04 October Wednesday

ഫാസിസ്‌റ്റ്‌ ആഭിമുഖ്യം പുറത്തെടുത്ത്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ്‌ തെലങ്കാനയിൽ ചേർന്ന ബിജെപി ദേശീയ നിർവാഹകസമിതി യോഗം പിരിഞ്ഞത്‌. ‘മിഷൻ ദക്ഷിണേന്ത്യ’ എന്ന കർമപരിപാടിയും അംഗീകരിച്ചു. ദക്ഷിണേന്ത്യ കർണാടകമൊഴികെ ബിജെപിക്ക്‌ ബാലികേറാമലയായി തുടരുന്നത്‌ ദേശീയ അജൻഡകൾക്ക്‌ വിഘാതമാണെന്ന്‌ അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഭരണം പിടിക്കാൻ സാധാരണ പ്രയോഗിക്കുന്ന രീതികൾ മതിയാകില്ലെന്ന്‌ മനസ്സിലാക്കിയാകും ബിജെപി പ്രത്യേക പദ്ധതിക്ക്‌ രൂപം നൽകിയത്‌. ഒഡിഷയും ബംഗാളുംകൂടി ബിജെപി പട്ടികയിലുണ്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഢും പരാമർശിക്കാത്തത്‌ ‘റിസോർട്ട്‌ ഓപ്പറേഷൻ’ മതിയാകുമെന്നതിനാലാകാം.

നരേന്ദ്ര മോദി 2014ൽ ഭരണ‌മേറ്റശേഷം രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ ഘടനയ്‌ക്ക്‌ സംഭവിച്ച ഗുരുതരമായ ആഘാതങ്ങളെല്ലാം എണ്ണിപ്പറഞ്ഞ്‌ അംഗീകരിക്കാനും പ്രകീർത്തിക്കാനും ബിജെപി നേതൃയോഗം തയ്യാറായി. മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, കർണാടക, ഗോവ, അരുണാചൽ, മണിപ്പുർ, പുതുച്ചേരി, സിക്കിം തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ലഭിച്ചവരെ വിവിധ ഘട്ടങ്ങളിൽ അട്ടിമറിച്ചതിന്റെ ‘ഖ്യാതി’ മോദി –അമിത്‌ ഷാ കൂട്ടുകെട്ടിന്‌ അവകാശപ്പെട്ടതാണ്‌. കശ്‌മീരിന്റെ പ്രത്യേക പദവി, മുത്തലാഖ്‌, പൗരത്വനിയമം തുടങ്ങി മുസ്ലിം ജനവിഭാഗത്തെ അരക്ഷിതാവസ്ഥയിലാക്കിയ എല്ലാ നടപടിയെയും ശ്ലാഘിക്കുന്ന രാഷ്‌ട്രീയപ്രമേയമാണ്‌ അംഗീകരിച്ചത്‌.

ഒരുഭാഗത്ത്‌ ന്യൂനപക്ഷത്തെ അന്യവൽക്കരിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക. അതേസമയം, ന്യൂനപക്ഷങ്ങളിലെ തീവ്രവാദ ശക്തികളെ ഉപയോഗിച്ച്‌ വർഗീയത്തീക്കളിക്ക്‌ അരങ്ങൊരുക്കുക. ഇതാണ്‌ ഉദയ്‌പുരിൽ കണ്ടത്‌. പ്രതികളുടെ ബിജെപി ബന്ധം പുറത്തുവന്നിട്ടുണ്ട്‌. അമരാവതിയിലും ഇതുതന്നെ സംശയിക്കാം. കശ്‌മീരിൽ പിടിയിലായ ലഷ്‌കറെ ഭീകരൻ ബിജെപി ന്യൂനപക്ഷമോർച്ചയുടെ നേതാവാണെന്ന്‌ കണ്ടെത്തി. വിദ്വേഷവും കലാപവും വളർത്തിയെടുക്കാൻ ബിജെപി ഭരണം തേടുന്ന ആപൽക്കരമായ വഴികളാണിതെല്ലാം.

ഗുജറാത്ത്‌ കലാപത്തിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ, ഇരകളുടെ സംരക്ഷകരായ ടീസ്‌ത സെതൽവാദ്‌, ആർ ബി ശ്രീകുമാർ എന്നിവരെ തുറുങ്കിലടച്ചവരാണ്‌ സാമൂഹ്യനീതിയെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌. ആയിരങ്ങളെ ത്രിശൂലത്തിൽ കോർക്കുകയും ചുട്ടെരിക്കുകയും ചെയ്‌ത ഗുജറാത്ത്‌ കലാപത്തിന്റെ അന്തരീക്ഷമാണ്‌ മോദിഭരണത്തിൽ ഇന്ത്യയിലാകെ പടരുന്നത്‌. ഹിന്ദുത്വത്തിന്റെ ആക്രമണം ഏത്‌ രൂപത്തിലാണ്‌ ഓരോ മനുഷ്യനുമേലും പതിക്കുകയെന്ന ആശങ്കയിലാണ്‌ നാളുകൾ കടന്നുപോകുന്നത്‌. ഇതിനിടയിലാണ്‌ പാർശ്വവൽക്കൃതരായ ജനവിഭാഗങ്ങളെ പാർടിയിലേക്ക്‌ അടുപ്പിക്കുമെന്ന്‌ ബിജെപി അവകാശപ്പെടുന്നത്‌.

വികസനത്തെക്കുറിച്ച്‌ ദീർഘമായി പറയുന്നുണ്ട്‌ ബിജെപി പ്രമേയത്തിൽ. എട്ടുവർഷത്തെ ബിജെപി ഭരണം സൃഷ്‌ടിച്ച ജീവിതദുരിതങ്ങളിൽ ഉഴലുന്ന മഹാഭൂരിപക്ഷം സാധാരണ ജനങ്ങൾക്കു മുന്നിലാണ്‌ മേനിപറച്ചിൽ. രണ്ടുകോടി തൊഴിൽ വാഗ്‌ദാനവുമായി അധികാരത്തിലേറിയ മോദി കേന്ദ്ര സർവീസിലെ ഒഴിവുകളിൽപ്പോലും നിയമനം നടത്തിയിട്ടില്ല. തൊഴിൽസ്ഥിരത ഇല്ലാതാക്കി സൈന്യത്തെപ്പോലും കരാർവൽക്കരിച്ചതും നേട്ടമായി അവതരിപ്പിക്കുന്നു. കർഷകസമരത്തിലെന്നപോലെ അഗ്നിപഥിനെതിരെയും കടുത്ത ജനരോഷമാണ്‌ ഉയർന്നത്‌. തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വില കുതിച്ചുയർന്നു. കറൻസി പിൻവലിക്കലും ജിഎസ്‌ടിയും സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ സമ്പന്നവർഗം കുതിച്ചുമുന്നേറി.

അടുത്ത നാൽപ്പത്‌ വർഷം ബിജെപിയുടേതാണ്‌; ഇന്ത്യ ലോകനേതാവാകും തുടങ്ങിയ വായ്‌ത്താരികൾ ബിജെപിയുടെ ഫാസിസ്റ്റ്‌ ആഭിമുഖ്യത്തെയാണ്‌ അടിവരയിടുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെയും പട്ടാളത്തെയും വരുതിയിലാക്കി ഇന്ത്യയെ ഏകശിലാ രാഷ്‌ട്രമാക്കിമാറ്റുകയെന്ന ഉള്ളിലിരിപ്പാണ്‌ പുറത്തുവന്നത്‌. ബഹുസ്വരവും സംസ്‌കാരങ്ങളുടെ സമന്വയവുമാണ്‌ ഇന്ത്യയുടെ ജീവൻ. ലോകത്തിനു മുന്നിൽ ഇന്ത്യ എന്നും ഉയർത്തിക്കാട്ടിയത്‌ സാർവദേശീയ സാഹോദര്യവും ചേരിചേരായ്‌മയുമാണ്‌. നേതാവും അനുചരരും എന്ന അമേരിക്കൻ പാത ഇന്ത്യൻ പാരമ്പര്യത്തിന്‌ അനുഗുണമല്ല. എല്ലാ അർഥത്തിലും ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന ചിന്തയും പ്രവൃത്തിയുമായി മുന്നോട്ടുപോകുകയാണ്‌ ബിജെപി. ശക്തമായ ചെറുത്തുനിൽപ്പ് മാത്രമാണ്‌ പോംവഴി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top