത്തിന്റെ കാറ്റ് കളയുമെന്ന് യുഡിഎഫ് കരുതിയില്ല. ‘വിവാദങ്ങൾക്ക് പിന്നാലെയില്ല; ജനങ്ങൾക്കൊപ്പമാണ് ' എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്, ഈ തീരുമാനത്തിലൂടെ എൽഡിഎഫ് സർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top