07 December Wednesday

ഭദ്രക്കിലെ കലാപം

വെബ് ഡെസ്‌ക്‌Updated: Friday Apr 14, 2017


ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് 115 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുകിടക്കുന്ന നഗരമായ ഭദ്രക് വര്‍ഗീയകലാപത്തീയില്‍ കത്തിയമരുകയാണ്. ഒരു ലക്ഷത്തിലധികംമാത്രം ജനസംഖ്യയുള്ള ഈ തീരനഗരത്തില്‍ ന്യൂനപക്ഷജനങ്ങളുടെ കട-കമ്പോളങ്ങളും ആവാസകേന്ദ്രങ്ങളുമാണ് അഗ്നിക്കിരയാക്കിയിട്ടുള്ളത്. ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായില്ലെങ്കിലും എല്ലാ വര്‍ഗീയകലാപങ്ങളിലുമെന്നപോലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കാണ് ഏറെയും നാശനഷ്ടമുണ്ടായിട്ടുള്ളത്. കലാപം പടരുന്നത് തടയാന്‍ ബാധ്യതപ്പെട്ട പൊലീസ് തുടക്കത്തില്‍ ഉദാസീനത പുലര്‍ത്തിയെങ്കിലും മുഖ്യമന്ത്രി നവീന്‍ പട്നായിക് നേരിട്ട് ഇടപെട്ടതോടെ നഗരത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായിട്ടുണ്ട്. 2007ല്‍ ഫുല്‍ബാനി ജില്ലയിലെ കന്ദമാലില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ കലാപത്തിനുശേഷം സംസ്ഥാനത്ത് ഉണ്ടാകുന്ന ഏറ്റവും ശക്തമായ കലാപമാണ് ഭദ്രക്കിലേത്.

ഏപ്രില്‍ അഞ്ചിന് രാമനവമിയോടനുബന്ധിച്ച് നഗരത്തില്‍ നടന്ന  പ്രകടനത്തോടെയാണ് കലാപത്തിന്റെ ആരംഭം. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ അജിത്കുമാര്‍ പദിഹാരി ശ്രീരാമനെ പുകഴ്ത്തിക്കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് നഗരത്തിലെ മൂന്ന് മുസ്ളിംയുവാക്കള്‍ പ്രതികരിച്ചതാണ് കലാപത്തിന് ഹേതുവായത്. ശ്രീരാമനെയും സീതയെയും ഹനുമാനെയും മറ്റും

ഇകഴ്ത്തുന്ന പോസ്റ്റുകളാണ് മുസ്ളിംയുവാക്കള്‍ ഫെയ്സ്ബുക്കിലിട്ടതെന്നും അതിനാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് രാമനവമി പ്രകടനം നടന്നത്. അതിനൊടുവില്‍ ഒരു ഹിന്ദുവിന്റെ കട മുസ്ളിങ്ങള്‍ കത്തിച്ചെന്ന കിംവദന്തി പരന്നു. ഇതോടെ വടിവാളും കത്തിയുമായി ഇറങ്ങിയ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്ളിങ്ങളുടെ കടകളും സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് നശിപ്പിക്കാനാരംഭിച്ചു. കൃത്യതയോടെ നടത്തിയ ഈ ആക്രമണം വര്‍ഗീയകലാപത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നു.
ഒന്നാംവട്ട കലാപത്തിനുശേഷം പൊലീസും ജില്ലാ ഭരണാധികാരികളും ചേര്‍ന്ന് സമാധാന കമ്മിറ്റിക്ക് രൂപം നല്‍കിയെങ്കിലും ലക്ഷ്യം നേടാനായില്ല.

ആദ്യവട്ടം കലാപത്തിനു പിന്നില്‍ തങ്ങളല്ലെന്ന് മുസ്ളിം പ്രതിനിധികള്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ ശ്രീരാമനെ ഇകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. യോഗം നടക്കുന്ന വേളയില്‍ പുറത്ത് ചിലര്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവക്യം വിളിച്ചെന്നായി പിന്നീട് സംഘപരിവാറുകാരുടെ ആരോപണം. പിന്നീട് ഹിന്ദു സുരക്ഷാസമിതിക്ക്് രൂപം നല്‍കി ബൈക്ക്റാലി നടത്തി. അതോടെ രണ്ടാംവട്ട വര്‍ഗീയകലാപത്തിന് തുടക്കമായി. അപ്പോഴും ഹിന്ദു കടകത്തിച്ചതും 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളി ഉയര്‍ന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. നഗരത്തില്‍ മുസ്ളിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളത്രയും നശിപ്പിക്കുക എന്നതായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. പതിനാറാം നൂറ്റാണ്ടുമുതല്‍ മുസ്ളിങ്ങളുടെ സാന്നിധ്യമുള്ള നഗരമാണ് ഭദ്രക്. സംസ്ഥാന ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമേ മുസ്ളിങ്ങള്‍ ഉള്ളൂവെങ്കിലും ഭദ്രക്കില്‍ അത് 35 ശതമതാനമാണ്. ഇവരെ അവിടെനിന്ന് പാലായനം ചെയ്യിക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. 1991ലും രാമനവമിയോടനുബന്ധിച്ചുതന്നെ ഇതേ നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സമാധനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 16 വര്‍ഷവും വര്‍ഗീയസംഘര്‍ഷങ്ങളൊന്നുംതന്നെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

എന്നാല്‍, കഴിഞ്ഞമാസം നടന്ന പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക്് കഴിഞ്ഞതോടെയാണ് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് വര്‍ഗീയകലാപത്തിന് സംഘപരിവാര്‍ തിരികൊളുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തി. 2012ല്‍ ജില്ലാ പഞ്ചായത്തുകളില്‍ 36 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 306 സീറ്റ് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 126 സീറ്റുമായി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 66 സീറ്റ് മാത്രമാണ് ലഭിച്ചത്. ഒന്നാംസ്ഥാനം ബിജു ജനതാദള്‍തന്നെ നിലനിര്‍ത്തിയെങ്കിലും 191 സീറ്റ് കുറഞ്ഞ് 460 സീറ്റില്‍മാത്രമാണ് വിജയിക്കാനായത്.  2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍തന്നെ ബിജെപി കോണ്‍ഗ്രസിനൊപ്പമെത്തിയിരുന്നു. കോണ്‍ഗ്രസിന് 16 സീറ്റും 26 ശതമാനം വോട്ടും ലഭിച്ചപ്പോള്‍ ബിജെപിക്ക് 10 സീറ്റും 21 ശതമാനം വോട്ടും ലഭിച്ചു. 2019ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കണമെങ്കില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കണം. വര്‍ഗീയ പ്രചാരണത്തോടൊപ്പം വര്‍ഗീയലഹളയും അതിനുള്ള ഉപകരണങ്ങളാണ്.  

കോണ്‍ഗ്രസിന്റെ ദയനീയമായ തകര്‍ച്ചയും ബിജെപിയുടെ മുന്നേറ്റവും സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെഡിയില്‍ പടലപ്പിണക്കം സൃഷ്ടിച്ചിട്ടുണ്ട്. സമാജ് ദിനപത്രത്തില്‍ ബിജെഡി എംപി ബൈജയന്ത് പാണ്ഡെ എഴുതിയ ലേഖനം ഇതിനുള്ള തെളിവാണ്. ബിജെപിയുടേത് ശക്തമായ നേതൃത്വമാണെന്നു പറഞ്ഞ പാണ്ഡെ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെ വാനോളം പുകഴ്ത്താനും തയ്യാറായി. പാണ്ഡെയുടെ നേതൃത്വത്തില്‍ ബിജെഡിയില്‍ ഒരു പിളര്‍പ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മറ്റൊരു ബിജെഡി എംപി തഥാഗത സത്പതി വെളിപ്പെടുത്തുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് നേതാക്കളെ പലവിധ വാഗ്ദാനങ്ങളും നല്‍കി കാലുമാറ്റം ചെയ്യിച്ച് കൂടെ നിര്‍ത്തുന്നതോടൊപ്പം ശക്തമായ വര്‍ഗീയധ്രുവീകരണ ശ്രമങ്ങളും നടത്തുക എന്നതാണ് ബിജെപിയുടെ രീതി. ഉത്തര്‍പ്രദേശിലും ഗോവയിലും മറ്റും സ്വീകരിച്ച അതേ രീതി ഒഡിഷയിലും ബിജെപി ശക്തമായിത്തന്നെ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭദ്രക്കിലെ വര്‍ഗീയകലാപം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top