05 October Thursday

രാജിയിലും തീരാത്ത ബ്രിട്ടീഷ്‌ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022


ബ്രിട്ടീഷ്‌ ഭരണം കടുത്ത  പ്രതിസന്ധിയിൽ  അമർന്നിരിക്കുന്നു.  തുടർച്ചയായ വിവാദങ്ങൾക്കും കൺസർവേറ്റീവ് പാർടി എംപിമാരുടെ  കൂട്ടരാജിക്കുംശേഷമാണ്‌ ബോറിസ്‌ ജോൺസന്റെ പെട്ടെന്നുള്ള  പടിയിറക്കം. പാർടി നേതൃസ്ഥാനവും ഒഴിഞ്ഞ അദ്ദേഹത്തിന്‌  പുതിയ ആളെ തെരഞ്ഞെടുക്കുന്ന  ഒക്ടോബർവരെ കാവൽ സ്ഥാനത്ത്‌  തുടരാൻ മോഹമുണ്ട്‌. എന്നാൽ, ഉപപ്രധാനമന്ത്രി ഡൊമനിക്‌ റാബിന്‌ ചുമതല കൈമാറി  വേഗം ഒഴിഞ്ഞില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരുമെന്ന്‌ പ്രതിപക്ഷ ലേബർ പാർടി മുന്നറിയിപ്പു നൽകിയിരിക്കയാണ്‌. പൗരസമൂഹത്തെ അഭിസംബോധന ചെയ്‌തശേഷം ജോൺസൺ രാജി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.  അതുണ്ടായില്ല. ഇന്ത്യ-‐പാക് വംശജരായ മന്ത്രിമാരുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ജോൺസനുമേൽ  സമ്മർദം ഉടലെടുത്തത്. രണ്ടു ദിവസത്തിലായി പന്ത്രണ്ടിലധികം മന്ത്രിമാരാണ് രാജിവച്ചത്.

ജൂലൈ അഞ്ചിന് ഇന്ത്യൻ വംശജൻ ധനമന്ത്രി ഋഷി സുനാക്കും  പാക് വംശജൻ  ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിനൽകി. അതോടെ മന്ത്രിസഭയുടെ പിന്തുണ ചോരാൻ  തുടങ്ങി. ലൈംഗികാരോപണ വിധേയനായ ക്രിസ്റ്റഫർ പിഞ്ചറെ 2022 ഫെബ്രുവരിയിൽ  ചീഫ് വിപ്പായി നിയമിച്ചതാണ്‌ ജോൺസന്റെ പുറത്തേക്കുള്ള  വഴിതെളിച്ചത്. 2021ൽ  കോവിഡ്‌  രൂക്ഷമായിരിക്കെ രാജ്യത്താകെ സർക്കാർ കടുത്ത  നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചിരുന്നു. അതേ അവസരത്തിൽ പ്രധാനമന്ത്രി സ്വവസതിയിൽ പഞ്ചനക്ഷത്ര  സൽക്കാരം നടത്തിയത് വിവാദമായി. അന്നുമുതൽ ആരംഭിച്ചതാണ്‌ ജോൺസനെതിരെ കൺസർവേറ്റീവ്‌ വിമർശം. പാർടിക്കുള്ളിൽ ശബ്ദമുയർന്നതോടെ വിശ്വാസ വോട്ടെടുപ്പിലേക്കു നീങ്ങി. 2019ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ജോൺസന്   പാർലമെന്റിൽ 359 അംഗങ്ങളുടെ പിൻബലമാണ്‌ ഉള്ളത്.അമ്പതിലധികം അംഗങ്ങൾ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കത്തിലൂടെ ശഠിച്ചു. ജൂൺ ആദ്യം നടന്ന മത്സരത്തിൽ  ജോൺസൺ ജയിച്ചുകയറി. പ്രശ്‌നങ്ങൾ കെട്ടടങ്ങിവരുമ്പോഴാണ്‌   അദ്ദേഹംതന്നെ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ലൈംഗികാരോപണ  വിധേയനായ  ക്രിസ്റ്റഫർ പിഞ്ചറിനെ  ചീഫ് വിപ്പായി നിയമിച്ചത് കൺസർവേറ്റീവ് പാർടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറിയുണ്ടാക്കി. ഒടുവിൽ അദ്ദേഹത്തെ  നീക്കി രാജ്യത്തോട് മാപ്പപേക്ഷിച്ചു.

ക്ഷമാപണംകൊണ്ട്‌ ജോൺസനെതിരായ എതിർപ്പുകൾ അവസാനിച്ചില്ല.  ജനങ്ങൾ സർക്കാരിൽനിന്നും ഉയർന്ന  മാന്യതയും മികച്ച ഉത്തരവാദിത്വവും പ്രതീക്ഷിക്കുന്നതായും  പല നടപടിയും രാജ്യത്തിന് അവമതിപ്പ് വരുത്തിയതായും  പാർടി അംഗങ്ങൾ തുറന്നടിച്ചു. ധാർമികതയോടെ മന്ത്രിസഭയിൽ തുടരാനാകില്ലെന്ന്‌ പ്രസ്‌താവിച്ചാണ്‌ പല മന്ത്രിമാരും രാജിനൽകിയത്‌.  പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള കൂടിയാലോചനകൾ ലണ്ടൻ കേന്ദ്രീകരിച്ച് സജീവമാണ്‌. ജോൺസൺ മന്ത്രിസഭയിൽ രണ്ടാമനെന്ന്‌ അറിയപ്പെടുന്ന  ഇന്ത്യൻ വംശജൻ  ഋഷി സുനാക്കിനാണ് കൂടുതൽ സാധ്യത. ലോക്ഡൗൺ പാർടിയിൽ പങ്കെടുത്ത് പിഴയൊടുക്കിയ അദ്ദേഹം, നിലപാടു മാറ്റിയാണ്‌  ജോൺസനെ താഴെയിറക്കാൻ നേതൃത്വം നൽകിയത്‌. പുതിയ പ്രധാനമന്ത്രി എത്തിയാലും രാഷ്ട്രീയ നയത്തിൽ മാറ്റമുണ്ടാകില്ലെന്നാണ്‌   ജോൺസൺ വിഭാഗത്തിന്റെ പക്ഷം. യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുകടക്കുമെന്നും രാജ്യത്തെ  സാമ്പത്തികാസമത്വങ്ങൾ  അവസാനിപ്പിക്കുമെന്നും ഉറപ്പുനൽകിയാണ്‌ അദ്ദേഹം   പദവിയേറ്റത്‌. എല്ലാം ജലരേഖയായി.  യൂറോപ്യൻ യൂണിയൻ  വിടുന്നത്‌ അംഗീകരിച്ചവരും പ്രധാനമന്ത്രി  അത് കൈകാര്യം ചെയ്തതിനെ ഉൾക്കൊണ്ടില്ല. 2020 ഫെബ്രുവരി ഒന്നിന്‌ ബ്രെക്സിറ്റ്‌ യാഥാർഥ്യമായെങ്കിലും സാമ്പത്തികമേഖലയിലടക്കം അതുണ്ടാക്കിയ  പ്രശ്‌നങ്ങൾക്ക്‌ പ്രധാനമന്ത്രിയുടെ കൈയിൽ പരിഹാരമുണ്ടായിരുന്നില്ല. കോവിഡിനെ ആരംഭനാളിൽ  സൂക്ഷ്‌മതയില്ലാതെ  അഭിമുഖീകരിച്ചത്‌ മരണം വർധിപ്പിച്ചു. പ്രതിസന്ധി സാമ്പത്തികരംഗം താറുമാറാക്കി. വിലക്കയറ്റം നാലു പതിറ്റാണ്ടിലെ  ഉച്ഛസ്ഥായിയിലായി. ആനുപാതിക വേതനവർധന ആവശ്യപ്പെട്ട്‌ ആരോഗ്യ, വ്യോമയാന, നിയമ രംഗങ്ങളിൽ  പ്രക്ഷോഭങ്ങൾ കനത്തു. അരലക്ഷം റെയിൽ ജീവനക്കാരുടെ  ത്രിദിന  പണിമുടക്ക്‌ മേഖലയെ സ്തംഭിപ്പിച്ചു. ചുരുക്കത്തിൽ ബോറിസ്‌ ജോൺസന്റെ രാജികൊണ്ടും പരിഹരിക്കാനാകാത്തതാണ്‌ ബ്രിട്ടീഷ്‌ പ്രതിസന്ധി. നയംമാറ്റമാണ്‌ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top